editorial

തര്‍ക്കങ്ങളും പരസ്പരം വിരല്‍ ചൂണ്ടലുമല്ല; വേണ്ടത് രാഷ്ട്രീയ പ്രതിരോധം

കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലെ സഖ്യസര്‍ക്കാര്‍ വീണത് അപ്രതീക്ഷിതമോ അത്ഭുതമോ അല്ല. ഒരുവര്‍ഷത്തോളം നില നിന്നു എന്നതാണതിലെ അത്ഭുതം. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഇന്ന് എത്തിപ്പെട്ട ഭീതിതമായ സ്ഥിതിവിശേഷം വ്യക്തമാക്കുന്നതാണ് അത്. ഏതൊരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെയും സഹജശീലമാണ് അവിടേയും വ്യക്തമായത്. അതിനുമപ്പുറം രണ്ടാം മോദി സര്‍ക്കാരിന്റെ അധികാരാരോഹണത്തോടെ സംഭവിച്ച ആര്‍.എസ്.എസ് സമഗ്രാധിപത്യത്തോട് എതിരിട്ടിട്ട് കാര്യമില്ലെന്നും മെല്ലെ മെല്ലെ സന്ധിയാകാം എന്ന രാജ്യത്തെ വലിയ വിഭാഗത്തിന്റെ വികാരവുമാണത്. ഒരു തരം നിരാശയം നിരാശ്രയത്വവുമാണ് എങ്ങും തെളിഞ്ഞ് കാണുന്നത്.

ജനാധിപത്യത്തേയോ ജനവിധിയേയോ വകവെക്കാതെ പണംകൊടുത്ത് പര്‍ച്ചേസ് ചെയ്ത് തികക്കാവുന്നതാണ് നിയമ നിര്‍മാണ സഭകളിലെ ഭൂരിപക്ഷം എന്ന് ബി.ജെ.പി രാജ്യത്തെ പഠിപ്പിക്കുകയാണ്. കര്‍ണാടകയില്‍ മാത്രമല്ല, ഗോവയിലും മണിപ്പൂരിലുമൊക്കെ നേരത്തേ വ്യക്തമാക്കിയതാണത്. ബിഹാറില്‍ മറ്റൊരു നിലയിലും അവരത് പ്രാവര്‍ത്തികമാക്കിയട്ടുണ്ട്. അതിന് അനുയോജ്യമാം വണ്ണം ഭരണഘടനാ സ്ഥാപനങ്ങളെയും സ്ഥാനങ്ങളെയും തങ്ങളുടെ പപ്പറ്റുകളെക്കൊണ്ട് നിറച്ചു കഴിഞ്ഞു.

ആരെയാണ് വാങ്ങുന്നത് എന്നതിലാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് തര്‍ക്കം. ആരെയാണ് വാങ്ങാത്തത് എന്നതാണ് ചോദിക്കേണ്ട ചോദ്യം. ത്രിപുരയിലും ബംഗാളിലും ഇടതുപക്ഷത്തെ വാങ്ങി, തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെ വാങ്ങി, ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡിക്കാരെ വാങ്ങി, ബീഹാറില്‍ നിതീഷിനെ വാങ്ങി, ബംഗാളില്‍ തൃണമൂലുകാരെ വാങ്ങി, ഇന്ത്യയിലെ മിക്കയിടത്തും കോണ്‍ഗ്രസുകാരെയും വിലക്കു വാങ്ങുന്നു. എല്ലായിടത്തും ഉള്ളതുകൊണ്ട് സ്വാഭാവികമായും കോണ്‍ഗ്രസുകാരാണ് ഏറെയും അകപ്പെടുന്നതെന്നു മാത്രം. ആശയമോ മൂല്യങ്ങളോ ഒന്നും ഇവിടെ വിലപ്പോവുന്നില്ല.

അല്ലെങ്കില്‍ തന്നെ ജനവിധി അനുകൂലമാക്കാന്‍ ജനപ്രിയ തീരുമാനങ്ങളെടുക്കുകയോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ വേണ്ടതില്ല, അതി തീവ്രദേശീയതയും വംശീയബോധവും വിഷം പോലെ കുത്തിവെച്ചാല്‍ മതി എന്നതാണല്ലോ മോദി സര്‍ക്കാരിന്റെ രണ്ടാം വരവിന്റെ കാരണം. മോദിയുടെ മഴമേഘക്കഥയും പുല്‍വാമ-ബാലക്കോട്ട് സംഭവങ്ങളുമെല്ലാം അവര്‍ക്ക് വിജയ വഴിയായത് അതുകൊണ്ടാണ്. ഇ.വി.എം ടാമ്പറിംഗും വോട്ടര്‍ പട്ടികയിലെ ക്രിത്രിമത്വങ്ങളും വിജയത്തിന് കൂടുതല്‍ വഴിയൊരുക്കി. അതിനെ അതിവേഗമാക്കിയതാകട്ടെ എതിര്‍ പക്ഷത്തെ അനൈക്യവും.

എല്ലാ സമഗ്രാധിപത്യവും ഇങ്ങനെയൊക്കെ തന്നെയാണ്. എതിര്‍ ശബ്ദങ്ങളുയര്‍ത്തുന്നവരിലെ ദുര്‍ബലരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയും ശക്തരെ വിലക്കുവാങ്ങിയും നിസ്സഹായരാക്കിയും അധികാര സംവിധാനങ്ങളുടെ തിണ്ണമിടുക്കില്‍ തങ്ങളോടൊപ്പം പിടിച്ചു ചേര്‍ക്കും. ഇതാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ വേണ്ടത് തര്‍ക്കങ്ങളല്ല. പരസ്പരം ചൂണ്ടലുമല്ല. സംഘ്പരിവാര്‍ രാജ്യത്തുണ്ടാക്കുന്ന ഭീകര ഭവിഷ്യത്തുകളുടെ ആഴം ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ പ്രതിരോധമാണ്. വേര്‍തിരുവകളെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757