editorial

വംശീയത തുടര്‍ക്കഥയാകുന്ന മോദിയുടെ രണ്ടാമൂഴം – എഡിറ്റോറിയല്‍

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തില്‍ പിന്തുണച്ചവരേയും എതിര്‍ത്തവരേയുമെല്ലാം ഒന്നിച്ച് ചേര്‍ത്ത് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. മോദിയുടെയും കൂട്ടരുടെയും മുന്‍കാല പ്രവര്‍ത്തികളറിയാവുന്ന ആരും ഇത് മുഖവിലക്കെടുക്കാന്‍ സാധ്യതയില്ല. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഴയപടി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്ന വ്യാജേനെയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. ബൈക്ക് മോഷണം ആരോപിച്ച് തബ്രിസ് അന്‍സാരി എന്ന ചെറുപ്പക്കാരനെ കെട്ടിയിട്ട് ജയ് ശ്രീറാം വിളിക്കണമെന്ന് ആക്രോശിച്ച് തല്ലി കൊലപ്പെടുത്തി. പിന്നാലെ, ജയ് ശ്രീറാം വിളിക്കാത്തതിന് പശ്ചിമബംഗാളില്‍ മദ്റസാ അധ്യാപകനായ ഹഫീസ് മുഹമ്മദ് ഷാരൂഖ് ഹല്‍ദാറായെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. കാസര്‍കോഡ് പശുക്കടത്ത് ആരോപിച്ച് പിക്അപ് വാനും പശുക്കളേയും സംഘ്പരിവാര്‍ ഗുണ്ടാ സംഘങ്ങള്‍ തട്ടിക്കൊണ്ട് പോയി. വേറേയും നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്രണോന്മുഖ ഫാസിസം ശക്തമായി തുടരുന്നു എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നു.

ഭരണപരമായും കാര്യങ്ങള്‍ പോകുന്നത് ഏകാധിപത്യത്തിലേക്കും വംശീയ ഫാസിസത്തിലേക്കുമാണ്. ആദ്യത്തെ പാര്‍ലമെന്റ് സമ്മേളത്തില്‍ തന്നെ തെരെഞ്ഞെടുപ്പ് ഏകീകരണവും മുത്തലാഖ് ബില്ലുമാണ് ചര്‍ച്ചക്ക് വന്നത് തന്നെ. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനോട് പണ്ടേ തന്നെ സംഘ്പരിവാറിന് കലിയാണ്. നമ്മുടെ ഭരണഘടന സംസ്ഥാനങ്ങളെ പ്രവിശ്യകളായല്ല സ്റ്റേറ്റായാണ് പരിഗണിച്ചത്. ഒറ്റ രാജ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും സ്വതന്ത്രമായ അധികാരങ്ങള്‍ വകവെച്ചുകൊടുക്കുന്ന സംസ്ഥാനങ്ങളാണ് ഭരണഘടന വിഭാവന ചെയ്തത്. ബഹുമത-ബഹുഭാഷാ സംസ്‌കാരങ്ങളുടെ വൈവിധ്യം നില നിര്‍ത്തി രാജ്യത്തെ ആഭ്യന്തര സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് ഈ രീതി സ്വീകരിച്ചത്. അതിനു വിപരീതമായി ഏകശിലാ സംസ്‌കാരവും ഏകഭാഷയും അടിച്ചേല്‍പ്പിക്കുക എന്ന സംഘ്പരിവാറിന്റെ ലക്ഷ്യത്തിന് ഈ സംവിധാനം തടസമാണ്. അതുകൊണ്ട് തന്നെ ഫെഡറലിസത്തെ തകര്‍ക്കുക എന്നത് സംഘ് അജണ്ടയാണ്.

നേരത്തേ ജി.എസ്.ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കി. എന്‍.ഐ.എ പോലെയുള്ള ഏജന്‍സികള്‍ക്ക് അധികാരങ്ങള്‍ വര്‍ധിപ്പിച്ച് നല്‍കുന്നത് സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനണ്. അതേ ലക്ഷ്യമാണ് തെരെഞ്ഞെടുപ്പ് ഏകീകരണം എന്ന വാദമുന്നയിക്കുമ്പോഴും ഉള്ളത്. ഇപ്പോള്‍ രാഷ്ട്രീയമായി തുടരുന്ന ആധിപത്യവും ഭരണ സംവിധാനങ്ങളെ വരുതിയലാക്കിയതും ഉപയോഗിച്ച് രാജ്യം മുഴുക്കെ തങ്ങളുടെ സമഗ്രാധിപത്യം അടിച്ചേല്‍പിക്കാനുള്ള വഴിയായാണ് തെരഞ്ഞെടുപ്പ് ഏകീകരണത്തെ സംഘ്പരിവാര്‍ കാണുന്നത്. അതിന് തടയിട്ടേ മതിയാകൂ. രാജ്യത്ത് നില നില്‍ക്കുന്ന രീതിയില്‍ തന്നെ തെരെഞ്ഞെടുപ്പ് തുടരണം. വരുത്തേണ്ട മാറ്റം തെരെഞ്ഞെടുപ്പ് ഏകീകരണമല്ല. ഇ.വി.എം സംവിധാനം മാറ്റി പേപ്പര്‍ ബാലറ്റ് കൊണ്ട് വരുക എന്നതാണ്. ഇത്തരം സമഗ്രാധിപത്യ സമീപനങ്ങളേയും വംശീയ ഫാസിസത്തേയും ദുര്‍ബലമായതും ഭിന്നിച്ചതുമായ ശബ്ദങ്ങള്‍ കൊണ്ട് നേരിടാനാവില്ല. പാര്‍ലമെന്റ് അടക്കമുള്ള വേദികള്‍ പ്രതിപക്ഷം ഉപയോഗിക്കണം. ജനാധിപത്യ പ്രക്ഷോഭങ്ങളല്ലാതെ രാജ്യത്തിന് മുന്നില്‍ മറ്റു വഴികളില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757