Opinion

മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികളും പരിഹാരവും – മുഹമ്മദ് പൊന്നാനി

 

ഒന്‍പത് ജില്ലകളിലായി അഞ്ഞൂറ്റി അന്‍പത് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കേരളത്തിലെ തീരദേശഗ്രാമങ്ങളില്‍ ഏതാണ്ട് രണ്ടുലക്ഷം മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്നുണ്ട്. ഓരോ കിലോമീറ്ററിലും ശരാശരി 2150 ആളുകള്‍ താമസിക്കുന്നു. കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ വര്‍ഷകാലങ്ങളില്‍ വലിയ പ്രതിസന്ധിയിലാണ്. കടല്‍ഭിത്തി കെട്ടാത്തത് കൊണ്ടും കെട്ടിയ ഭിത്തി ശാസ്ത്രീയമല്ലാത്തതിനാലും കടല്‍ കയറിവന്ന് കരയെടുത്തുകൊണ്ടിരിക്കുന്നു. അങ്ങിനെയാണ് ഇന്ന് അനേകം വീടുകളും കടലിനടുത്താകുന്നത്. ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് വീടില്ല. ഉള്ള വീടുകളാകട്ടെ ഓലമേഞ്ഞ് ഒട്ടും സുരക്ഷിതമല്ല. പല സ്ഥലത്തും പട്ടയമില്ലാത്തവരാണ്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ളതാണ് കേരളത്തിന്റെ തീരദേശം. മത്സ്യബന്ധനത്തിലൂടെയും അനുബന്ധമായും ധാരാളം തൊഴിലവസരങ്ങളും അതുവഴി വളരെ ഊര്‍ജസ്വലമായ ഒരു ജീവിതാവസ്ഥയും തീരദേശ ജനതക്ക് സ്വന്തമായുണ്ട്. മലയാളികളുടെ വര്‍ധിച്ചുവരുന്ന ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിലും അവരുടെ പ്രോട്ടീന്‍സുരക്ഷ ഉറപ്പാക്കുന്നതിലും കേരളത്തിലെ മത്സ്യബന്ധന മേഖഥല വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ പാരിസ്ഥിതികവും തെറ്റായ വികസന പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി മത്സ്യ സമ്പത്ത് കുറഞ്ഞുവരികയും ഈ മേഖലകളില്‍ പണിയെടുക്കുന്നര്‍ വലിയ പ്രതിസന്ധിനേരിട്ട്‌കൊണ്ടിരിക്കുകയാണ്. കേരളാതീരം ധാരാളം മത്സ്യം ലഭിച്ചിരുന്ന പ്രദേശമായിരുന്നു. കേരളാതീരത്തു നിന്നും മുന്‍ കാലങ്ങളിലെല്ലാം ധാരാളം മത്സ്യം കയറ്റുമതി ചെയ്തിരുന്നതാണ്. ഇപ്പോള്‍ ഓരോ വര്‍ഷവും മത്സ്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു. കേരളാതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞ് വരുന്നതെന്തുകൊണ്ടാണെന്ന് പഠനം നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.

നാടന്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കുന്നതിനും കടല്‍ മത്സ്യബന്ധനം ഉത്തരവാദിത്തപരമായി ചിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. വിദേശകപ്പലുകളുടെ കടന്നുവരവും ഇവിടെത്തന്നെയുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ നശിച്ചുപോകുന്ന തരത്തിലുള്ള മത്സ്യപിടുത്തവും വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍ പിടുത്തവും രാത്രികാലങ്ങളിലെ മത്സ്യബന്ധനവും നമ്മുടെ കടല്‍തീരങ്ങളില്‍ നിന്ന് മത്സ്യലഭ്യത കുറയാനിടയാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ വിശദമായ പഠനം നടത്താനും അനിയന്ത്രിത മത്സ്യബന്ധനത്തിനറുതി വരുത്താനും ശ്രമിച്ചിരുന്നെങ്കില്‍ മത്സ്യലഭ്യതയുടെ കുറവ് പരിഹരിക്കാന്‍ കുറെയൊക്കെ സാധിക്കുമായിരുന്നു. തീരപ്രദേശങ്ങളില്‍ നിന്നും കരിമണല്‍ കടത്തുന്നതും മത്സ്യ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നമ്മുടെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളോട് കടലിറങ്ങരുതെന്നും ജോലിക്ക് പോകരുതെന്നുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ കാലാവസ്ഥാ നിരീക്ഷകര്‍ പുറപ്പെടുവിക്കുമ്പോഴും വിദേശകപ്പലുകളിലും ഇതരസംസ്ഥാനത്തു നിന്നുള്ള ബോട്ടുകളിലൂടെയും നമ്മുടെ തീരങ്ങളില്‍ മത്സ്യബന്ധനം യധേഷ്ടം നടക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ കേരളത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ ഇന്ന് ധാരാളം മത്സ്യങ്ങള്‍ ലഭ്യമാവുന്നത്. മുന്‍ കാലങ്ങളില്‍ നമ്മുടെ തീരപ്രദേശങ്ങളില്‍ ഇടക്കിടെ ചാകരയുണ്ടാവാറുണ്ടായിരുന്നു. ഏതെങ്കിലും ഒരുതരം മത്സ്യം യധേഷ്ടം കിട്ടും. അന്ന് തീരത്ത് ഉത്സവപ്രതീതിയായിരുക്കും. ഇത്തരം സാഹചര്യങ്ങള്‍ കഴിഞ്ഞ കുറെകാലമായി നമ്മുടെ തീരപ്രദേശങ്ങള്‍ക്ക് അന്യമാണ്. മത്സ്യലഭ്യതയില്‍ കുറവ് വന്നതോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വള്ളങ്ങളും ബോട്ടുകളും ഇപ്പോള്‍ നഷ്ടത്തിലാണ്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഈ മേഖലയിലെ ഉല്‍പന്നങ്ങള്‍ക്ക് വിലയേറി. ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധനവും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഹരമായി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫണ്ടുകള്‍ പലതും വകയിരുത്തുന്നുണ്ടെങ്കിലും ഇതിന്റെ ഗുണം തൊഴിലാളികളിലേക്കെത്തുന്നില്ല. 2004 ലെ സുനാമി കാലത്ത് കോടികളുടെ ഫണ്ടാണ് സര്‍ക്കാര്‍ ശേഖരിച്ചത്. സുനാമി തിരമാലകളുടെ പ്രവാഹത്തില്‍ വീടും ഉറ്റവരെയും നഷ്ടപ്പെട്ടവരിലേറെ പേര്‍ക്കും ഈ ഫണ്ടുകൊണ്ട് പ്രയോജനമുണ്ടായില്ല. തീരം കാക്കാന്‍ ഭിത്തികെട്ടാനോ എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനോ അല്ലാ ഈ ഫണ്ട് ചെലവഴിച്ചത്.

പ്രകൃതി ദുരന്തങ്ങള്‍മൂലം വലിയനഷ്ടങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2017 ഡിസംബര്‍ ഒന്നിന്ന് കേരളാ തീരത്തുണ്ടായ ഓഖി ചുഴലിക്കാറ്റില്‍ കോടികളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. ദുരന്തമുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും സര്‍ക്കാരുകളും വീഴ്ചവരുത്തിയത് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്തു. ഓഖിദുരന്തത്തിന്റെ ശേഷമുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ നിരീക്ഷകരുടെ ഭാഗത്തുനിന്ന് ആശങ്കാജനകമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ മുന്നറിയിപ്പുകളും നല്‍കിയിരുന്നതിനാല്‍ ഒന്നര വര്‍ഷം കൊണ്ട് 165 ദിവസങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ദുരന്ത നിവാരണ അതോറിറ്റിയുണ്ടെങ്കിലും യഥാസമയം യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നില്ല എന്നത് പരക്കെയുള്ള ആക്ഷേപമാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയതോതില്‍ വിദേശനാണ്യം നേടിത്തരുന്നതും അനേകലക്ഷം ജനങ്ങള്‍ ഉപജീവനം നടത്തുന്നതുമായ വലിയൊരു മേഖലയെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. കേന്ദ്രവും കേരളവും കൃത്യമായി തീരപ്രദേശത്തെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാരം കണ്ടെത്തി അവ നടപ്പാക്കുന്നതില്‍ പ്രത്യേക താല്പര്യമെടുക്കുകയും ചെയ്താല്‍ നമ്മുടെ തീരപ്രദേശങ്ങളെ വലിയ വരുമാന സ്രോതസാക്കി മാറ്റിയെടുക്കാനാവും.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി സൈക്കിളുകളോ പുസ്തകങ്ങളോ വാങ്ങിക്കൊടുക്കുന്നതില്‍ പരിമിതമാവുകയാണ്. ഫിഷറീസ് സ്‌കൂളുകള്‍ പലതും പ്രവര്‍ത്തന രഹിതമാണ്. കടലില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ടത്ര സുരക്ഷിതത്വമില്ല. വിദേശകപ്പലുകളില്‍ നിന്നും മറ്റും പലപ്പോഴും ആക്രമണങ്ങളുണ്ടാകുന്നു. ആപല്‍ഘട്ടങ്ങളില്‍ തീരവുമായും സുരക്ഷാ ജീവനക്കാരുമായും ബന്ധപ്പെടാന്‍ മതിയായ ആശയവിനിമയ സംവിധാനങ്ങളൊരുക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലെസ്സ് സംവിധാനമുണ്ടാകണം. തീരപ്രദേശങ്ങളില്‍ സദാസമയവും കോസ്റ്റല്‍ പോലീസിന്റെ സാന്നിധ്യമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. മുന്‍കാലങ്ങളിലൊക്കെ മത്സ്യത്തൊഴിലാളികള്‍ സംഘടിതരായിരുന്നു. അനേകം സമരങ്ങള്‍ നടത്തി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നേടിയെടുക്കുന്നതിലും ഈ സംഘടിതബോധത്തിന്റെ പ്രതിഫലനം കാണാനായിട്ടുണ്ട്. എന്നാല്‍, ഇന്ന് ഈ രംഗത്തെ പല സമരങ്ങളും തൊഴിലാളി യൂണിയനുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അരംഭിച്ചതോടെ വലിയതുറ, പൂന്തുറ, ചെറിയതുറ, അഞ്ചുതെങ്ങ് തുടങ്ങിയ മേഖലകളില്‍ തീരങ്ങള്‍ നഷ്ടപ്പെടുകയും മത്സ്യബന്ധന ബോട്ടിറക്കാന്‍ പറ്റാത്ത സ്ഥിതിയിലുമായി. മത്സ്യത്തൊഴിലാളികള്‍, തങ്ങള്‍ താമസിച്ചിരുന്ന ആവാസകേന്ദ്രങ്ങളില്‍ നിന്നും താമസം ഫ്‌ളാറ്റുകളിലേക്ക് മാറുന്നതോടെ അവരുടെ മാനസിക-തൊഴില്‍ മേഖലകളിലുണ്ടാവുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും പഠന വിധേയമാക്കണം. 200 മീറ്റര്‍ അകലങ്ങളിലേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ പാടുള്ളൂ എന്ന ുകയുള്ളൂ പാടുള്ളൂ എന്ന നിയമം കേന്ദ്രസര്‍ക്കാര്‍ തിരുത്തി 50 മീറ്റര്‍ ആക്കി ചുരുക്കി. ദഞഇ നിയമം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ഇതിലൂടെ തീരദേശത്ത് കെട്ടിട നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും തീരദേശ മേഖല ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനുമുള്ള ബന്ധപ്പെട്ടവരുടെ നീക്കം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഫ്‌ളാറ്റിലേക്ക് മാറ്റി തീരം കൈവശപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് കടല്‍ത്തീരം വിഴുങ്ങുവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളാതീരത്തെയും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്താന്‍ ഈ മേഖലയിലെ തൊഴിലാളികളുടെ സംഘാടനം ശക്തിപ്പെടണം. രാഷ്ട്രീയ വൈരം മറന്ന് സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉണ്ടാകണം.
(ആള്‍ കേരളാ മത്സ്യത്തൊഴിലാളി യൂണിയന്‍ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757