Opinionzero hour

പ്രാര്‍ഥിക്കാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല – ചാക്യാര്‍

 

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ദൈവകോപമുണ്ടാകുമോയെന്നറിയില്ല. ദൈവകോപമുണ്ടാകണമെങ്കിലും ഒരു തരിമ്പെങ്കിലും ദൈവ വിശ്വാസമുണ്ടാകണമല്ലോ. ദൈവം സഹായിച്ച് ആ കൂരുത്തം അവര്‍ക്കില്ല. കലികാലം, ശനിദശ തുടങ്ങിയ വാക്കുകളിലും അവര്‍ക്ക് വിശ്വാസമുണ്ടാകാനിടയില്ല. കമ്യൂണിസ്റ്റുകള്‍ പക്ഷേ, മാര്‍ക്‌സില്‍ അടിയുറച്ചുവിശ്വസിക്കുന്നവരാണ്. അതിനാല്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാസത്തെ നമുക്ക് ‘മാര്‍ക്‌സ് കോപം’ എന്നു വിളിക്കാം. സൈബര്‍ സഖാക്കള്‍ക്ക് ഇനി പാവം ചാക്യാരോട് ശുണ്ഠി വേണ്ട. അല്ലെങ്കിലും അങ്ങാടിയില്‍ തോറ്റതിന് ചാക്യാരോട് കുതിരകയറിയിട്ട് കാര്യവുമില്ല. തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളെ പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കാതെ പ്രായോഗികമായി അംഗീകരിക്കലാണ് ആരോഗ്യത്തിന് നല്ലത്. എ.കെ.ജി സെന്ററില്‍ സെക്രട്ടേറിയറ്റ് യോഗമെന്ന യാഗം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണല്ലോ. കളം വരക്കലും കവിടി നിരത്തലും ഉടന്‍ തന്നെ പോളിറ്റ് ബ്യൂറോയിലും അരങ്ങേറും. എന്നാലും സിദ്ധാന്തവാശിയാല്‍ കാരണം കണ്ടെത്താനാവുകയില്ലയെന്നതാണ് സങ്കടം.

എല്ലാം ശരിയാക്കിത്തരാമെന്ന പരസ്യവാചകത്തോടെയാണല്ലോ ഇടതുപക്ഷം കേരളത്തില്‍ വോട്ടുപിടിച്ചത്. ആ ശരിയാക്കല്‍ ഇപ്രകാരമായിരിക്കുമെന്ന് പാവം ജനങ്ങള്‍ സ്വപ്‌നേപി നിനച്ചുകാണില്ല. വി.എസിനെ കാണിച്ച് പിണറായി വോട്ടു പിടിച്ചെന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും അങ്ങാടിപാട്ടാണ്. പാവം പിണറായിയും പാര്‍ട്ടി സെക്രട്ടറിയായി കുറേ കാലം കയിലു കുത്തിയതല്ലെ. ഒന്നു ഭരിച്ചുനോക്കട്ടെയെന്ന് എല്ലാവരേയും പോലെ ചാക്യാരും വിചാരിച്ചുപോയി. അതൊരു തെറ്റാണോ. അല്ല. പക്ഷേ, ഭരണം തലകീഴ്മറിഞ്ഞതുപോലെയായതാണ് പിന്നീടുണ്ടായ ദുരന്തം. മുഖ്യമന്ത്രിയുടെ തലക്കനത്താല്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ലയെന്നതാണ് അനന്തപുരിയിലെ അടക്കിപ്പിടിച്ച സംസാരം. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി ഒരു അഭിപ്രായം പറയും. ചുറ്റുമിരിക്കുന്ന ബഹുമാന്യ സഖാക്കള്‍ ക,മ യെന്നൊരക്ഷരം മറുത്തുപറയില്ല. അതു തീരുമാനമായി സംസ്ഥാനകമ്മിറ്റി പ്രമേയം പാസാക്കും. ചിലപ്പോള്‍ പോളിറ്റ് ബ്യൂറോയും അതിന് തലകുലുക്കും. മന്ത്രിസഭായോഗത്തിലാണെങ്കിലും സ്ഥിതി തഥൈവ. അടിയന്തിരാവസ്ഥയുടെ അന്തരീക്ഷം. മറുത്തുചോദ്യമുയര്‍ത്താന്‍ ഘടകകക്ഷി മന്ത്രിമാര്‍ക്ക് പോലും നാവു പൊങ്ങില്ല. മുന്‍പൊക്കെ മന്ത്രിസഭായോഗങ്ങള്‍ പത്രക്കാര്‍ക്ക് മുന്നില്‍ വിശദീകരിക്കുമ്പോള്‍ അവരെങ്കിലും നാലു ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അവരോട് കടക്ക് പുറത്ത് എന്ന ആക്രോശശൈലി സ്വീകരിച്ചതോടെ തെറ്റുതിരുത്തലിന്റെ ആ സാധ്യതയും ഇല്ലാതായി. ഭരിക്കുന്നതെന്താ സര്‍ സിപിയാണോയെന്ന് ചാക്യാര്‍ ചോദിച്ചപ്പോള്‍ സഖാക്കളുടെ സമനില തെറ്റിയിരുന്നു. എന്നിട്ടിപ്പോ എന്തായി. ചോദ്യമുന്നയിക്കാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരങ്ങോട് മുതലാക്കി. പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിപാളീസായി. അതിനിടയിലാണ് ഇപ്പോള്‍ കൂനിന്‍മേല്‍ കുരുവെന്ന കണക്കെ പാര്‍ടിക്കാരനായ പ്രവാസി, പാര്‍ട്ടിക്ക് സര്‍വാധിപത്യമുള്ള ആന്തൂരില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. ഉദ്യാഗസ്ഥരുടെപേരില്‍ കുറ്റം ചാര്‍ത്തി മുഖം രക്ഷിക്കാന്‍ സഖാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴും ഉദ്യാഗസ്ഥരാണോ കേരളം ഭരിക്കുന്നതെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. പിന്നെയും മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ അരുമമകന്‍ ബിനോയിയുടെ പുതിയ പഴയ മരുമകളെകുറിച്ചും പേരക്കുട്ടിയെകുറിച്ചുമുള്ള വാര്‍ത്തകള്‍ പെരുമഴയായി കേരളത്തില്‍ തിമിര്‍ത്തുപെയ്യുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കൊടിയേരിയെപോലെ ചാക്യാര്‍ക്കും പറയാനുള്ളത്. കൊടിയോരിയോട് വിയോജിച്ചുകൊണ്ട് ഒരു പ്രാര്‍ഥന നടത്താനും ചാക്യാര്‍ക്ക് പദ്ധതിയുണ്ട്. പാവം പാര്‍ട്ടിയെ പടച്ചോന്‍ രക്ഷിക്കട്ടെ.

134 വര്‍ഷത്തെ ചരിത്രമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയും ചരിത്രപരമായ വെല്ലുവിളിയെ നേരിടുകയാണിപ്പോള്‍. പാര്‍ട്ടി അധ്യക്ഷനെ കാണ്‍മാനില്ലായെന്ന പരസ്യം തയ്യാറാക്കുകയാണ് എ.ഐ.സി.സി ആസ്ഥാനം. തെരഞ്ഞെടുപ്പ് പരാജയം തന്നെയാണ് അവിടെയും പ്രശ്‌നം. ചരിത്രത്തിലാദ്യമായാണത്രെ പാര്‍ട്ടി അധ്യക്ഷന്‍ ഒപ്പ് ചാര്‍ത്താത്ത ഒരു കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാപ്പീസില്‍ നിന്നും നല്‍കിയത്. കുറേ കടല്‍ക്കിഴവന്‍മാരുടെ തലതിരിഞ്ഞ നടപടികളാണ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നാണ് രാഹുലിന്റെ പക്ഷം. പ്രധാനമന്ത്രിയാകാന്‍ പാടുപെട്ട പാവത്തിന് പ്രതിപക്ഷനേതാവാകാന്‍ പോലും കഴിയാത്തതിന്റെ മനക്ലേശത്തിലാണ് ഇപ്പോള്‍. വയനാട്ടില്‍ നിന്നും അദ്ധേഹത്തെ മല്‍സരിപ്പിച്ചതിന്റെ ക്രഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് അവകാശപ്പെടാവുന്നതാണ്. അല്ലെങ്കില്‍ പാവത്തിന് ലോക്‌സഭ കാണാനുള്ള ഭാഗ്യം പോലുമുണ്ടാകില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേരേ ടൂറ് പോയ അദ്ധേഹം അതിനാല്‍ തന്നെ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനാണ് പാര്‍ലമെന്റിലെത്തിയത്. അത് കഴിഞ്ഞുപോയിട്ട് പിന്നിടിതുവരെ ആരും അദ്ധേഹത്തെ കണ്ടിട്ടില്ല. സോണിയക്കും പ്രിയങ്കക്കുപോലും അദ്ധേഹം എവിടെയാണെന്നറിയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തല്‍ക്കാലം വയനാടിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കാമെന്നാണത്രെ അദ്ധേഹത്തിന്റെ പക്ഷം. അടുത്തുതന്നെ പത്രങ്ങളില്‍ ഒരു പരസ്യം പ്രതീക്ഷിക്കാം. 134 വര്‍ഷം പാരമ്പര്യമുള്ള ജനാധിപത്യസോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് സുമുഖനും സുന്ദരനും ചുറുചുറുക്കുമുള്ള ഒരു അധ്യക്ഷനെ ആവശ്യമുണ്ട്. ലക്ഷണമൊത്ത് ഒരുത്തനെ അവര്‍ക്ക് ലഭിക്കട്ടെയെന്നാണ് വിനീതമായ കൂപ്പുകൈ.

ചാക്യാരുടെ നോട്ടത്തില്‍ മോദിക്കും ബി.ജെ.പിക്കും മാത്രമാണ് ഇപ്പോള്‍ നല്ലകാലം. ഹിന്ദി ബെല്‍റ്റില്‍ വോട്ടിംഗ് യന്ത്രം പോലും പോള്‍ ചെയ്ത വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് താമരക്ക് ചാര്‍ത്തി നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കാണുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ പോലും ഞെട്ടിത്തരിച്ചിരിക്കയാണ്. ബാലറ്റിലേക്ക് മടക്കം എന്ന പ്രസ്ഥാനം, സ്വാതന്ത്യസമരകാഹളം പോലെ ഉയരണമെന്നാണ് രാജ്യസ്‌നേഹികളാവശ്യപ്പെടുന്നത്. രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അധികാരമത്തിന്റെ കാര്‍മേഘങ്ങളാല്‍ നാട് കൂടുതല്‍ കൂടതല്‍ ഇരുട്ടിലാവുകയാണ്. പ്രാര്‍ഥിക്കാതിരിക്കാന്‍ ചാക്യാര്‍ക്ക് കാരണങ്ങളൊന്നുമില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757