Opinion

ജനത്തിന്റെ നടുവൊടിയും; കോര്‍പറേറ്റുകള്‍ക്കായൊരു ബജറ്റ് – വിഷ്ണു ജെ

 

2019ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരമൊഴിയുമ്പോള്‍ ഇന്ത്യ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ ആയിരുന്നു. മോദിയുടെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞത്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും മാത്രം മതിയായിരുന്നു ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിക്കാന്‍. അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി പടിയിറങ്ങുമ്പോള്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞ് 48 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്ക് രാജ്യം എത്തിയിരുന്നു.

രണ്ടാമതും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ സാമ്പത്തികരംഗത്ത് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായ നിര്‍മല സീതാരാമനെയാണ് ധനവകുപ്പിന്റെ ചുമതല ഇക്കുറി ഏല്‍പ്പിച്ചത്. ജെയ്റ്റ്‌ലിയില്‍ നിന്ന് പണപ്പെട്ടിയുടെ താക്കോല്‍ നിര്‍മലയിലേക്ക് എത്തിയെങ്കിലും സാമ്പത്തികരംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. കോര്‍പറേറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ നല്‍കി സാധാരണക്കാരന്റെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളാണ് മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നത്. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇത് അടിവരയിടുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തൊഴിലില്ലായ്മ, ബാങ്കിങ് മേഖലയിലെ പ്രതിസന്ധി, ഉപഭോഗത്തിലുണ്ടായ കുറവ് ഗ്രാമീണ മേഖലയിലെ വരുമാനത്തിലെ കുറവ്, തുടങ്ങി സര്‍ക്കാരിന് മുന്നില്‍ മറികടക്കാന്‍ നിരവധി വെല്ലുവിളികളാണ് ഉണ്ടായിരുന്നത്. ഇതിലെ പ്രധാന പ്രതിസന്ധി തൊഴിലില്ലായ്മയാണ്. ഈ ദിശയില്‍ പ്രതീക്ഷ നല്‍കുന്ന ബജറ്റല്ല അവതരിപ്പിച്ചത്. പെട്രോളിനും ഡീസലിനും അധിക തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇന്ധനവില വീണ്ടും ഉയരുന്നതിലേക്ക് നയിക്കും. അന്താരാഷ്ട്ര രംഗത്തെ പ്രതിസന്ധി കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടിയിരുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉദാരവല്‍ക്കരണത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഇതിന് പുറമേ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ ഈ ബജറ്റും പിന്തുണക്കുന്നു. മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പൊതുമേഖലയുടെ ഓഹരി വില്‍പനയിലൂടെ 90,000 കോടിയാണ് സ്വരൂപിക്കാന്‍ ലക്ഷ്യമിട്ടതെങ്കില്‍ ഇക്കുറി അത് ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ഈ രീതിയില്‍ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും വഴിയൊരുക്കുന്നതാണ് നിര്‍മല അവതരിപ്പിച്ച കന്നി ബജറ്റ്.

തൊഴിലിനായി ഒന്നുമില്ല; വിലക്കയറ്റം സൃഷ്ടിച്ചേക്കും
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം അധിക സെസും തീരുവയും ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ വില കുറക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പുറമേയാണ് അധിക സെസും തീരുവയും കൂടി ഏര്‍പ്പെടുത്തുന്നത്. അധിക സെസ് ഏര്‍പ്പെടുത്തുന്നതോടെ രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരും. ഇറാനും യു.എസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലും എണ്ണവിലയെ സ്വാധീനിക്കും. ഇത് വരും മാസങ്ങളില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമാകും.

രാജ്യത്തെ ഉല്‍പന്നങ്ങളുടെ ഉപഭോഗം വളരെ കുറഞ്ഞ അളവിലാണുള്ളത്. സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇന്ധനവില വര്‍ധനവിലൂടെ വിലക്കയറ്റം ഉണ്ടായാല്‍ രാജ്യത്ത് ഉപഭോഗത്തിന്റെ അളവിനെയും അത് സ്വാധീനിക്കും. ഇത് സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളില്ല. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതുകൊണ്ട് മാത്രം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയുമോയെന്നതാണ് ഉയരുന്ന ചോദ്യം. വിദേശനിക്ഷേപം ഉയര്‍ത്തുന്നത് തൊഴില്‍ മേഖലയില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നത് കണ്ടറിയണം. 59 മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ ഒരു കോടി രൂപ സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ട്. എന്നാല്‍, ചുവപ്പുനാട കുരുക്കാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത് എത്രത്തോളം യാഥാര്‍ഥ്യമാകുമെന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്ന് കഴിഞ്ഞു.

ബി.എസ്.എന്‍.എല്‍ പോലെ തകര്‍ന്ന് കൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങള്‍ തകരുമ്പോള്‍ വന്‍ തൊഴില്‍ നഷ്ടമാണ് ഉണ്ടാവുക. പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കുന്നത് മൂലവും തൊഴില്‍ നഷ്ടമുണ്ടാക്കും.

സാമ്പത്തികമാന്ദ്യം മറികടക്കില്ല
സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാര്‍ഷിക മേഖലയുടെ വരുമാനത്തിലുണ്ടായ കുറവ് ജി.ഡി.പി നിരക്കിനെ കാര്യമായി സ്വാധീനിച്ചിരുന്നു. എന്നാല്‍, മേഖലയുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എങ്ങിനെ ഉയര്‍ത്തുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു. രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെട്ടിട്ടില്ല.

ജനങ്ങളുടെ കൈവശം കൂടുതല്‍ പണം ലഭ്യമാക്കുന്ന പൊതുമിനിമം പരിപാടി പോലുള്ള എന്തെങ്കിലുമെന്ന് പ്രഖ്യാപിച്ചെങ്കില്‍ അത് ഉപഭോഗം വര്‍ധിക്കുന്നതിന് കാരണമാവുമായിരുന്നു. പ്രതീക്ഷിച്ച പോലെ മാന്ദ്യം മറികടക്കാന്‍ വന്‍ തുക അടിസ്ഥാന സൗകര്യമേഖലക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, ഈ തുക എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ച് പരാമര്‍ശമില്ലാത്തത് ബജറ്റ് വാഗ്ദാനത്തിന്റെ മൗലികതയെ ചോദ്യം ചെയ്യുന്നു.

കോര്‍പറേറ്റുകള്‍ക്ക് വന്‍ നികുതി ഇളവ്
ആദായ നികുതി സ്ലാബുകളില്‍ മാറ്റമാണ് മധ്യവര്‍ഗം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മുന്‍ ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഒന്നാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റിലെ നിര്‍ദേശങ്ങള്‍ അതേപടി തുടരുകയാണ് നിര്‍മലയും ചെയ്തത്. അതൊടൊപ്പം കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഓഹരി വിപണിയിലെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ചുമത്തുന്ന നികുതിയായ എല്‍.ടി.സി.ജി, ഓഹരികളുടെ ലാഭവിഹിതത്തിന് ചുമത്തുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്, സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നിവയിലെല്ലാം ഇളവുകള്‍ ഓഹരി വിപണിയും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വിപണിയേയും നിര്‍മല നിരാശരാക്കി. ഇതിന്റെ പ്രതിഫലനം കൂടിയായാണ് ബജറ്റിന് പിന്നാലെയുണ്ടായ ഇന്ത്യന്‍ ഓഹരി വിപണിയുടെ തകര്‍ച്ച. ഇതിന് പുറമേ കമ്പനികളിലെ പൊതുഓഹരി പങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്തിയ തീരുമാനവും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

സ്വപ്ന വാഗ്ദാനങ്ങളില്‍ ഗ്രാമീണ മേഖല
ഗ്രാമീണ മേഖലയുടെ സമഗ്രമായ പരിഷ്‌കാരമാണ് ബജറ്റ് ലക്ഷ്യംവെക്കുന്നത്. എല്ലാവര്‍ക്കും വീട്, വൈദ്യുതി, പാചകവാതകം എന്നിവ ഗ്രാമീണ മേഖലയില്‍ ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപനം പറയുന്നു. ധനകമ്മി സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലക്കായി എത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുമെന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ഗ്രാമീണ മേഖലയില്‍ കടം മൂലം വലയുന്ന കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള മിനിമം വേതനത്തിന് പുറമേ മറ്റൊരു ആനുകൂല്യവും ഇക്കുറി പ്രഖ്യാപിച്ചിട്ടില്ല. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചപ്പോഴും കര്‍ഷകരെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.

കരകയറുമോ ബാങ്കിങ് മേഖല
ബജറ്റ് അവതരണത്തിന് മുന്‍പ് സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയ മേഖലയായിരുന്നു ബാങ്കിങ്. കിട്ടാകടത്തിന്റെ തോത് കുറഞ്ഞുവെന്ന് അവകാശപ്പെടുമ്പോഴും ബാങ്കുകളുടെ മൂലധന നിക്ഷേപത്തിനായി 70,000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. തകര്‍ച്ചയുടെ വക്കിലായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റാന്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും ഇത്തവണയില്ല. നിലവില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ തുടരുമെന്ന് മാത്രമാണ് ബജറ്റില്‍ വ്യക്തമാക്കുന്നത്.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനുള്ള കാര്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് നിര്‍മല സീതാരാമന്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. കോര്‍പറേറ്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്ന ബജറ്റ് കര്‍ഷകര്‍ അടക്കമുള്ളവരുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് അനുഭാവ സമീപനം സ്വീകരിക്കുന്നില്ല. നികുതി ഇളവുകള്‍ പ്രതീക്ഷിച്ച മധ്യവര്‍ഗത്തിനും ബജറ്റ് നിരാശയാണ് നല്‍കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757