Opinion

പാവപ്പെട്ടവനും, സാധാരണക്കാരനും അപ്രാപ്യമാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം – റഹീം ചേന്ദമംഗല്ലൂര്‍

 

സ്വാശ്രയ മെഡിക്കല്‍ ഫീസ് 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയായി നിശ്ചയിച്ചിരിക്കുന്നു. സാധാരണക്കാരനും പാവപ്പെട്ടവനും മെഡിക്കല്‍ വിദ്യാഭ്യാസം വിദൂര സ്വപ്നമാക്കി മാറ്റുന്നതാണ് ഈ ഫീസ് ഘടന. 2016 വരെ മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരുന്ന സ്വാശ്രയ മെഡിക്കല്‍ ഫീസാണ് മൂന്ന് വര്‍ഷം കൊണ്ട് ഏഴ് ലക്ഷത്തിലേക്ക് ഉയര്‍ന്നത്. 100%ത്തിലധികം ഫീസ് വര്‍ധിച്ചു. നീറ്റ് വന്നതോടെ എല്ലാം അതിന്റെ മേല്‍ പഴിചാരി ഒഴിഞ്ഞു മാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഡ്മിഷന്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ആയെങ്കിലും ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. മാനേജ്‌മെന്റിന് ഒത്താശ ചെയ്തു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃത്യമായതും പഴുതടച്ചതുമായ ഫീസ് നിര്‍ണയ കമ്മിറ്റിയെ സര്‍ക്കാര്‍ നിശ്ചയിച്ചില്ല. ഓരോ തവണയും മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോവാനും കേസ് ജയിക്കാനും ആവശ്യമായ രൂപത്തിലുള്ള ‘പിഴവുകള്‍’ വരുത്തികൊണ്ടേയിരുന്നു. പിഴവുകളും, വീഴ്ചകളുമാണല്ലോ ഈ സര്‍ക്കാരിന്റെ മുഖഛായ തന്നെ. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നൂറ് ദിവസം തികയും മുന്‍പ് തന്നെ പഴയ ഫീസ് ഘടനയില്‍ 35% വരെ ഫീസ് വര്‍ധിപ്പിച്ച് നല്‍കി. മാനേജ്‌മെന്റുകള്‍ക്ക് പുറം വരുമാനം നിന്ന് പോയത് കൊണ്ടാണ് ഫീസ് വര്‍ധനവ് എന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. 10, 000 രൂപ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചാല്‍ വരെ പൊലീസിന് നേരെ പോട്രോള്‍ ബോംബെറിഞ്ഞ് സമരം നടത്തുന്നവരെയൊന്നും ഇതുവരെ ആ വഴിക്ക് കണ്ടിട്ടില്ല.

2016 വരെ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 400 ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, 2017-18 അധ്യയന വര്‍ഷം, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, നീറ്റ് നടപ്പാക്കിയതോടെ ഇതിന് പകരമായി ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ വലിയ നേട്ടമായി ആരോഗ്യ മന്ത്രി നിയമസഭയില്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വിഭാഗത്തില്‍ അപേക്ഷ നല്‍കിയ 70% വിദ്യാര്‍ഥികളെയും പുറം തള്ളി സ്‌കോളര്‍ഷിപ്പ് പദ്ധതിയെ സര്‍ക്കാരും, ഫീസ് റെഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് പൊളിച്ചു. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് അടക്കാന്‍ വഴിയില്ലാതെ ഇതോടെ പെരുവഴിയിലായിരിക്കുകയാണ്. ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. സ്‌കോളര്‍ഷിപ്പിനായി എന്‍.ആര്‍.ഐ ഫീസില്‍ നിന്നും മാറ്റിവെച്ച് രൂപപ്പെടുത്തിയ കോര്‍പ്പസ് ഫണ്ടില്‍ കോടിക്കണക്കിന് രൂപ നീക്കിയിരിപ്പ് ഉള്ളപ്പോഴാണ് അപേക്ഷ നല്‍കിയ 70% വിദ്യാര്‍ഥികളെ പുറം തള്ളിയത് എന്നതും കാണാതെ പോവരുത്.

2019 മെയ് 31 ന് ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 65 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെയും തുക കൈമാറിയിട്ടില്ല. കോര്‍പ്പസ് ഫണ്ടിലേക്ക് എന്‍.ആര്‍.ഐ വിദ്യാര്‍ഥികളില്‍ നിന്നും പിരിച്ച തുക പൂര്‍ണമായും വിതരണം ചെയ്യാത്തതിനാല്‍ പ്രസ്തുത തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണ്. നേരത്തെയുള്ള ധാരണ പ്രകാരം ആദ്യ വര്‍ഷം സര്‍ക്കാരും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോളേജ് മാനേജ്മെന്റുകളുമാണ് എന്‍.ആര്‍.ഐ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ഇനത്തിലേക്കുള്ള ഫീസ് പിരിക്കേണ്ടത്. എന്നാല്‍, ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസടക്കാന്‍ നിവൃത്തിയില്ലാതെ കിടപ്പാടം പോലും വില്‍ക്കേണ്ട അവസ്ഥയിലാണ്. ഈ വര്‍ഷത്തെ കരാറിലും ഇങ്ങനെയൊരു സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച്, ബഹുഭൂരിപക്ഷം നിര്‍ധനരായ വിദ്യാര്‍ഥികളെയും പുറംതള്ളി പദ്ധതിയെ തന്നെ പൊളിച്ച് വിദ്യാര്‍ഥികളെ വഞ്ചിച്ച സര്‍ക്കാര്‍ തന്നെയാണ് ഇത് പറയുന്നത്. ആരോഗ്യമന്ത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി ചര്‍ച്ച നടത്തി സാധാരണക്കാരന് തീര്‍ത്തും അപ്രാപ്യമാവുകയാണ് മെഡിക്കല്‍ വിദ്യാഭ്യാസം എന്നത് ആശങ്കയോടെ കാണേണ്ടതാണ്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകന്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757