Opinion

ഗിരീഷ് കര്‍ണാട്; മരണമില്ലാത്ത നിലപാട് – യാസിര്‍ ഖുത്തുബ്

 

1938 മെയ് 19ന് മുംബെയില്‍ ഡോ. രഘുനാഥ് കര്‍ണാട്-കൃഷ്ണഭായ് ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം മറാത്തിയില്‍. പിന്നീട് പി.യു.സി.യും ഡിഗ്രിയും ചെയ്തത് കര്‍ണാടകയില്‍. ദാര്‍വാഡിലെ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ഗണിതത്തിലും
സ്റ്റാറ്റിസ്റ്റിക്‌സും ബിരുദം. ഓക്‌സ്‌ഫോഡില്‍ നിന്നും ബിരുദാനന്തര ബിരുദം. തുടര്‍ന്ന് ചെന്നൈ ഓക്സ്ഫെഡ് യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. 1970ല്‍ ജോലി രാജിവെച്ച് പൂര്‍ണസമയ എഴുത്തുകാരനും സജീവ പൊതുപ്രവര്‍ത്തകനുമായി.

എപ്പോഴും സമകാലിക ഇന്ത്യന്‍ അവസ്ഥകളും രാഷ്ട്രീയവും നിരന്തരം ചര്‍ച്ചക്ക് വിധേയമാക്കിയ പോരാളിയായിരുന്നു ഗിരീഷ് കര്‍ണാട്. ഇരുട്ടിന്റെയും വിദ്വേഷത്തിന്റെയും ശക്തികള്‍ക്കെതിരെ ഉറച്ച നിലപാടുകള്‍ എടുത്തു. തന്റെ വീക്ഷണങ്ങളിലും രാഷ്ട്രീയ ബോധ്യത്തിലും തെളിമയോടെ നിലപാടെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സല്‍ എന്നാരോപിച്ച് 2018ല്‍ മഹാരാഷ്ട്ര പോലീസ് കേസെടുത്തതിനെതിരെ ‘ഞാനും അര്‍ബന്‍ നക്‌സല്‍ ‘ എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധിച്ചു. ഗൗരിലങ്കേഷിനെ വധിക്കാന്‍ പദ്ധതിയിട്ടവരുടെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാമത്തെ പേരായിരുന്നു ഗിരീഷ് കര്‍ണാടിന്റേത്. ടിപ്പുസുല്‍ത്താന്‍ ദേശദ്രോഹിയാണെന്ന് ഫാസിസ്റ്റുകള്‍ പ്രചരണം നടത്തിയപ്പോള്‍, ടിപ്പുവിന്റെ സംഭാവനകളെക്കുറിച്ച് ഒരു പുസ്തകം തന്നെ കര്‍ണാട് രചിച്ചു. കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സ്വാതന്ത്ര്യ സമര സേനാനിയായ ടിപ്പുവിന്റെ പേരിടണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. നൊബേല്‍ സമ്മാനജേതാവായ വി.എസ്. നയ്‌പോളിന്റെ മുസ്‌ലിം വിദ്വേഷത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തോടൊപ്പം വേദി പങ്കിടാതിരുന്നു. കലാപങ്ങളും, ആള്‍കൂട്ട കൊലകളും അരങ്ങേറിയ സമയങ്ങളിലെല്ലാം നീതിയുടെ പക്ഷംചേര്‍ന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയ രാഷ്ട്രീയ വിഷയമാണെന്ന് അദ്ദേഹം തുറന്നെഴുതി.

നാല് ദശകക്കാലം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. സമകാലീന സംഭവങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി അദ്ദേഹം ചരിത്രത്തേയും പുരാണങ്ങളെയും പ്രയോജനപ്പെടുത്തി. കന്നഡ, ഹിന്ദി സിനിമാ രംഗങ്ങളില്‍ നടനായും സംവിധായകനായും തിരക്കഥാകൃത്തായും സജീവമായി. കേന്ദ്ര സംഗീത അക്കാദമി ചെയര്‍മാനായി. ജ്ഞാനപീഠം, പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേടി. ഞാന്‍ മരിച്ചാല്‍ ഔദ്യോഗിക ബഹുമതികളോ ആചാരവെടികളോ വിലാപയാത്രയോ ആവശ്യമില്ലെന്ന് അദ്ദേഹം നേരത്തേതന്നെ പറഞ്ഞുവെച്ചു. കുടുംബാംഗങ്ങളും ഗവണ്‍മെന്റും അത് സാക്ഷാത്കരിച്ചു കൊടുത്തു. 2019 ജൂണ്‍ പത്തിന് ബംഗളൂരുവിലെ പൊതുശ്മശാനത്തിലെ വൈദ്യുത സ്ഫുലിംഗങ്ങള്‍ കര്‍മങ്ങളൊന്നുമില്ലാതെ ആ മഹാത്മാവിന്റെ ഭൗതികശരീരത്തെ ഏറ്റുവാങ്ങി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757