Opinion

പൊലീസ് ലോക്കപ്പ്, യൂണിവേഴ്‌സിറ്റി കോളജ്; മധുരം മനോഹരം ഇപ്പോള്‍ കേരളം  – അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

 

കേട്ടത് മധുരതരം കേള്‍ക്കാനിരിക്കുന്നത് അതിമധുരം എന്നതാണിപ്പോള്‍ കേരളത്തിന്റെ അവസ്ഥയെന്ന് പറയാതെവയ്യ. ഇടുക്കിയിലെ കോലാഹലമേട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയ, രണ്ട് കോളജ് വിദ്യാര്‍ഥികളുടെ അഛനെ ലോക്കപ്പിലിട്ട് കൊലപ്പെടുത്തിയതിന് പിണറായി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇരയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 16 ലക്ഷംരൂപയും നല്‍കാനാണ് മന്ത്രിസഭാ തീരുമാനം.

കോളജിലെ കാന്റീനില്‍ ഇരുന്ന് പാട്ടുപാടിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ നെഞ്ചില്‍ കുത്തിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളെ അറസ്റ്റുചെയ്ത് പൊലീസ് കേസെടുത്തു. സര്‍ക്കാരിനെ നയിക്കുന്ന എ.കെ.ജി സെന്ററിലെ പാര്‍ട്ടി ഫ്രാക്ഷന്‍വഴി നയിക്കുന്ന എസ്.എഫ്.ഐയുടെ ആ കോളജ് യൂണിറ്റ് നേതൃത്വം പിരിച്ചുവിട്ടു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിച്ചെടുത്ത കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനെകൂടി ഉള്‍പ്പെടുത്തി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു.

ഈ രാമായണമാസത്തില്‍ ഇത്രയൊക്കെ ചെയ്തിട്ടും സര്‍ക്കാരിനെ ആക്രമിക്കുകയും നുണ പ്രചരിപ്പിക്കുകയുമാണ് പ്രതിപക്ഷവും മാധ്യമങ്ങളും എന്ന വിമര്‍ശനമാണ് ഭരണാധികാരികളുടെ പ്രസ്താവനയായി തുടര്‍ന്നു പെയ്യുന്നത്.

ഭരിക്കുന്നവരും ഭരിപ്പിക്കുന്നവരും ചെയ്യുന്നതിന്റെയും പറയുന്നതിന്റെയും ഇടയില്‍ മൂടിക്കിടക്കുന്ന സത്യത്തിന്റെ ഒരു നേര്‍രേഖയുണ്ട്. അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അത് മറച്ചുപിടിക്കാന്‍ പാടുപെടുന്നു. സ്വയം വാര്‍ത്ത നല്‍കുന്നതിനുപകരം മറ്റ് വാര്‍ത്തകളുടെ ശവപരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി മുഖപത്രവും അവര്‍ക്കുവേണ്ടി പാടുപെടുകയാണ്.

ഇടുക്കിയിലെ രാജ്കുമാറിന്റെ ലോക്കപ്പ് മര്‍ദനവും യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസും പ്രതിപക്ഷവും മാധ്യമങ്ങളും മറ്റുള്ളവരും ഇടപെട്ടിരുന്നില്ലെങ്കില്‍ എങ്ങിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമായിരുന്നു എന്ന് മേല്‍പ്പറഞ്ഞവരെല്ലാം ഒരുനിമിഷം ചിന്തിക്കണം. ലോക്കപ്പ് മരണം വെളിച്ചത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. അത് അടിയന്തര പ്രമേയമായി ചര്‍ച്ചചെയ്യാന്‍ നിയമസഭയില്‍ നോട്ടീസ് നല്‍കിയത് പ്രതിപക്ഷമാണ്. മറുപടി പറഞ്ഞ മുഖ്യമന്ത്രി അടിയന്തരാവസ്ഥയില്‍ തനിക്ക് ലോക്കപ്പ് മര്‍ദനമേറ്റതിന്റെ വാര്‍ഷികത്തില്‍ ഇത്തരമൊരു അടിയന്തരപ്രമേയത്തിന്റെ വിധിവൈപരീത്യമാണ് ഉയര്‍ത്തിപ്പിടിച്ചത്. അടിയന്തര വിഷയമായി മുഖ്യമന്ത്രി സംഭവം കാണാത്തതുകൊണ്ട് സ്പീക്കര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ അനുമതി നല്‍കിയുമില്ല. മാധ്യമങ്ങള്‍ ജാഗ്രമായി അന്വേഷിച്ചതുകൊണ്ടും പ്രതിപക്ഷവും ജനാധിപത്യവാദികളും ശക്തമായി തുടര്‍ന്നും ഇടപെട്ടതുകൊണ്ടുമാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും തുടര്‍ നടപടികളുണ്ടായത്. കോടതിയില്‍ എത്തുംമുമ്പുതന്നെ കസ്റ്റഡി മരണമായി സംഭവം സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നത്.

രാജന്‍കേസില്‍ പോലും കോടതിവിധി സമ്പാദിച്ചിട്ടും എത്രയോ കഴിഞ്ഞാണ് ഈച്ചരവാര്യര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. മാത്രമല്ല, ഭരണഘടനയിലെ മൗലികാവകാശംപോലും നീക്കിയിരുന്ന അടിയന്തരാവസ്ഥയിലെ ലോക്കപ്പ് മരണംപോലെയല്ലല്ലോ ഇടതുപക്ഷ സര്‍ക്കാരിനുകീഴില്‍ ലോക്കപ്പ് മരണങ്ങള്‍ പരമ്പരയാകുന്നത്.

ചെയ്യേണ്ടതെല്ലാം പൊലീസും സര്‍ക്കാരും ചെയ്തില്ലേയെന്ന് പറയുമ്പോള്‍ ജനം നേരില്‍കാണുന്ന വസ്തുതകള്‍ മറന്നുപോകരുത്. രാജ്കുമാറിന്റെ ലോക്കപ്പ് മരണം പൊലീസ്പോലും സ്ഥിരീകരിച്ചശേഷമാണ് നിയമം ദുര്‍ബലമല്ലെന്നും ലോക്കപ്പുകള്‍ പീഡനം നടത്താനുള്ള ഇടമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്. യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ഭാരവാഹികള്‍തന്നെ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ജില്ലാ നേതൃത്വങ്ങള്‍ ആദ്യമെടുത്ത നിലപാടും ഇതേ ശൈലിയിലായിരുന്നു; വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്നും എസ്.എഫ്.ഐക്ക് ഉത്തരവാദിത്വമില്ലെന്നും. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ഥികളാകെ റോഡിലിറങ്ങി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചിട്ടും അവര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചു. സംഭവം ദേശീയവാര്‍ത്ത ആയപ്പോഴാണ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് പ്രതികളായ നേതാക്കളെ തള്ളിപ്പറഞ്ഞതും സംഘടനാ യൂണിറ്റുതന്നെ പിരിച്ചുവിട്ടതും.

എ.കെ.ജി ഭവനില്‍നിന്ന് സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇടപെടല്‍ ഇല്ലാതെ ഇങ്ങനെ സംഭവിക്കില്ല. എന്നിട്ടും സര്‍ക്കാരിനെയും പാര്‍ട്ടിയുടെ ബഹുജന സംഘടനകളില്‍ ഒന്നായ എസ്.എഫ്.ഐയെയും തകര്‍ക്കാനുള്ള ചില മാധ്യമങ്ങളുടെയും പാര്‍ട്ടി ശത്രുക്കളുടെയും തുടര്‍വേലയാണിതെന്ന് മന്ത്രിമാരും പാര്‍ട്ടി നേതാക്കളും പറയുന്നു, അത് സ്ഥാപിക്കാന്‍ പാര്‍ട്ടി പത്രവും പാടുപെടുന്നു.
എന്നാല്‍, യഥാര്‍ഥ വസ്തുതകള്‍ അവരെ തുറിച്ചുനോക്കുന്നു: ‘നേതൃത്വത്തിനു തെറ്റുപറ്റിയപ്പോള്‍ ഞങ്ങളുടെ എസ്.എഫ്.ഐ ഇതല്ലെന്നു വിളിച്ചുപറഞ്ഞ് തെരുവിലിറങ്ങിയ വിദ്യാര്‍ഥികളാണ് പ്രസ്ഥാനത്തിന്റെ ശക്തി’എന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു പറയുന്നു. എസ്.എഫ്.ഐ ഇപ്പോള്‍ രൂപീകരിച്ച യൂണിവേഴ്സിറ്റി കോളജിലെ അഡ്ഹോക് കമ്മറ്റിയില്‍ അംഗമായ അഖില്‍ ചന്ദ്രന്റെ മൊഴിയില്‍ പറയുന്നത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളാണ് ഹൃദയത്തില്‍വരെ മുറിവേല്‍ക്കുംവിധം തന്നെ കുത്തിയതെന്ന്. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ തുടര്‍ന്നു പറയുന്നു:
യൂണിവേഴ്സിറ്റി കോളജ് വളപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ കല്‍പന ലംഘിക്കുന്നവര്‍ക്ക് മാതൃകയാകണമെന്ന നിലക്കാണ് അവര്‍ തന്റെ നെഞ്ചില്‍ കഠാരയിറക്കിയത്. കാമ്പസ് ജീവിതത്തെ ശ്വാസം മുട്ടിക്കുന്ന സംഘടനാ നേതൃത്വത്തിനെതിരെ നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ കലാപത്തിന്റെ വക്കിലായിരുന്നു.
പുതിയ വിദ്യാര്‍ഥികള്‍ ഇടക്കിടെ കാന്റീനില്‍ പോകുന്നതിനും വിദ്യാര്‍ഥികള്‍ ഗ്രൂപ്പായി നീങ്ങുന്നതിനും നേതൃത്വം വിലക്കേര്‍പ്പെടുത്തിയിരുന്നു.
എസ്.എഫ്.ഐ മാര്‍ച്ചുകളിലും പരിപാടികളിലും ക്ലാസ് ഉപേക്ഷിച്ച് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എതിര്‍ക്കുന്നവരെ ഓഫീസായി ഉപയോഗിക്കുന്ന കോളജ് സ്റ്റേജിന്റെ പിന്നിലുള്ള ഗ്രീന്‍ റൂമില്‍ പീഡനത്തിന് വിധേയരാക്കിയിരുന്നു.

ഇതേ കോളജില്‍നിന്ന് ഇത്തരം പീഡനം സഹിക്കാതെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നപ്പോള്‍ അത് വെള്ളതേക്കാനാണ് എസ്.എഫ്.ഐയും പാര്‍ട്ടിയും അധികൃതരും അന്ന് ശ്രമിച്ചത്. സഹികെട്ട വിദ്യാര്‍ഥിനി
ടി.സി വാങ്ങി മറ്റൊരു കോളജില്‍ പഠിക്കുകയാണ്. മാരകായുധങ്ങളുടെ കലവറകൂടിയാണ് എസ്.എഫ്.ഐ ഓഫീസെന്ന് ആരോപണമുണ്ടായിരുന്നു. അഖിലിന് കുത്തേറ്റ സംഭവം നടന്നിട്ട് ഒരുദിവസം കഴിഞ്ഞുമാത്രം അവിടം പരിശോധിച്ച പൊലീസ് കഠാരയും മദ്യകുപ്പികളും കണ്ടെടുത്തെന്നത് ഇപ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച സംസാരിക്കുന്ന തെളിവുകളാണ്.

അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ സര്‍വകലാശാലാ പരീക്ഷാ കടലാസുകളും സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. ഈ സംഭവത്തെതുടര്‍ന്നുള്ള മാധ്യമ വാര്‍ത്തകളിലൂടെയാണ് പൊലീസ് ഉദ്യോഗത്തിന് പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ആളാണ് ശിവരഞ്ജിത് എന്നും കൂട്ടുപ്രതികളിലൊരാള്‍ ഉയര്‍ന്ന റാങ്ക് നേടിയയാളാണെന്നും വെളിപ്പെട്ടത്. സര്‍വകലാശാലാ പരീക്ഷകളുടേത് മാത്രമല്ല പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന നിയമനത്തിന്റെ വിശ്വാസ്യതപോലും സംശയിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതെല്ലാം സംബന്ധിച്ച് ഗവര്‍ണറും പി.എസ്.സിയും സര്‍വകലാശാലയും സി.പി.എം തന്നെയും പ്രത്യേക അന്വേഷണം നടത്തിക്കൊണ്ടിരിക്കെ മാധ്യമങ്ങളെ കുറ്റംപറഞ്ഞ് യൂണിവേഴ്സിറ്റ് കോളജിനെ അപകീര്‍ത്തിപ്പെടുത്താനും എസ്.എഫ്.ഐയെ തകര്‍ക്കാനുമാണ് ശ്രമമെന്ന് ആരോപിക്കുന്നത് എത്ര ബാലിശവും പരിഹാസ്യവുമാണ്.

അഖിലിന്റെ നെഞ്ചില്‍ കഠാരയിറക്കിയ വാര്‍ത്തയോട് നിയമസഭാ സ്പീക്കര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു: ‘തെറ്റുകള്‍ക്കുമുന്നില്‍ രണ്ടുവഴികളില്ല. ശിരസ് കുനിച്ച് മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.’ കേരള നിയമസഭാ സ്പീക്കര്‍ മാത്രമല്ല ലോകകേരള മലയാള സഭയുടെ അധ്യക്ഷന്‍കൂടിയാണ് സ്പീക്കര്‍. അദ്ദേഹത്തോടൊപ്പം തലതാഴ്ത്തുന്നതും ലജ്ജിക്കുന്നതും ഈ നാറ്റത്തില്‍നിന്ന് ദൂരെ അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതും ലോകത്തെങ്ങുമുള്ള മലയാളികളാണ്. നമ്മുടെ ഭരണാധികാരികളും സി.പി.എം നേതാക്കളും അതെങ്കിലും ഉള്‍ക്കൊള്ളേണ്ടതില്ലേ.

മടിയില്‍ കഠാരയുമായി നടക്കുന്നവരാണോ എസ്.എഫ്.ഐക്കാരെന്ന് ചോദിച്ചത് ക്ലാസ് മുറിയില്‍ കുത്തേറ്റ് പിടഞ്ഞുമരിച്ച രക്തസാക്ഷി ഭുവനേശ്വരന്റെ സഹോദരന്‍ കൂടിയായ മന്ത്രി ജി സുധാകരനാണ്. ഇത്തരം ക്രിമിനലുകള്‍ എസ്.എഫ്.ഐയുടെ നേതൃസ്ഥാനത്ത് വന്നതെങ്ങിനെ? ഇവരൊക്കെ പൊലീസില്‍ കടന്നുകൂടിയാല്‍ സ്ഥിതിയെന്താകുമെന്ന് ചോദിച്ചതും സുധാകരന്‍.

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി കാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’ എന്ന് പറഞ്ഞത് ഭരണപരിഷ്‌കാര കമീഷന്‍ വി.എസ് അച്യുതാനന്ദനാണ്. ഇത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്ന മുന്നറിയിപ്പ് മുഴക്കിയതും സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ വി.എസ് ആണ്.

ഒന്നുകില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പൊലീസ് ഭരണത്തിലുള്ള തെറ്റ് ഏറ്റുപറയണം. ഈ നാറ്റത്തിനിടയിലും വിദ്യാര്‍ഥിവിരുദ്ധ രാഷ്ട്രീയം സൂക്ഷ്മദര്‍ശിനിവെച്ച് പരിശോധിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വര്‍ഗ-ബഹുജന സംഘടനകളെ നയിക്കുന്ന സി.പി.എമ്മിന് സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തുമെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ പാര്‍ട്ടിക്ക് ഏറെ നിലനില്‍പ്പില്ലെന്ന വി.എസിന്റേതടക്കമുള്ള മുന്നറിയിപ്പിനെയും സ്പീക്കറുടെയും മന്ത്രി സുധാകരന്റെയും നിലപാടുകളെ തള്ളിപ്പറയണം.


ഇത്തരം ഓരോ സംഭവം നടക്കുമ്പോഴും അവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് വ്യാഖ്യാനിച്ച് തലയൂരാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും നിലപാടുകള്‍ക്ക് ഏറെ ആയുസ്സില്ലെന്നെങ്കിലും തിരിച്ചറിയണം. നേതൃത്വത്തിന് തെറ്റുപറ്റുമ്പോള്‍ ഞങ്ങളുടെ സംഘടന ഇതല്ലെന്ന് അണികള്‍ തെരുവിലിറങ്ങി വിളിച്ചുപറയുന്ന സമയം അതിവിദൂരമല്ലെന്ന് തിരിച്ചറിയാനെങ്കിലും അവര്‍ തയാറാകണം.
കടപ്പാട് : vallikkunnuonline.wordpress.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757