keralanewsOpinion

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ടിന്റെ തുറന്ന കത്ത്

ഒരു വിഭാഗത്തോട് പക്ഷപാതിത്വവും മറ്റൊരു വിഭാഗത്തോട് വിവേചനവും കാണിക്കുന്നത് പോലീസിന്റെ വിശ്വാസ്യതയെ ആണ് തകർക്കുന്നത്. “Without fear and favour” എന്നത് ലജിസ്ളേച്ചറിനും ജുഡീഷ്യറിക്കും എന്ന പോലെ എക്സിക്ക്യൂട്ടീവിനും ബാധകമാണ്. ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ കേവലവിദ്യാർത്ഥി സംഘടനകളല്ല പോലീസിനെ നിയന്ത്രിക്കേണ്ടത്; സംസ്ഥാന പൊലീസ് മേധാവി എന്ന നിലയിൽ താങ്കളാണ്. 

ബഹുമാനപ്പെട്ട സര്‍,

സംസ്ഥാന പൊലീസ് മേധാവിയായ താങ്കളില്‍ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചത്. കേരളത്തിലെ തിരഞ്ഞെടുത്ത ക്യാമ്പസുകളും യൂണിവേഴ്‌സിറ്റി ആസ്ഥാനങ്ങളും ജനകീയ സമര പ്രദേശങ്ങളുമെല്ലാം സന്ദര്‍ശിക്കും വിധമാണ് സാഹോദര്യ രാഷ്ട്രീയ ജാഥ ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഥയുടെ മുഴുവൻ വിശദവിവരങ്ങളും സമര്‍പ്പിച്ചതുമാണ്. തീര്‍ത്തും ജനാധിപത്യപരവും സമാധാനപരവുമായാണ് ജാഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പ്രയാണമാരംഭിച്ചത്. എന്നാല്‍ ആദ്യദിനം മുതല്‍ താങ്കള്‍ക്ക് കീഴിലെ കേരള പോലീസ് ജാഥയോട് തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന് ഗേറ്റിന് മുന്നില്‍ ജാഥയെ ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കാതെ പോലീസ് തടഞ്ഞു നിറുത്തി. സംഘർഷം ഉണ്ടാകും എന്ന ന്യായമാണ് പോലീസ് ഉന്നയിച്ചത്. ഞങ്ങളുടെ പ്രവർത്തകർ യാതൊരു സംഘർഷവും ഉണ്ടാക്കില്ലെന്നും ക്യാമ്പസ് അതിക്രമങ്ങൾക്കെതിരിൽ രാഷ്ട്രീയമായിത്തന്നെ നിലപാടുകളുള്ള മൂവ്‌മെന്റാണ് ഫ്രറ്റേണിറ്റിയെന്നും ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെങ്കിലും പോലീസ് നിലപാട് മാറ്റാൻ തയ്യാറായില്ല. തുടർന്ന് യാതൊരു പ്രകോപനമോ കാരണമോ കൂടാതെ പോലീസ് ക്രൂരമായ ആക്രമണങ്ങൾ അഴിച്ചു വിടുകയായിരുന്നു.

സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിനെ ഗേറ്റിനു പുറത്തു വെച്ചും തുടർന്ന് പോലീസ് വാഹനത്തിനകത്തിട്ടും പോലീസ് മർദിച്ചു. സാരമായ പരുക്കുകളോടെ അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്. ചോര ചർദ്ദിക്കുവോളം തുടർന്ന ഭീകരമർദനമാണ് അജീഷിന് പോലീസിൽ നിന്നേൽക്കേണ്ടി വന്നത്. പ്രവർത്തകരുടെയും നേതാക്കളുടെയും തലകളിൽ പരിക്കേല്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് ലാത്തി വീശിയത്. കലാജാഥയിലെ കലാസാംസ്കാരിക പ്രവർത്തകരായ വിദ്യാർത്ഥികൾ ട്രാവലറിൽ വിശ്രമിക്കവേ വണ്ടിക്കകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസ് അവരെ മർദിച്ചു. പരിഭ്രാന്തരായ അവർ ജീവനും കൊണ്ട് വണ്ടിയിൽ നിന്നിറങ്ങിയോടി. മീഡിയ ടീമിന്റെ കയ്യിൽ നിന്നും ബലം പ്രയോഗിച്ചു ക്യാമറകൾ പിടിച്ചു വാങ്ങി. മുഴുവൻ ജാഥാവാഹനങ്ങളും യാതൊരു കാരണവുമില്ലാതെ കസ്റ്റഡിയിൽ എടുത്തു. പോലീസ് സേനയുടെ ബലം പോരാഞ്ഞു അർധസൈനിക വിഭാഗത്തെയും ഇറക്കി മർദനങ്ങൾ അഴിച്ചു വിട്ടു. എല്ലാത്തിനും ശേഷം ഈ വേട്ടയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കഥ മെനഞ്ഞുണ്ടാക്കി ആശുപത്രിയിൽ കിടന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കി എന്നാരോപിച്ചു കേസെടുത്തു. ഞങ്ങൾ ആരുടേയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ല. അതെ സമയം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചും കല്ലെറിഞ്ഞും മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന എസ് എഫ് ഐ പ്രവർത്തകരെ നിയന്ത്രിക്കുവാനോ അവർക്കെതിരിൽ നടപടിയെടുക്കുവാനോ പോലീസ് ഒരു ശ്രമവും നടത്തിയില്ല. സംഘർഷങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരിൽ നടപടിയെടുക്കുന്നതിന് പകരം തികച്ചും വിവേചനപരമായാണ് പോലീസ് പെരുമാറിയത്.

തിരുവനന്തപുരത്തെ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ പക്ഷപാതപരമായ ഈ സമീപനം തുടർന്നങ്ങോട്ടുള്ള ജില്ലകളിലും നമുക്കനുഭവിക്കേണ്ടി വന്നു. ആലപ്പുഴ എസ് ഡി കോളേജ്, കോട്ടയത്ത് എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസ് തുടങ്ങി എറണാകുളം മഹാരാജാസ് കോളേജിനും ജനാധിപത്യപരമായ അവകാശങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് പോലീസ് കൂട്ട് നിന്നത്. മഹാരാജാസിന് മുന്നിൽ പോലീസ് ആക്ഷന് നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു. അദ്ദേഹം ഒരു ചർച്ചക്ക് പോലും സന്നദ്ധമായിരുന്നില്ല. കോളേജിലെ ഉത്തരവാദപ്പെട്ട അധികാരി കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ പ്രിൻസിപ്പലിന്റെ അനുമതി തങ്ങൾക്കുണ്ടെന്നു പറഞ്ഞെങ്കിലും നിങ്ങൾ വേണമെങ്കിൽ പോലീസിനെ തല്ലിക്കോ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടി മാത്രമേ അദ്ദേഹത്തിന് നൽകാനുണ്ടായിരുന്നുള്ളൂ. അവിടെയും നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.

ജാഥ കടന്നു പോയ ജില്ലകളിലെ പ്രധാനപ്പെട്ട ക്യാമ്പസുകളിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില കാര്യങ്ങൾ താങ്കളോട് സൂചിപ്പിക്കുവാൻ ആഗ്രഹിക്കുകയാണ്. ക്യാമ്പസ് ജനാധിപത്യത്തെ കുറിച്ച് രൂപീകരണവേള മുതൽ കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാർത്ഥിസമൂഹത്തോടും ഗൗരവപ്പെട്ട ചില കാര്യങ്ങൾ ഫ്രറ്റേണിറ്റി ഉണർത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂരിഭാഗം ക്യാമ്പസുകളിലും ഇടതു വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങളും തൽഫലമായുണ്ടാകുന്ന അതിക്രമങ്ങളും വ്യവസ്ഥാപിതമായി ഇവിടെ നിലനിൽക്കുന്നുണ്ട്.

ഈയടുത്ത് ബഹുമാനപ്പെട്ട ഹൈകോടതി കലാലയ രാഷ്ട്രീയ നിരോധനത്തെ കുറിച്ച തീർപ്പുകളിലേക്ക് എത്തിച്ചേർന്നത് പോലും പൊന്നാനി എം ഇ എസ് കോളേജിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ അഴിച്ചു വിട്ട ആക്രമണങ്ങളായിരുന്നു. എസ് എഫ് ഐ പ്രവർത്തകരുടെ മാനസിക പീഡനം സാഹിക്കാതായപ്പോഴാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാർത്ഥിനി കഴിഞ്ഞ മാസം ആത്മഹത്യയ്ക്ക് തുനിഞ്ഞത്. ആ വിദ്യാർത്ഥിനി ഭാഗ്യവശാൽ രക്ഷപ്പെട്ടെങ്കിലും അവർ എഴുതിയ ആത്മഹത്യ കുറിപ്പ് കേരളം വായിച്ചതാണ്. നിയമസഭയിൽ എം കെ മുനീർ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ നൽകിയ മറുപടിയിൽ 187 വിദ്യാർത്ഥികളാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് പഠനം പാതിവഴിയിൽ നിറുത്തി പോയിട്ടുള്ളത്. എസ് എഫ് ഐ നേതൃത്വം കൊടുക്കുന്ന കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന പ്രസ്താവന കോളേജ് വിദ്യാഭ്യാസ ഡയറക്റ്ററുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. പൊതുസമൂഹവും രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനാ നേതാക്കളും അധ്യാപക സുഹൃത്തുക്കളും ജനപ്രതിനിധികളും നിയമപാലകരും ഈ വിഷയം ഗൗരവത്തിൽ തന്നെ കാണേണ്ടതുണ്ട്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്ന സംഘടന നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പൂർത്തീകരിച്ചു കൊണ്ട് നടത്തുന്ന ഒരു സംസ്ഥാന യാത്രക്കെതിരിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ താങ്കളുടെ കൂടി അറിവോടെയാണെന്നു ന്യായമായ കാരണങ്ങളാൽ ഞാൻ അനുമാനിക്കുന്നു. ആരുടെ നിർദേശപ്രകാരമാണ് പോലീസ് ഇത്തരം ഒരു പൊതുനിലപാടിലേക്കെത്തിയത് എന്നറിയിക്കുവാനുള്ള ജനാധിപത്യ മര്യാദ താങ്കൾ കാണിക്കണം. ഫ്രറ്റേണിറ്റിയുടെ ജാഥ എല്ലാ ക്യാമ്പസുകളിലും സംഘർഷങ്ങൾ സൃഷ്ടിക്കുമെന്ന വിവരത്തിന്റെ ഉറവിടം എന്താണ്? സംഘർഷം എന്ന കാരണത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ ആശയം വിദ്യാർത്ഥി സമൂഹത്തിൽ പ്രചരിപ്പിക്കുവാനുള്ള ജനാധിപത്യ അവകാശങ്ങൾ സെലക്ട്ടീവായി ഹാനിക്കുന്നത് ആരുടെ നിർദേശപ്രകാരമാണ് ?

യാഥാർഥ്യങ്ങളെ സൗകര്യപൂർവം മറച്ചു വെച്ച് കൊണ്ട് എസ് എഫ് ഐ യുടെ രാഷ്ട്രീയതാത്പര്യങ്ങൾക്ക് വേണ്ടി കേവലം കൂലിപ്പട്ടാളത്തിന്റെ റോളിൽ കേരള പോലീസ് അധപതിക്കുന്നത് ദൗർഭാഗ്യകരമാണ്. ജനാധിപത്യ സംവിധാനത്തിൽ പോലീസ് നിർവഹിക്കേണ്ട ദൗത്യവും ഉത്തരവാദിത്തവുമുണ്ട്. നിഷ്പക്ഷമായും നീതിയുക്തമായും സംരക്ഷണവും സുരക്ഷയും സമാധാന പാലനവും ഉറപ്പ് വരുത്തലാണത്. അതിന് തടസ്സം നിൽക്കുന്നവർക്കെതിരിലാണ് നടപടി എടുക്കേണ്ടത്. ഒരു വിഭാഗത്തോട് പക്ഷപാതിത്വവും മറ്റൊരു വിഭാഗത്തോട് വിവേചനവും കാണിക്കുന്നത് പോലീസിന്റെ വിശ്വാസ്യതയെ ആണ് തകർക്കുന്നത്. “Without fear and favour” എന്നത് ലജിസ്ളേച്ചറിനും ജുഡീഷ്യറിക്കും എന്ന പോലെ എക്സിക്ക്യൂട്ടീവിനും ബാധകമാണ്. ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ കേവലവിദ്യാർത്ഥി സംഘടനകളല്ല പോലീസിനെ നിയന്ത്രിക്കേണ്ടത്; സംസ്ഥാന പൊലീസ് മേധാവി എന്ന നിലയിൽ താങ്കളാണ്. ക്രിമിനലിസം അഴിച്ചു വിടുന്നവർക്കെതിരിൽ നടപടികൾ സ്വീകരിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുന്നവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യേണ്ട കേരള പോലീസ് അഭിമാനബോധവും വിവേചന ബുദ്ധിയോട് കൂടിയുള്ള സ്വാതന്ത്രാധികാരവും പണയപ്പെടുത്തിയിരിക്കുന്നു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജാഥയുടെ വരുംനാളുകളിൽ പോലീസിന്റെ ഈ പക്ഷപാതപരമായ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. ജനാധിപത്യ സംവിധാനത്തിൽ ഭയമോ പ്രീണനമോ കൂടാതെ എക്സിക്യൂട്ടീവിന്റെ നിഷ്പക്ഷത ഉയർത്തിപ്പിടിക്കാനും പൊലീസിലുള്ള വിശ്വാസ്യതയ്ക്ക് ഭംഗം വരുത്താതിരിക്കാനും താങ്കൾക്ക് കഴിയട്ടെ എന്നാഗ്രഹിക്കുന്നു.

ഷംസീര്‍ ഇബ്രാഹീം
സംസ്ഥാന പ്രസിഡന്റ്
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് – കേരള

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757