Opinion

ഭൂമിയുടെ രാഷ്ട്രീയം – എസ്.എ അജിംസ്

പഠനം  – ഭാഗം 01

ഭൂമി ജീവന്റെ അടിസ്ഥാന ഉപാധിയായതുകൊണ്ടുതന്നെ കൃത്യമായി അധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷിയും അതെത്തുടര്‍ന്നുള്ള സംസ്‌കാരങ്ങളും രൂപം കൊണ്ട ശേഷമാണ് ഭരണക്രമങ്ങള്‍ രൂപപ്പെട്ടതെന്നും ഭൂമിക്ക് മേലുള്ള അവകാശം അധികാരവുമായി ബന്ധപ്പെടുന്നതെന്നും ചരിത്രകാരന്‍മാര്‍ വാദിക്കാറുണ്ടെങ്കിലും മൃഗങ്ങള്‍ പോലും തങ്ങളുടേതായ ഇടങ്ങള്‍ (ടെറിട്ടറി) കാത്തുസൂക്ഷിച്ചു പോരുമ്പോള്‍ വേട്ടയാടിയും കായ്കനികള്‍ ഭക്ഷിച്ചും ജീവിച്ച മനുഷ്യന്‍ തങ്ങളുടേതായ അധികാരമേഖലകള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് കരുതാന്‍ തെളിവില്ല. ദേശരാഷ്ട്രങ്ങള്‍ രൂപംകൊണ്ട ശേഷം ഭൂമി ഒരു അധികാര ചിഹ്നമായി മാറി. ഇന്ത്യയിലാകട്ടെ, സൈന്ധവ-ഹാരപ്പന്‍ നാഗരികതകള്‍ രൂപം കൊള്ളുമ്പോള്‍ തന്നെ ഭൂമി ഒരു അധികാര കേന്ദ്രമായിരുന്നു. ഗ്രാമീണകര്‍ഷകരുടെ അധ്വാനം ചൂഷണം ചെയ്യുന്ന നഗരകേന്ദ്രീകൃതമായ ഭരണവര്‍ഗം അവിടെ വളര്‍ന്നുവന്നു. ആര്യന്‍ അധിനിവേശത്തിന് ശേഷം ഇടയജീവിതമാണ് കുറെക്കാലം ഇന്ത്യന്‍ സംസ്‌കാരത്തെ നയിച്ചതെങ്കിലും ജാതി ഘടനയോടൊപ്പം തന്നെ ഭൂമിയും അധികാര ഘടനയുടെ കേന്ദ്രസ്ഥാനത്തേക്ക് കടന്നുവന്നു. ആര്യന്‍ സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു സംസ്‌കാരിക പശ്ചാത്തലമുള്ള ദക്ഷിണേന്ത്യയിലാകട്ടെ, ഭൂമിയുടെ ഘടനക്കും പാരിസ്ഥിതിക പ്രത്യേകതകള്‍ക്കനുസൃതവുമായ ജീവിത രീതികളും സാമൂഹിക ക്രമങ്ങളുമാണ് നിലനിന്നിരുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള ആര്യന്‍ അധിനിവേശം നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രാഹ്മണരിലൂടെയാണ് ഉണ്ടായതെങ്കിലും ഉത്തരേന്ത്യയിലേത് പോലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലല്ല ദക്ഷിണേന്ത്യന്‍ ജാതി ഘടന രൂപപ്പെട്ടത്. വൈകിയെത്തിയതെങ്കിലും ദക്ഷിണേന്ത്യന്‍ ജാതിഘടനയിലും ബ്രാഹ്മണര്‍ക്കായിരുന്നു മേധാവിത്തം. അതുകൊണ്ട് തന്നെ അധികാരവും ഭൂമിയും കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടത് ബ്രാഹ്മണരിലായിരുന്നു.

യഥാര്‍ഥത്തില്‍ രാജ്യഭരണം ക്ഷത്രിയരുള്‍പ്പടെയുള്ള മേല്‍ജാതിക്കാരുടെ കുത്തകയായിരിക്കുമ്പോഴും രാജഭരണത്തിനുള്ള പ്രത്യയശാസ്ത്രപരമായ പിന്തുണ നേടിയെടുക്കുന്നതിന് രാജാക്കന്‍മാര്‍ നടത്തിയ ഭൂദാനമാണ് ബ്രാഹ്മണരിലേക്ക് ഭൂമിയും അധികാരവും കേന്ദ്രീകരിക്കാനിടയായത്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളചരിത്രം അറിയപ്പെടുന്നത് ഏറെ വൈകിയാണെങ്കിലും കേരളോല്‍പത്തി തന്നെ ബ്രാഹ്മണര്‍ക്ക് വേണ്ടി പരശുരാമന്‍ മഴുവെറിഞ്ഞത് കൊണ്ടാണെന്ന ഐതിഹ്യം, അന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തെ വെളിവാക്കുന്നുണ്ട്. ഇത്രയും സൂചിപ്പിച്ചത് കേരളത്തിലെ ഭൂമി പ്രശ്‌നത്തിന്റെ കാതലെന്ത് എന്ന് ചൂണ്ടിക്കാട്ടാനാണ്്. ഇന്ത്യയിലെ മൊത്തം ഭൂപ്രശ്‌നം ജാതിയുമായി എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നുവോ അത്രതന്നെ കേരളത്തിലുമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, സമീപകാലത്ത് ജാതിക്കതീതമായി ഉയര്‍ന്നുവന്നതും ജാതിവിശകലനം കൊണ്ട് മാത്രം കണ്ടെത്താന്‍ കഴിയാത്തതുമായ നിരവധി പ്രശ്‌നങ്ങളും അഖിലേന്ത്യ തലത്തിലുമെന്ന പോലെ കേരളത്തിലുമുണ്ട്. ഭൂമിയുടെ റിയല്‍ എസ്‌റ്റേറ്റുവല്‍ക്കരണവും ഉല്‍പാദനോപാധിയെന്ന നിലയില്‍ നിന്നും നിക്ഷേപവസ്തുവെന്ന രീതിയിലേക്കുള്ള ഭൂമിയുടെ പരിണാമവുമാണ് സൂചിപ്പിച്ചത്. എന്നാല്‍, പ്രത്യക്ഷത്തിലല്ലെങ്കിലും ഭൂവിനിയോഗത്തിലുള്ള ഈ ഗുരുതരമായ മാറ്റം പോലും ജാതിയുമായി ബന്ധപ്പെട്ടാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ കണ്ടെത്താന്‍ കഴിയും.

കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഉയര്‍ന്നുവന്ന ഏറ്റവും മൂര്‍ത്തവും തീക്ഷ്ണവുമായ രാഷ്ട്രീയ വിഷയമാണ് ഭൂമിപ്രശ്‌നം. ഇതിലേക്ക് എത്തിപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന രൂപീകരണം നടന്നതിന് ശേഷം കേരളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ് ഭൂപരിഷ്‌കരണമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സാമൂഹ്യ നവോത്ഥാന സംരംഭങ്ങളും വ്യക്തിത്വങ്ങളും, ആധുനികത പോലും വൈകി മാത്രം കടന്നെത്തിയ കേരളത്തില്‍ ഭൂപരിഷ്‌കരണത്തിന്റെ കര്‍തൃത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായിരുന്നു. അതായത്, ജന്മിവാഴ്ചയില്‍ നിന്ന് മുതലാളിത്ത ക്രമത്തിലേക്കുള്ള കൂടുമാറ്റം നടന്നത് കര്‍ഷകസമരങ്ങളും തൊഴിലാളി സമരങ്ങളും സാമ്രാജ്യത്വ വിരുദ്ധസമരത്തോടൊപ്പം തന്നെ തുടര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു. വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളം അദ്ദേഹത്തിന്റെ മരണത്തിന് രണ്ടോ മൂന്നോ പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ജാതി വ്യവസ്ഥയെയും ജന്മിത്തവാഴ്ചയെയും തൂത്തെറിഞ്ഞ് ആധുനിക കേരളത്തിലേക്ക് ചുവടുവെക്കുക എന്നത് അദ്ഭുതകരമായിരുന്നു. പക്ഷേ, ഫ്യൂഡല്‍ സാമൂഹ്യ ഘടനയില്‍ നിന്ന് ആധുനികത മടിയൊന്നും കൂടാതെ കമ്യൂണിസത്തെ വരിക്കുമ്പോള്‍ ഇന്ത്യന്‍ ജന്മിത്തവാഴ്ചയുടെ ആധാരശിലയായ ജാതിക്കെന്തു സംഭവിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. ജാതിയുടെ സ്ലീപിംഗ് സെല്ലുകള്‍ ആധുനിക കേരളത്തില്‍ ഇടതുമേലങ്കിയണിഞ്ഞ് മയങ്ങിക്കിടക്കുകയോ, ജാതി തന്നെ വേഷം മാറി ആധുനികനായെത്തുകയോ ചെയതുവെന്നതാണ് ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിശകലനത്തില്‍ തെളിയുന്നത്.

ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ച ശേഷം അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍, ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെടാനും കര്‍ഷകത്തൊഴിലാളികളായ കീഴ്ജാതിക്കാര്‍ക്ക് ഭൂമി ലഭ്യമാകാതെ പോകാനും കാരണമായി പറയുന്നത് പിന്നീട് വന്ന സര്‍ക്കാരുകളുടെ വഞ്ചനാത്മകമായ ഭൂപരിഷ്‌കരണനിയമങ്ങളിലെ വെള്ളം ചേര്‍ക്കലും ഭൂജന്മികള്‍ക്കനുകൂലമായ നിലപാടുമാണെന്നാണ്. എന്നാല്‍, തുടക്കം കുറിച്ച ഭൂപരിഷ്‌കരണം തന്നെ എത്രമാത്രം കീഴാള വിരുദ്ധവും കേരളത്തിന്റെ കാര്‍ഷിക ഭാവിക്കും ഭക്ഷ്യസുരക്ഷക്കും ഭീഷണിയുയര്‍ത്തുന്നതുമായിരുന്നുവെന്ന ചോദ്യമാണ് ഉയരേണ്ടത്. ഇതു മാത്രമല്ല, അടുത്ത കാലങ്ങളില്‍ ഉയര്‍ന്നുവന്ന രണ്ടാം ഭൂപരിഷ്‌കരണം സംബന്ധിച്ച വിവാദങ്ങളുടെയും പശ്ചാത്തലം പരിശോധിക്കുമ്പോള്‍, നവലിബറല്‍ നയങ്ങള്‍ക്കടിപ്പെട്ടുവെന്ന തങ്ങള്‍ക്കെതിരായ മുഖ്യ ആക്ഷേപത്തേക്കാള്‍ നേരത്തെ സൂചിപ്പിച്ച ജാതീയതയുടെ മുഖം മൂടികള്‍ മാത്രമായി തങ്ങള്‍ അധഃപതിക്കുന്നുവെന്ന ആക്ഷേപം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് ചാര്‍ത്തിക്കിട്ടുകയും ചെയ്യുകയാണ്. മുത്തങ്ങ, മൂന്നാര്‍, ചെങ്ങറ, അരിപ്പ, കല്ലടത്തണ്ണി, തൊവരിമല തുടങ്ങിയവ മാത്രമല്ല, ഭൂമി പ്രമേയമായി വരുന്ന എല്ലായിടത്തും കീഴാളവിരുദ്ധമായ നിലപാട് തുടരുകയും ചെയ്യുകയെന്ന ദുര്‍വിധിയാണവരെ തേടിയെത്തുന്നത്. തികച്ചും ഫ്യൂഡല്‍ മൂല്യങ്ങള്‍ പിന്തുടരുന്ന കേരളത്തിലെ വലതുപക്ഷം അതിന്റെ പാര്‍ലമെന്ററി നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ദുഃസ്ഥിതിയാണ് നിലവിലുള്ളത്. ഭൂപരിഷ്‌കരണം പൂര്‍ത്തിയായിട്ടില്ലായെന്ന് പറയുകയും അതേ നാവുകൊണ്ട്, രണ്ടാം ഭൂപരിഷ്‌കരണം വിപ്ലവവായാടിത്തമാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സി.പി.എം തന്നെ കിനാലൂരും മൂലമ്പിള്ളിയിലും നവലിബറല്‍ ഭൂനയങ്ങളുടെ പേരില്‍ ഫ്യൂഡല്‍ വ്യവസ്ഥയേക്കാള്‍ ഭീകരമായ മര്‍ദകവാഴ്ച നടത്തുകയും ചെയ്യുന്നു. ഭൂപ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദുവായ മൂന്നാറിലാകട്ടെ, ഒരടി മുന്നോട്ടെങ്കില്‍ രണ്ടടി പിന്നോട്ടെന്നമട്ടില്‍ ഇടതുഭരണത്തിന്റ അന്ത്യഘട്ടത്തിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു.

മറ്റൊരു മുഖ്യപ്രശ്‌നം ഈ പതിറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഉയര്‍ന്നുവന്ന പ്രത്യേക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ടതാണ്. ഭൂമിയെ ലക്ഷ്യംവെക്കുന്ന, തികഞ്ഞ മുതലാളിത്ത ചൂഷണ പരിപാടിയായ പ്രത്യേക സാമ്പത്തിക മേഖലകള്‍, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെയുണ്ടായ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയോടെ പത്തി താഴ്ത്തിയെങ്കിലും അത് രൂപം നല്‍കിയ ഭൂനയങ്ങളും മറ്റും നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. ഈ വിഷയത്തിലും ഇടതുപക്ഷം സ്വീകരിച്ച നിലപാട് നവലിബറല്‍ നയങ്ങളോട് തങ്ങള്‍ എത്ര മാത്രം അടിമപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. യു.പി.എ സര്‍ക്കാരിനെ ഇടതുപാര്‍ട്ടികള്‍ പിന്തുണക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ സെസ് നിയമം കൊണ്ടുവരുന്നതെന്നത് ശ്രദ്ധേയമാണ്. ആ സാഹചര്യത്തില്‍ ഇടതുകക്ഷികള്‍ മന്‍മോഹന്‍ സര്‍ക്കാരിനെ തങ്ങള്‍ക്ക് അക്കാര്യത്തിലുള്ള ചില വിയോജനങ്ങള്‍ അറിയിച്ചെങ്കിലും അതൊന്നും ഭൂമിയുമായോ, നികുതിയൊഴിവുവഴി നടത്തുന്ന ചൂഷണവുമായോ ബന്ധപ്പെട്ടതായിരുന്നില്ല. വിഷയത്തില്‍ മുഖ്യ ഇടതുകക്ഷിയായ സി.പി.എം പോലും തത്വാധിഷ്ഠിതമായ നിലപാടെടുക്കുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, ചൈനയില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. സംസ്ഥാനത്താകട്ടെ, കൃത്യമായ നയം പോലുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ള അനുവാദം നല്‍കാന്‍ തിടുക്കം കൂട്ടുകയും ചെയ്തു. കൃഷി ഭൂമിയുടെ ദുരുപയോഗവും ഭൂപരിധി നിയമങ്ങളുടെ ലംഘനവും വ്യാപകമായി അരങ്ങേറിയിട്ടും ഈ കമ്പനികള്‍ക്ക് മൂക്ക് കയറിടുകപോലും ചെയ്തില്ല.

കുടിയിറക്കപ്പെടുന്നവന്റെ പ്രശ്‌നം കുടിയിറക്ക് സംബന്ധിച്ച വ്യക്തമായ നിയമരാഹിത്യവുമായി ബന്ധപ്പെട്ടതാണ്. അവിടെയും ഭൂവിനിയോഗം സംബന്ധിച്ച അവ്യക്തതകള്‍ തന്നെയാണ് വില്ലനായെത്തുന്നത്. മൂലമ്പിള്ളിയില്‍ വല്ലാര്‍പാടം റെയില്‍പാതക്കായും വല്ലാര്‍പാടം പദ്ധതിക്കു തന്നെയും കുടിയിറക്കപ്പെട്ടവര്‍ പെരുവഴിയില്‍ കഴിയുമ്പോളാണ്, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കുടിയൊഴിപ്പിക്കലിന് കളമൊരുങ്ങുന്നത്. നവലിബറല്‍ വികസന സങ്കല്‍പങ്ങളോടൊപ്പം തന്നെ കുടിയിറക്കലുകള്‍ മിക്കവാറും ലക്ഷ്യം വെക്കുന്നത് കോളനികളും ദരിദ്രന്റെ ചെറ്റപ്പുരകളുമാണെന്നത് യാഥാര്‍ഥ്യമാണ്.

ഭൂമി എന്നത് ഒരിക്കലും വികസിക്കാത്ത വിഭവമാണ്. പക്ഷേ, വികസനം മുഴുവന്‍ കേന്ദ്രമാക്കുന്നത് ഭൂമിയിലും. വികസനം തെങ്ങിന്‍ മണ്ടയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നതായിരുന്നു ഇടതുഭരണകാലത്തെ ഒരു വ്യവസായ മന്ത്രിയുടെ വാദം. ശരിയാണ്, ഇനി നമുക്ക് വികസനം കൊണ്ടുവരാന്‍ തെങ്ങിന്‍ മണ്ടകള്‍ പോലും ബാക്കിയില്ല. നിലവിലുള്ള വിഭവത്തിന്റെ ശാസ്ത്രീയമായ ഉപയോഗം തലമണ്ടയുള്ളവര്‍ക്ക് അനുവര്‍ത്തിക്കാവുന്നതാണ്. കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം വഞ്ചിച്ച കീഴാളരുടെയും ഭൂപരിഷ്‌കരണം പ്രതിസന്ധിയിലാക്കിയ നമ്മുടെ കാര്‍ഷിക വ്യവസ്ഥയുടെയും ഭക്ഷ്യസുരക്ഷയുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ഭൂപരിഷ്‌കരണം പൂര്‍ത്തിയാക്കിയേ മതിയാകു. അല്ലാത്ത പക്ഷം, കേരളമെമ്പാടും ചെങ്ങറകളും മുത്തങ്ങകളും ഉയര്‍ന്നു വരും. ഇതോടൊപ്പം, കേരളത്തിന്റെ ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും പരിഗണിച്ചുകൊണ്ട് ഭൂവിനിയോഗം സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങള്‍ നിയമാനുസൃതം രൂപപ്പെടുത്തണം. അല്ലാത്ത പക്ഷം, നന്ദിഗ്രാമുകള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. കുടിയിറക്കുനിയമം കാലാനുസൃതമായി പരിഷ്‌കരിക്കുകയും വികസനത്തിന് വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തുന്നവനെ രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ത്യജിക്കുന്നവനു തുല്യം പരിഗണിക്കുകയും മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം. വികസനത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്താന്‍ ഭരണവര്‍ഗത്തിന് കഴിയണം.
(തുടരും)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757