featuredkeralanewspress release

യു.എ.പി.എ ഭേദഗതി; രാജ്യസഭയിലെ കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹം – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: യു.എ.പി.എ നിയമ ഭേദഗതിയില്‍ രാജ്യസഭയില്‍ അനുകൂലിച്ച് വോട്ട് ചെയ്ത കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹവും മതനിരപേക്ഷ നിലപാടിന് എതിരുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ലോക്‌സഭയില്‍ അനുകൂലിച്ച് വോട്ട് ചെയ്യാതെ ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് അമിത് ഷാ വെല്ലുവിളിക്കുമ്പോഴേക്ക് രാജ്യസഭയില്‍ മലക്കം മറിഞ്ഞത് എന്തിനെന്ന് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളേയും അന്യായമായി വേട്ടയാടാന്‍ വേണ്ടി മാത്രമാണ് യു.എ.പി.എ നിയമം ഉപയോഗിച്ചിട്ടുള്ളത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എല്ലാ മതേതര പാര്‍ട്ടികളും ഒരുമിച്ച് നിന്നുണ്ടാക്കിയ ജനാധിപത്യ വിരുദ്ധ നിയമത്തെ കൂടുതല്‍ ഭീകരതയോടെ നടപ്പാക്കാനായി സംഘ്പരിവാര്‍ കൊണ്ടുവന്ന ഭേദഗതിയെ പിന്തുണക്കുക വഴി ഭരണകൂടം നടത്താനൊരുങ്ങുന്ന നരവേട്ടക്ക് പച്ചക്കൊടി കാട്ടുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. പൗരാവകാശങ്ങള്‍ റദ്ദുചെയ്യുന്ന നിയമ ഭേദഗതികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ രാജ്യത്തെ മതേതര പാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സടക്കമുള്ള രാജ്യത്തെ മതേതര പാര്‍ട്ടികള്‍ ഇതില്‍ വരുത്തിയ വീഴ്ചയാണ് സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിലേക്ക് രാജ്യത്തെ എത്തിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി ഭരണകൂടത്തിന്റെ ഭീകരതകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമരമുന്നണി രൂപപ്പെടുത്തുന്നതിന് മുന്നില്‍ നില്‍ക്കേണ്ട കോണ്‍ഗ്രസ് നിലപാട് തിരുത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് നിലവിലുള്ളതിനേക്കാള്‍ വലിയ തകര്‍ച്ചയായിരിക്കും. രാജ്യത്തിന്റെ ഭാവിക്കും അത് അപകടമാണ് എന്ന് കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757