Opinion

എസ്.എഫ്.ഐയോടുള്ള മധുരപ്രതികാരം ഞങ്ങളുടെ ഒരു വീക്‌നെസാണ്. – ശംസീര്‍ ഇബ്രാഹിം

തടവറയിലേക്കും ആശുപത്രികളിലേക്കും അയക്കപ്പെട്ട എന്റെ പ്രിയ സഹപ്രവര്‍ത്തകര്‍ സാക്ഷി, എസ്.എഫ്.ഐയോടുള്ള മധുരപ്രതികാരം ഞങ്ങളുടെ ഒരു വീക്‌നെസാണ്.  ജാഥ എല്ലാ സ്വീകരണകേന്ദ്രങ്ങളിലൂടെയും ക്യാമ്പസുകളിലൂടെയും പ്രയാണം തുടരും.

എക്‌സിക്യൂട്ടീവിന്റെ ഭാഗമാണ് പോലീസ്. തിരുവനന്തപുരത്തെ പോലീസ് നിലവില്‍ സി പി എമ്മിന്റെയും എസ് എഫ് ഐയുടെയും സംസ്ഥാന എക്‌സിക്യൂട്ടീവ് മാത്രമല്ല, കൂലിപ്പട കൂടിയായിരിക്കുന്നു. എസ് എഫ് ഐ ക്യാമ്പസുകളില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകളെ മര്‍ദിച്ചൊതുക്കുന്നത് കാലങ്ങളായുള്ള പതിവാണ്. ഇവിടെ ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തകരെ നേരിട്ടക്രമിക്കാതെ അധികാര സ്വാധീനമുപയോഗിച്ചു പോലീസ് ഫോഴ്സിലൂടെ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ് ചെയ്തിട്ടുള്ളത്.

സംസ്ഥാന സെക്രട്ടറി സഹോദരന്‍ അജീഷ് കിളിക്കോട്ട് സാരമായ പരുക്കുകളോടെ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ചോര ചര്‍ദ്ദിക്കുവോളം തുടര്‍ന്ന ഭീകരമര്‍ദനമാണ് അജീഷിന് പോലീസില്‍ നിന്നേല്‍ക്കേണ്ടി വന്നത്. ശബീറിന്റെ തലയില്‍ 3 തുന്നലുകള്‍. അസിസ്റ്റന്റ് സെക്രട്ടറി വസീം അലിയുടെ തലയെ ഉന്നം വെച്ച് ലാത്തികള്‍ വീശി. പിന്തിരിഞ്ഞു നിന്ന് പ്രവര്‍ത്തകരോട് നിലത്തിരിക്കാന്‍ പറഞ്ഞ ജനറല്‍ സെക്രട്ടറി കെ എസ് നിസാറിനും വൈസ് പ്രസിഡന്റ് മുജീബ്‌റഹ്മാനും പുറത്തും തലയിലും മര്‍ദനങ്ങളേറ്റു. ജനറല്‍ സെക്രട്ടറി മഹേഷിന്റെ മുഖത്തടിച്ചാണ് പോലീസ് എസ് എഫ് ഐ ദാസ്യം പ്രഖ്യാപിച്ചത്. കലാജാഥയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ട്രാവലറില്‍ വിശ്രമിക്കവേ വണ്ടിക്കകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസ് അവരെ മര്‍ദിച്ചു. പരിഭ്രാന്തരായ അവര്‍ ജീവനും കൊണ്ട് വണ്ടിയില്‍ നിന്നിറങ്ങിയോടി. മീഡിയ ടീമിന്റെ കയ്യില്‍ നിന്നും ബലം പ്രയോഗിച്ചു ക്യാമറകള്‍ പിടിച്ചു വാങ്ങി. മുഴുവന്‍ ജാഥാവാഹനങ്ങളും യാതൊരു കാരണവുമില്ലാതെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് സേനയുടെ ബലം പോരാഞ്ഞു അര്‍ധസൈനിക വിഭാഗത്തെയും ഇറക്കി മര്‍ദനങ്ങള്‍ അഴിച്ചു വിട്ടു. എല്ലാത്തിനും ശേഷം ഈ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ കള്ളക്കഥ മെനഞ്ഞുണ്ടാക്കി ആശുപത്രിയില്‍ പോയിക്കിടന്ന് ഫ്രറ്റേണിറ്റിക്കാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കി എന്നാരോപിച്ചു കേസെടുത്തിരിക്കുന്നു. ഞങ്ങള്‍ ആരുടേയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിട്ടില്ല. എസ് എഫ് ഐ – സി പി എം അടിമപ്പണിക്കാണോ നിങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം എന്നൊക്കെപ്പറഞ്ഞു സ്വയം അപഹാസ്യരാകുന്നത്?

ക്യാമ്പസിനകത്തു പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി കല്ലേറ് തുടര്‍ന്ന എസ് എഫ് ഐ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരില്‍ പോലീസ് ഒരക്ഷരം ഉരിയാടുകയോ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. എസ് എഫ് ഐ സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘര്‍ഷത്തിന് പോലീസ് വേട്ടയാടിയത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ. ഇതെന്തു നീതിയാണ്? ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? ഡി ജി പി ഓഫീസില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും നിയമപ്രകാരം പെര്‍മിഷന്‍ എടുത്തു ഒരു രാഷ്ട്രീയ ആശയം ക്യാമ്പസുകളില്‍ വിളിച്ചു പറയാന്‍ ശ്രമിച്ചതോ? ഈ നരനായാട്ടിന് സാങ്കേതികമായെങ്കിലും ഉന്നയിക്കുവാന്‍ പൊലീസിന് എന്ത് ന്യായീകരണമാണ് ഉള്ളത്?

ഫ്രറ്റേണിറ്റി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി നബീല്‍ നാസര്‍, ലോ കോളേജ് യൂണിറ്റ് ഭാരവാഹി റഹ്മാന്‍ ഇരിക്കൂര്‍ തുടങ്ങി 8 പേരെ തീര്‍ത്തും അന്യായമായി ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നു. തടവറയിലേക്കും ആശുപത്രികളിലേക്കും അയക്കപ്പെട്ട എന്റെ പ്രിയസഹപ്രവര്‍ത്തകര്‍ സാക്ഷി, എസ്.എഫ്.ഐയോടുള്ള മധുരപ്രതികാരം ഞങ്ങളുടെ ഒരു വീക്‌നെസാണ്. ജാഥ നാളെ കൊല്ലത്തെ സ്വീകരണകേന്ദ്രങ്ങളിലൂടെയും ക്യാമ്പസുകളിലൂടെയും പ്രയാണം തുടരും. എസ് എഫ് ഐ ഭീകരതക്കെതിരിലുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757