Opinion

ഇല്‍ഹാം ഉമര്‍; വംശീയതക്കുനേരെയുള്ള രാഷ്ട്രീയ പോരാട്ടം – ഡോ. മുഹമ്മദ് നജീബ്

‘നീ ജീവിക്കുന്നു എന്നത് തന്നെ അവര്‍ക്ക് ഭീഷണിയാണെന്നാണ് അവര്‍ കരുതുന്നത്. അത്‌കൊണ്ടാണവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ‘
നിറത്തിന്റെയും വിശ്വാസത്തിന്റെയും ജനിച്ച നാടിന്റെയും പേരില്‍ സഹപാഠികള്‍ നിരന്തരം ഉപദ്രവിച്ച ഇല്‍ഹാം ഉമര്‍ എന്ന കൊച്ചു ബാലികയോട് അവളുടെ പിതാവ് പറഞ്ഞ ആശ്വാസ വാക്കുകളാണിത്.

യുദ്ധക്കെടുതികളില്‍ നിന്ന് രക്ഷതേടി മൊഗാദിശുവില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിയ ആ പന്ത്രണ്ടുകാരി സോമാലിയന്‍ പെണ്‍കുട്ടിയെ കൂട്ടുകാര്‍ കോണിപ്പടിയില്‍ നിന്ന് തള്ളി താഴത്തിടുമായിരുന്നു. ചിലപ്പോള്‍ ചവച്ച ച്യൂയിംഗം അവളുടെ ഹിജാബില്‍ ഒട്ടിച്ചുവെക്കും. മര്‍ദിക്കും. കുത്തുവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കും.

കറുത്തവന്റെ/വളുടെ ജീവിതത്തോട് അമേരിക്കന്‍ വെളുപ്പന്‍ വംശീയത എന്നും ഇങ്ങിനെയാണ് പെരുമാറിയത്. കറുത്തവന്‍ മുസ്‌ലിമും കൂടി ആണെങ്കില്‍ വെറുപ്പും വിദ്വേഷവും ഒന്നുകൂടി ഇരട്ടിക്കും. ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടി തന്റെ രാജ്യത്തിന്റെ യശസ്സ് ആകാശത്തോളം ഉയര്‍ത്തിയ മുഹമ്മദലി ക്ലേയോട് പോലും അമേരിക്കക്ക് നീതി കാണിക്കാന്‍ കഴിഞ്ഞില്ല. വംശീയ വെറിയോടുള്ള അടങ്ങാത്ത രോഷം അദ്ദേഹം പ്രകടിപ്പിച്ചത് തനിക്ക് കിട്ടിയ മെഡല്‍ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ടായിരുന്നു. പക്ഷേ, യുദ്ധത്തെ അതിജീവിച്ചെത്തിയ ഇല്‍ഹാം തളരാന്‍ തീരുമാനിച്ചിരുന്നില്ല. അവള്‍ സ്‌കൂള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പതിനേഴാം വയസ്സില്‍ പൂര്‍ണമായ നിലയില്‍ അമേരിക്കന്‍ പൗരത്വം നേടുന്ന ആദ്യ ആഫ്രിക്കക്കാരിയായി. പതുക്കെ രാഷ്ട്രീയത്തിലേക്ക് നടന്ന് കയറി ജനമനസ്സുകളില്‍ നിറ സാന്നിധ്യമായി മാറി.

2016ല്‍ ഇല്‍ഹാം, വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയായി മിനസോട്ട കോണ്‍ഗ്രസ്സിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2018ല്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഏതൊരു സ്ത്രീയും നേടിയിട്ടുള്ളതില്‍ ഏറ്റവുമധികം വോട്ടുകളോടെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിവിയിലെത്തുന്ന ആദ്യ മുസ്‌ലിം വനിത കൂടിയായിരുന്നു അവര്‍. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇല്‍ഹാന്‍ അന്ന് സത്യപ്രതിജ്ഞ ചെയതത്. 2017-18 വര്‍ഷത്തിനിടയില്‍ വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ 266 ബില്ലുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായ ജനപ്രതിനിധിയാണ് ഇല്‍ഹാന്‍.

എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ കൂട്ടായി സംഘടിപ്പിച്ചു. ഒട്ടേറെ ജനോപകാര പരിപാടികള്‍ക്ക് ഇല്‍ഹാം മുന്നില്‍ നിന്നു. പക്ഷേ, കാലം മുന്നോട്ട് നടന്നപ്പോള്‍ അമേരിക്ക പിന്നോട്ട് നടന്നു. അറിയപ്പെടുന്ന വംശീയ വിദ്വേഷിയായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ അയാള്‍ വെറുപ്പിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചുരുവിട്ടു. അഭയാര്‍ഥികള്‍ക്കെതിരെയും കുടിയേറ്റ ജനതക്കെതിരെയും തീവ്ര വലത് ചിന്തകള്‍ക്ക് വിത്തുപാകി. വിഢിത്തം നിറഞ്ഞ വാക്കുകള്‍ കൊണ്ട് വിദേശ രാജ്യങ്ങളെപ്പോലും കടന്നാക്രമിച്ചു കൊണ്ടിരുന്നു. ട്രംപ് ഭരണത്തിന്റെ ഫലമായി ഏറ്റവുമേറെ ഉല്‍പാദന വര്‍ധനവുണ്ടായത് വംശവെറിക്കായിരുന്നു.

പ്രസിഡണ്ട് ട്രംപിന്റെ പിന്തിരിപ്പന്‍ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച ഇല്‍ഹാന്‍ ഉമറും സഹപ്രവര്‍ത്തകരും പലപ്പോഴും അയാളുടെ കണ്ണിലെ കരടായി. ട്രംപിന്റെ അഭയാര്‍ഥി/കുടിയേറ്റ വിരുദ്ധ നയങ്ങളെ ഇല്‍ഹാന്‍ ശക്തമായി ചോദ്യം ചെയ്തു. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്താനുള്ള (Trump Travel Ban) നീക്കത്തെ അവര്‍ ശക്തിയുക്തം എതിര്‍ത്തു. പ്രസിഡണ്ടിന്റെ വിദേശ നയം രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നവര്‍ ഉറക്കെ പറഞ്ഞു. ഫലസ്തീനെതിരെ ഇസ്രായേലിനെ അന്യായമായി പിന്തുണക്കുന്നതിനെ ഇല്‍ഹാം ശക്തമായെതിര്‍ത്തു. അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലും പട്ടാള തേര്‍വാഴ്ചയും അവരുടെ വിമര്‍ശനത്തിന് പാത്രമായി. അമേരിക്കന്‍ ബോംബുകളാണ് പാവം യമനി കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നതെന്നവര്‍ ചൂണ്ടിക്കാട്ടി. ഇല്‍ഹാന്‍ എന്നും മത ന്യൂനപക്ഷങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നിന്നു. അമേരിക്കന്‍ ഭരണ സഭയില്‍ ഹിജാബ് ധരിച്ച് കടന്നുചെന്ന ഇല്‍ഹാമിന് വേണ്ടി തല മറക്കല്‍ നിരോധനം തന്നെ സഭക്ക് മാറ്റേണ്ടി വന്നു.

സഹികെട്ട ട്രംപ് ഇതാ ഇപ്പോള്‍ തനിനിറം പുറത്തെടുത്തിരിക്കുന്നു. ഇല്‍ഹാനും ഒപ്പം മൂന്ന് കറുത്ത വര്‍ഗക്കാരായ വനിതാ നേതാക്കള്‍ക്കുമെതിരെ, അവരുടെ രാജ്യങ്ങള്‍ക്കെതിരെ വൃത്തികെട്ട വംശീയ പരാമര്‍ശമാണയാള്‍ നടത്തിയത്. തികഞ്ഞ ഏകാധിപതിയെപ്പോലെ അവരോട് നാട് വിട്ട് പോയ്‌ക്കോളാനാണയാള്‍ ആക്രോശിച്ചത്. ഇല്‍ഹാന്‍ പതിനേഴാം വയസ്സില്‍ പൗരത്വം സ്വീകരിച്ചതാണെങ്കിലും മറ്റ് മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് ജനപ്രതിനിധികളായവരാണ്.

ട്രംപിന്റെ നിലപാടിനെതിരെ രാജ്യമെങ്ങും വമ്പിച്ച പ്രതിഷേധം അലയടിച്ചു. അമേരിക്കക്ക് അപമാനമാണിയാളെന്ന് പലരും പരസ്യമായി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ധീരയായ ഇല്‍ഹാന്‍ ഉമര്‍ ട്രംപിന്റെ മുഖത്ത് നോക്കി ‘ഫാഷിസ്റ്റ്’എന്ന് തന്നെ വിളിച്ചു. അമേരിക്കയിലെ മറ്റു പലരും വംശ വെറിയന്‍, ഭീരു എന്നൊക്കെയുള്ള വാക്കുകള്‍ കൊണ്ടാണ് ട്രംപിന്റെ നിലപാടുകള്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഭരകൂടത്തെ ആഴത്തില്‍ ഗ്രസിച്ച വംശീയ വിദ്വേഷത്തെ തുറന്ന് കാട്ടാന്‍ ഈ സംഭവം കാരണമായി.

ഏതായാലും ജനം ഇല്‍ഹാമിനോടൊപ്പമുണ്ട്. അമേരിക്കയില്‍ ഏറ്റവും ജനകീയമായ ഹാഷ്ടാഗ് I stand with Ilhan Omar മാറുകയുണ്ടായി.
ആഫ്രിക്കന്‍ തീയില്‍ മുളച്ചത് അമേരിക്കന്‍ വെയിലേറ്റ് വാടില്ലെന്ന് ഇല്‍ഹാം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ/ അധഃസ്ഥിത മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും അമേരിക്കന്‍ ഭരണത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന ഇല്‍ഹാമില്‍ ഒരു നവ ലോക പ്രതീക്ഷ പലര്‍ക്കുമുണ്ടെന്ന് മനസ്സിലാക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757