Opinion

തൊഴിലാളി സംഘാടനം – ടി. മുഹമ്മദ് വേളം

 

അധ്വാനിക്കുന്നവരെ അധ്വാനിക്കുന്നവര്‍ എന്ന നിലയില്‍ സംഘടിപ്പിക്കുന്നതാണ് തൊഴിലാളി സംഘാടനം. പൊതുവില്‍ നന്‍മയുള്ള മനുഷര്‍ പോലും അധ്വാനിക്കുന്നവര്‍ക്ക് അവകാശങ്ങള്‍ വകവെച്ച് കൊടുക്കുന്നതിനു പകരം ഔദാര്യം നല്‍കാനാണ് ശ്രമിക്കാറുള്ളത്. കടയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് ഇ.എസ്.ഐ അനുകൂല്യം ലഭിക്കാന്‍ 2000 രൂപ പ്രതിവര്‍ഷം അടച്ചാല്‍ മതി. ‘ നല്ല മനുഷ്യര്‍ ‘ പോലും ഇത് അടക്കാതിരിക്കുകയും പകരം 5000 രൂപ സി.എ ക്കാരന് കൊടുത്ത് കണക്കില്‍ ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു. ഈ കടയുടമ തന്നെ തൊഴിലാളിക്ക് വേറെ ഔദാര്യങ്ങള്‍ നല്‍കാന്‍ സന്നദ്ധനായിരിക്കും. അവകാശങ്ങളും ബാധ്യതകളും സമന്വയിക്കുന്ന സമൂഹമാണ് ആരോഗ്യകരമായ സമൂഹം. മനുഷ്യരെ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുക എന്നത് സാമൂഹ്യ രാഷ്ട്രീയ സംഘാടനത്തില്‍ വളരെ പ്രധാനമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്നതിനേക്കാള്‍ അവരവര്‍ക്കുവേണ്ടി തന്നെയുള്ള അണി ചേരല്‍ എന്നതാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ സവിശേഷത. ഇത് താരതമ്യേന എളുപ്പമായ സാമൂഹ്യ സംഘാടനമാണ്. എന്നാല്‍, ഇത് ഒരു കേവല തൊഴിലാളി സംഘാടനമല്ല. രാഷ്ട്രീയ സംഘാടനത്തിന്റെ ഭാഗമാണ്. ഒരു പാര്‍ട്ടിയുടെ ആശയത്തിലേക്ക് ആകൃഷ്ടരായി വരുന്നതിനപ്പുറം ആളുകളെ ഏതൊരു രാഷ്ട്രീയവുമായും ബന്ധിപ്പിക്കാനുള്ള വഴിയാണ് തൊഴിലാളി സംഘടനം. അതുകൊണ്ട് തന്നെ ഇത് പാര്‍ട്ടിയില്‍ ചില ചുമതലക്കാര്‍ മാത്രം നിര്‍വഹിക്കേണ്ട കാര്യമല്ല. പ്രസ്തുത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരും ചേര്‍ന്ന് ഏറ്റെടുത്ത് നിര്‍വഹിക്കേണ്ട കാര്യമാണ്.

അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രധാനമാണ്. തൊഴിലുടമകള്‍ മിക്കപ്പോഴും സ്വയം തന്നെ ശക്തമായ സ്ഥാപനങ്ങളിയിരിക്കും. അല്ലാത്ത അവസ്ഥകളുണ്ടാകാറുണ്ട്. തൊഴിലാളിയും സംഘടിതനായിരിക്കുക എന്നത് അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാനുള്ള ഒരു ഉപാധിയാണ്. അവകാശങ്ങളും ബാധ്യതകളും പരസ്പര ബന്ധിതമാണ്. ഒരാളുടെ ഉത്തരവാദിത്തം എന്നു പറയുന്നത് മറ്റൊരാളുടെ അവകാശമായിരിക്കും. ഒരാളുടെ അവകാശമെന്നത് മറ്റൊരാളുടെ ഉത്തരവാദിത്തവുമായിരിക്കും. അവകാശത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന തൊഴിലാളി സംഘടനാ പ്രവര്‍ത്തനം അപകടകരമായ ഒന്നായി മാറും. വര്‍ഗീയമായ ഒന്നായി മാറും. വര്‍ഗീയമായ സാമുദായിക പ്രവര്‍ത്തനം പോലെ ഒന്നാണത്. ഇത്തരം തൊഴിലാളി പ്രവര്‍ത്തനം തൊഴില്‍ സ്ഥാപനത്തെ തന്നെ തകര്‍ക്കുന്നു എന്നത് മാത്രമല്ല പ്രശ്‌നം. തൊഴില്‍ താല്‍പര്യം മാത്രം മുന്‍ നിര്‍ത്തി തൊഴില്‍ സ്ഥാപനത്തിന്റെ ഒപ്പം നിന്ന് അങ്ങേയറ്റം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ നിലപാടുകള്‍ യഥാസ്ഥിതിക പരമ്പരാഗത തൊഴിലാളി സംഘടനകള്‍ സ്വീകരിക്കാറുണ്ട്.

മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സിന്റെ മലിനീകരണത്തിനെതിരെ നാട്ടുകാര്‍ സമര രംഗത്തിറങ്ങിയപ്പോള്‍ എ.വാസുവിന്റെ നേതൃത്വത്തിലുള്ള ഗ്രോ യൂണിയന്‍ ഒഴിച്ചുള്ള പാര്‍ട്ടി യൂണിയനുകളെല്ലാം ബിര്‍ളക്കൊപ്പം ജനത്തിനെതിരെ നിലയുറപ്പിക്കുകയായിരുന്നു. കുത്തകകളുടെയും വന്‍കിട കമ്പനികളുടെയും ജനവിരുദ്ധതക്കെതിരെ ജനകീയ സമരങ്ങള്‍ ഉയരുമ്പോഴെല്ലാം സംയുക്ത ട്രെയ്ഡ് യൂണിയനുകളുടെ ഒരു പ്രതിസമരപ്പന്തലും ഉയരുന്നത് കുറേക്കാലമായുള്ള കേരളത്തിലെ പൊതു കാഴ്ചയാണ്. പ്ലാച്ചിമടയില്‍ ആദിവാസികള്‍ക്കെതിരെ കൊക്കക്കോള കമ്പനിയുടെ വക്താക്കളായിരുന്നു തൊഴിലാളി സംഘടനകള്‍. ചെങ്ങറയില്‍ കൃഷി ചെയ്യാന്‍ ഭൂമിക്കായി സമരം ചെയ്ത ഭൂരഹിതരായ ദലിതുകള്‍ക്കെതിരെ നിഷ്ഠൂരമായ ഉപരോധം നയിച്ചത് തൊഴിലാളി യൂണിയനുകളായിരുന്നു. ബി.എച്ച്.എം.എസ് മാത്രമാണ് അതില്‍ നിന്ന് മാറി നിന്നത്. ഹാരിസണിന്റെ ഗുണ്ടാപ്പടയായി പ്രവര്‍ത്തിക്കുകയായിരുന്നു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍. മര്‍ദകനും മര്‍ദിതനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മര്‍ദകരുടെ ഒപ്പം നില്‍ക്കാന്‍ മാത്രം നിയോഗമുള്ളവരായി തൊഴിലാളി സംഘടനകള്‍ മാറുന്നു.

പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കാന്‍ ശേഷിയുള്ള വന്‍കിട ജലവൈദ്യുത പദ്ധതികളുടെ വലിയ വക്താക്കള്‍ കെ.എസ്.ഇ.ബി.യിലെ സി.ഐ.ടി.യു വാണ് എന്ന് കാണാന്‍ കഴിയും. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പടയായി തൊഴിലാളി സംഘടനകള്‍ മാറുന്നതിന്റെ കാരണമെന്ത്? ഇതിന്റെ കാരണം വളരെ വ്യക്തമാണ്. സമഗ്രമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായി തൊഴിലാളി പ്രവര്‍ത്തനം നടത്തുന്നതിനു പകരം തൊഴിലാളികളുടെ തൊഴില്‍ താല്‍പര്യങ്ങള്‍ തന്നെ ഒരു സമഗ്രതയായി മാറുന്നതാണ് അതിനു കാരണം. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന കാഴ്ചപ്പാടും ഇതിന് സമാനമാണ് എന്നത് ഈ അധഃപതനത്തെ ശക്തിപ്പെടുത്തിയ ഘടകമാണ്. നമ്മുടെ മുഖ്യധാര രാഷ്ര്ട്രീയ വ്യവസ്ഥ ജീര്‍ണിക്കുമ്പോള്‍ അതിലെ എല്ലാ ഘടകങ്ങളുടെയും താല്‍പര്യങ്ങള്‍ ഒന്നായി മാറുകയാണ്. ആ താല്‍പര്യങ്ങളാവട്ടെ അങ്ങേയറ്റം ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായി മാറുകയും ചെയ്യുന്നു.

സ്വന്തം നിലനില്‍പ് മാത്രം ചിന്തിക്കുന്ന മുതലാളിയും സ്വന്തം നിലനില്‍പ് മാത്രം ചിന്തിക്കുന്ന തൊഴിലാളിയും സഖ്യകക്ഷികളാവുകയാണ്.
പകരം പീഡിതരായ മനുഷ്യരെയും തകര്‍ക്കപ്പെടുന്ന പ്രകൃതിയെയും ഉള്‍ക്കൊളുന്ന ഒരു രാഷ്ട്രീയത്തിന്റെ സമഗ്രതയുടെ ഭാഗമായി തൊഴിലാളി പ്രവര്‍ത്തനത്തെയും കാണുക എന്നതാണ് പ്രശ്‌നത്തിന്റെ പരിഹാരം. തൊഴിലാളി സംഘാടനാ പ്രവര്‍ത്തനം സ്വതന്ത്രമായ ഒരു പ്രവര്‍ത്തനമല്ല. സമഗ്രമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഒന്നാണ്. ആശയപരമായും പ്രായോഗികമായും അത് അങ്ങിനെത്തന്നെയായിരിക്കണം. അതുകൊണ്ടുതന്നെ അത് തൊഴിലാളികള്‍ മാത്രമായോ അതിന്റെ സംഘാനാ രൂപത്തിന്റെ നേതാക്കള്‍ മാത്രമായോ ഏറ്റെടുത് നടത്തേണ്ട കാര്യമല്ല. ഇത് വേറൊരര്‍ഥത്തില്‍ വനിതാ സംഘടനത്തിനും ബാധകമായ തത്വമാണ്. സമഗ്രമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് വനിതാ സംഘാടനം നിര്‍വഹിക്കേണ്ടത്. വനിതാ സംഘാടനത്തിന്റെ ഉത്തരവാദിത്തം വനിതകള്‍ക്ക് മാത്രമുള്ളതല്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757