Opinion

തെരുവോരം തൊഴിലാളികളുടേത് കൂടിയാണ് – പരമാനന്ദന്‍ മങ്കട

 

തെരുവോരങ്ങളില്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവര്‍ക്കായി ഒരു 2014 ജനുവരി 18 ന് പാര്‍ലമെന്റ് പാസാക്കിയിരുന്നു. എന്നാല്‍, അത് കേരള സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെ പോക്ക് നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇത്തരം തൊഴിലാളികള്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍മാരുടെ പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നിയമത്തില്‍ പറഞ്ഞ പ്രകാരം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ നിലവില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളികള്‍ ആരെന്ന് കണ്ടെത്താന്‍ സര്‍വേ നടത്തി അത്തരം തൊഴിലാളികളുടെ ഫോട്ടോ പതിച്ച രേഖ തയ്യാറാക്കണം. ആ പ്രവര്‍ത്തനം തുടങ്ങിവെച്ച മേഖലയില്‍ നിന്നും വളരെയൊന്നും മുന്നോട്ടു പോയില്ല. അതുപോലെ തൊഴിലാളികള്‍ക്ക് പുനരധിവാസം അനുവദിച്ചുകൊണ്ടല്ലാതെ ഒരു വഴിയോര കച്ചവട തൊഴിലാളിയേയും മാറ്റാന്‍ പാടില്ലെന്ന് നിയമം ഉണ്ടെങ്കിലും അതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവരുന്നത്.

തൊഴിലാളികള്‍ക്ക് 14 ദിവസം സമയം അനുവദിച്ച് നോട്ടീസ് നല്‍കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കണം. ഒരു കച്ചവടക്കാരനെയും നേരിട്ട് വന്ന് ഒഴിപ്പിച്ചു കൂടാ. അതിനാണ് വെന്റിങ് കമ്മിറ്റികള്‍. ആ കമ്മിറ്റിക്കാണ് ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കാനുള്ള അധികാരം. വെന്റിംഗ് കമ്മിറ്റികളില്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് സെക്രട്ടറിമാരും ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിങ്ങനെയുള്ള എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇത്തരം വെന്റിംഗ് കമ്മിറ്റികള്‍ പലയിടങ്ങളിലും രൂപീകരിച്ചിട്ടില്ല. രൂപീകരിക്കപ്പെട്ടിടത്ത് ചിലയിടങ്ങളില്‍ സുതാര്യമായ നിലയിലുമല്ല. സംസ്ഥാനതലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെയര്‍മാനും ജില്ലാതലത്തില്‍ കലക്ടര്‍മാര്‍ ചെയര്‍മാന്‍മാരുമാണ്. എന്നാല്‍, ഇത്തരം കമ്മിറ്റികള്‍ രൂപീകരിച്ചാല്‍ പോര. മോണിറ്ററിംഗ് നടത്തണം.

ബഹുമാനപ്പെട്ട സുപ്രീം കോടതി പറഞ്ഞത് രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് അവരുടെ വരുമാനത്തിന് അനുസരിച്ച് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ഈ തെരുവോര കച്ചവടക്കാരെയാണ് സമീപിക്കുന്നതെന്നാണ്. അതുമാത്രമല്ല, പ്രത്യേകിച്ചും ആഘോഷ വേളകളില്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ അധികം വരും ഈ തൊഴിലാളികള്‍ എന്നതാണ് ഏകദേശ കണക്ക്. നമ്മുടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് വരുന്ന വഴിയോര കച്ചവട തൊഴിലാളികളുണ്ട്. ഇത്തരം തൊഴിലാളികളെ ആവശ്യമായ സംരക്ഷണം നല്‍കി സംരക്ഷിക്കുമെന്ന് വഴിയോര കച്ചവട തൊഴിലാളികളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പറയുകയുണ്ടായി. അതോടൊപ്പം വഴിയോരത്ത് തട്ടുകടകള്‍ക്ക് ഒരേ ബ്രാന്റ്, ഒരേ വേഷം, തട്ടുകടകള്‍ നവീകരിക്കല്‍ പദ്ധതി എന്നും പറഞ്ഞിരുന്നു. പട്ടണങ്ങളിലെ തട്ടുകടകള്‍ക്ക് ഒരു ബ്രാന്റ്, തൊഴിലാളികള്‍ ഒരേ വേഷം, തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തട്ടുകടകള്‍ നവീകരിക്കാന്‍ കേരളം തയ്യാറെടുക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. തെരുവോര കച്ചവടക്കാരുടെ ഉപജീവന സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി 2014 ല്‍ കേന്ദ്രം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടത്തിന്റെ കരട് തയ്യാറായി. ദേശീയ നഗര ഉപജീവനമിഷന്റെ അടുത്ത ചുവടുവെപ്പാണ് തെരുവോര കച്ചവടക്കാരുടെ പുനരധിവാസം. കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് കുടുംബശ്രീ മിഷനാണ്. ഇതിന്റെ ഭാഗമായി തെരുവോര കച്ചവടക്കാരുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി. 93 നഗരസഭാ പ്രദേശങ്ങളിലായി 18000 തെരുവ് കച്ചവടക്കാര്‍ ഉണ്ടെന്നാണ് സര്‍വേ ഫലം. ഇതില്‍ 60 ശതമാനം പേരും ഭക്ഷ്യ വസ്തുക്കളാണ് കച്ചവടം ചെയ്യുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഭക്ഷ്യ വിപണന ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മിഷന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു. ഭക്ഷ്യ വിപണനത്തില്‍ പാലിക്കേണ്ട ശുചിത്വത്തെ പറ്റി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും. എല്ലാ നഗരസഭകളും കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡും കച്ചവടത്തിന് ലൈസന്‍സും നല്‍കും. ലൈസന്‍സ് അനുവദിക്കുന്നതോടെ തെരുവ് കച്ചവടം അവകാശമാവും.

മേല്‍പ്പറഞ്ഞതിനെല്ലാം വിരുദ്ധമായി സംസ്ഥാനത്തെ പല ജില്ലകളിലും വഴിയോര കച്ചവട തൊഴിലാളികള്‍ക്ക് നേരെയുള്ള നിയമവിരുദ്ധമായ ഒഴിപ്പിക്കല്‍ തുടരുന്നു. വഴിയോരത്ത് പഴവര്‍ഗങ്ങള്‍, പച്ചക്കറി, കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍, തുണിത്തരങ്ങള്‍, പൂക്കള്‍, കടല അങ്ങിനെ തുടങ്ങി ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാം പൊതുമാര്‍ക്കറ്റിനേക്കാള്‍ വളരെ വിലക്കുറച്ച് ജനങ്ങള്‍ക്ക് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന ഈ വിഭാഗത്തിനു നേരെ പാര്‍ലമെന്റിന്റെയും സുപ്രീം കോടതിയുടെയും നിയമപരിരക്ഷ ഉണ്ടായിട്ടുപോലും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള അവകാശ നിഷ്ധം അവസാനിപ്പിക്കാനും എത്രയും പെട്ടെന്ന് തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കാനും അവര്‍ക്കാവശ്യമായ സംരക്ഷണം കൊടുക്കാനും ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ തയ്യാറാകുകയുമാണ് വേണ്ടത്.
(ആള്‍ കേരള വഴിയോര കച്ചവട തൊഴിലാളി വികസന സമിതി സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757