interview

ഗീത മേനോന്‍; ഗാര്‍ഹിക തൊഴിലാളികളുടെ ശബ്ദം

ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് സ്ത്രീ ജാഗൃതി സമിതി ചര്‍ച്ച ചെയ്യപ്പെടുന്നത്. ബാംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമിതിക്ക് ചുക്കാന്‍ പിടിക്കുന്നത് മലയാളികൂടിയായ ശ്രമിതി ഗീത മേനോന്‍ ആണ്. ജാഗൃതി സമിതിയുടെ പ്രവര്‍ത്തനങ്ങളേയും രാജ്യത്തെ തൊഴിലാളികളുടെ, വിശിഷ്യ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങളേയും സാമൂഹ്യ സാഹചര്യങ്ങളേയും കുറിച്ച് ജനപക്ഷം പ്രതിനിധിയോട് സംസാരിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ വിവിധ തരത്തിലുള്ള വിവേചനങ്ങളും പ്രശ്‌നങ്ങളും നേരിടുന്ന വിഭാഗമാണ് സ്ത്രീകള്‍. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാതെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. രഷ്ട്രീയവും സാംസ്‌കാരികവുമായ മാറ്റം കൂടി അതില്‍ പ്രധാനമാണ്. സമൂഹിക പരിവര്‍ത്തനം എന്നത് വെറും സാമൂഹ്യ പ്രവര്‍ത്തനം കൊണ്ടുമാത്രം സാധ്യമല്ല. നിരന്തരമായ ആശയ സന്നിവേശത്തിലൂടെയും ഘടനകളിലെ മാറ്റത്തിരുത്തലുകളിലൂടെയും മാത്രമെ ഉദ്ദേശിച്ച ഫലം കൈവരൂ. ഇത്തരം തിരിച്ചറിവുകളില്‍നിന്ന് രൂപംകൊണ്ടതാണ് സ്ത്രീ ജാഗൃതി സമിതി. ഒരു സംഘടന എന്ന നിലയില്‍ മുംബൈയിലാണ് ഞങ്ങളുടെ തുടക്കം. മധുരയില്‍ ഒരു ആദിവാസി പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടു. സംഭവത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു. ഇത് ഞങ്ങളെ ക്ഷുഭിതരാക്കി. അന്ന് ഞങ്ങളില്‍ കുറച്ചു പേര്‍ ഇത്തരം നീതി നിഷേധത്തിനെതിരായി സംഘടിച്ചതാണ് സ്ത്രീ ജാഗ്രതി സമിതിയുടെ രൂപീകരണത്തിന് കാരണം. 1980 കാലഘട്ടത്തിലായിരുന്നു ഇത്. മുംബെയില സ്ത്രീകള്‍ക്കായുള്ള ഒരു സംഘടനയായിരിക്കുകയില്ല; മറിച്ച് ഗാര്‍ഹിക സ്ത്രീ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സംഘടനയായിരിക്കും ഇതെന്ന് അന്നുതന്നെ ഞങ്ങള്‍ തീരുമാനമെടുത്തിരുന്നു. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ അസംഘടിതരായിരുന്നു.
മുംബൈയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ താമസിക്കുന്ന ചേരികളിലായിരുന്നു ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചേരി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളും ഗാര്‍ഹിക അതിക്രമങ്ങളം നേരിടുന്നുണ്ടായിരുന്നു. ചേരിയിലെ ഗുണ്ടകളുടേയും ദാദമാരുടേയും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഈ സമയത്ത് വര്‍ഗീയ ലഹളകളും തലപൊക്കിയിരുന്നു.

എന്‍.ജി.ഒയില്‍നിന്ന് യൂണിയനിലേക്ക്
1984ല്‍ ഞാന്‍ ബാംഗ്‌ളൂരിലേക്ക് വന്നു. പ്രവര്‍ത്തനങ്ങള്‍ ബാംഗ്‌ളൂരിലും തുടരാന്‍ തീരുമാനിച്ചു. 1986ല്‍ സ്ത്രീ ജാഗൃതി സമിതി ബാംഗ്‌ളൂരുവില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞങ്ങള്‍ പഠനങ്ങള്‍ നടത്തി. അതിലൂടെ ഈ തൊഴിലാളികള്‍ക്കിടയില്‍ ഒരു യൂണിയന്റെ ആനിവാര്യത ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സ്ത്രീ ജാഗൃതി സമിതി ഒരു സ്ത്രീ അവകാശ സംഘടനയാണ്. അതിന് ഒരിക്കലും ഒരു യൂണിയനാവാന്‍ സാധിക്കില്ല. 2009ല്‍ ഗാര്‍ഹിക സ്ത്രീ തൊഴിലാളികളടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് റെറ്റ്‌സ് യൂണിയന്‍ രൂപീകരിച്ചു. സ്ത്രീ ജാഗൃതി സമിതി ഡി.ഡബ്‌ളിയു.ആര്‍.യു (ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് റെറ്റ്‌സ് യൂണിയന്‍)വിന്റെ ഒരു സപ്പോര്‍ട്ട് ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നത്. യൂണിയന്‍ ഗാര്‍ഹിക മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. അതോടാപ്പം ബാലവേല വിഷയങ്ങളിലും ഇടപെട്ടു. അന്ന് ബാലവേല കുറ്റകരമായിരുന്നില്ല. (2005ല്‍ ബാലവേല കുറ്റകരമായി സുപ്രിം കോടതി വിധിവന്നു) ഗാര്‍ഹിക തൊഴിലാളികളുടെ കമ്മിറ്റികള്‍ രൂപീകരിച്ചു. ആ കമ്മിറ്റികള്‍ പിന്നീട് യൂണിയനുകളായി. തൊഴിലാളികളില്‍ അധികവും കുടിയേറ്റക്കാരായിരുന്നു. ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ഇതിനിടയില്‍ മനുഷ്യക്കടത്തിന്റെ വിഷയങ്ങളും പൊന്തിവരാന്‍ തുടങ്ങി. തൊഴിലാൡകളില്‍ ഭൂരിഭാഗം പട്ടികജാതി-പട്ടിക വര്‍ഗക്കാരും ദലിതരുമായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും യൂണിയന്റെ ആവശ്യകത മനസ്സിലാക്കുന്നില്ല. അവര്‍തന്നെ അവരുടെ ജോലിയെ ഡീവാല്യൂ ചെയ്യുകയാണ്. ജോലി ചെയ്യുന്ന വീടുകളിലുള്ളവരും അവരെ വില കല്‍പിക്കുന്നില്ല. അതുകൊണ്ട് അവര്‍ ചെയ്യുന്ന തൊഴിലിന്റെ മഹത്വത്തെക്കുറിച്ചും ഉല്‍പാദന മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനയെ കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയെപ്പറ്റി ബോധവല്‍കരിക്കേണ്ടി വരും. എന്തിന് യൂണിയനില്‍ ചേരണം എന്നതാണ് അവരുടെ ചിന്ത. തങ്ങളുടെ തൊഴിലുടമ കാശ് കടം തരുന്നു,കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്നു, കഴിക്കാന്‍ ഭക്ഷണം തരുന്നു തുടങ്ങിയ ഉപകാര സ്മരണയാണ് അവരെ പറ്റി പറയാനുണ്ടാവുക. വിശ്വാസ്യത, വിധേയത്വം തുടങ്ങിയ ഘടകങ്ങള്‍ ഈ യജമാന-സേവിക ബന്ധങ്ങളില്‍ ഇപ്പോഴും കാണാം. അത് ഈ മേഖലയില്‍ മാത്രം കാണുന്ന ഒരു രീതിയാണ്.തൊഴിലാളി എന്ന നിലക്ക് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങല്‍ അവരുടെ അവകാശത്തില്‍ പെട്ടതാണ് എന്ന തിരിച്ചറിവുണ്ടാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇന്ന് ഞങ്ങളുടെ തൊഴിലാളികള്‍ അഭിമാനത്തോടെയും തന്റേടത്തോടെയും അവരുടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നു. അനീതിയോടും അവഗണനയോടും ശക്തമായി പ്രതികരിക്കുന്നു. തങ്ങളുടെ തൊഴിലിടങ്ങള്‍ തങ്ങളുടെ തന്നെ ഫാക്ടറികളാണെന്ന ചിന്ത തൊഴിലാളികളുടെ മനസ്സിലേക്ക് കൊണ്ടുവരികയെന്നതായിരുന്നു സ്ത്രീ ജാഗൃതി സമിതിയുടെ ദൗത്യം.

ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നു ഗാര്‍ഹിക തൊഴിലാളികള്‍
തൊഴില്‍ മേഖലയില്‍ ഏറ്റവുമധികമുള്ളത് ഗാര്‍ഹിക തൊഴിലാളികളാണ്. അവര്‍ അസംഘടിതരാണ്. കൊളോണിയല്‍ കാലം മുതല്‍ക്കേ അവര്‍ അവഗണന നേരിടുന്നവരാണ്. അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥയുടെ തുടര്‍ച്ചയാണ് ഇന്നും നിലനില്‍ക്കുന്നത്. വേതന നിയമം നിലവില്‍ വന്നെങ്കിലും സേവകനും യാചകനുമെന്ന ഫ്യൂഡല്‍ കാലഘട്ട വിവേചനം ഇപ്പോഴും തുടരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവര്‍ അവഗണന നേരിടുന്നുണ്ട്. സര്‍ക്കാരുകള്‍ അവരെ വെറും വീട്ടുവേലക്കാരായി മാത്രമാണ് കണക്കാക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ കുറ്റവാളികളായി കാണുന്ന പ്രവണത പണ്ടു മുതല്‍ക്കേസമൂഹത്തിലുണ്ട്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ജോലിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ബോധിപ്പിക്കണമെന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നു. ഞങ്ങളതിനെ നഖശിഖാന്തം എതിര്‍ത്തു. അങ്ങിനെ രജിസ്റ്റര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രജിസ്റ്റര്‍ ചെയ്തു കൂടാ? പൊലീസ് സ്റ്റേഷനില്‍ തന്നെ വേണോ? ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിലാണെങ്കില്‍ അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇത്തരത്തിലുള്ളതായിരുന്നു ഞങ്ങളുടെ സമരം.

ഗാര്‍ഹിക തൊഴിലാളികക്ക് യാതൊരു തരത്തിലുള്ള സാമൂഹ്യ സുരക്ഷയും ലഭിച്ചിരുന്നില്ല. ആഴ്ചയില്‍ ഒരു ദിവസം അവധി പോലുമില്ല. ബോണസില്ല, പെന്‍ഷനില്ല. ഞങ്ങളുടെ സ്ത്രീ തൊഴിലാളിക്കിടയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഒരു ഗ്രൂപ്പുണ്ട്. വളരെ ചെറുപ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയവരാണവര്‍. അന്‍പത് വയസ്സാകുമ്പോഴേക്കും അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാതായി തുടങ്ങും. എന്നാലും അവര്‍ ജോലിക്ക് പോകും. ഗ്രൂപ്പില്‍ എണ്‍പത് വയസ്സ് പ്രായം ചെന്നവരുണ്ട്. തുഛമായ ശമ്പളത്തിനാണ് അവര്‍ ജോലിയെടുക്കുന്നത്. ഇവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനാ വിധവ പെന്‍ഷനോ കിട്ടുന്നില്ല. സാമൂഹിക സുരക്ഷിതമമെന്നത് അവരുടെ അവകാശമാണ്. 2008 മുതല്‍ അതിനായി ഒരു നിയമം തന്നെയുണ്ട്. പക്ഷേ, ഇന്ന് അതൊന്നും പ്രാബല്യത്തിലുള്ളതായി കാണാന്‍ കഴിയുന്നില്ല. ഒരു വേതന ബോര്‍ഡുപോലുമില്ല. അതിനാല്‍ തൊഴിലാളി ക്ഷേമം (workers facility center) എന്ന ഒരാശയത്തിന് ഞങ്ങള്‍ രൂപം കൊടുക്കുകയും അതുവഴി ഗാര്‍ഹിക തൊഴിലാളികക്ക് ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും ചെയ്തു. അതിലൂടെ ദേശീയ വെല്‍ഫെയര്‍ സ്‌കീമുകളും സംസ്ഥാന സര്‍ക്കാരുകളടെ വെല്‍ഫെയര്‍ സ്‌കീമുകളും ലഭ്യമാക്കാന്‍ സഹായകമായി.

തൊഴിലിടങ്ങളില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍ ധാരാളമാണ്. ഈ സന്ദര്‍ഭങ്ങളിലൊന്നും അവര്‍ക്ക് വേണ്ടത്ര പരിഗണനയോ ചികിത്സയോ നഷ്ടപരിഹാരമോ നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകാതെ വരാറുണ്ട്. ഇത്തരം നിരവധി കേസുകളില്‍ ഇടപെടാനും തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. അടുത്തിടെ ഒരു സംഭവമുണ്ടായി. പതിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടി തുണി ഉണക്കാനിടുമ്പോള്‍ ഇലക്ട്രി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വിരലുകള്‍ നഷ്ടപ്പടു. ഉടമസ്ഥന്‍ വെറും 4000 രൂപ കൊടുത്ത് പറഞ്ഞുവിട്ടു. ഈ വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ട് കേസ് കൊടുക്കുകയും ഉടമയില്‍ നിന്ന് കൂടുതല്‍ തുക നഷ്ട പരിഹാരമായി വാങ്ങിക്കൊടുക്കുകയും ചെയ്തു. മറ്റൊരു സംഭവം, ബാംഗ്‌ളൂരുവിലെ ഒരു അപാര്‍ട്‌മെന്റില്‍ മുഴുവന്‍ സമയ ജോലിക്കാരി ടെറസില്‍ നിന്ന് വീണ് മരിച്ചു. അതൊരു ആദിവാസി പെണ്‍കുട്ടിയായിരുന്നു. ഈ പെണ്‍കുട്ടി എങ്ങിനെ ഇവിടെയെത്തി എന്ന ഞങ്ങളുടെ അന്വേഷണം എത്തിപ്പെട്ടത് മനുഷ്യക്കടത്ത് മാഫിയകളിലേക്കാണ്. മരിച്ച പെണ്‍കുട്ടിയുടെ തൊഴില്‍ ദാദാവ് പറഞ്ഞത് അതൊരു ആത്മഹത്യയാണെന്നാണ്. ഞങ്ങളുടെ ഇടപെടലിലൂടെ അത് മനുഷ്യക്കടത്ത് കേസാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞു. ആ കുട്ടി അനാഥയാണെന്നായിരുന്നു ഫ്‌ളാറ്റിന്റെ ഉടമ പറഞ്ഞത്. ഞങ്ങളുടെ അന്വേഷണത്തില്‍ അത് ഒരു ആസാമി പെണ്‍കുട്ടിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഞങ്ങള്‍ അവിടെ പോയി. ആ കുട്ടിയുടെ രക്ഷിതാക്കളെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നു. കുട്ടിയുടെ മരണവും കുട്ടി ബിംഗ്‌ളൂരിലേക്ക് എത്തിയ വിവരവും അവര്‍ക്കറിയില്ലായിരുന്നു. ആസാമിലെ പ്‌ളാന്റേഷന്‍ തൊഴിലാളികളായിരുന്നു അവര്‍. ഈ മേഖലയില്‍ തൊഴിലില്ലാതായപ്പോള്‍ അവര്‍ മറ്റു തൊഴില്‍ തേടി പോയി. കുട്ടികളെപ്ലേസ്‌മെന്റ് ഏജന്‍സികളെ ഏല്‍പിച്ചു. അവര്‍ വഴിയാണ് കുട്ടി ബാംഗ്‌ളൂരിലെത്തിയത്. ഇത്തരത്തിലുള്ള ചൂഷണങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ധാരാളമായി നടക്കുന്നുണ്ട്. ഒരു തരത്തിലുള്ള ബോണ്ടഡ് ലേബര്‍ എന്നുതന്നെ പറയാം. കര്‍ശനമായ നിയമത്തിലൂടെ മാത്രമേ ഇതിനൊക്കെ മാറ്റം ഉണ്ടാകൂ.

വേറിട്ട സംഘാടനം
മറ്റ് ട്രേഡ് യൂണിയനുകളെപ്പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചില പരിമിതികളൊക്കെയുണ്ട്. സംഘടനാശേഷിയിലും മെമ്പര്‍ഷിപ്പിലും ഞങ്ങള്‍ വളരെ പിന്നിലാണ്. അധികം മെമ്പര്‍മാരില്ല. മെമ്പര്‍ഷിപ്പ് ചാര്‍ജും വളരെ കുറവാണ്. 25 മുതല്‍ 50 രുപവരെയാണ് മെമ്പര്‍ഷിപ്പ് ഫീ. ഇപ്പോള്‍ ഞങ്ങളുടെ പോരാട്ടം തൊഴിലാളികളുടെ അന്തസ്സിന് വേണ്ടിയുള്ളതാണ്. അവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കുന്നതിന് കുറേ വര്‍ഷങ്ങളായി ശ്രമിക്കുന്നു. കാരണം ജോലിസ്ഥലത്തുനിന്നും വളരെ വൈകി വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ അപരിചതരെന്ന സംശയത്തിന്റെ പേരില്‍ അവര്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടിവരിക പതിവാണ്. ഐഡന്റിറ്റി കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ ഒരു ക്രിമിനലായി ചിത്രീകരിക്കപ്പെടുകയും സ്‌റ്റേഷനില്‍ കൊണ്ടുപോവുകയും ചെയ്യും. ഒടുവില്‍ കര്‍ണാടക സര്‍ക്കാരിന്റെ ലേബര്‍ വിഭാഗം ഇപ്പോള്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സ്വന്തമായി ഐഡന്റിറ്റി ഉണ്ടായതോടെ വേലക്കാരിയല്ല ഒരു ഗാര്‍ഹിക തൊഴിലാളിയാണ് താനെന്ന് അന്തസ്സോടെ പറയാന്‍ ഇപ്പോള്‍ അവര്‍ക്ക് സാധിക്കുന്നു. ഈ മേഖലയില്‍ ഞങ്ങളുടെ സാന്നിധ്യം പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നുതന്നെ പറയാം. ചില സന്ദര്‍ഭങ്ങളില്‍ മംഗലാപുരത്തേയു ബെല്‍ഗാമിലേയുമൊക്കെയുള്ള ചില ഫ്‌ളാറ്റ് തൊഴിലുടമകള്‍ ഞങ്ങളെ വിളിക്കാറുണ്ട്. തൊഴിലാളികളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആരായുന്നതിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായി. അത് മികച്ച ഒരു അംഗീകാരമായി ഞങ്ങള്‍ കണക്കാക്കുന്നു. സര്‍ക്കാരും ഞങ്ങളെ കണക്കിലെടുത്ത് തുടങ്ങി. ഗാര്‍ഹിക തൊഴിലാളികളെകൊണ്ട് അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നേര്‍ക്കുനേര്‍ പറയാനുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു. യൂനിയന്‍ മീറ്റിംഗുകളിലും ഞങ്ങളെ ക്ഷണിക്കാന്‍ തുടങ്ങി. ഗാര്‍ഹികത്തൊഴിലാളികളെക്കൊണ്ട് അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നേര്‍ക്കുനേര്‍ പറയാനുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു. യൂനിയന്‍ മീറ്റിംഗുകളിലും ഞങ്ങളെ ക്ഷണിക്കാന്‍ തുടങ്ങി. എന്നാല്‍, നേതാക്കളെയല്ല; തൊഴിലാളികളാണ് ചര്‍ച്ചയില്‍ ഭാഗവാക്കാകേണ്ടതെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടാറ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം അവരും ഒരേ വേദിയില്‍ മുഖാമുഖം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആത്മധൈര്യം വേറെയാണ്. അവര്‍ തന്നെ ഇപ്പോള്‍ സ്വയം കേസുകള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.

സാമ്പ്രദായിക ട്രേഡ് യൂണിയനുകളും അവഗണിക്കുന്ന മേഖല
ഇന്ത്യയൊട്ടുക്ക് ഏകദേശം ഒരുകോടിയോളം ഗാര്‍ഹിക തൊഴിലാളികളുണ്ടാകും. ഡിഫെന്‍സല്‍ ജോലിചെയ്യുന്നവരുള്‍പ്പെടെ. അവര്‍ക്ക് വേതനമൊന്നും ലഭിക്കുന്നില്ലെങ്കിലും വലിയൊരു വര്‍ക്കേഴ്‌സ് ഫോഴ്‌സ ആയി മാറിയിട്ടുണ്ട് ഇന്ന് ഗാര്‍ഹികത്തൊഴിലാളികള്‍. ഈ മേഖലയില്‍ കാര്യമായ സാമ്പത്തിക ലാഭമില്ലാത്തതുകൊണ്ടാണ് നാഷനല്‍ ട്രേഡ് യൂണിയനുകള്‍ക്ക് ഈ മേഖലയില്‍ താല്‍പര്യമില്ലാത്തത്. കൂടുതല്‍ മെമ്പര്‍ഷിപ്പ്, കൂടുതല്‍ സാമ്പത്തികം, മികച്ച സ്റ്റാറ്റസ് ഒന്നും ഗാര്‍ഹിക തൊഴിലാളി വര്‍ഗത്തിനില്ലല്ലോ? ഒന്നമതായി അനൗപചാരിക തൊഴിലാളികളെ (Informal Workers) സംഘടിപ്പിക്കുക എന്നത് തന്നെ വളരെശ്രമകരമായ പ്രക്രിയയാണ്. അവര്‍ പലയിടത്തുമായി ചിന്നിച്ചിതറിക്കിടക്കുകയാണ്. തൊഴിലുടമകളും അത്തരത്തില്‍ തന്നെ. തൊഴിലാളികള്‍ പലവിധ ജോലികള്‍ ചെയ്യുന്നവരാണ്. അവരുടെ ജോലി സമയങ്ങളിലും വിത്യാസമുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍തന്നെ നിര്‍മാണമേഖലയിലും മറ്റിതര മേഖലയിലും ഉള്ളവരാണ്. സാധാരണ ഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ എളുപ്പമാണ്. മെമ്പര്‍ഷിപ്പ് വമ്പിച്ചതാണ്. രണ്ട് ലക്ഷം തൊഴിലാളികളുണ്ടെങ്കില്‍ മെമ്പര്‍ഷിപ്പ് വകയില്‍ തന്നെ വലിയതുക ലഭിക്കുമല്ലോ. വര്‍ക്‌ഫോഴ്‌സ് കൂടുമ്പോള്‍ തന്നെ പോരാട്ടത്തിനും ശക്തിയുണ്ടാകും. എന്നാല്‍, അനൗപചാരിക തൊഴില്‍ മേഖലയില്‍ വേണ്ടത്ര അംഗബലം ഇല്ല. ഗാര്‍ഹിക തൊഴിലാളികളോട്, അതും സ്ത്രീകളാകുമ്പോള്‍ യൂണിയന്‍ എന്ന് കേള്‍ക്കുമ്പോള്‍തന്നെ തല്‍പര്യം കുറവാണ്. യൂണിയനില്‍ ചേര്‍ന്നാല്‍ തന്നെ മീറ്റിങ്ങുകള്‍ക്ക് വരുന്നതും ബുദ്ധിമുട്ടാണ്. ഇക്കാരണങ്ങളൊക്കെയാണ് ഗാര്‍ഹികതൊഴില്‍ മേഖലയില്‍ നിന്നും ട്രേഡ് യൂണിയനുകള്‍ വിട്ടുനില്‍ക്കുന്നതും സജീവമാകാത്തതും. മാത്രമല്ല, ട്രേഡ് യൂണിയനുകള്‍ ‘ക്ലാസി’നെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഉടമയും തൊഴിലാളിയും തമ്മിലുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് ഊന്നല്‍ നല്‍കുന്നത്. ഫാക്ടറിയിലെ തൊഴിലാളികളെ ഒരു സാമൂഹിക ജീവിയായി കാണുകയില്ല. അവകാശങ്ങള്‍ പിടിച്ചുപറ്റുന്നതിനപ്പുറം അവര്‍ ചിന്തിക്കുന്നില്ല. റോട്ടി, കപ്പടാ, മാക്കാന്‍’ എന്ന അടിസ്ഥാന വിഷയത്തില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. സാമ്പത്തിക നേട്ടം മാത്രം. സാമൂഹികജീവി എന്ന വീക്ഷണത്തോടെ അവരെ ഒന്നിപ്പിക്കുന്നതില്‍ അവര്‍ പരാജയമാണ്. അവിടെയാണ് ബി.ജെ.പിയുടെ സാംസ്‌കാരിക സിദ്ധാന്തം വേരോടുന്നത്. അവര്‍ പതുക്കെ അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. ശിവസേനയും ആ കൂട്ടത്തിലുണ്ട്. തൊഴിലാളികളുടെ സാമ്പത്തികക്ഷേമ കാര്യത്തില്‍ ഞങ്ങള്‍ ഇടതുപക്ഷം നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതുവഴി തൊഴിലാളികളെ ഞങ്ങളുടെ പക്ഷത്ത് ചേര്‍ത്ത് നിര്‍ത്തുവാനും.

പരിമിതികളെ മറികടന്നുകൊണ്ടുള്ള സംഘാടനം
അനൗപചാരികതൊഴില്‍ മേഖലയില്‍ ഒരു ഫാക്ടറിയുടെ അന്തരീക്ഷമല്ല ഉള്ളത്. കാര്യങ്ങള്‍ ഒരു നിശ്ചിത ക്രമീകരണത്തില്‍ നടത്തുവാനായി അവരെ ഒരു സാമൂഹിക ജീവിയായിതന്നെ കണക്കിലെടുക്കേണ്ടതുണ്ട്. തെരുവു കച്ചവടക്കാരനായാലും ഗാര്‍ഹിക ത്തൊഴിലാളിയായാലും നിര്‍മാണത്തൊഴിലാളിയായാലും വീട്ടുജോലി ചെയ്യുന്നവരായാലും അവര്‍ അവരുടെ വീടുകളിലാണുള്ളത്. അവരെ ചേരികളില്‍ മാത്രമേ ക്രമീകരിക്കാന്‍ കഴിയൂ. ഞങ്ങള്‍ക്ക് ഒരു ഫാക്ടറിഗേറ്റ് ഇല്ല പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനോ മറ്റോ. (ഇപ്പോള്‍ അപ്പാര്‍ട്ടുമെന്റ് ഗേറ്റുകളില്‍ ഒത്തുകൂടാന്‍ തുടങ്ങിയിട്ടുണ്ട്.) ഇവിടെ കാര്യങ്ങളുടെ ഫോകസ് വിത്യസ്തമാണ്. ഞങ്ങള്‍ക്ക് സാമൂഹിക പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്. ഒരു തൊഴിലാളിയുടെ വേതനപ്രശ്‌നമായിട്ടല്ല അവര്‍ ഞങ്ങളുടെയടുത്ത് പ്രധാനമായും വരുന്നത്. തന്റെ ശമ്പളം കിട്ടിയില്ലെന്നോ ബോണസ് കിട്ടിയില്ലെന്നോ മറ്റോ പറഞ്ഞല്ല അവര്‍ വരുന്നത്. തങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ്. എനിക്ക് വെള്ളം കിട്ടുന്നില്ല, എന്റെ ഭര്‍ത്താവ് എന്നെ മര്‍ദിക്കുന്നു, ജോലി സ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ, ട്രേഡ് യൂണിയനുകള്‍ക്ക് അസ്വസ്ഥത കാണും. അവരുടെ ജാതി പരമായ വിഷയങ്ങളിലും സാമൂഹിക അസമത്വ വിഷയങ്ങളിലും മറ്റും. അധികപക്ഷം സ്ത്രീകള്‍ക്കും സാമ്പത്തിക ഭദ്രതയിലല്ല ശ്രദ്ധ. അവര്‍ സാമൂഹിക വിഷയങ്ങളിലാണ് താല്‍പര്യം കാണിക്കുക. അത്തരത്തില്‍ അവരെ നോക്കിക്കാണുന്നതില്‍ സെന്‍ട്രല്‍ ട്രേഡ് യൂനിയനുകള്‍ വന്‍ പരാജയമാണ്. സംഘടിത മേഖലയെ സംഘടിപ്പിക്കുന്നതിലല്ലാതെ അസംഘടിതമേഖലക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ ട്രേഡ് യൂണിയനുകളുടെ നിലനില്‍പ്പിന് കോട്ടം തട്ടിയാല്‍ ഒരുപക്ഷേ അവര്‍ ഈ അസംഘടിത മേഖലയിലേക്ക് തിരിഞ്ഞേക്കാം. ഇപ്പോള്‍ AIDUA, INTEC തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. BMS ഉം ചെറിയ തോതില്‍ ഉണ്ട്. സ്ത്രീ തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അത്ര എളുപ്പമല്ല. വളരെ സൃഷിടിപരമായ വീക്ഷണവും ചിന്തയും സമീപനവും ആവശ്യമാണ്. കാരണം, അവര്‍ സ്ത്രീകള്‍ എന്നതുകൊണ്ടുതന്നെ അവര്‍ക്ക് വീട്ടുജോലി, കുട്ടികള്‍, കുടുംബ വിഷയങ്ങള്‍ തുടങ്ങി പലരീതിയിലും ബന്ധനസ്ഥയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ അര്‍ധസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ ആയ തൊഴിലാളികളെ ഒരു പ്രക്ഷോഭത്തിനായി തെരുവിലേക്കിറക്കാന്‍ പ്രയാസമില്ല. മറിച്ച് സ്ത്രീതൊഴിലാളികളെ അങ്ങിനെ സംഘടിപ്പിക്കാന്‍ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഞങ്ങളുടെ പ്രസ്ഥാനം പടിപടിയായുളള പ്രവര്‍ത്തനത്തിലൂടെ അവരെ ബോധവത്കരിക്കുന്നുണ്ട്.

സംഘടിത മേഖലയിലെപ്പോലെ നേരിട്ടുള്ള ഉല്‍പാദനപ്രക്രിയ അസംഘടിത മേഖലയിലോ ഞങ്ങളുടെ യൂണിയനുകളിലോ നടക്കുന്നില്ല. ഞങ്ങള്‍ എന്താണ് ഉല്‍പാദിപ്പിക്കുന്നത് എന്ന് വ്യക്തമായി പറയാനാവില്ല. കാരണം ഞങ്ങളുടേത് ഒരു സേവന മേഖലയാണ്. അത് ഫാക്ടറികളിലെ ഉല്‍പാദന പ്രക്രിയപോലെ അളക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍, സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ വിഭാഗത്തില്‍ മാലിന്യത്തില്‍ നിന്നും പണമുണ്ടാക്കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആ വിഭാഗത്തിലെ സ്ത്രീ തൊഴിലാളികള്‍ക്ക് തങ്ങളും ഉല്‍പാദനപ്രക്രിയയില്‍ പങ്കാളികളാണെന്ന ധാരണയുണ്ട്. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികളുടെ ഇടയില്‍ ഉല്‍പാദന പ്രക്രിയയില്‍ നേരിട്ടുള്ള സംഭാവനകളൊന്നുമില്ലാത്തതിനാല്‍ മറ്റ് തൊഴില്‍ മേഖലയിലുള്ള തൊഴിലാളികളെപ്പോലെയുള്ള ചിന്ത അവരില്‍ ഉണ്ടാകില്ല. അവരെ എപ്പോഴും ആ പഴയ ഫൂഡല്‍ ചിന്തയേ സ്വധീനിക്കൂ. തൊഴിലുടമകളുടെ ആധിപത്യം അവരുടെ ജീവിതത്തേയും ബാധിക്കും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് സ്വന്തത്തെ കുറിച്ച് ചിന്തിക്കാന്‍ എവിടെ സമയം. തീരെ സുസ്ഥിരത അവകാശപ്പെടാന്‍ കഴിയാത്ത അവസ്ഥ. ഒപ്പം നിര്‍ത്താനും അവര്‍ക്ക് വേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും വേണ്ടത്ര ഫണ്ടില്ല. അവര്‍ക്കറിയാം ഞങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്ന്. പക്ഷേ, അതുമാത്രം പോരല്ലോ. അവര്‍ക്ക് ബോണസ്, ലീവ് തുടങ്ങി പല ആനുകൂല്യങ്ങളും നേടിക്കൊടുക്കേണ്ടതുണ്ട്. ഒരു പരിധിവരെ മാത്രമേ അതിന് കഴിയൂ. യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സംഘടനാ കാര്യങ്ങളിലും ഇടപെടുമ്പോള്‍ അത് അവരുടെ നിത്യതൊഴിലിനെ ബാധിക്കുമോ എന്ന ഭയം അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മീറ്റിങ്ങുകള്‍ക്കോ പ്രകടനങ്ങള്‍ക്കോ അവര്‍ സ്വമേധയാ പങ്കെടുക്കാന്‍ മടികാണിക്കുന്നു. അവരെ പറഞ്ഞിട്ടുകാര്യമില്ല. അവര്‍ ജീവിക്കുന്ന ചുറ്റുപാടും സമൂഹവും തൊഴില്‍ അന്തരകീക്ഷവും വ്്യവസ്ഥിതിതന്നെയും അതിനുത്തരവാദിയാണ്. യൂണിയനെ ഒരു മഹാ പ്രസ്ഥാനമായി ഉയര്‍ത്തുന്നതിലെ വെല്ലുവിളികളാണിതൊക്കെയും. ഇന്ത്യയില്‍ ലഖ്‌നൗവിലും ദല്‍ഹിയിലും ഗാര്‍ഹിക തൊഴിലാളികളുടെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതൊരു ട്രേഡ് യൂനിയനായി പരിവര്‍ത്തിപ്പിക്കണമോ അതോ എന്‍.ജി.ഒ ആയി പ്രവര്‍ത്തിക്കണമോ എന്ന ധര്‍മ സങ്കടത്തിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഇതൊരു മൂവ്‌മെന്റായി കെട്ടിപ്പടുക്കുക എന്നത് ശ്രമകരമാണ്. യൂണിയന്‍ മൂവ്‌മെന്റ് ആകണമോ അതോ രാഷ്ട്രീയ മൂവ്‌മെന്റ് ആകണമോ എന്നത് ഞങ്ങളുടെ മുന്നിലുള്ള ഒരു വലിയ ചോദ്യചിഹ്‌നമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവരില്‍ കൃത്യമായ ബോധവത്കരണം നടത്താന്‍ കഴിഞ്ഞു. സാംസ്‌കാരിക അവബോധം സൃഷ്ടിച്ചെടുക്കാന്‍ കഴിയുക എന്നതാണ് ഞങ്ങളില്‍ അര്‍പ്പിതമായിട്ടുള്ളത്.

ഫെമിനിസമല്ല സ്ത്രീ തൊഴിലാളി സംഘാടനം
ഈ പ്രസ്ഥാനം സ്വയം വികസിക്കണം. പടര്‍ന്നുപന്തലിക്കണം. ആരെങ്കിലുമൊക്കെ മുന്നോട്ടുവരണം. ആശയത്തിന്റെ പ്രചാരണമാണ് ഒരു പ്രസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുക. ആശയത്തിന്റെ വിത്തുകള്‍ അവിടവിടെ പാകിയിട്ടുണ്ട്. അത് വളര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും മറ്റുള്ളവരാണ്. ഒരു എന്‍.ജി.ഒ പോലെയാകേണ്ടതല്ല സ്ത്രീ ജാഗ്രിതി സമിതിയും യൂണിയനും. ഒരു ഫെമിനിസ്റ്റ് സംഘടനയായി പരിണമിക്കുകയുമരുത്. ഫെമിനിസം ഒരു മാനസിക അവസ്ഥയാണ്. പ്രകടനാത്മകതയുടെ പരിവേഷണമാണ് മിക്ക ഫെമിനിസ്റ്റ് സംഘടനകള്‍ക്കും. ആത്മാര്‍ഥതയില്ലാത്ത പ്രകടനങ്ങള്‍ക്ക് മാനുഷികമായ കടപ്പാടുകള്‍ കുറവായിരിക്കും. സമൂഹത്തില്‍ എല്ലാ വിഭാഗത്തിലുമുള്ള ജനവിഭാഗത്തേയും ജാതി, മത, വര്‍ഗ വിത്യാസങ്ങള്‍ക്കതീതമായി ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് സ്ത്രീ ജാഗ്രിതി സമിതി വിഭാവനം ചെയ്യുന്നത്. സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതിനുവേണ്ടി ജീവിതത്തിന്റെ താഴെതട്ടില്ലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കണം. അതിനുള്ള ആത്മാര്‍ഥമായ ശ്രമവും ഉണ്ടാകണം. പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ സ്ത്രീ.ജ.സമിതിയെ മുന്നോട്ടുനയിക്കണം. ദൈവവിശ്വാസികളായ നിരവധി സത്രീകതള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. അവരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരുമൂവ്‌മെന്റിനോട് ഞാന്‍ യോജിക്കുന്നില്ല. അകറ്റിനിര്‍ത്തുമ്പോഴാണ് വര്‍ഗീയവാദികള്‍ ആ സ്‌പേസില്‍ കടന്നു കയറുന്നത്. മൗലികവാദവും വര്‍ഗീയതയും അരങ്ങുതകര്‍ക്കുമ്പോള്‍ അതിനോട് രാജിയാവുന്ന ഒരു നീക്കത്തോടും ഞാന്‍ യോജിക്കുന്നില്ല. വര്‍ഗീയ ഫാസിസത്തില്‍ സ്ത്രീകളും കുട്ടികളും ഇരയായപ്പോഴൊക്കെ അതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും എന്ന പതിവ് രീതിയില്‍ നിന്നും ഞങ്ങള്‍ വ്യത്യസ്തരാണെന്നത് ഞങ്ങളുടെ പ്രവര്‍ത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു. ഞങ്ങളെ മുന്‍പ് വിമര്‍ശിച്ചിരുന്ന പല ഫെമിനിസ്റ്റ് സംഘടനകളും ഇന്ന് ഞങ്ങളുടെ ആശയങ്ങളെ അംഗീകരിച്ചിരിക്കുന്നത് അതിനുള്ള തെളിവാണ്. ഈ ആശയം പ്രചരിക്കട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും.

തയ്യാറാക്കിയത് : അബ്ദുല്‍ മജീദ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757