keralanewspress release

വിഴിഞ്ഞം പദ്ധതി നിഷ്പ്രയോജനവും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവും; വിഴിഞ്ഞം കരാര്‍ റദ്ദാക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതികൊണ്ട് സംസ്ഥാനത്തിന് ഒരു പ്രയോജനവുമില്ലെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദ് ചെയ്യണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ വെച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടും അത് വ്യക്തമാക്കുന്നു. ആസ്തി പണയം വെക്കാന്‍ അദാനി ഗ്രൂപ്പിനെ അനുവദിക്കുന്നത്, ടെര്‍മിനേഷന്‍ പേയ്‌മെന്റ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്ത ശേഷം പദ്ധതിയില്‍ സുപ്രധാന മാറ്റം വരുത്തിയത് എന്നീ മൂന്ന് വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് കമീഷന്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കായി സര്‍ക്കാര്‍ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവെക്കാന്‍ അദാനിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ പി.പി.പി പദ്ധതിയുടെ ചെലവ് സംസ്ഥാനവും സ്വകാര്യകരാറുകാരും തമ്മില്‍ പങ്കുവെക്കുന്നതിനെ അട്ടിമറിക്കുന്നതാണ്. കരാര്‍ കാലാവധി കഴിയുമ്പോള്‍ അദാനിക്ക് പോര്‍ട്ട് എസ്റ്റേറ്റ് വികസനത്തിന്റെ ഉപകരാറും അവകാശവും നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പോര്‍ട്ട് എസ്റ്റേറ്റിന്റെ എല്ലാ അവകാശവും ഇതുമൂലം അദാനിക്ക് ലഭിക്കും. ഇത് നേരത്തേ സി.എ.ജി റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചതാണ്.

കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ അവസാനമാസം ലഭിച്ച റിയലൈസബിള്‍ ഫീയുടെ 30 മടങ്ങ് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന ‘ടെര്‍മിനേഷന്‍ പേയ്‌മെന്റ്’ വ്യവസ്ഥ അദാനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. കരാര്‍ കാലാവധിയായ 40 വര്‍ഷം പൂര്‍ത്തിയായി തുറമുഖം കൈമാറുമ്പോള്‍ അദാനി പോര്‍ട്ടിന് ടെര്‍മിനേഷന്‍ പേയ്‌മെന്റായി 19,555 കോടി രൂപ നല്‍കണം. ഇത് അദാനി അധികമായി ഉണ്ടാക്കുമെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയ 29,217 കോടി രൂപയുടെ അധിക ലാഭത്തിന് പുറമേയുള്ളതാണ്. ടെര്‍മിനേഷന്‍ പേയ്‌മെന്റ് വ്യവസ്ഥ കരാറുകാരനുള്ള അനാവശ്യ ആനുകൂല്യമാണ്. കരാറുകാരന്റെ ഭാഗത്ത് തെറ്റില്ലാതിരിക്കെ കരാര്‍ റദ്ദാക്കുകയോ കാലാവധി അവസാനിക്കും മുമ്പ് റദ്ദാക്കുകയോ ചെയ്താല്‍ മാത്രമേ ടെര്‍മിനേഷന്‍ ഫീ നീതീകരിക്കാനാകൂ. ടെര്‍മിനേഷന്‍ ഫീ നഷ്പരിഹാര സ്വഭാവമുള്ളതാണ്. മത്സരാധിഷ്ഠിത കരാറല്ല നല്‍കിയതെന്ന സി.എ.ജി നിരീക്ഷണത്തോട് യോജിക്കുന്നതാണ് കമ്മീഷന്‍ കണ്ടെത്തിയത്. ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്ന് കരാറില്‍ പറയുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം വീണ്ടും അദാനിക്കു ലഭിക്കും.

സാമ്പത്തികമായി സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിക്കുന്ന ഈ പദ്ധതി ഉണ്ടാക്കിയ പാരിസ്ഥിതിക ആഘാതങ്ങളും വലുതാണ്. ഓഖീ ദുരന്തത്തിന്റെ ആഘാതം ഗുരുതരമായതും തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശങ്ങളിലെ കടല്‍ക്ഷോഭം വര്‍ധിച്ചതും പരിശോധിക്കപ്പെടേണ്ടതാണ്. 75 ലക്ഷം ടണ്‍ പാറയാണ് ഇതിന് വേണ്ടിവരിക. പശ്ചിമഘട്ട മലനിരകളെയാകെ തകര്‍ത്താല്‍ മാത്രമേ ഇത്രയും പാറ കണ്ടെത്താന്‍ സാധിക്കൂ. അദാനിയുടെ താല്‍പര്യ സംരക്ഷണമാണ് വിഴിഞ്ഞം തുറമുഖ കരാര്‍ ലക്ഷ്യം വെക്കുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ പൊതു സമ്പത്ത് ഉപയോഗിക്കുകയാണ്. കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കോ വികസനത്തിനോ യാതൊരു പ്രയോജവനും ചെയ്യാത്തതും വന്‍ സാമ്പത്തിക നഷ്ടവും പാരിസ്ഥിതിക ആഘാതവും വരുത്തുന്നതുമായ വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കി നിര്‍ത്തിവെക്കുകയാണ് വേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
കെ.എ. ഷെഫീക്ക് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
ജോസഫ് ജോണ്‍. എം (സംസ്ഥാന സെക്രട്ടറി)
അഡ്വ. അനില്‍ കുമാര്‍ (തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി)
2019 ജൂലൈ 11, തിരുവനന്തപുരം പ്രസ്‌ക്ലബ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757