Opinion

വെള്ളക്കോളറില്‍ വിരിയില്ല, വിയര്‍പ്പ് പൊടിയുന്ന ഈ തൊഴില്‍ ശക്തി – എം. ഷിബു

 

അന്യ സംസ്ഥാനതൊഴിലാളികളെന്നായിരുന്നു ആദ്യം ഇവരെ വിളിച്ചിരുന്നത്. പേരിലെ അന്യവത്കരണം ബോധ്യപ്പെട്ടിട്ടാകണം ‘ഇതരസംസ്ഥാനക്കാര്‍’ എന്ന് ഉപയോഗിച്ച് തുടങ്ങിയത്. ഒരു പടികൂടി കടന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് ഇവരെ ഇവരെ വിശേഷിപ്പിച്ചത് അതിഥി തൊഴിലാളികളെന്നാണ്. പേരുകളില്‍ മൊഞ്ചുണ്ടെങ്കിലും ഇവര്‍ക്കായുളള സാമൂഹ്യ സുരക്ഷ പദ്ധതികള്‍ അത്ര പന്തിയല്ല. 

രണ്ട് വര്‍ഷം മുന്‍പാണ്. ബേക്കറിയിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുകയായിരുന്നു കൊല്‍ക്കത്ത സ്വദേശിയായ സദന്‍. പതിവ്‌പോലെ മൊബൈലില്‍ പാട്ടുകേട്ടായിരുന്നു നടപ്പ്. റോഡുവക്കില്‍ ഒരു ബാഗ് ശ്രദ്ധയില്‍പെട്ടത് യാദൃശ്ചികമായായിരുന്നു. തുറന്നുനോക്കുമ്പോള്‍ നിറയെ പണം. ഒപ്പം താക്കോള്‍കൂട്ടങ്ങളും കുറേ രേഖകളും. മറ്റൊന്നും ആലോചിക്കാതെ നേരെ ജോലിചെയ്യുന്ന നെടുമങ്ങാട് ആനാട്ടെ ബേക്കറിയിലേക്ക് തിരിച്ചുപോയി. ബേക്കറിയുടമയെ ബാഗ് ഏല്‍പ്പിച്ച ശേഷം കാര്യം പറഞ്ഞു. ബാഗിലെ രേഖകള്‍ സമീപത്തെ സ്‌കൂളിലെ പ്രധാനാധ്യാപകന്റേതായിരുന്നു. സ്‌കൂളിലെ വിലപ്പെട്ട രേഖകളും 40000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ഉടമ കയ്യോടെ തന്നെ വിജയന്‍ നായര്‍ക്ക് ബാഗ് കൈമാറി. യാത്രക്കിടയില്‍ കൈമോശം വന്നതായിരുന്നു ബാഗ്. ഇതര സംസ്ഥാനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്നതിന് ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച സ്‌കൂളില്‍ പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിച്ചു. സദനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിച്ചാണ് ആദരിച്ചത്. സഹോദരിയുടെ വിവാഹത്തിന് പണംകണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്കിടയിലും കണ്‍മുന്നില്‍ പണം കിട്ടിയിട്ടും മറ്റൊന്നും ചിന്തിക്കാതെ സത്യസന്ധതക്ക് മുന്‍തൂക്കം നല്‍കിയത് വലിയ വാര്‍ത്തയുമായി. അഭിനന്ദമേറ്റുവാങ്ങി പുഞ്ചിരിച്ച് നില്‍ക്കുന്ന മലയാളികളുടെ ചിത്രവുമായി എത്തുന്ന പത്രവാര്‍ത്തകളൊക്കെ പഴയ കഥ. ജോലി-കൂലി -ക്യാമ്പ്-രജിസ്‌ട്രേഷന്‍ തുടങ്ങി കാലങ്ങളായി കുടിങ്ങിക്കിടന്നിരുന്ന ഇട്ടാവട്ടങ്ങളില്‍ നിന്ന് അതിഥി സംസ്ഥാന തൊഴിലാളികള്‍ പുറത്ത് കടന്ന് പൊതുജീവിതത്തില്‍ സാന്നിധ്യമറിയിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഒഴിഞ്ഞ് കിടക്കുന്ന കണ്ടക്ടറുടെ സീറ്റില്‍ ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകിയിരുന്നും, അല്ലെങ്കില്‍ സണ്‍ഡേ മാര്‍ക്കറ്റുകളില്‍ അലഞ്ഞുതിരിഞ്ഞും കവലകളില്‍ കരാറുകാരനെക്കാത്ത് കൂട്ടം കൂടിയും ട്രെയിനിനുള്ളില്‍ നിലത്തിരന്ന് കലപിലകൂട്ടിയും പശുക്കറവ മുതല്‍ പ്രകടനങ്ങള്‍ക്ക് ആള്‍ബലമൊരുക്കുന്നതില്‍ വരെ സകല ജോലികള്‍ക്കും സന്നദ്ധത അറിയിച്ചും ഇവര്‍ നമുക്കൊപ്പം ഇടംകണ്ടെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. തൊഴിലില്ലായ്മ പെരുകുന്ന കേരളം പക്ഷേ അതിഥി സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ പറുദീസയാണെന്നതാണ് വസ്തുത. മുന്‍പ് കെട്ടിടനിര്‍മാണ സൈറ്റുകളില്‍ മാത്രമാണ് ഇവിരെ കണ്ടിരുന്നത്. പക്ഷേ, സ്ഥിതിഗതികള്‍ മാറിയത് വളരെ വേഗത്തിലാണ്. എത്രത്തോളമെന്നാല്‍ നാടന്‍ ചായക്കടകളില്‍ കാലത്തും വൈകിട്ടും നാട്ടുമ്പുറത്തുകാരെപ്പോലെ ഇവരും പതിവുകാരായിക്കഴിഞ്ഞു. ഇവരില്ലാതെ ഒരു കെട്ടിടങ്ങളും ഉയരില്ലെന്ന നിലയില്‍ വന്‍ തൊഴില്‍ ശക്തിയായി മാറിക്കഴിഞ്ഞു. ഇതരസംസ്ഥാനത്തൊഴിലാളി വിളമ്പിത്തന്ന ഭക്ഷണം കഴിക്കാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. പാലടയും പാല്‍പ്പായസവും പോലെ ബംഗാളിയുടെ പാനിപൂരിയും മലയാളികളുടെ സ്വന്തമായിക്കഴിഞ്ഞിരിക്കുന്നു. കൊച്ചിന്‍ േെമട്രാ ഉള്‍പ്പെടെ സര്‍ക്കാറിന്റെ വമ്പന്‍ നിര്‍മാണ പദ്ധതികളില്‍ മുതല്‍ നാട്ടിന്‍ പുറങ്ങളിലെ ഹോട്ടലുകളിലും വരെ അതിഥി സംസ്ഥാനക്കാര്‍ മാറ്റി നിര്‍ത്താനാവാത്ത ഘടകമാണിന്ന്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലും തൊഴില്‍ സംസ്‌കാരത്തിലും മുറിച്ചുമാറ്റാനാകാത്ത സാന്നിധ്യമായി ഇവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇവരുടെ കുടിയേറ്റം സംബന്ധിച്ച് പല അന്വേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും ഏറ്റവും ആധികാരികമായി പരിഗണിക്കാവുന്നത് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ പഠനമാണ്.

തുടക്കം തമിഴ്‌നാട്ടില്‍ നിന്ന്, പിന്നെ കാറ്റ് വടക്ക് നിന്ന്
തമിഴ്‌നാട്ടില്‍ നിന്നാണ് ജോലി തേടിയുള്ള കുടിയേറ്റം ആരംഭിക്കുന്നത്. 1970 മുതല്‍ തന്നെ ഒറ്റപ്പെട്ട രീതിയില്‍ ഇത്തരം കുടിയേറ്റം നടന്നിട്ടുണ്ട്. എല്ലാം നാടിനും അന്യദേശത്ത് നിന്ന് വന്ന ഇത്തരത്തില്‍ നാടുമായി ഇഴുകിച്ചേര്‍ന്ന സമര്‍ഥനായ ഒരു തമിഴ്‌നാട്ടുകാരനെ ഓര്‍മയുണ്ടാകും. എന്നാല്‍, തമിഴ്കുടിയേറ്റം ശക്തമാകുന്നത് 1990 കളോടെയാണ്. കാര്‍ഷിക-തോട്ടം മേഖലകളിലെ ജോലിക്കായാണ് തമിഴ്‌നാട്ടുകാര്‍ കൂടുതലായെത്തിയത്. ഒറ്റപ്പെട്ട ചിലര്‍ അല്ലറചില്ലറ പണികളുമായി നാട്ടിന്‍പുറങ്ങളിലും തങ്ങി. സ്വന്തം നാട്ടിലെ തൊഴിലില്ലായ്മയും കുറഞ്ഞ കൂലിയുമായിരുന്നു കേരളത്തിലേക്കുള്ള തമിഴ്‌തൊഴിലാളികളുടെ വരവിന് ആക്കം കൂട്ടിയത്. തൊഴിലില്ലായ്മ കേരളത്തിലും രൂക്ഷമാണെങ്കിലും കുറച്ചുകൂടി അന്തസ്സുള്ള ജോലിക്കായി ചെറുപ്പക്കാര്‍ പാഞ്ഞുനടക്കുന്ന കാലം. ഇനി രണ്ടും തുനിഞ്ഞ് പണിയെടുക്കുന്ന മലയാളികള്‍ 60-70 രൂപ കൂലി വാങ്ങുമ്പോള്‍ 25-35 രൂപയില്‍ തമിഴ്‌തൊഴിലാളികള്‍ തൃപ്തരുമായിരുന്നു. ഈ സാധ്യത മലയാളികളായ തൊഴിലുടമകളും തമിഴ്‌നാട്ടുകാരായ തൊഴിലാളികളും ഒരുപോലെ ഉപയോഗപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലയാളികളുടെ ശ്രദ്ധ കൂടുതലായി പതിഞ്ഞ കാലമായിരുന്നു ഇത്. ഈ കാലയളവിലുണ്ടായ നിര്‍മാണരംഗത്തെ പുരോഗതി കുടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിച്ചു. മതിയായ തൊഴിലാളികളെ കിട്ടാന്‍ ലഭ്യമാകാത്ത സ്ഥിതിയുമുണ്ടായി. ഇതാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെയും കേരളത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. ഈ കാലയളവില്‍ തമിഴ് കുടിയേറ്റം കുറഞ്ഞുവെന്നതും വസ്തുതയാണ്. തമിഴ്‌നാട്ടിലുണ്ടായ മാറ്റങ്ങളാണ് ഇതിന് വഴി തെളിച്ചത്. തൊഴിലില്ലാ വേതനവും, സൗജന്യ റേഷനും ടി.വിയും വീടും വിദ്യാഭ്യാസതൊഴില്‍ ആനുകൂല്യങ്ങളും മറ്റും കിട്ടാന്‍ തുടങ്ങിയതോടെ തമിഴരും കേരളത്തിലേക്ക് വണ്ടികയറല്‍ അവസാനിപ്പിച്ചു.

തമിഴ് തൊഴിലാളികളുടെ വരവ് കുറഞ്ഞതോടെ ആ വിടവ് നികത്തിയത് ബംഗാളി കുടിയേറ്റമാണ്. ആദ്യ കാലത്ത് ഇടനിലക്കാര്‍ വഴിയായിരുന്നു വരവ്. രണ്ടായിരമാണ്ടോടെ ഇത് കൂടുതല്‍ ശക്തമായി. തുച്ഛമായ ഒരു തുക കുടുംബത്തിന് നല്‍കിയ ശേഷം തൊഴിലാളികളെ വാടകക്കെടുക്കുന്ന സംഘങ്ങളും ഇക്കാലങ്ങളില്‍ പെരുകി. ഇതിനിടെ കേരളത്തിലെ ജോലിസാധ്യതകള്‍ മനസ്സിലാക്കിയ കുറേപ്പേര്‍ ഇടനിലക്കാരെ വിട്ട് സ്വന്തമായി തൊഴില്‍ കണ്ടെത്താനും സാഹസം കാട്ടി. മാന്യമായ വേതനവും സ്വതന്ത്രമായ തൊഴിലിടവുമായപ്പോള്‍ കൂടുതല്‍ തൊഴിലാളികള്‍ ഇതുപോലെ കുടിയേറിത്തുടങ്ങി. കേരളത്തില്‍ ജോലി ചെയ്യന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊണ്ടുവന്നു. എന്നാല്‍, കുടുംബസമേതമുള്ള കുടിയേറ്റമായിരുന്നില്ല ഇവരില്‍ ഭൂരിഭാഗത്തിന്റേതും. കേരളത്തില്‍ താമസിച്ച് ജോലി ചെയ്യുകയും വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ നാട്ടില്‍ പോവുകയും ചെയ്യും. കഴിഞ്ഞ 15 വര്‍ഷത്തിനടയിലാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ ഇത്രയധികം കേരളത്തിലേക്ക് കുടിയേറിയത്. ഇപ്പോഴും ദിനംപ്രതി ഇത് തുടരുന്നു. ദീര്‍ഘദൂര ട്രെയിനുകളും ബസ്സുകളുമെല്ലാം പരിശോധിച്ചാല്‍ ഇക്കാര്യം വേഗം വ്യക്തമാകും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉയര്‍ന്ന വേതനനിരക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിപ്പെടാന്‍ പ്രധാന കാരണം. കായികാധ്വാനം കൂടുതല്‍ ആവശ്യമുള്ള ജോലികളില്‍ നിന്ന് മലയാളികള്‍ മാറി നില്‍ക്കുകയോ കൂടിയ പ്രതിഫലം ആവശ്യപ്പെടുകയോ ചെയ്തതും ഇവര്‍ക്ക് അവസരമൊരുക്കി. ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയും കുടിയേറ്റത്തിന് കാരണമായി. പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തിയത്. അതുകൊണ്ടുതന്നെ ഏത് തൊഴിലാളി ഏതു സംസ്ഥാനക്കാരായാലും ബംഗാളികള്‍ എന്ന് പൊതു വിളിപ്പേരും വീണു.

തൊഴില്‍രാഹിത്യത്തിന്റെ പേരില്‍ 230 രൂപക്ക് തൊഴിലുറപ്പിന് പോകുന്ന പല മലയാളി വീടുകളിലും അധ്വാനം വേണ്ടിവരുന്ന പുറം ജോലികള്‍ക്ക് 450-500 രൂപ ചെലവില്‍ ഇതരസംസ്ഥാനക്കാരെ ഉപയോഗപ്പെടുത്തുന്നത് സമീപകാലത്തെ കൗതുകക്കാഴ്ചയാണ്. കേരളത്തിലെ തൊഴില്‍ രഹിതരില്‍ ഭൂരിഭാഗവും ഇഷ്ടമുള്ള ജോലി ലഭിക്കുന്നതുവരെ തൊഴില്‍ രഹിതരായി തുടരാന്‍ താല്‍പര്യപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാന ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം പേര്‍ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരാണെന്നാണ് കണക്ക്. നാല്‍പത് ലക്ഷത്തോടടുത്താണ് ഇവരുടെ എണ്ണം. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, കൃത്യമായി പുതുക്കി, തൊഴില്‍ കാത്തിരിക്കുന്നവരുടെ എണ്ണം മാത്രമാണിത്. രസകരമായ മറ്റൊരു വസ്തുത ഒരു പ്രമുഖ തൊഴിലാളി സംഘടയുടെ സംസ്ഥാന സമ്മേളത്തിന് കൊടികെട്ടാന്‍ ആളെക്കിട്ടാതെ വന്നു. അതായത് സമ്മേളനകാലത്ത് യാഥര്‍ഥ തൊഴിലാളികള്‍ അല്‍പ്പനേരത്തേക്ക് മുതലാളിമായി.

കണക്കുകള്‍ കഥ പറയുന്നു
ഇരുപത്തഞ്ച് ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ജോലിയെടുക്കുന്നുണ്ടെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറുന്നുണ്ട്. ട്രെയിനുകളും പ്രധാന പട്ടണങ്ങളും കേന്ദ്രീകരിച്ചാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. കാസര്‍കോഡ്, പാലക്കാട് എന്നീ ജില്ലകളിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന 63 ദീര്‍ഘദൂര ട്രെയിനുകളെയാണ് സര്‍വേക്കായി അവലംബിച്ചത്.

65 ശതമാനവും ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ ചിതറക്കഴിയുന്നവരാണ്. ‘ഇന്ന് പാലക്കാടെങ്കില്‍ നാളെ ആലുവയും അടുത്ത ആഴ്ച കായംകുളവും’…ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്േട്രഷന്‍ കാര്യക്ഷമമല്ലാത്തതിന് കാരണം ആരാഞ്ഞപ്പോഴുള്ള ലേബര്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണമാണിത്. താമസസ്ഥിരതയില്ലാത്ത ഇവരുടെ കണക്കെടുക്കല്‍ അപ്രായോഗികം തന്നെ. ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ പണിയെടുക്കുന്ന ഇവര്‍ക്ക് 500 രൂപക്ക് മുകളില്‍ ദിവസവും കൂലിയിനത്തില്‍ കിട്ടുന്നുണ്ട്. അതായത് പ്രതിദിനം കേരളത്തില്‍ നിന്നൊഴുകുന്നത് കോടികളാണ്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, അസ്സം എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കേരളത്തിലെത്തുന്ന തൊഴിലാളികളില്‍ 75 ശതമാനവും. ഇവരുടെ ശരാശരി പ്രായപരിധി 18-35 ആണ്. സുഹൃത്തുക്കളോ ബന്ധുക്കളോ വഴി ഇവിടെയെത്തുന്ന തൊഴിലാളികളില്‍ 60 ശതമാനവും പണിയെടുക്കുന്നത് നിര്‍മാണ മേഖലയിലാണ്.

ഒരു തൊഴിലാളിക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനം 500 മുതല്‍ 650 വരെ രൂപയാണ്. ഒരാള്‍ പ്രതിദിനം 300 രൂപയെങ്കിലും വീതം മാറ്റിവെക്കുകയും അത് യഥാസമയം സ്വദേശത്തെത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരില്‍നിന്നു ലഭിക്കുന്ന വിവരം. ബാങ്കുകള്‍ മുഖേന പണം അയക്കുന്നവര്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. 18നും 23നും മധ്യേ പ്രായമുള്ളവരാണ് കുടിയേറ്റത്തൊഴിലാളികള്‍ കൂടുതലും. മൊത്തം തൊഴിലാളികളുടെ 40 ശതമാനം വരും ഈ പ്രായപരിധിയിലുള്ളവര്‍. 18 വയസിന് താഴെയുള്ളവര്‍ 1.09 ശതമാനവും 24-29 പ്രായപരിധിയുള്ളവര്‍ 34.29 ശതമാനവും 30-35 പരിധിയിലുള്ളവര്‍ 15.65 ശതമാനനവും 36 വയസിന് മുകളില്‍ 7.35 ശതമാനവുമാണ്.

സുഹൃത്തുക്കള്‍ വഴിയാണ് കൂടുതല്‍ പേരും കേരളത്തിലേക്കെത്തിയത്. 54.69 ശതമാനമാണ് ഈ വിഭാഗത്തിന്റെ വിഹിതം. ബന്ധുക്കള്‍ വഴി ജോലിക്കെത്തുന്നത് 10.61 ഉം കരാറുകള്‍കാര്‍ വഴി നേരിട്ടെത്തുന്നത് 28.16 ഉം മറ്റ് മാര്‍ഗങ്ങളിലൂടെയെത്തുന്നത് 5.03 ശതമാനവുമാണ്. ഉത്തര്‍പ്രദേശുകാരാണ് സുഹൃത്തുക്കളുടെ പ്രേരണയില്‍ അധികവും കേരളത്തിലേക്ക് കുടിയേറുന്നത് (65.14 ശതമാനം). ഒറീസക്കാരെ കൂടുതല്‍ കേരളം കാണിക്കുന്നത് ബന്ധുക്കളായ തൊഴിലാളികളാണ് (16.33 ശതമാനം). കുടിയേറിയെത്തുന്നവരില്‍ 66.26 ശതമാനവും കരാറുകാരുടെ കീഴില്‍ പണിയെടുക്കുന്നവരാണ്. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യുന്നവരാണ് 57.82 ശതമാനം പേരും. ആഴ്ചയില്‍ അഞ്ച് ദിവസം പണിയെടുക്കുന്നവര്‍ 10.88 ശതമാനം. കൂലി നിരക്കിലും ഏറ്റക്കുറവുണ്ട്. 9.80 ശതമാനം പേര്‍ക്ക് മാത്രമാണ് 500 രൂപയും അതിന് മുകളിലും ദിവസക്കൂലിയുള്ളൂ. ഏറ്റവും കൂടുതല്‍ ആളുകള്‍ (35.51 ശതമാനം) 650 വരെ കൂലിക്ക് പണിയെടുക്കുന്നവരാണ്. 29.12 ശതമാനം പേര്‍ക്ക് 300 രൂപയില്‍ താഴെയാണ് കൂലി. 400-450 ദിവസക്കൂലി കിട്ടുന്നവര്‍ 23.13 ശതമാനമാണ്.

എല്ലാ മാസവും കൃത്യമായി പണം നാട്ടിലേക്കയക്കുന്നത് 32.38 ശതമാനം പേരാണ്. കൃത്യമായ കാലപരിധിയില്ലാതെ വല്ലപ്പോഴുമൊക്കെ വീട്ടുകാര്‍ക്ക് പണം നല്‍കുന്നവരാണ് കേരളത്തിലേക്ക് കുടിയേറിയവരില്‍ നല്ലൊരുപങ്കും (42.18). രണ്ട് മാസത്തിലൊരിക്കല്‍ കൃത്യമായി പണമമയക്കുന്നവരും (17.82 ശതമാനം), നാട്ടിലേക്ക് ഒരു പൈസയും നല്‍കാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട് (7.62)ശതമാനം. സ്വന്തം ബാങ്ക് അകൗണ്ട് വഴിയാണ് കൂടുതല്‍ പേരും പണമയക്കുന്നത് (57.69 ശതമാനം). മറ്റുള്ളവരുടെ അക്കൗണ്ടുകകളെ ആശ്രയിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട് (21.50). എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇതര സംസ്ഥാനക്കാരില്‍ കൂടുതലും കേന്ദ്രീകരിക്കുന്നത്. കൊച്ചി നഗരത്തില്‍ മാത്രം ഒരു ലക്ഷത്തിലേറെ അതിഥി സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും അതിഥി സംസ്ഥാന തൊഴിലാളികള്‍ ധാരാളമായി ജോലി ചെയ്യന്നുണ്ട്.

ചോദിക്കാനും പറയാനും ആരുമില്ലാത്താവര്‍
വിദ്യാഭ്യാസപരമായി പിന്നിലാണെന്നതിന് പുറമേ ഭാഷാപരമായ പരിമിതികള്‍ കൂടിയാകുന്നതോടെ പലവിധ ചൂഷണങ്ങള്‍ക്ക് ഇതരസംസ്ഥാനക്കാര്‍ ഇരയാകുന്നുണ്ട്. ഇതര സംസ്ഥാനക്കാരന് ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം പൊലീസുകാര്‍ക്കടക്കം ഇവരെ നേരിടുന്നതില്‍ അല്‍പ്പം കൂടി ചങ്കുറപ്പ് നല്‍കുന്നുവെന്നതും വസ്തുതയാണ്. കൂലി നല്‍കാതെ കോണ്‍ട്രാക്ടര്‍ ഒളിവില്‍പോയതിനെ തുടര്‍ന്ന് പട്ടിണിയിലായിപ്പോകുന്ന തൊഴിലാളികളും കൊലക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചവശനാക്കിയ ശേഷം പ്രതി മാറിപ്പോയെന്ന് പോലീസ് തിരിച്ചറിയുന്നതുമൊക്കെ ഇപ്പോഴും നിത്യസംഭവങ്ങളാണ്. കുടുംബത്തിന് പണമെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പോലും ചില ബാങ്കുകള്‍ വിസമ്മതിക്കാറുണ്ട്. അവജ്ഞയാണ് ഇവിടങ്ങളിലെയെല്ലാം പൊതുഭാഗം.

ദയനീയമായ താമസസൗകര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നവരാണ് 90 ശതമാനവും. അഞ്ചുപേര്‍ക്ക് കിടക്കാനുള്ളിടത്ത് 13,14 പേരാണ് താമസിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ചേരിയോട് ചേര്‍ന്നായിരിക്കും വാസസ്ഥലം. ഗ്രാമങ്ങളില്‍ പത്തോ ഇരുപതോ പേര്‍ ചേര്‍ന്ന് വാടകക്ക് വീടെടുത്ത് താമസിക്കുകയാണ് പതിവ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പോലും പാകം ചെയ്യന്നത്. പണിസ്ഥലത്തോട് ചേര്‍ന്നുള്ള പൊതുസ്ഥലത്ത് ടാര്‍പോളിന്‍ ഉപയോഗിച്ച് കെട്ടിമറച്ച് കഴിയുന്നവരും ഇവരലുണ്ട്. ഇവിടങ്ങളില്‍ അടുക്കളയോ ശുചിമുറിയോ ഉണ്ടാവില്ല. എല്ലാം പൊതുഇടത്തില്‍ തന്നെ. താമസസ്ഥലങ്ങളുടെ സ്ഥിതിവളരെ മോശമാണെന്നും മാലിന്യം കൊണ്ട് ഇവിടങ്ങളെല്ലാം നിറഞ്ഞിരിക്കുക്കയാണെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ടാക്‌സാഷെന്റെ പഠന റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മഴക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ലേബര്‍ ക്യാമ്പുകളില്‍ മാരക രോഗങ്ങളും പകര്‍ച്ചവ്യാധിയും പടര്‍ന്നു പിടിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇത്തരം ക്യാമ്പുകളില്‍ എത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ നഗരസഭക്കോ ആരോഗ്യ വിഭാഗത്തിനോ ഫലപ്രദമായി ഇടപെടണമെങ്കില്‍ ക്യാമ്പിലുള്ള തൊഴിലാളികളുടെ എണ്ണമെങ്കിലും കൃത്യമായി അറിയണം.
ചുരുക്കം ചില സ്ഥലങ്ങില്‍ മെസ് സ്വഭാവത്തില്‍ ഭക്ഷണം പാചകംചെയ്ത് വിതരണം ചെയ്യുന്നുണ്ട്. ഈഴം അനുസരിച്ചാവും പാചകച്ചുമതല. ഇതും ജോലിസ്ഥലത്തെ തുറസ്സായ ഇടങ്ങളില്‍ തന്നെ. ആറും ഏഴും പേര്‍ കഴിയുന്നത് കുടസ്സായ മുറിയിലാവും. ശുദ്ധമായ വെള്ളമോ സ്വീവേജ് സംവിധാനമോ മതിയായ ടോയിലറ്റുകളോ ഇല്ലാത്തത് ഇവിടങ്ങിളില്‍ പ്രധാന പ്രശ്‌നമാണ്. കേരളത്തില്‍ നിരോധിത ലഹരിപുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ മിക്കവാറും എല്ലാ ക്യാമ്പുകളിലുമുണ്ടാകും. ഇതരസംസ്ഥാനക്കാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് ഇടനിലക്കാരായി ജോലി ചെയ്യുന്നവരും ഇവരിലുണ്ട്. ഇതിനിടെ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ശേഷം ഒളിത്താവളമായി ഇത്തരം തൊഴിലിടങ്ങളെ കണക്കാക്കുന്നവരുമുണ്ട്. ഈ കുറഞ്ഞ ശതമാനത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലാവുന്നത് ബഹുഭൂരിക്ഷവുമാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തരം ക്യാമ്പുകളില്‍ രക്തപരിശോധനയടക്കം നടത്തണമെന്ന് നേരെത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനും കൂലി ചോദിച്ചു വാങ്ങുന്നതിനും പ്രത്യേക സംഘങ്ങളും രംഗത്തുവന്നിട്ടുണ്ട്.

വേറിട്ട ജീവിതം, വേറിട്ട ശൈലികള്‍
മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന് സമാനമായാണ് മറ്റ് സംസ്ഥാനക്കാരുടെ തൊഴില്‍തേടിയുള്ള കേരളയാത്രയെ വിശേഷിപ്പിക്കുന്നത്. ഇതര സംസ്ഥാനക്കാരുടെ ജീവിതരീതികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരാണേറെയും. മൊബൈല്‍ ഫോണാണ് ഇവരുടെ പ്രധാന വിനോദോപകരണവും ചെലവും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്കും വിളിക്കും. ഞായറാഴ്ച കിട്ടുന്ന അവധി ദിവസം അധികവും റൂമില്‍ തന്നെ ചെലവഴിക്കും. ഉച്ചയോടെ ഇവര്‍ക്കായുള്ള സണ്‍ഡേ മാര്‍ക്കറ്റുകളിലേക്ക്. ഡ്രസ്, വാച്ച്, ബെല്‍റ്റ്, പേഴ്‌സ്, ചെരുപ്പ് തുടങ്ങിയവയാണ് ഇവര്‍ക്കായുള്ള ‘സൂപ്പര്‍മാര്‍ക്കറ്റു’കളിലെ പ്രധാന സാധനങ്ങള്‍. എല്ലാ നഗരങ്ങളിലും, പട്ടണങ്ങളിലും ഇത്തരം കേന്ദ്രങ്ങളുണ്ടാകും. തിരുവനപുരത്ത് കിഴക്കേകോട്ട പുത്തരിക്കണ്ടം മൈമതാനത്തിന്റെ സമീപത്താണ് ഇവര്‍ക്കായുള്ള തെരുവോര വിപണന കേന്ദ്രങ്ങള്‍. നാടുചുറ്റലോ സിനിമ കാണാലോ ആണ് മറ്റ് വിനോദങ്ങള്‍. ഇതുതന്നെ വളരെ കുറച്ചു ശതമാനത്തിന്റേത് മാത്രവും. വിലകൂടിയ വസ്ത്രങ്ങളോ, ആഭരണങ്ങളോ വാങ്ങാന്‍ വലിയ താല്‍പര്യമില്ല. ഇതിനിടെ മാസങ്ങള്‍ കഴിഞ്ഞുള്ള നാട്ടിലേക്ക് പോക്കിന് ദിവസങ്ങള്‍ക്ക് മുന്‍പേ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ച് പ്രവാസത്തിന്റെ വിങ്ങല്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നവരെയും കാണാം. കൂടുതല്‍ പേര്‍ താമസിക്കുന്ന ക്യാമ്പുകളിള്‍ ടി.വി സൗകര്യമുണ്ടാകും. മിക്കവാറും ടി.വി പരിപാടികള്‍ കണ്ട് ഞായറാഴ്ച കഴിക്കും. നാലും അഞ്ചും പേര്‍ ചേര്‍ന്ന് കാശിട്ട് ഹിന്ദി സിനിമയുടെ ഡി.വി.ഡി വാങ്ങലാണ് മറ്റൊരു വിനോദം. മലയാള നടന്‍മാരെ ഇഷ്ടപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. തിരുവനനതപുരം കഴക്കൂട്ടത്തിന് സമീപത്തെ ലേബര്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയുമൊക്കെ ചിത്രങ്ങള്‍ പതിച്ച ചുമരുകളാണ്.

ആരോരുമറിയാത്ത ക്ഷേമ പദ്ധതിയുണ്ട്, നോക്കുകുത്തിയായി
ഇതര സംസ്ഥാനക്കാര്‍ക്കായി 2006ല്‍ വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ പ്രത്യേക ക്ഷേമപദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതരുടെ പിടിപ്പുകേട് മൂലം നിര്‍ജ്ജീവമാണിന്ന്. അന്ന് 10 കോടി രൂപ നിക്ഷേപിച്ചത് ഇന്ന് പലിശയടക്കം 13 കോടി രൂപയായി പെരുകിയതല്ലാതെ ആര്‍ക്കും കാര്യമായി ഗുണമുണ്ടായിട്ടില്ല. ചികിത്സാ ധനസഹായവും മരണാനന്തരസഹായവുമടക്കം നിരവധി ആനൂകൂല്യങ്ങളാണ് കേരളകുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 51,000 പേര്‍ മാത്രമാണ് ഇതില്‍ അംഗത്വമെടുത്തിട്ടുള്ളത്. 25 ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ജോലിയെടുക്കുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. 18നും 60 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ ചേരാമെന്നാണ് നിബന്ധന. വര്‍ഷം 30 രൂപയാണ് ഇവരുടെ അംഗത്വ വിഹിതം. അംഗത്വത്തിന് പ്രായവും സ്വദേശവും തെളിയിക്കുന്നതിനുള്ള രേഖയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണമെന്നതാണ് നിബന്ധന.

ഉദ്യോഗസ്ഥര്‍ തൊഴില്‍ സൈറ്റുകളില്‍ കാമറയുമായി നേരിട്ടെത്തി അംഗത്വനടപടികള്‍ സ്വീകരിക്കുമെങ്കിലും പലരും താതപര്യം കാണിക്കാറില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ക്ഷേമനിധിയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതും, തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും മുന്‍കൈ എടുക്കാത്തതുമാണ് ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ പാളം തെറ്റാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ക്ഷേമനിധിക്കായുള്ള അപേക്ഷയില്‍ ‘തൊഴിലുടമയുടെ ഒപ്പ് ‘ എന്ന കോളത്തില്‍ കുരുക്കാകുമോ എന്ന് ഭയന്ന് പല ഉടമകളും സാക്ഷ്യപ്പെടുത്താന്‍ വിമുഖത കാട്ടുന്നതായും ആക്ഷേപമുണ്ട്. തന്റെ കീഴില്‍ പണിയെടുക്കുന്ന അതിഥി സംസ്ഥന തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോ തൊഴിലുടമക്കുമുണ്ടായിരിക്കേയാണ് ഈ സ്ഥിതി. ഒപ്പം തൊഴിലാളികളുടെ താമസം സംബന്ധിച്ച സ്ഥിരതില്ലായ്മയും രജിസ്േട്രഷന്‍ നടപടികളെ ബാധിക്കുന്നുണ്ട്.

അംഗത്വം നിലവിലിരിക്കെ തൊഴിലാളി മരണമടയുന്നപക്ഷം 50,000 രൂപ മരണാനന്തര സഹായമായി ആശ്രിതര്‍ക്ക് ലഭിക്കുമെന്ന് ക്ഷേമനിധിയില്‍ വ്യവസ്ഥയുണ്ട്. ഒപ്പം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ധനസഹായത്തിനും കുടുംബം അര്‍ഹമായിരിക്കും. തമിഴ്‌നാട് കര്‍ണാടക, പുതുശ്ശേരി, മാഹി, ഗോവ എന്നിവിടങ്ങളിലേക്ക് 3000 രൂപയും, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, ഒറീസാ, ലക്ഷദീപ് എന്നിവിടങ്ങളിലേക്ക് 5000 രൂപയും, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമചല്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഞ്ചല്‍, ബീഹാര്‍ എന്നിവടങ്ങളിലുള്ളവര്‍ക്ക് 7500 രൂപയും, ജമ്മുകാശ്മീര്‍, നാഗാലാന്റ്, ആസ്സാം, മിസോറാം, മണിപ്പൂര്‍, സിക്കിം, തൃപുര, മേഘലയാ സംസ്ഥാനക്കാര്‍ക്ക് 10,000 രൂപയുമാണ് ഈ ഇനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജോലിക്കിടെ അപകടം മൂലം പരിക്കേറ്റ് ആറ് മാസത്തില്‍ കുറയാത്ത കാലം ജോലി ചെയ്യാന്‍ കഴിയതെയാവുന്ന അംഗത്തിന് പ്രത്യേക ആശ്വാസ ധനസഹായമായി 10,000 രൂപ ലഭിക്കും. രോഗം മൂലം ജോലി ചെയ്യനാവാത്തവണ്ണം അവശതയിലായവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കേരളത്തിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യഭ്യാസ ഗ്രാന്റിനും ക്ഷേമനിധിയില്‍ വ്യവസ്ഥയുണ്ട്. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദയമടച്ച് തൊഴില്‍ അവസാനിപ്പിക്കുന്നവര്‍ക്ക് ഓരോ വര്‍ഷത്തിനും ആയിരം രൂപ നിരക്കില്‍ കുറഞ്ഞത് 5000 രൂപയും പരമാവധി 15,000 രൂപയും ടെര്‍മിനല്‍ ബെനിഫിറ്റായി നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇത്രയധികം ആനൂകൂല്യങ്ങള്‍ ക്ഷേമനിധി ഉറപ്പുനല്‍കുന്നുവെങ്കിലും 95 ശതമാനവും ഇന്നും പദ്ധതിക്ക് പുറത്താണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഈരുനൂറോളം അതിഥി സംസ്ഥാന തൊഴിലാളികള്‍ ജോലി സ്ഥലങ്ങളില്‍ അപകടത്തില്‍ പെട്ട് മരിച്ചുവെന്നാണ് കണക്ക്. 30 ഓളം പേര്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരിച്ചിട്ടുണ്ട്.

അതിഥി സംസ്ഥാന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കാതെ പണിയെടുപ്പിക്കുന്നവരില്‍ നിന്ന് 5000 രൂപ വരെ പിഴ ഇടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടായിരുന്നെങ്കിലും നടക്കാതെ പോയി. ഇത് സംബന്ധിച്ച് ലേബര്‍ കമ്മീഷ്ണറേറ്റില്‍ നിന്ന് സര്‍ക്കാറിന് പ്രൊപ്പോസല്‍ വരെ നല്‍കിയിരുന്നു. നിര്‍മാണ തൊഴിലാളി ക്ഷേമനിധിയുടെ കീഴില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രജിസ്േട്രഷനും ക്ഷേമപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവ പ്രായോഗിക തലത്തില്‍ കാര്യക്ഷമാമാകുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രത്യേക നിയമം കൊണ്ടുവരാന്‍ നീക്കം നടന്നത്.

ആവാസിലും ആശ്വാസമില്ലാതെ ഈ അതിഥി തൊഴിലകളികള്‍
അന്യ സംസ്ഥാനതൊഴിലാളികളെന്നായിരുന്നു ആദ്യം ഇവരെ വിളിച്ചിരുന്നത്. പേരിലെ അന്യവത്കരണം ബോധ്യപ്പെട്ടിട്ടാകണം ‘ഇതരസംസ്ഥാനക്കാര്‍’ എന്ന് ഉപയോഗിച്ച് തുടങ്ങിയത്. ഒരു പടികൂടി കടന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് ഇവരെ ഇവരെ വിശേഷിപ്പിച്ചത് അതിഥി തൊഴിലാളികളെന്നാണ്. പേരുകളില്‍ മൊഞ്ചുണ്ടെങ്കിലും ഇവര്‍ക്കായുളള സാമൂഹ്യ സുരക്ഷ പദ്ധതികള്‍ അത്ര പന്തിയല്ല. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കുടിയേറ്റതൊഴിലാളികള്‍ക്കായി ലോകത്തിലെ തന്നെ ആദ്യ ആരോഗ്യ ഇന്‍ഷുറന്‍സ് സംരംഭമെന്ന അവകാശവാദത്തോടെ ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുടക്കത്തിലേ പാളി. രണ്ട് വര്‍ഷം മുന്‍പ് കേരളപ്പിറവി ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താളമേളേങ്ങാടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

സോഫറ്റ്‌വെയറും അത്യാധുനിക എന്‍ട്രോള്‍മെന്റ് സൗകര്യങ്ങളും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത്, ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ ബയോമെട്രിക് വിവരങ്ങളടക്കം ചെയ്ത കാര്‍ഡ് നല്‍കിയത്. സ്വകാര്യ ഏജന്‍സിക്കായിരുന്നു രജിട്രേഷെന്റെ സാങ്കേതിക ചുമതല. തൊഴിലാളി ക്യാമ്പുകളില്‍ സ്വകാര്യ ഏജന്‍സി പ്രതിനിധികളുമായി ഓടി നടന്ന് രജിസ്‌ട്രേഷന്‍ നടന്നു. ഉദ്യോഗസ്ഥരെ ഇരിക്കാന്‍ സാവകാശം നല്‍കാതെ ക്യാമ്പുകളിലേക്ക് പറഞ്ഞയച്ചു. ആഴ്ചതോറും കണക്കെടുപ്പും ടാര്‍ഗറ്റ് നല്‍കലുമെല്ലാമായി രംഗം കൊഴുത്തു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ഡ് നല്‍കിയതല്ലാതെ ഇന്‍ഷുറന്‍സ് ഏജന്‍സിയെ കണ്ടെത്താനാകാഞ്ഞതോടെ കാര്യങ്ങള്‍ താളം തെറ്റി. എന്‍ട്രോള്‍മെന്റ് നാലര ലക്ഷം പിന്നിട്ടെങ്കിലും ഇന്‍ഷുറന്‍സ് ഏജന്‍സിയെ കണ്ടെത്താനാകാഞ്ഞതാണ് വെല്ലുവിളിയായത്. ചികിത്സക്ക് ആശുപത്രിയിലെത്തിയാല്‍ കാര്‍ഡിന് വിലയില്ല, പകരം കാശ് നല്‍കണം. കാര്യങ്ങള്‍ കൈവിട്ടതോടെ ഇന്‍ഷുറന്‍സ് ഏതാണ്ട് നടപ്പില്ലെന്ന് സര്‍ക്കാരിനും ബോധ്യമായി. ഇതോടെയാണ് ഒരു വര്‍ഷം മുന്‍പ് ഇന്‍ഷറുന്‍സില്‍ നിന്ന് അവാസ് അഷ്വറന്‍സിലേക്ക് തന്ത്രപരമായി ചുവടുമാറ്റിയത്. തൊഴിലാളികളുടെ കൈവശം കാര്‍ഡുെണ്ടങ്കിലും സമീപ കാലത്തൊന്നും ഇന്‍ഷുറന്‍സ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കിട്ടില്ലെന്ന് ഉറപ്പായതോടെയായിരുന്നു ഈ ”ചികിത്സ ഉറപ്പാക്കല്‍” പ്രഖ്യാപനം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നാല്‍ സൗജന്യ ചികിത്സ ലഭിക്കുമെന്നത് മാത്രമാണ് ഈ അഷ്വറന്‍സിലുള്ളത്. ഇതിനാകെട്ട ലക്ഷങ്ങള്‍ ചെലവഴിച്ച് രജിസ്‌ട്രേഷനും കാര്‍ഡുമൊന്നും വേണ്ടതില്ല. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ആര്‍ക്കും സൗജന്യ ചികിത്സ ലഭിക്കുമെന്നിരിക്കെ എന്തിനാണ് കോടികള്‍ ചെലവഴിച്ചതെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ചോദിക്കാനോ പറയാനോ ആരുമില്ലാത്ത ഇവരുടെ കാര്യത്തില്‍ ഇടപെടാനും ആരും തയ്യാറല്ല. ഇന്‍ഷുറന്‍സ് ഏജന്‍സിയില്ലാത്ത സാഹചര്യത്തില്‍ ചികിത്സാ രേഖകളുമായി വരുന്നവര്‍ക്ക് അവ പരിശോധിച്ച് നിശ്ചിത തുക നല്‍കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും പ്രത്യേകം ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലാക്കി.
ആവാസ് അഷ്വറന്‍സിന്റെ കാര്യത്തിലും അനാസ്ഥ പ്രകടമാണ്. ആളെ ചേര്‍ക്കലും കാര്‍ഡ് നല്‍കലുമെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ ഏതാണ്ട് നിലച്ച മട്ടാണ്. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി കൊണ്ട് തൊഴിലാളികള്‍ക്കും കാര്യമായ ഗുണം കിട്ടുന്നില്ലെന്നാണ് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്. ഫലത്തില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തതിന്റെ ഏഴയലത്ത് പോലും കാര്യങ്ങളെത്തിയില്ലെന്ന് വ്യക്തം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757