Opinion

മോട്ടോര്‍ വാഹന മേഖലയെ സര്‍വ നാശത്തിലേക്ക് നയിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി – തസ് ലിം മമ്പാട്

 

നമ്മുടെ രാജ്യത്തെ റോഡുകളില്‍ മനുഷ്യജീവന് സുരക്ഷയില്ലെന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ 223 വകുപ്പുകളില്‍ 69 ഭേദഗതികളും 27 കൂട്ടിച്ചേര്‍ക്കലുകളും, ഒഴിവാക്കപ്പെടുന്ന 6 വകുപ്പുകളും കൂട്ടിച്ചേര്‍ത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് നിയമ പരിഷ്‌ക്കരണത്തിനുള്ള നടപടികള്‍ തുടങ്ങിയത്. ശക്തമായപ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ പരിഷ്‌ക്കരിക്കുന്ന നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജസ്ഥാന്‍ ഗതാഗതവകുപ്പ് മന്ത്രി യൂനുസ് ഖാന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയുണ്ടായി. പൊതുവില്‍ നിയമ പരിഷ്‌ക്കരണത്തെ സ്വാഗതം ചെയ്ത കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും സര്‍ക്കാരിന് സ്വീകാര്യമായില്ല. തുടര്‍ന്ന് ചില ഭേദഗതികളോടെ 2016 ആഗസ്റ്റില്‍ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ബില്ല് പരിശോധിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്റ്ിങ് കമ്മിറ്റിയെ നിയോഗിച്ചു. 2017 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ആ റിപ്പോര്‍ട്ടും നിരാകരിച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ച് ഗവണ്മെന്റ് പാസ്സാക്കിയത്. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ തന്നെ നിയമഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതിയിരുന്നത്. പക്ഷേ, അനുകൂലമായ സാഹചര്യം ഒത്തുവരാത്തതിനെ തുടര്‍ന്നാണിപ്പോള്‍ വര്‍ഷകാല സമ്മേളനത്തിലേക്ക് മാറ്റിവെക്കപ്പെട്ടിട്ടുള്ളത്. ആഗോളവല്‍ക്കരണത്തിന് അനുകൂലമായി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമവായത്തെ ഉപയോഗപ്പെടുത്തി ബില്‍ അംഗീകരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിര്‍ദിഷ്ട നിയമത്തിന്റെ കരട് ബില്ലിലൂടെ കടന്നുപോയാല്‍ ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളാണ് തൊഴില്‍ രഹിതരാകാന്‍ പോകുന്നത്. വിവിധ മേഖലകളില്‍ ഇതുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിക്കാം.

സംസ്ഥാന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇല്ലാതാക്കാനുള്ള നിര്‍ദേശം
സംസ്ഥാന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു തന്നെ ഇല്ലാതാക്കാനുള്ള നിര്‍ദേശം നിര്‍ദിഷ്ട നിയമഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ഇനത്തിലുള്ള ഫീസുകള്‍ ഈടാക്കാനും പിഴ ഈടാക്കാനുമുള്ള അവകാശവും സംസ്ഥാന ഗതാഗത വകുപ്പില്‍ നിന്നും എടുത്തു മാറ്റിയിട്ടുമുണ്ട്. പകരം കേന്ദ്രം നിശ്ചയിക്കുന്ന ഒരു അതോറിറ്റിയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ മേഖലയിലെ നിയന്ത്രണം നഷ്ടപ്പെടുക മാത്രമല്ല ഈ മേഖലയില്‍ നിന്നുള്ള വരുമാനവും നഷ്ടപ്പെടും. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വരുമാന സ്രോതസ്സും അതോടെ അടയുകയാണ്. ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ പതിനായിരങ്ങളാണ് തെരുവിലേക്കെറിയപ്പെടുക.

ലൈസന്‍സുകള്‍ നല്‍കുന്ന സംവിധാനത്തിന് പുതിയ ഭേദഗതി വഴി മാറ്റം വരികയാണ്. 1988 ലെ നിയമപ്രകാരം ലൈസന്‍സിന് അപേക്ഷിക്കുന്ന അപേക്ഷകന് നിശ്ചിത ദിവസം ഹാജരായി വാഹനവകുപ്പ് നടത്തുന്ന പ്രാഥമിക പരീക്ഷ ജയിച്ചാല്‍ മാത്രമേ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുകയുള്ളു. ഇതുമാറ്റി പകരം കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ലൈസന്‍സിംഗ് അതോറിറ്റി ഇലക്‌ട്രോണിക്് സംവിധാനം വഴി ലേണേഴ്‌സ് ലൈസന്‍സ് അനുവദിക്കും. നെറ്റ് വര്‍ക്ക് സേവനദാതാക്കളായ കുത്തകകള്‍ക്കും ഇതുവഴി വന്‍ വരുമാനം ലഭിക്കുകയാണ്. വാഹനങ്ങളുടെ രജിസ്‌ട്രേഷന് രജിസ്റ്ററിംഗ് അതോറിററി രൂപീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വാഹന വ്യാപാരികളാണ് ഈ അതോറിറ്റിയില്‍ ഭൂരിപക്ഷവും. ഇവരാകട്ടെ വാഹന നിര്‍മാതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാകും പ്രവര്‍ത്തിക്കുക എന്നത് ഉറപ്പാണ്.

ഓട്ടോ-ടാക്‌സി മേഖല
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കെതിരെ പരമ്പരാഗത ഓട്ടോ ടാക്‌സി തൊഴിലാളികള്‍ വലിയ പ്രക്ഷോഭത്തിന്റെയും സമരത്തിന്റെയും പാതയിലാണ്. നിലവിലുള്ള മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാന ഗതാഗതവകുപ്പിന്റെ അനുമതി പത്രമില്ലാതെ യാത്രക്കാര്‍ക്കുവേണ്ടി ഏതൊരു ഇടനിലക്കാരനും യാത്രാവാഹനങ്ങളുടെ ഇന്റര്‍മീഡിയറി (ഇടനിലക്കാരന്‍) യായി പ്രവര്‍ത്തിക്കാനാവുകയില്ല. എന്നാല്‍ പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ നിര്‍ദിഷ്ട നിയമത്തിന്റെ വകുപ്പ് 93 പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് അഗ്രഗേറ്റഴ്‌സിന് (വന്‍കിട വാഹന ഉടമകള്‍) നിയമപരമായ അംഗീകാരം നല്‍കിയതിലൂടെ യൂബര്‍, ഓല തുടങ്ങിയ മുഴുവന്‍ ഓണ്‍ലൈന്‍ സര്‍വീസുകളും ഇനിമുതല്‍ നിയമവിധേയ സേവന ദാതാക്കളായി മാറുകയാണ്. ഇപ്പോള്‍തന്നെ ഇന്ത്യന്‍ നഗരനിരത്തുകള്‍ കൈയടക്കിയിരിക്കുന്ന ബഹുരാഷ്ട്രകുത്തക ഓണ്‍ലൈന്‍ ക്യാബുകള്‍ വരുംദിനങ്ങളില്‍ രാജ്യത്തെ വികസ്വര ഗ്രാമനിരത്തുകള്‍ കൂടി കൈയടക്കുകയായിരിക്കും ഫലം. അതോടെ ഇപ്പോള്‍ നിലനില്‍പ്പിനായി പൊരുതുന്ന ഇന്ത്യയിലെ പരമ്പരാഗത ഓട്ടോടാക്‌സി തൊഴിലാളികളുടെ ജീവിതം ഒന്നുകൂടി പരിതാപകരമാകും.

പൊതുഗതാഗത രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകള്‍ ദുര്‍ബലമാക്കുന്നതും എന്നാല്‍ സ്വകാര്യ കുത്തകകള്‍ക്ക് അതിവേഗം ചുവട് ഉറപ്പിക്കുവാന്‍ ആകുംവിധമാണ് രാജ്യത്തെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും മറ്റുമുള്ള പെര്‍മിറ്റ് നിബന്ധനകള്‍ ഉദാരവത്കരിച്ചതിലൂടെ നോക്കികാണാനാവുക. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സികളുടെയും, ഓട്ടോകളുടെയും നിരക്ക് നിശ്ചയിക്കുന്നത് അതാത് കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മോട്ടോര്‍ മേഖലയിലെ കമീഷനുകളോ, നാറ്റ്പാക് പോലുള്ള സംവിധാനങ്ങളോ ആണ്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷംവരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകും. യൂബറിന്റെ നിരക്ക് ഓരോ ദിവസവും അവര്‍ നിശ്ചയിക്കും. സാധാരണഗതിയില്‍ ടാക്‌സി നിരക്കിനേക്കാള്‍ വളരെ താഴ്ന്ന നിരക്കാണെങ്കിലും തിരക്കുള്ള ദിവസങ്ങളിലും, സന്ദര്‍ഭങ്ങളിലും, ആഘോഷവേളകളിലും രണ്ടും മൂന്നും ഇരട്ടി വരെ ഇവര്‍ ഈടാക്കുന്നുണ്ട്. മേഖല അവര്‍ കയ്യടക്കിയതോടെ വര്‍ഷങ്ങളായി ഈ രംഗത്ത് പണിയെടുക്കുന്ന ടാക്‌സി-ഓട്ടോ തൊഴിലാളികളാണ് വഴിയാധാരമായിക്കൊണ്ടിരിക്കുന്നത്.

ഒരു ദിവസം 100 കിലോമീറ്റര്‍ ഓടുന്ന വണ്ടിക്ക് അഞ്ച് ലിറ്റര്‍ ഡീസല്‍ വേണം. പ്രതിവര്‍ഷം വിലവര്‍ധനവിന്റെ പേരില്‍ മാത്രം 30,000 രൂപയുടെ വരെ അധിക ചെലവാണ് ഒരാള്‍ക്കുണ്ടാകുന്നത്. ഓട്ടോറിക്ഷകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 2014ല്‍ 3480 രൂപയായിരുന്നത് ഇപ്പോള്‍ 8200 രൂപയായി കുത്തനെ വര്‍ധിപ്പിച്ചു. ലൈസല്‍സെടുക്കല്‍, പുതുക്കല്‍, ഫിറ്റ്‌നസ്സ് പരിശോധന തുടങ്ങിയവക്കുള്ള ചാര്‍ജുകള്‍ കുത്തനെ കൂട്ടി. ഫിറ്റ്‌നസ്സ് ടെസ്റ്റ് നടത്തുന്നതിന് താമസം വന്നാല്‍ ഒരു മാസത്തേക്ക് 100 രൂപ പിഴയീടാക്കിയിരുന്നിടത്ത് ഇപ്പോള്‍ പ്രതിദിനം 50 രൂപ വീതം ഒരു മാസത്തേക്ക് 1500 രൂപയാക്കി പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിച്ച ജീവിത സാഹചര്യത്തില്‍ ഷെയര്‍ ടാക്‌സി ഇനത്തിലോ, ഒന്നോ രണ്ടോ പേരെയോ അധികമായി കയറ്റുകയോ ചെയ്താല്‍ ഓവര്‍ലോഡിന് 5000 രൂപ വരെ പിഴ നല്‍കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. അധികമായി കയറ്റുന്ന ഓരോ ആളിനും 200 രൂപ പിഴയും നല്‍കണം. ചുരുക്കത്തില്‍ തൊഴില്‍ സാന്ദ്രമായ ഈ മേഖലയില്‍ നിന്നും തൊഴിലാളികളേയും ചെറുകിടക്കാരെയും ഒഴിവാക്കി വന്‍ കുത്തകകള്‍ക്കായി രംഗമൊരുക്കാനാണ് പുതിയ പരിഷ്‌ക്കരണം വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇത് പൊതുഗതാഗത മേഖലയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളേയും സ്വകാര്യബസ് വ്യവസായത്തേയും തകര്‍ക്കും.

മോട്ടോര്‍ വാഹനനിയമം വകുപ്പ് 66 പ്രകാരമാണ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ പെര്‍മിറ്റുകള്‍. സ്റ്റേജ് ക്യാരേജ്, ടൂറിസ്റ്റ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് എന്നിങ്ങനെ വേര്‍തിരിവുകള്‍ ഇല്ലാതെ ഏതു വാഹനത്തിനും രാജ്യത്ത് എവിടെ വേണമെങ്കിലും സര്‍വീസ് നടത്തുവാന്‍ കഴിയും വിധം പെര്‍മിറ്റുകളിലെ നിബന്ധനകള്‍ ഇല്ലാതാവുകയാണ്. ഇത് സമാന്തര സര്‍വീസുകള്‍ വ്യാപകമാകുന്നതിനും ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന ബസ് വ്യവസായം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന് ഇടവരുത്തുന്നതുമാണ്. റൂട്ട് പെര്‍മിറ്റുകളുടെ കാര്യത്തില്‍ നിലവിലുള്ള സംവിധാനം ഇല്ലാതാക്കി ലേലത്തിലൂടെ പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനുള്ള അധികാരമാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഇത് ഫലത്തില്‍ വ്യക്തിഗത വാഹന ഉടമകള്‍ക്കും ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സികള്‍ക്കും റൂട്ടുകള്‍ തരപ്പെടുത്തുന്നതിനുള്ള മത്സരത്തില്‍ യോഗ്യത നേടാന്‍ കഴിയാതെ വരികയും ഫലത്തില്‍ വന്‍കിട ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് രംഗം അടക്കി വാഴുന്നതിനുള്ള അവസരം ഒരുക്കും.

ഡ്രൈവിംഗ് സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടി വരും
ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ഏറ്റവും ആധുനികവും പണച്ചെലവേറിയതുമായിരിക്കണമെന്ന് നിര്‍ദിഷ്ട നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നുണ്ട്. ഡ്രൈവിംഗ് ടെസ്റ്റില്‍ മൂന്നു പ്രാവശ്യം പരാജയപ്പെട്ട ആള്‍ ഈ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പഠനത്തിന് വിധേയനാകണം. റീജണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളെന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ ഇനിമേല്‍ ഡ്രൈവിംഗിന് അനുമതിയുള്ളൂ. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റ് ട്രാക്കുകള്‍ (റോഡ്) ഇവര്‍ക്കുണ്ടാകണം. ഇത് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചതും (ഓട്ടോമേറ്റഡ്) ആയിരിക്കണം. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഇത്തരം സെന്ററുകള്‍ അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അതോറിറ്റി ആയിരിക്കും. വന്‍കിട കുത്തക കമ്പനികള്‍ക്ക് മാത്രമേ ഇത്തരം സെന്ററുകള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനുമാവൂ. ഇതിനു കഴിയാതെ പോകുന്ന നിലവിലുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടി വരും. വന്‍തുക മുടക്കി നടത്തുന്നതുകൊണ്ട് ലൈസന്‍സ് നേടാന്‍ വരുന്നവരില്‍ നിന്നും കനത്ത ഫീസായിരിക്കും ഇവര്‍ ഈടാക്കുക.

ചരക്കു കടത്ത് മേഖല
ട്രക്കുകള്‍ അടക്കേണ്ട ഇന്ഷുറന്‍്‌സ് പ്രീമിയം തുക 2014ല്‍ 16360 രൂപയായിരുന്നത് നാലുവര്‍ഷത്തിനിടയില്‍ 32,367 രൂപ (ഇരട്ടി) യായി വര്ധിപ്പിച്ചിരിക്കുകയാണ്. ഡീസല്‍ വിലവര്‍ധന മൂലം ഒരു വര്‍ഷം ഒരു ട്രക്കിന് 2,50,200 രൂപയുടെ അധികചെലവും വരുന്നുണ്ട്. റോഡ് ടാക്‌സും, വിവിധ ഇനത്തിലുള്ള സെസ്സുകള്‍ക്കും പുറമെ യാതൊരു നീതീകരണവുമില്ലാതെ കനത്ത ടോളും നല്‍കേണ്ടി വരുന്നുണ്ട്. തുറമുഖത്ത് ഇന്ന ഓടുന്ന 2000 വാഹനങ്ങളില്‍ 1500ഉം ഒറ്റ വണ്ടി മാത്രമുള്ള ഉടമകളുടേതാണ്. ഇന്ത്യയിലെ 80 ശതമാനം ട്രക്കുകളുടെയും ഉടമസ്ഥരും ഡ്രൈവര്‍മാരും ഒരാള്‍ തന്നെയാണ്. ഈ ചെറുകിട മേഖലയെയാണ് ടാറ്റക്കും, മഹീന്ദ്രക്കും പുറമേ അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് കൂടി നിയമത്തിലൂടെ നല്‍കുന്നത്. റോഡ് ഗതാഗത രംഗത്ത് വാഹനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള നികുതികള്‍ ദുരൂഹമാണ്. ബസ്സുകള്‍ക്കും, യാത്രാവാഹനങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടി അടക്കണം. ഇതിന് പുറമെ 15 ശതമാനം സെസ്സ് കൂടി ചുമത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടും ചേര്‍ത്ത് വാഹനത്തിന് 43 ശതമാനം നികുതിയാണ് നല്‍കേണ്ടി വരുന്നത്. ഇതുവരെ 27.8 ശതമാനം നികുതി കൊടുക്കേണ്ടി വന്ന സ്ഥാനത്താണിത്. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില കുതിച്ചുയരാന്‍ ഇത് ഇടയാക്കും. ചരക്കുകൂലിയും വര്‍ധിക്കും. പൊതുഗതാഗത സംവിധാനത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും.
കുത്തക കമ്പനികളുടെ ബ്രാന്‍ഡഡ് സ്‌പെയര്‍പാര്‍ടുകള്‍ മാത്രമേ ഇനി വില്‍ക്കാനാവൂ എന്ന നിബന്ധന നടപ്പാക്കുന്ന പക്ഷം ഭൂരിപക്ഷം സ്‌പെയര്‍പാര്‍ട് കടകളും അടച്ചു പൂട്ടപ്പെടും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റി ശുപാര്‍ശ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ മാത്രമേ വാഹനങ്ങളുടെ ബോഡികള്‍ നിര്‍മിക്കുകയും റിപ്പയര്‍ ചെയ്യാനുമാകൂ എന്ന നിബന്ധന നടപ്പാക്കുക കൂടി ചെയ്താല് പരിനായിരക്കണക്കിന് വര്‍ക്ക്‌ഷോപ്പുകളാണ് അടച്ചുപൂട്ടപ്പെടുക. ലക്ഷക്കണക്കായ തൊഴിലാളികളാണ് ഇതുവഴി തെരുവിലേക്കെറിയപ്പെടുക.

മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി നിയമം പിന്‍വലിക്കണം
ആഗോളവല്‍ക്കരണ നയങ്ങളുമായി ബന്ധപ്പെട്ട് ഭരണവര്‍ഗങ്ങള്‍ക്കിടയിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സമവായം ഒരു വലിയ വെല്ലുവിളിയാണ്. ഇതുപയോഗിച്ച് രാജ്യസഭയിലും ബില്‍ പാസ്സായാല്‍ പരിഷ്‌ക്കരിച്ച മോട്ടോര്‍ നിയമഭേദഗതിക്ക് നിയമ പ്രാബല്യം ലഭിക്കും. മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളുടെ അവകാശ അധികാരങ്ങള്‍ സംരക്ഷിക്കണമെന്നും സ്റ്റേറ്റ് ട്രാന്‌സ്‌പോര്‍ട്ട് കോര്‍പറേഷനുകളടക്കമുള്ള പൊതുഗതാഗത മേഖലയെ സംരക്ഷിക്കണമെന്നും, കുത്തകകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മേഖലയെ സംരക്ഷിക്കണമെന്നും പെട്രോളിയം മേഖലയെ ദേശസാല്‍ക്കരിക്കണമെന്നും സമഗ്രമായ ഒരു ദേശീയ റോഡ് നയവും, വാഹന നയവും പ്രഖ്യാപിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമ പരിഷ്‌ക്കരണമാണ് നടത്തേണ്ടതെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാമ്പെയിനുകളും, പ്രക്ഷോഭങ്ങളും, തുടരേണ്ടതുണ്ട്.
(എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757