keralanewspress release

ഭരണഘടനയും ജനാധിപത്യവും കൊലചെയ്യപ്പെട്ടു – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്യുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാക്കിയ നടപടി വഴി മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തിയതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാജ്യത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമായാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഭരണഘടനാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിച്ചിട്ടില്ല. ജനപ്രതിനിധി സഭകളെയും പാര്‍ലമെന്റ് അംഗങ്ങളേയും പ്രതിപക്ഷ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കാത്ത നടപടിയാണിത്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ജനപ്രതിനിധിസഭയെ ഇരുട്ടില്‍ നിര്‍ത്തി രാഷ്ട്രപതിയെ കൊണ്ട് വിജ്ഞാപനം ഇറക്കിക്കുകയാണ് ചെയ്തത്. സഭാംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ അവതരിപ്പിക്കുന്ന ബില്ലില്‍ കുറഞ്ഞ സമയം കൊണ്ട് ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്തുതരം ജനാധിപത്യമാണിത്. സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടണം. കശ്മീര്‍ നിയമസഭയുടെ അനുമതിയോടെയെ എന്ത് തരം ഭേദഗതികളും ആകാവൂ എന്ന ഭരണഘടനാ വ്യവസ്ഥയെ അല്‍പം പോലും മാനിക്കാതെ മുന്‍ മുഖ്യമന്ത്രിമാരെയടക്കം കശ്മീരിലെ മുഴുവന്‍ ജനനേതാക്കളെയും വീട്ടുതടങ്കലിലാക്കിയാണ് സര്‍ക്കാര്‍ ഈ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ആര്‍.എസ്.എസ് സമഗ്രാധിപത്യം സ്ഥാപിതമായി എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുടെ അഭിപ്രായത്തെയും അവരുടെ സുരക്ഷിതത്വത്തെയും പൗരാവകാശത്തെയും ഇല്ലാതാക്കുകയാണ് സംസ്ഥാന പദവി റദ്ദ് ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. ഇത് കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. സ്വന്തം ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ലഡാക്ക് മേഖലയിലെ ജനങ്ങളുടെ അവകാശം റദ്ദ് ചെയ്തതിന് എന്ത് ന്യായമാണ് പറയാന്‍ കഴിയുന്നത്. ഓരോ ബില്ലിലൂടെയും ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളിലൂടെ രാജ്യത്തെ പൗരസമൂഹത്തെ സര്‍ക്കാര്‍ തടവിലാക്കുകയാണ്. സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന സമഗ്രാധിപത്യ രാഷ്ട്ര രൂപീകരണമാണ് ഇതിലൂടെ നടപ്പാവുന്നത്. ഇതിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യത്തെ മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യ സമൂഹങ്ങളും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757