Opinion

പാസ്മാര്‍ക്ക് പോലുമില്ലാത്ത പ്രോഗസ്സ് റിപ്പോര്‍ട്ട് – എസ്.എ അജിംസ്

 

പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രകാരം ഓരോ വര്‍ഷവും പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വന്തം പ്രകടനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച്ച സാഹചര്യത്തില്‍ മൂന്നാം കൊല്ലത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യവുമുണ്ട്. ആദ്യ രണ്ട് കൊല്ലം സാധിക്കാതിരുന്ന കാര്യങ്ങള്‍ സാധിക്കാന്‍ മൂന്നാം വര്‍ഷം ശ്രമിക്കും. എന്ന് മാത്രമല്ല, കഴിഞ്ഞുപോയ അത്ര വര്‍ഷങ്ങള്‍ സര്‍ക്കാരിന് ബാക്കിയുമില്ല.

ഈ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമഗ്രമായിരുന്നു. ഒട്ടുമിക്ക മേഖലയെക്കുറിച്ചും പ്രതിപാദിക്കുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ പലതും നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് കാണിക്കുന്നത് സര്‍ക്കാര്‍ പാസ്മാര്‍ക്ക് പോലും നേടിയിട്ടില്ല എന്നാണ്. അതിന് കാരണം, സര്‍ക്കാര്‍ ചെയ്ത നിരവധി കാര്യങ്ങളുള്ളപ്പോള്‍ തന്നെ, നിര്‍ണായകമായ ചില മേഖലകളെ കുറിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു എന്നാണ് മനസിലാവുന്നത്്. ഇതിനര്‍ഥം, ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും തോറ്റമ്പിയെന്നുമല്ല. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സാധാരണയായി ശ്രദ്ധ പതിപ്പിക്കാറുള്ള പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, പരമ്പരഗാത വ്യവസായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നീ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍, മേല്‍ സൂചിപ്പിച്ച നിര്‍ണായകമായ ചില മൗനങ്ങളാണ് ഈ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ പിണറായി സര്‍ക്കാരിന്റെ തോല്‍വിയാക്കി മാറ്റുന്നത്.

ആഭ്യന്തരം
പിണറായി വിജയന്‍ സര്‍ക്കാരിന് തുടക്കം മുതല്‍ ഏറ്റവമധികം ചീത്തപ്പേര് കേള്‍പ്പിച്ച വകുപ്പാണ് മുഖ്യമന്ത്രിയുടെ കീഴില്‍ തന്നെയുള്ള ആഭ്യന്തരം. തുടക്കത്തില്‍ രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവാക്കിയതില്‍ തുടങ്ങി കല്ലുകടി. സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ ഡി.ജി.പിയാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയതു മുതല്‍ ആഭ്യന്തരവകുപ്പില്‍ പിണറായി വിജയന് തിരിച്ചടികളാണ്. അധികാരമേറ്റ തൊട്ടടുത്ത മാസമാണ് സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ ദലിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന ആരോപണമുയര്‍ന്നത്. പാര്‍ട്ടി ഓഫീസിലെത്തി യുവതികള്‍ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന സി.പി.എമ്മിന്റെ പരാതിയിലായിരുന്നു ഈ നടപടി. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ പൊലീസിന്റെ പക്ഷപാതപരമായ പെരുമാറ്റമായിരുന്നു മറ്റൊരു ആരോപണം. മാവോയിസ്റ്റ് വേട്ട, സംഘ്പരിവാര്‍ അനുകൂല നിലപാട്, ഘര്‍വാപ്പസി കേന്ദ്രങ്ങളോട് സ്വീകരിച്ച മൃദുസമീപനം തുടങ്ങി നിരവധി ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിന് നേരെ ഉയര്‍ന്നു.

ഈ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇങ്ങിനെയായിരുന്നു; ക്രമസമാധാന നില മെച്ചപ്പെടുത്താന്‍ ശക്തമായി ഇടപെടും. വര്‍ഗീയ പ്രചാരണങ്ങളെയും സംഘര്‍ഷങ്ങളുണ്ടാക്കുന്നവരെയും നേരിടും. ഭൂമാഫിയ, ബ്ലേഡ് മാഫിയ, ഗുണ്ടാസംഘങ്ങള്‍ എന്നിവരെ അടിച്ചമര്‍ത്തും.
പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നതിങ്ങിനെ; പ്രളയ ഘട്ടത്തില്‍ പൊലീസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തി. നവോത്ഥാന മൂല്യം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു.
യാഥാര്‍ത്ഥ്യമെന്താണ്? പൊലീസ് തന്നെ ക്രമസമാധാന നില തകര്‍ക്കുന്ന സാഹചര്യമുണ്ടായി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പോലും നടപ്പാക്കാതെ ഹരികുമാര്‍ ഒരാളെ വണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊല്ലുന്ന സാഹചര്യം വരെയുണ്ടായി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഹരികുമാര്‍ ആത്മഹത്യ ചെയ്യുന്നതുവരെ അയാള്‍ വീട്ടിലുണ്ടെന്ന് പോലീസ് അറിഞ്ഞു പോലുമില്ല. വാരാപ്പുഴയില്‍ പൊലീസ് മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആലുവ റൂറല്‍ ഡി.വൈ.എസ്.പി രൂപീകരിച്ച ടൈഗര്‍ ഫോഴ്‌സ് എന്ന നിയമവിരുദ്ധ സംവിധാനമായിരുന്നു. ശ്രീജിത്തിന്റ മരണത്തെ തുടര്‍ന്ന് റൂറല്‍ എസ.്പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കേസന്വേഷണം എല്‍പിച്ചത് നിരവധി ആരോപണങ്ങള്‍ നേരിടുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനെയായിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.വി ജോര്‍ജിനെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പ്രൊമോഷനോടെ നിയമിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഷുഹൈബ് വധം, ഫൈസല്‍ വധം, കാസര്‍കോഡ് പള്ളിയില്‍ കിടന്നുറങ്ങിയ ഇമാമിനെ വധിച്ച സംഭവം എന്നിവ ഉള്‍പ്പടെയുള്ള കേസുകളുണ്ടായത് പ്രോഗ്രസ് റിപ്പോര്‍ട്ട് കാലത്താണ്. തെരഞ്ഞെടുപ്പിന് മുന്‍പ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വയനാട്ടില്‍ ഒരാളെ പോലീസ് റിസോര്‍ട്ടില്‍ വെടിവെച്ചു കൊന്നു.

നവോത്ഥാന ശ്രമങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഒറ്റവാക്കില്‍ പറഞ്ഞു പോവുകയാണ് പിണറായി സര്‍ക്കാര്‍. ശബരിമല എന്ന ഒരു വാക്ക് പോലും മിണ്ടാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയ പ്രോഗ്രസ് റിപ്പേര്‍ട്ട് പ്രത്യേകം ശ്രമിക്കുന്നുണ്ട്. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയും അതെ തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളും ഈ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ നയമല്ലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അത് സംബന്ധിച്ച് പുലര്‍ത്തുന്ന മൗനം. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ദേവസ്വം മന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കെ അത് കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന വാഗ്ദാനം പ്രകടന പത്രികയിലുണ്ടായിരുന്നു. ഇത് പ്രകാശ് സിങ് കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദേശമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വ്യത്യസ്ത സര്‍ക്കാരുകള്‍ നടപ്പാക്കാതെ ഉരുണ്ടുകളിക്കുന്ന നിര്‍ദേശം. ഇനിയും ഇത് പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. സി.ഐമാരെ സ്റ്റേഷന്‍ അധികാരികളാക്കിയതാണ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി.

റവന്യൂ വകുപ്പ്
ജനങ്ങളെ ബാധിക്കുന്ന മറ്റൊരു സുപ്രധാന വകുപ്പാണ് റവന്യു. റവന്യൂ വകുപ്പില്‍ ചെയ്യാനുദ്ദേശിക്കുന്നവയില്‍ പ്രകടന പത്രികയിലെ ഏറ്റവും സുപ്രധാന വാഗ്ദാനം ഇതായിരുന്നു; നിയമവിരുദ്ധമായി കൈവശം വെക്കുകയും സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്ത വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുപയോഗിക്കും.
ഇതെകുറിച്ച് പ്രോഗ്രസ് കാര്‍ഡില്‍ പറയുന്നത് ഒറ്റവരിയുത്തരം; നടപടി സ്വീകരിച്ചു വരുന്നു.
പച്ചക്കള്ളമാണ് പ്രോഗ്രസ് കാര്‍ഡില്‍ പറഞ്ഞത്. നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഹാരിസണ്‍ ഭൂമി സംബന്ധിച്ച രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിച്ച്് ഹാരിസണില്‍ നിന്ന്് കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരം സ്വീകരിക്കുന്നതോടെ, ഭൂമി ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാര്‍ സിവില്‍ കോടതികളില്‍ നല്‍കുന്ന കേസുകള്‍ സ്വമേധയാ ദുര്‍ബലമായിപ്പോവുകയാണ് ചെയ്യുന്നത്.

സാധ്യമായ മിച്ചഭൂമിയും പാട്ടക്കരാര്‍ ലംഘിക്കുന്ന തോട്ടം ഭൂമിയും ഏറ്റെടുത്ത് അടിയന്തിരമായി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും; ഇതായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിന് മറുപടിയായി പ്രോഗ്രസ് കാര്‍ഡില്‍ പറയുന്നത് ഇതാണ്; വവിധ ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനത്ത് 1,06,000 പേര്‍ക്ക് പട്ടയം നല്‍കി, ലാന്‍ഡ് ട്രിബ്യൂണിലല്‍ കെട്ടിക്കിടന്ന ഒരു ലക്ഷത്തിലേറെ കേസുകള്‍ തീര്‍പ്പാക്കി.
അതായത് മിച്ചഭൂമി വിതരണം എന്ന പ്രക്രിയയെ പട്ടയവിതരണമായി വിശദീകരിച്ച് ജനങ്ങളെ പറ്റിക്കുകയാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. മിച്ചഭൂമി വിതരണം ചെയ്യുന്നത് പോട്ടെ, അത് കണ്ടെത്താനുള്ള ശ്രമം പോലും ഈ സര്‍ക്കാര്‍ നടത്തിയില്ല.

കൃഷി വകുപ്പ്
കാര്‍ഷിക മേഖലയില്‍ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രിക നല്‍കിയിരുന്നത്. നെല്‍കൃഷി വ്യാപനം തന്നെ പ്രധാനം. എന്നാല്‍, നീര്‍ത്തട നെല്‍വയല്‍ നിയമത്തിന്റെ കഥ കഴിച്ചതോടെ നെല്‍കൃഷി വ്യാപനം വാഗ്ദാനത്തിലൊതുങ്ങി. ഓരോ മേഖലയെയും തിരിച്ച്് പ്രത്യേക കൃഷി മേഖലയായി നോട്ടിഫൈ ചെയ്യുമെന്നായിരുന്നു ഒരു പ്രഖ്യാപനം.
ഇതെകുറിച്ച് പ്രകടനപത്രിക പറയുന്നതിതാണ്; സംസ്ഥാനത്തെ പ്രധാന പച്ചക്കറിയുല്‍പാദന മേഖലായ കാന്തല്ലൂര്‍, വട്ടവട പ്രദേശത്ത് പ്രത്യേക കാര്‍ഷിക മേഖല രൂപവല്‍കരിച്ചു.
യാഥാര്‍ഥ്യമെന്താണ്? 2017-18 ബജറ്റില്‍ സര്‍ക്കാര്‍ വ്യത്യസ്ത മേഖലകളെ വ്യത്യസ്ത കൃഷികള്‍ക്കായി നോട്ടിഫൈ ചെയ്തു.
നെല്ല്: കുട്ടനാട്,
കോള്‍നിലം: ഓണാട്ടുകര, പാലക്കാട്
കൈപ്പാട്: വയനാട്
പച്ചക്കറി: ദേവികുളം, കഞ്ഞിക്കുഴി, പഴയന്നൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട്
വാഴ: തൃശൂര്‍
പൂക്കള്‍: വയനാട്
തേങ്ങ: കോഴിക്കോട്
ഈ മേഖലകളില്‍ അതത് കൃഷി പ്രോല്‍സാഹിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ മേഖലകളെ പ്രത്യേക കാര്‍ഷിക സോണുകളായി പ്രഖ്യാപിക്കുമെന്നും. ഇതിനായി പത്തു കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഈ പദ്ധതികളൊന്നും നടന്നില്ലെന്ന് മാത്രമല്ല, നേരത്തെ തന്നെ പച്ചക്കറി കൃഷി വ്യാപകമായ വട്ടവടയിലും കാന്തല്ലൂരിലും മണ്ണ് സംരക്ഷണത്തിനും ജലസേചനത്തിനും മറ്റുമായി മൂന്ന് കോടി നല്‍കി. ഇതിന്റെ പൂര്‍ണ കണക്കുകള്‍ വ്യക്തമല്ല. മറ്റു പ്രദേശങ്ങളുടെ കാര്യത്തില്‍ ഒന്നും നടക്കാത്തതു കൊണ്ട് റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു.

ഭക്ഷ്യസുരക്ഷ
വിഷാംശമുള്ള പച്ചക്കറികള്‍ കണ്ടെത്താന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ സംവിധാനം; ഇതാണ് പ്രോഗ്രസ് കാര്‍ഡിലെ അവകാശ വാദം. എന്നാല്‍, ഈ സംവിധാനം എവിടെ പ്രയോഗവല്‍ക്കരിക്കുന്നുവെന്ന് പ്രോഗ്രസ് കാര്‍ഡ് മൗനം പാലിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരെയും ബ്രാന്‍ഡ്പാക്ക്ഡ് ഭക്ഷ്യോല്‍പന്നങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു പോന്ന ഉദ്യോഗസ്ഥയായിരുന്നു ടി.വി അനുപമ. എന്നാല്‍, ഇവരെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് 2016ല്‍ നീക്കിയതോടെ കമ്മീഷന്റെ പ്രവര്‍ത്തനം ദുര്‍ബലമാണ്.

പരിസ്ഥിതിവകുപ്പ്
മുഖ്യമന്ത്രിയുടെ കീഴിലുള്ള മറ്റൊരു വകുപ്പാണിത്. ഇതെകുറിച്ച് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്ന് ഇതാണ്; ആറുമാസത്തിനകം പരിസ്ഥിതി ധവള പത്രമിറക്കും. നെല്‍വയല്‍ നികത്തലിനെതിരെ കര്‍ശന നടപടി.
പ്രോഗ്രസ് കാര്‍ഡ് അവകാശപ്പെടുന്നത് ഇങ്ങിനെ; പരിസ്ഥിതി ധവളപത്രമിറക്കി. നെല്‍വയല്‍ നികത്തലിനെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു.
ശരിയാണ്; ധവളപത്രമിറക്കി. അത് പഴയകാലത്തെ അവസ്ഥയെ കുറിച്ചാണല്ലോ. അതില്‍ ഇങ്ങിനെ പറയുന്നു; നെല്‍വയലുകളുടെ വിസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടര്‍ ആയിരുന്നു. ഇത് കുറഞ്ഞ് 2014-15ല്‍ 1.9 ലക്ഷം ഹെക്ടര്‍ ആയി മാറി. ഉല്‍പാദന ക്ഷമത 2.837 ടണ്‍ പ്രതി ഹെക്ടര്‍ ആണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നത് 2017-18ല്‍ നെല്‍കൃഷി 171398 ഹെക്ടര്‍ ആയിരുന്നെങ്കില്‍ പോയവര്‍ഷമത് 220449 ഹെക്ടര്‍ ആയെന്നാണ്. എന്നാല്‍, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തന്നെ പ്രളയത്തിന് ശേഷവും നീര്‍ത്തട നിയമഭേദഗതിക്ക് ശേഷവും നെല്‍കൃഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 2.2 ലക്ഷം എന്നത് ഇപ്പോള്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ രണ്ട് ലക്ഷം ഹെക്ടറില്‍ താഴെയാണ്. പരിസ്ഥിതി സംരക്ഷിക്കുമെന്ന് വീമ്പിളക്കിയ സര്‍ക്കാരാണ് നീര്‍ത്തട നിയമം ഭേദഗതി ചെയ്തതും. ധവളപത്രം ഇറങ്ങിയതിന് ശേഷം നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്തു.

പ്രകൃതിദത്ത ജലസംഭരണിയായ നെല്‍വയലുകള്‍ സംരക്ഷിക്കുന്നത് പ്രകൃതി ആവാസ വ്യവസ്ഥ സംരക്ഷണമായി കണ്ട് നിലമുടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കും; പ്രകടന പത്രികയിലുണ്ടായിരുന്നതാണിത്. നെല്‍വയല്‍ നീര്‍ത്തട ഡാറ്റ ബാങ്ക് പുറത്തിറക്കുമെന്നും പ്രകടന പത്രികയിലുണ്ടായിരുന്നു. നെല്‍വയലുകളെ സഃരക്ഷിത നെല്‍പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയിലുണ്ടായിരുന്നു.
നെല്‍വയലുകള്‍ സംരക്ഷിക്കാനും തരിശിടുന്ന പ്രദേശങ്ങളില്‍ ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ച് കൃഷി ചെയ്യാനുമുള്ള വ്യവസ്ഥകള്‍ 2018ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്.
എന്നാല്‍, യഥാര്‍ഥത്തിലെന്താണുണ്ടായത്? നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ ആത്മാവ് തന്നെ ചോര്‍ത്തി, നികത്തിയ വയലുകള്‍ പിഴയൊടുക്കി റെഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചു. നെല്‍വയലുകളുടെ സ്വഭാവം നിര്‍ണയിക്കാനുള്ള അധികാരം ആര്‍.ഡി.ഒക്ക് നല്‍കി. ഇത് സംബന്ധിച്ച നിരീക്ഷണ സമിതിയുടെ അധികാരം എടുത്തു കളഞ്ഞു. എന്ത് നെല്‍വയല്‍ സംരക്ഷണമാണ് സര്‍ക്കാര്‍ നടത്തിയെന്ന് മാത്രം പ്രോഗ്രസ് കാര്‍ഡ് പറയുന്നുമില്ല.

പാറഖനനത്തെ കുറിച്ച് പ്രകടനപത്രികയും ധവളപത്രവും ഒരേ കാര്യം തന്നെയാണ് പറയുന്നത്. പരിസ്ഥിതി സംരക്ഷിച്ച് കല്ലിന്റേയം മണലിന്റേയും ലഭ്യത ഉറപ്പാക്കും. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാകും ഖനനമെന്നായിരുന്നു പ്രകടനപത്രികയില്‍ പറഞ്ഞത്. എന്നാല്‍, പാറഖനനത്തിന് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം ഈ സര്‍ക്കാര്‍ നീക്കുകയാണ് ചെയ്തത്. ചെങ്ങോട്ടുമല പോലുള്ള ഖനന നീക്കങ്ങള്‍ക്കെതിരെ സി.പി.എം പ്രാദേശിക നേതൃത്വം തന്നെ സമരരംഗത്തെത്തിയ സംഭവങ്ങളുമുണ്ടായി.

വനംകയ്യേറ്റം സംബന്ധിച്ച് പ്രകടനപത്രിക പറഞ്ഞത് വനം കയ്യേറ്റം അനുവദിക്കില്ലെന്നാണ്. വനം കേസുകളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിലേക്കായി ഹൈക്കോര്‍ട്ട് മോണിറ്ററിങ് സിസ്റ്റം എന്ന സോഫ്റ്റവെയര്‍ തയ്യാറാക്കിയെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടും പറയുന്നു. എന്നാല്‍, വനം കയ്യേറ്റ കേസുകളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി തോല്‍ക്കുകയാണ് ചെയ്തത്; പൊന്തംപുഴ കയ്യേറ്റ കേസ് ഉദാഹരണം.

പ്ലാച്ചിമട ട്രിബ്യൂണല്‍
പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനമായിരുന്നു ഇത്; പ്ലാച്ചിമട ട്രിബ്യൂണല്‍ നിയമം നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തും.
സമ്മര്‍ദം ചെലുത്തിയെന്ന് പ്രോഗ്രസ് കാര്‍ഡ് പറയുന്നു. എന്നാല്‍, പ്ലാച്ചിമട ട്രിബ്യൂണല്‍ സംബന്ധിച്ച ബില്‍ കേന്ദ്രം തള്ളിയതോടെ പുതിയ ബില്‍ തയ്യാറാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒറ്റവരിയില്‍ സമ്മര്‍ദം ചെലുത്തിവരുന്നു എന്ന് പറഞ്ഞ് തടിതപ്പുകയാണ് സര്‍ക്കാര്‍. പുതിയ ബില്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നിരന്തര സമരത്തിലാണ്. വാഗ്ദാനം ഇനിയും നടപ്പായില്ല.

മലബാര്‍ വികസനം
മലബാറില്‍ ഹൈവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുപ്പ്, ഗെയില്‍ പൈപ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് എന്നിവയെ കുറിച്ച് വാചാലമാകുന്ന പ്രോഗ്രസ് കാര്‍ഡ് പക്ഷേ, മലബാറിലെ വിദ്യാഭ്യാസ രംഗത്തെ പരിമതികളെ കുറിച്ച് മൗനം പാലിക്കുന്നു. പ്ലസ്ടു സീറ്റുകളുടെ കുറവിനെ പറ്റി പരാമര്‍ശമില്ല. എങ്ങിനെ പരിഹരിക്കുമെന്നും പറയുന്നില്ല.

പുതിയ ജലവൈദ്യുത പദ്ധതികള്‍
പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രകടന പത്രികയിലുണ്ടായിരുന്നു. എന്നാല്‍, പുതിയവ തുടങ്ങിയില്ലെന്ന് മാത്രമല്ല, നേരത്തെ നിര്‍മാണമാരംഭിച്ച നൂറോളം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മുടങ്ങിക്കിടക്കുകയുമാണ്. നിര്‍മാണം മുടങ്ങിയിട്ടില്ലെന്ന് നിയമസഭയില്‍ വകുപ്പുമന്ത്രി അവകാശപ്പെടുന്നു. പദ്ധതി നീളുന്നുണ്ടാകാം. മനഃപ്പൂര്‍മല്ലെന്ന് വിശദീകരണം. എന്നാല്‍, പ്രധാന പദ്ധതിയായ പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷന്‍ പോലും മുടങ്ങിക്കിടക്കുകയാണ്.

പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയില്‍ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതെ കുറിച്ച പ്രോഗ്രസ് കാര്‍ഡ് വിശദമായി പറയുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെന്നും അവകാശപ്പെടുന്നുണ്ട്. അപ്പോള്‍ പോലും കെ.എസ.്ആര്‍.ടി.സി അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതും ഇക്കാലത്താണ്. പ്രളയത്തെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രോഗ്രസ് കാര്‍ഡില്‍ പ്രളയാനന്ത പുനര്‍നിര്‍മാണത്തെ കുറിച്ചും മൗനം പാലിക്കുന്നു.

പ്രകടന പത്രികയിലുള്ളതില്‍ ഈ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചു വരുന്ന ഒരു കാര്യം മുന്നാക്ക സംവരണമാണ്. കേന്ദ്രം കൊണ്ടുവന്ന മുന്നാക്ക സംവരണബില്‍ യഥാര്‍ഥത്തില്‍ ഈ സര്‍ക്കാരിന്റെ ആശയമായിരുന്നു. നടപ്പാക്കാന്‍ നിയമ തടസ്സമുണ്ടായിരുന്നത് കേന്ദ്രം നിയമം കൊണ്ടുവന്ന് നീക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ, എന്‍ജിനീയറിങ് കോളജില്‍ മുന്നാക്ക സംവരണത്തിന്റെ ഭാഗമായുള്ള സീറ്റ് വര്‍ധനക്ക് അപേക്ഷ നല്‍കാന്‍ ചില കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. വിവാദമായപ്പോള്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757