Opinion

തകരുന്ന കാര്‍ഷിക മേഖലയും തളരുന്ന കര്‍ഷകരും – സീനത്ത് കോക്കൂര്‍

 

വിത്ത് വിതരണവും വിളവെടുപ്പ് ഉത്സവങ്ങളും കൊട്ടിഘോഷിച്ച് കാര്‍ഷിക അഭിവൃദ്ധി വിളിച്ചറിയിക്കുകയാണ് സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ കാര്‍ഷിക മേഖല അഭിവൃദ്ധിയിലാണോ? കരകേറാനാവാത്ത വിധം കടം വന്ന് കീടനാശിനികളില്‍ ജീവന്‍ ഹോമിക്കുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് എങ്ങിനെ കാര്‍ഷിക മേഖലക്ക് അഭിവൃദ്ധിയുടെ മുഖഛായ നല്‍കാനാവും.

1970 കളില്‍ ഒന്‍പത് ലക്ഷം ഹെക്ടര്‍ വയലുകളില്‍ നെല്‍ കൃഷിയുണ്ടായിരുന്ന കേരളത്തില്‍ ഇന്നത്തെ കണക്ക് പ്രകാരം രണ്ട് ലക്ഷം ഹെക്ടറിന് താഴെയായി കുറഞ്ഞത് ശരിയായൊരു വിശകലനത്തിന് വിധേയമാക്കേണ്ടത് അനിവാര്യമാണ്. പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ നെല്ല് ആവശ്യമുള്ള കേരളത്തില്‍ ഇപ്പോഴത്തെ ഉല്‍പാദനം ഏഴ് ലക്ഷം ടണ്ണില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഭക്ഷ്യധാന്യക്കമ്മി 80 ശതമാനത്തിലധികം വര്‍ധിച്ചിരിക്കുന്നു. നെല്‍വയലുകള്‍ നികത്തല്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുബോള്‍ ഉല്‍പാദനത്തില്‍ ഇനിയും കുറവ് പ്രതീക്ഷിക്കാം. കേരളത്തിലേതടക്കം ഇതര സംസ്ഥാനങ്ങളിലും തുടര്‍ന്ന് കൊണ്ടിരിക്കുന്ന വരള്‍ച്ച, പ്രളയം, ലോറി സമരം എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ തീര്‍ച്ചയായും കേരളത്തില്‍ ഭക്ഷ്യക്ഷാമം നേരിടും.

പണ്ടുകാലങ്ങളില്‍ കേരളത്തിലെ ഭൂപ്രകൃതി നോക്കിയായിരുന്നു കൃഷി ചെയ്തിരുന്നത്. അറബിക്കടലിനോട് അടുത്ത് കിടക്കുന്ന തീരദേശം, സമുദ്രനിരപ്പില്‍ നിന്ന് 7.5 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശമായ ഇടനാട്, സമുദ്രനിരപ്പില്‍ നിന്നും 75 മീറ്റര്‍ മുതല്‍ 750 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശമായ മലനാട്, സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്ററിന് മുകളില്‍ കാണുന്ന ഹൈറേഞ്ച് മേഖല എന്നീ നാല് പ്രദേശങ്ങളാണ്. ഇതാണ് കേരളത്തിലെ ഭൂപ്രകൃതി. ഈ ഭൂപ്രകൃതിക്കും അവിടത്തെ പരിസ്ഥിതിക്കും യോചിക്കാതെ കൃഷി ചെയ്യുമ്പോഴാണ് ഇന്നത്തെ മണ്ണൊലിപ്പ് കൂടുന്നതിനും തുടര്‍ന്നുള്ള കൃഷി നാശത്തിന് കാരണം. വിത്തിനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും പ്രദേശത്തിന് അനുയോജ്യമാണോ എന്ന് നോക്കണം. എന്നാല്‍, ഇന്നത്തെ പ്രശ്‌നം ആഗോളീകൃത കമ്പോളം പ്രദേശത്തിന് യോജിക്കാത്ത കൃഷിക്കാണ് പ്രോത്സാഹിപ്പിക്കുന്നത്. വയലുകള്‍ വ്യാപകമായി മണ്ണിട്ട് നികത്തി ക്കൊണ്ടേയിരിക്കുന്നു. 2003 ലെ തണ്ണീര്‍ തട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നികത്താന്‍ പാടില്ലാത്ത വയലുകള്‍ പോലും ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ തന്നെയാണ് ഇതിന് ഒത്താശ ചെയ്യുന്നത്.

അപ്രതീക്ഷിതമായ പ്രകൃതിയുടെ പ്രതികാരം ഏറെ അനുഭവിച്ചവരാണ് നാം. പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ വിസ്മരിക്കരുത്. നെല്‍വയലുകള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ഒരു ബാധ്യതയായി ഏറ്റടുക്കേണ്ടതുണ്ട.് വിനോദസഞ്ചാരികള്‍ കേരളത്തില്‍ വരുന്നത് കേരളത്തിന്റെ പ്രകൃതി ഭംഗി കൂടി ആസ്വദിക്കാനാണ്. കുന്നുകളും വയലുകളും തോടുകളുമുള്ള ഹെക്ടര്‍ കണക്കിന് വയലുകള്‍ ഇപ്പോഴും തരിശ്ശായി കിടക്കുന്നു. ഈ ഭൂമികള്‍
കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാതെ കര്‍ഷകന് ലാഭവും വരുമാനവുമാകുന്ന കൃഷികളും ഫാം ടൂറിസം പോലുള്ള വികസനമാണ് സര്‍ക്കാര്‍ കൊണ്ടു വരേണ്ടത്. വികസനത്തിന്റെ പേരില്‍ ഒട്ടനവധി വയലുകളാണ് അപ്രത്യക്ഷമാകുന്നത്. 2008 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഒരു പരിതിവരെ വയലുകള്‍ സംരക്ഷിച്ചു പോന്നിരുന്നു. എന്നാല്‍, ആ നിയമത്തെ അട്ടിമറിക്കുന്ന രീതിയില്‍ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

പശ്ചിമഘട്ട മേഖലയിലെ തോട്ട കൃഷി വിജയമാണെന്ന് പറയാം. അവിടെ സര്‍ക്കാരിനെും കൃഷിയെും കാണാന്‍ കഴിയും. പക്ഷേ, കര്‍ഷകനെ കാണാന്‍ കഴിയില്ല. പശ്ചിമഘട്ട മേഖലയിലെ സര്‍ക്കാര്‍ ഭൂമിയും കൃഷിയുമെല്ലാം ഇന്ന് കോര്‍പ്പറേറ്റുകളുടെ കൈവശമാണ്.

വലിയ വില കൊടുത്താണ് കര്‍ഷകര്‍ വിത്തും വളവും വാങ്ങുന്നത്. ചിലവെല്ലാം കഴിച്ച് കണക്കുകൂട്ടിയാല്‍ കൃഷി നഷ്ടമാണെന്ന് കാണാം. വളം കീടനാശിനി കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു. വിത്തിന്റെയും വളത്തിന്റെയും അവകാശം കോര്‍പറേറ്റ് വല്‍കരിച്ച് കൊണ്ടിരിക്കുകയാണ്. ഒരോ പ്രദേശത്തിന്റെയും തനതായ വിത്തിനങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഉല്‍പാദന ശേഷിയുള്ള പുതിയ വിത്തിനങ്ങളുടെ മേല്‍ കഷിക്കാര്‍ക്ക് ഒരവകാശവുമില്ല. കാര്‍ഷിക യൂണിവേഴ്‌സിറ്റികളില്‍ നിന്ന് കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് വിത്തുകളെത്തുന്നുണ്ടെങ്കിലും അതും പരിമിതമാണ്. ഓരോ പ്രദേശത്തും കര്‍ഷകര്‍ വിത്ത് ഉല്‍പാദിപ്പിക്കുകയും കൃഷി ഭവന്‍ വഴി മറ്റു കര്‍ഷകരിലേക്ക് എത്തുകയും വേണം. കൃഷി ഭവന്‍ മുഖേന വര്‍ഷത്തിലൊരിക്കലെങ്കിലും എങ്ങിനെയാണ് രാസകീടനാശിനികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും വളപ്രയോഗത്തെ കുറിച്ചും പരിശീലനം നല്‍കണം. ഫയല്‍ വിട്ട് വയലിലേക്കിറങ്ങുന്ന ഉദ്ധ്യോഗസ്ഥരായിരിക്കണം കൃഷിഭവനില്‍ ഉണ്ടാകേണ്ടത്.

കേരളത്തിലെ കോഴി ഉല്‍പാദനം ഇന്ന് കുത്തക കമ്പനികളുടെ കൈകളിലാണ്. ഏറ്റവും കൂടുതല്‍ മുട്ടനല്‍കുന്ന ആഢ 380 കോഴിയിനം വെങ്കിടേശ്വര ഹാച്ച്വറി എന്ന കമ്പനികളുടെ കൈകളിലാണ്. ഈ ഇനം കൊഴികളെ പഞ്ചായത്തുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല. അതിനാല്‍ വലിയ വില കൊടുത്ത് കോഴിക്കുഞ്ഞുങ്ങളെ വാങ്ങേണ്ട അവസ്ഥയിലാണ്. കേരള സര്‍ക്കാര്‍ ഈ മേഖലയില്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും കര്‍ഷകന് ആശ്വാസമാക്കുന്ന തലത്തിലേക്ക് എത്തയിട്ടില്ല.

ജലസേചനത്തിന് വഴിയില്ലാതെ കൃഷിയില്‍ നിന്ന് മാറി നില്‍ക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നു. കുന്നുകള്‍ ഇടിച്ച് നിരത്തി മണ്ണെടുത്തു പോകുന്നു. കുന്നിന്‍ ചെരുവുളില്‍ നിന്ന് ഉറവകള്‍ തോടുകളിലേക്കും കുളങ്ങളിലേക്കും എത്തിയില്ലെങ്കില്‍ പിന്നെ എങ്ങിനെ കര്‍ഷകന്ന് കൃഷി ചെയ്യാന്‍ വെള്ളമുണ്ടാകും. മുന്‍കാലങ്ങളില്‍ പാടവരമ്പത്തെ കിണറുകള്‍ വറ്റാറില്ല. ഇന്ന് അവിടങ്ങളിലെ കിണറുകള്‍ വറ്റുന്നതിന് കാരണങ്ങള്‍ തോടുകളും കുളങ്ങളും കുന്നുകളും അപ്രത്യക്ഷമായതാണ്. അങ്ങിനെയാണ് വെള്ളമില്ലാതാകുമ്പോള്‍ കൃഷി നാശവും നഷ്ടവും സംഭവിക്കുന്നതും. പിന്നീട് കൃഷിക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞ് വയലുകള്‍ നികത്തി വീടുകളും വലിയ സൗധങ്ങളും പണിയുന്നു. എല്ലാ വര്‍ഷവും തോടുകള്‍ നവീകരിക്കണം. എങ്കിലേ മഴക്കാലങ്ങളില്‍ വെള്ളത്തിന് ഒഴുകിപ്പോകുവാന്‍ കഴിയൂ. തോടുകളും വയലുകളും തടസപ്പെടുത്തിയതാണ് പ്രളയത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും വന്‍നാശം വിതക്കാന്‍ കാരണമായത്.

എല്ലാ കര്‍ഷകരും യഥാര്‍ഥത്തില്‍ തൊഴിലാളികള്‍ കൂടിയാണ്. മണ്ണിലിറങ്ങി പണിയെടുക്കാത്ത കര്‍ഷകനെ കാണാന്‍ കഴിയില്ല. ചെറുകിട കര്‍ഷകരാണെങ്കിലും മറ്റു തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കൃഷി മുന്നോട്ട് പോകുക. കൃഷിയില്‍ ആധുനിക യന്ത്രസംവിധാനങ്ങളും ജലസേചനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ മാത്രമെ കുറഞ്ഞ സമയത്ത് കൂടുതല്‍ കൃഷിയും ഉല്‍പാദനവും ഉണ്ടാകുകയുള്ളൂ. ചെറുകിട കൃഷി തകരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കര്‍ഷകര്‍ക്കും പാടശേഖരങ്ങള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും സ്വന്തമായി കാര്‍ഷിക യന്ത്രങ്ങളും ടെക്‌നിക് സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിന്നാവശ്യമായ സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് കൊടുക്കണം. പ്രാദേശികമായ കൂട്ടായ്മകള്‍ക്ക് കൃഷിചെയ്യുന്നതിന് പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കണം. മലപ്പുറം ജില്ലയിലെ കോക്കൂരില്‍ പെണ്‍മിത്ര എന്ന കര്‍ഷക സംഘം നാല് വര്‍ഷമായി വയലില്‍ വിജയകരമായി നെല്‍കൃഷി ചെയ്ത് വരുന്നു.

കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണം. നാടിന്റെ നട്ടെല്ല് എന്ന് പറയുന്ന കര്‍ഷക തൊഴിലാളികളെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കര്‍ഷക തൊഴിലാളികളുടെ പെന്‍ഷന്‍ തുക 1000 ല്‍ നിന്ന് രണ്ടായിരം രൂപയി വര്‍ധിപ്പിക്കണം. വിരമിക്കല്‍ ആനുകൂല്യവും, മക്കളുടെ വിദ്യാഭ്യസസ്‌കോളര്‍ഷിപ്പ് തുകയും വര്‍ധിപ്പിക്കണം. കര്‍ഷകത്തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉന്നമനത്തിനായി എഫ്.ഐ.ടി.യു വില്‍ അഫിലിയേറ്റ് ചെയ്ത കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

(കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757