Opinion

ഡിജിറ്റല്‍ ഇന്ത്യ തൊഴിലാളികള്‍ക്ക് സമ്മാനിക്കുന്നത് – റസാഖ് പലേരി

 

രാജ്യത്തെ തൊഴിലാളികളും തൊഴില്‍ മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോര്‍പറേറ്റ് വല്‍ക്കരണവും സംഘ് സമഗ്രാധിപത്യവും രാജ്യ ശരീരത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ന്നിരിക്കുന്ന ആസുരമായ ഈ കാലത്ത് ഏറ്റവും വലിയ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്.
കാല്‍നൂറ്റാണ്ടിലേറയായി രാജ്യത്ത് ആഗോളീകരണ-ഉദാരീകരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കി വരികയാണ്. ഇതിന്റെ പ്രത്യാഘാതവും ഏറ്റവും അധികം അനുഭവിക്കേണ്ടി വന്നവരാണ് ഇന്ത്യയിലെ തൊഴിലാളികള്‍. തൊഴില്‍ സുരക്ഷയും വേതന സുരക്ഷയും തൊഴിലവകാശങ്ങളും ഇല്ലാതാകുന്ന സാഹചര്യം ഒരു വശത്തുള്ളപ്പോള്‍ തന്നെ മറുവശത്ത് ഉള്ള തൊഴിലുകളില്‍ നിന്ന് ലക്ഷകണക്കിന് തൊഴിലാളികള്‍ പുറത്താക്കപ്പെടുകയോ തൊഴില്‍ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേല്‍ അതിഭീകരമായ കടന്നാക്രമണമാണ് നടക്കുന്നത്. തന്നിഷ്ടംപോലെ നിയമിക്കുവാനും തോന്നുമ്പോള്‍ പിരിച്ചുവിടുവാനും തൊഴിലുടമകള്‍ക്ക് അവകാശം നല്‍കുന്ന നിയമ ഭേദഗതികളാണ് നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്ന്. സംഘടിക്കാനും അവകാശങ്ങള്‍ പോദിച്ചുവാങ്ങുവാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ രാജ്യത്ത് റദ്ദാക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.

വ്യവസായ തര്‍ക്ക നിയമം, ട്രേഡ് യൂണിയന്‍ നിയമം, കരാര്‍ തൊഴില്‍ നിയന്ത്രണവും നിര്‍മാര്‍ജനം ചെയ്യലും നിയമം തുടങ്ങിയവയെല്ലാം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്തു കൊണ്ടിരിക്കുകയാണ്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം നവ ഉദാരവല്‍കരണ നയങ്ങള്‍ക്ക് ഇന്ത്യയില്‍ വേഗത കൂടി. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുവാന്‍ ആരംഭിച്ചു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 44 നിയമങ്ങള്‍ സംയോജിപ്പിച്ച് നാല് ലേബര്‍ കോഡുകള്‍ തയാറാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കോഡ് ഓണ്‍ വേജ്ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 2017ല്‍ അവതരിപ്പിച്ച ഈ ബില്‍ ഉടന്‍തന്നെ നിയമമായി മാറും. തൊഴിലാളികള്‍ തുടര്‍ച്ചയായ സമരങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നേടിയെടുത്ത തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എല്ലാം തന്നെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി മാറ്റിമറിക്കുന്ന അതിഭീകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നിയമപരമായ ആനുകൂല്യങ്ങള്‍ ഇല്ലാത്ത തൊഴിലാളികള്‍ വര്‍ധിക്കുകയും നിയമപരമായ ആനുകൂല്യങ്ങളുള്ള തൊഴിലാളികള്‍ കുറയുകയും ചെയ്തു കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. സാമുഹ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് തൊഴിലാളികളും ജീവനക്കാരും അതിവേഗം പുറത്താക്കപ്പെടുന്നതാണ് നവ ഉദാരനയത്തിന്റെ മറ്റൊരു മാരക ഫലം. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകുല്യങ്ങള്‍ക്ക് ഉറപ്പില്ലാതായി കഴിഞ്ഞിരിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ മറവില്‍ ജീവനക്കാരുടെ സമ്പാദ്യം വന്‍കിട കമ്പനികളുടെ ലാഭക്കൊതിക്ക് വഴങ്ങി ഊഹകച്ചവടത്തിന് വിട്ടുകൊടുക്കുവാന്‍ പോകുന്നു. ഇ.എസ്.ഐ കോര്‍പറേഷന്റെ സഞ്ചിത നിധി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് കൈമാറുവാനുള്ള തീരുമാനം കോര്‍പറേറ്റ് പ്രീണനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇ.എസ്.ഐയുടെ പ്രഖ്യാപിത ലക്ഷ്യത്തിനെതിരാണിത്. അറുപതിനായിരം കോടിയോളം രൂപയാണ് ഇങ്ങിനെ സ്വകാര്യ ഏജന്‍സിക്ക് വിട്ടുകൊടുക്കുന്നത്. ഇതിനു മുന്‍പൊരിക്കലും ഇങ്ങിനെ ഒന്നുണ്ടായിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളെ പരിഗണിക്കണം എന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ പോലും മോദി സര്‍ക്കാര്‍ കേള്‍ക്കുവാന്‍ തയാറായില്ല.

ഇന്ധനവില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുന്നു എന്നത് കൊണ്ട് രൂക്ഷമായ വിലകയറ്റം മൂലം വാങ്ങല്‍ ശേഷി കുറയുകയും തൊഴിലാളികളുടെയും സാധാരണക്കാരുടേയും ജീവിതം ദുരിതപൂര്‍ണമാവുകയും ചെയ്യുന്നു. കോര്‍പറേറ്റ് അനുകൂല നവ-ഉദാരനയം അതിഭീകരമായ തൊഴിലില്ലായ്മക്ക് കൂടി കാരണമാകുന്നു. പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത രാജ്യമായി ഇന്ത്യ മാറി കൊണ്ടിരിക്കുന്നു. വിദഗ്ദ തൊഴില്‍ മേഖലകളില്‍ അടക്കം നേരിട്ടുള്ള നിയമനങ്ങള്‍ വെട്ടിക്കുറച്ച് പൊതുമേഖലയില്‍ 24 ലക്ഷത്തോളം ഒഴിവുകള്‍ നികത്തപെടാതെ കിടക്കുന്നു. ഇതില്‍ പത്തു ലക്ഷത്തോളം ഒഴിവുകള്‍ അധ്യാപകരുടേതാണ് എന്ന് കണക്കുകള്‍ പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ വാഗ്ദാനങ്ങള്‍ ഒരുപാടുണ്ടങ്കിലും വര്‍ധിത തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. രാജ്യത്ത് കഴിഞ്ഞ 46 വര്‍ഷത്തിനിടയിലെ ഏറ്റവും രുക്ഷമായ തൊഴിലില്ലായ്മയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് രാജ്യത്ത് തൊഴിലാളികളില്‍ 93 ശതമാനവും അസംഘടിതമേഖലയിലാണ് തൊഴിലെടുക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 42 കോടി തൊഴിലാളികള്‍ അസംഘിടിതമേഖലയില്‍ ജോലി ചെയ്യുന്നു. ഇതില്‍ 25 കോടിയോളം കര്‍ഷക തൊഴിലാളികളാണ്. തൊഴില്‍ ദിനങ്ങളും, വേതനവും കുറവായതിനാല്‍ മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ തേടി കര്‍ഷക തൊഴിലാളികള്‍ വന്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ.് സംഘടിതമേഖലയില്‍ ഭുരിപക്ഷവും കരാര്‍ തൊഴിലാളികളായി മാറി കഴിഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിലടക്കം കരാര്‍, പുറംകരാര്‍ രീതി വ്യാപകമായി. സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പം തന്നെ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു.

നവ ഉദാരീകരണ നയങ്ങള്‍ സമ്പത്ത് ഒരു ചെറിയ വിഭാഗം കുത്തകകളുടെ കയ്യില്‍ കേന്ദ്രീകരിക്കുന്ന രീതിയാണ് സ്യഷ്ടിച്ചിരിക്കുന്നത്. ഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്ന ഈ നയങ്ങള്‍ മാറാതെ ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് രക്ഷയില്ല. കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. 6000 രൂപയില്‍ താഴെ വേതനത്തിന് തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് അവര്‍. രാജ്യത്ത് പിരിച്ചുവിടലും തൊഴില്‍ നിഷേധവും ചോദ്യം ചെയ്യുവാന്‍ പോലും കഴിയാത്ത വിധം ട്രേഡ് യൂണിയനുകളെ ദുര്‍ബലപ്പെടുത്തുവാനും നിശബ്ദമാക്കുവാനുമുള്ള സംഘടിത ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാൡവിരുദ്ധ തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2019 ജനുവരി 8,9 തീയതികളില്‍ രാജ്യ വ്യാപകമായി നടത്തിയ പണിമുടക്കില്‍ രാജ്യത്തെ 20 കോടി തൊഴിലാളികള്‍ നേരിട്ട് പങ്കാളികളായി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സും സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനയായ അസെറ്റും സംയുക്തമായി കേരളത്തിലും ഈ പണി മുടക്കിന്റെ ഭാഗമായി.

തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപൊകുമ്പോള്‍ അതേ പാതയിലൂടെ തന്നെയാണ് സംസ്ഥാന സര്‍ക്കാരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മെല്ലെ മെല്ലെ തൊഴിലിടങ്ങളില്‍ നിന്ന് തൊഴിലവകാശങ്ങള്‍ പറിച്ചെറിയപ്പെടുകയാണ്. കോര്‍പ്പറേറ്റ് ഗുണ്ടായിസത്തിന് വഴിയൊരുക്കുന്ന നിയമങ്ങള്‍ ചുട്ടെടുക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. നിരവധി തൊഴിലാളി സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും പൂര്‍ണമായും തൊഴിലാളി പക്ഷ നിലപാടുകളില്‍ അടിയുറച്ചു നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ കുറഞ്ഞുവരികയാണ്. ഫാസിസ്റ്റ് സമഗ്രാധിപത്യവും കോര്‍പ്പറേറ്റ് ചൂഷണക്രമവും ഭരണകൂടമായി രൂപം പ്രാപിച്ച ഈ കാലത്ത് ഇവയെ നേരിടാനും തൊഴിലാളി സംഘാടനം രാജ്യരക്ഷയുടെ തന്നെ സമര വഴിയാണ് എന്ന് തിരിച്ചറിയുന്ന പ്രസ്ഥാനമാണ് എന്നതാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രെഡ് യൂണിയന്‍സിന്റെ പ്രത്യേകത. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പേരാട്ടം വിവേചന രഹിതമായ സമൂഹ സൃഷ്ടി എന്ന രചനാത്മകതയിലേക്ക് നിരന്തരം വികസിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ തൊഴിലിടങ്ങളും സാഹചര്യങ്ങളും വേതന വ്യവസ്ഥകളും തൊഴിലാളികളോടുള്ള സമീപനങ്ങളും തൊഴിലാളി സൗഹൃദപരമാക്കാന്‍ ഇനിയും സാധ്യമായിട്ടില്ല. സ്വന്തം തൊഴിലിടങ്ങളും തൊഴിലുടമകളും തൊഴിലാളിക്ക് ഭീതിയോടെ മാത്രം ഓര്‍മിക്കേണ്ടി വരുന്ന അവസ്ഥയാണ്. തൊഴിലാളികളുടെ സംരക്ഷകരാകേണ്ട തൊഴിലാളി പ്രസ്ഥാനങ്ങള്‍ പോലും കൊടിയുടെ നിറവ്യത്യസമെന്ന ഒറ്റക്കാരണത്താല്‍ പരസ്പരം പാര പണിയുന്ന ദുരവസ്ഥ പലപ്പോഴും ഉണ്ടാകുന്നു. പണയപ്പെടുത്താത്ത ആര്‍ജവവും സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കവുമുള്ള, വിവേചനങ്ങള്‍ക്കെതിരായ പോരാട്ട വീര്യവുമുള്ള ഒരു പ്രസ്ഥാനമെന്ന നിലക്കാണ് എഫ്.ഐ.ടി.യു കേരളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി യൂണിയുകളിലായി തൊഴിലാളികളുടെ പുതു പ്രതീക്ഷയും അവകാശ പോരാട്ടങ്ങളുടെ ശബ്ദവുമായി മാറാന്‍ എഫ്.ഐ.ടി.യുവിന് സാധ്യമായിട്ടുണ്ട്. മുഴുവന്‍ തൊഴിലാളി പ്രസ്ഥാനങ്ങളും കൈകോര്‍ത്ത് നില്‍ക്കാനും ഒരുമിച്ച് പോരാടാനും സാധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ മഴവില്‍ മുന്നേറ്റം സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിന്റെയും കോര്‍പ്പറേറ്റ് ഭീകരതയുടെയും കാലത്ത് നമുക്ക് രൂപപ്പെടുത്തണം. വിജയമുറപ്പിച്ചു കൊണ്ടുള്ള പിന്‍മടക്കമില്ലാത്ത പോരാട്ടം അതുമാത്രമാണ് അതി ജീവനത്തിന്റെ വഴി. പുതിയ ഇന്ത്യ നമ്മുടേത് കൂടിയാകണം.
(എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍).

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757