Opinion

ഗാര്‍ഹിക തൊഴിലാളികളും മനുഷ്യരാണ് – സാജിത സജീര്‍

 

ഇന്നും നമ്മുടെ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഒരു തൊഴിലായി രൂപപ്പെട്ടുവരാത്ത ഒന്നാണ് ഗാര്‍ഹിക തൊഴില്‍ മേഖല. ഇതൊരു തൊഴിലായിട്ടല്ല സമൂഹം മനസ്സിലാക്കിയിരിക്കുന്നത്; പട്ടിണിയും ദാരിദ്രവും അനുഭവിക്കുന്ന മനുഷ്യര്‍ക്ക് തങ്ങള്‍ നല്‍കുന്ന ഔദാര്യമായിട്ടാണ്. ഇന്ത്യയിലുടനീളം 40 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ നൂറു ശതമാനവും സ്ത്രീകളാണ്. ഇന്ത്യയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴിലെടുക്കുന്നത് അസംഘടിത മേഖലയിലാണ്. അവരില്‍ തന്നെ ട്രേഡ് യൂണിയനുകള്‍ പോലും വേണ്ടത്ര എത്തിപ്പെടാത്ത മേഖലയാണിത്. മറ്റു തൊഴിലുകള്‍ പോലെ സ്വയം തെരഞ്ഞെടുത്ത് സന്തോഷത്തോടെ സംതൃപ്തിയോടെ പ്രവേശിക്കുന്നവരല്ല ഈ തൊഴില്‍ മേഖലയില്‍ ദുരിഭാഗവും. ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ ഗതിയും പരഗതിയുമില്ലാതാകുന്ന സന്ദര്‍ഭത്തില്‍ എത്തപ്പെടുന്നതാണ് അധികപേരും ഈ തൊഴില്‍ മേഖലയില്‍.

ഗാര്‍ഹിക തൊഴില്‍, അതിന്റെ പേര് പോലെ തന്നെ തൊഴിലിടം വീടുകളാണ്. അതുകൊണ്ട് തന്നെ മറ്റു തൊഴിലിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതു ഇടവുമായി അവര്‍ക്ക് ബന്ധം കുറവായിരിക്കും. തൊഴിലാളിയുടെ ജോലി, അതിന്റെ സ്വഭാവം, വേതനം എന്നിവ നിശ്ചയിക്കുന്നത് തൊഴിലുടമയാണ്. തൊഴിലാളിക്ക് തന്റെ ജോലിയുടെ സാഹചര്യമോ അവസ്ഥയോ മനസ്സിലാക്കുന്നതിനോ അത് നീതീ പൂര്‍വകമല്ലെന്നത് സമൂഹത്തില്‍ അടയാളപ്പെടുത്തുന്നതിനോ സാധിക്കാത്തത് തൊഴിലുടമയല്ലാതെ മറ്റൊരാളും ഇത് കാണാനില്ലാത്തതിനാലാണ്. വീട്ടിലെ എല്ലാവരും എഴുന്നേല്‍ക്കുന്നതിന് മുന്‍പ് ആരംഭിച്ച് എല്ലാവരും ഉറങ്ങിയ ശേഷവും അവസാനിക്കാത്ത അത്ര പണിയെടുക്കേണ്ടി വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഒരു സമയക്രമം പോലും നിശ്ചയിച്ചിട്ടില്ല. പാത്രം കഴുകല്‍, അലക്ക്, തറ വൃത്തിയാക്കല്‍, കക്കൂസ് കഴുകല്‍, മുറ്റം വൃത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങി കുഞ്ഞുങ്ങളെയും വൃദ്ധരെയും ശുശ്രൂശിക്കുക, സ്‌കൂളിലേക്ക് അയക്കുക എന്നിവ പോലും ഒരേ സമയത്ത് ചെയ്യേണ്ടി വരുന്നു. തൊഴിലാളിയെ എണ്ണയിട്ട യന്ത്രമായി കാണാനാണ് തൊഴിലുടമക്കാഗ്രഹം. ഇതിലൊരു അനീതിയുമവര്‍ക്ക് കാണാന്‍ സാധിക്കാത്തതിന് കാരണം, ഇതൊന്നും ഒരു ജോലിയായി കരുതിന്നില്ല എന്നതുകൊണ്ടാണ്.

ഈ മേഖലയില്‍ തൊഴിലെടുക്കുന്ന പലരും പങ്കുവെച്ചിട്ടുള്ളെ അനുഭവം ഗാര്‍ഹിക തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചാല്‍ പിന്നെ മറ്റു യന്ത്രങ്ങളൊക്കെ ഓഫാക്കിയിടും എന്നതാണ്. കാരണം എല്ലാം കൂടി ചെയ്യുന്ന ഒരു വലിയ യന്ത്രം ഉള്ളപ്പോള്‍ പിന്നെന്തിന് കറണ്ട് കളയണം. ഇതിനൊരു പ്രാസമൊപ്പിച്ചുള്ള ചോദ്യമുണ്ട്, മിഷിനില്‍ പണിയെടുക്കാനാണെങ്കില്‍ ഇവളുമാരെ വിളിക്കേണ്ടതുണ്ടോ? അത് നമ്മള്തന്നെ ചെയ്യില്ലേ? ഇവള്‍ക്കൊക്കെ കൊടുക്കുന്നത് മുതലാവണ്ടേ? കറണ്ട് ലാഭത്തിെന്റ കാര്യമവിടെ നില്‍ക്കട്ടെ, അതുവരെ മോപ്പ്‌കൊണ്ട് തറ തുടച്ചിരുന്ന തൊഴിലുടമ ഇവരെ കണ്ടാല്‍ അത്തരം സാമഗ്രികളൊക്കെ മാറ്റി വെക്കും. അതിനവര്‍ക്ക് ന്യായവുമുണ്ട്; മുട്ടിലിരുന്ന് തുണികൊണ്ട് അമര്‍ത്തി തുടച്ചാലേ തറ വൃത്തിയാകൂ. വര്‍ഷങ്ങളായി തൊഴിലുടമക്ക് വെളുപ്പിച്ചെടുക്കാന്‍ കഴിയാത്ത കുളിമുറിയുടെ തറപോലും ഇത്തരത്തില്‍ വെളുപ്പിച്ചെടുക്കണം.

വീടുകളില്‍ പുറം പണിക്ക് വരുന്നവര്‍ക്ക് പോലും ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ അര മണിക്കൂര്‍ വിശ്രമിക്കാനവസരമുണ്ട്. ഈ വിശ്രമം വീട്ടിനകത്ത് ജോലിയെടുക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ഇനിയെങ്ങാനും തൊഴിലുടമ വിശ്രമിക്കാനനുവദിച്ചാല്‍ തന്നെ വീട്ടിലേക്ക് അതിഥികളായി എത്തുന്നവര്‍ക്കത് രസിക്കില്ല. കഴിവിന്റെ പരമാവധി അതിന് ഭംഗം വരുത്താനവര്‍ ശ്രമിക്കും. വീടുകളില്‍ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്ക് ഇടവേളയിലെ വിശ്രമം പോയിട്ട് മറ്റു തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അവധി പോലും ലഭിക്കില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവാദമുള്ളു. പ്രവാസികള്‍ക്ക് പോലും വര്‍ഷത്തില്‍ ഒരു മാസത്തെ അവധി ശമ്പളത്തോടു കൂടി ലഭിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നമ്മള്‍ കൊടുക്കുന്ന അവധി കൂടിവന്നാല്‍, രണ്ടോ മൂന്നോ ദിവസംമാത്രമാണ്. അതിന് പോലും ശമ്പളത്തില്‍ കുറവ് വരുത്തുന്നവരാണ് അധികവും.

ജോലിയില്‍ സ്ഥിരതയില്ലാത്തതും വിശ്രമമില്ലാത്തതും വേതനമില്ലാത്തും മാത്രമല്ല ഈ മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നം. ലൈംഗിക ചൂഷണം ഈ മേഖലയിലെ ഒരവകാശമായ കാണുന്നവരാണ് പലരും. ചൂഷണത്തിന്നിരയായവര്‍ തന്നെയാണ് കുറ്റം തെളിയിക്കപ്പെടേണ്ടത് എന്ന സാഹചര്യമാണിവിടെ നില നില്‍ക്കുന്നത്. അങ്ങിനെ തെളിയിക്കപ്പെട്ടാല്‍ പിന്നെ അവിടെ ജോലിയില്‍ തുടരാന്‍ സാധിക്കില്ല എന്നുമാത്രമല്ല, മറ്റിടങ്ങളിലും തൊഴില്‍ നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ് അവസ്ഥ. തൊഴിലിടങ്ങളില്‍ നടക്കുന്ന മോഷണത്തത്തിന്റെയും കുറ്റകൃത്യത്തിന്റെയും സംശയമുന ആദ്യം നീളുന്നത് ഇത്തരം തൊഴിലാളികളുടെ നേര്‍ക്കാണ്. ഇവരുടെ ദാരിദ്ര്യം ഏതായാലും തങ്ങള്‍ കൊടുക്കുന്ന വേതനം കൊണ്ട് നിവര്‍ത്തിക്കാനാവില്ല. അപ്പോള്‍ പിന്നെ മോഷണമില്ലാതെ ഇവരെങ്ങിനെ പട്ടിണി മാറ്റുന്നുവെന്ന തങ്ങളുടെ ഉപബോധ മനസ്സില്‍ വേരുറച്ച സംസ്‌കാരമില്ലായ്മയാണ് യഥാര്‍ഥത്തില്‍ ഈ സംശയത്തിന്ന് നിദാനമാകുന്നത്. ഇതിനൊക്കെ പുറമെയാണ്, ജോലിക്കിടയില്‍ തൊട്ടതിനും പിടിച്ചതിനും വന്നവരും പോയവരില്‍ നിന്നുമുള്ള ശകാര വര്‍ഷം. അത് ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വെച്ചായാല്‍ പോലും ആരുംതന്നെ ഇത്തരം അനീതിയെ തടയാന്‍ മുന്നോട്ടു വരുന്നത് കാണാന്‍ സാധിക്കാറില്ല.

ഈ ജോലിയുടെ മറ്റൊരു ഘടന ഓരോ ദിവസവും പല വീടുകളില്‍ ജോലി ചെയ്യുകയെന്നുള്ളതാണ്. ഇവിടെയും തൊഴിലാളിയുടെ അനുഭവത്തിന മുകളില്‍ പറഞ്ഞതില്‍ നിന്ന് വലിയ മാറ്റമൊന്നുമില്ല. ഇവിടെ ദിവസ വേതനമാണ് ലഭിക്കുന്നത്. ഒരു ദിവസം തന്നെ പല വീടുകളിലായി തൊഴിലെടുക്കുന്നവരുമുണ്ട്. വല്ല കാരണവശാലും ഒരു ദിവസം ലീവായാല്‍ പിറ്റേ ദിവസം രണ്ട് ദിവസത്തെ ജോലിയെടുക്കേണ്ടി വരും. അലക്കാനും കഴുകാനും വൃത്തിയാക്കാനുമുള്ളതവിടെ കൂട്ടിയിട്ടിട്ടുണ്ടാവും. ഇങ്ങിനെയൊക്കെയാണെങ്കിലും ജോലി കഴിഞ്ഞ് പോരുമ്പോള്‍, ഇന്നധികം പണിയെടുത്തതല്ലേ രണ്ട് ദിവസത്തെ കൂലിയിരിക്കട്ടെ എന്ന് പറയുന്ന സാഹചര്യം സ്വപ്നം കാണാന്‍ പോലും സാധിക്കില്ല. അന്നന്നത്തെ ജോലിയെ ആശ്രയിച്ചുള്ള ജീവിതമായതിനാല്‍ അസുഖമോ മറ്റോ വന്ന് ലീവായാല്‍ ആ ദിവസത്തെ വേതനം ലഭിക്കാതിരിക്കുന്നത് കൊണ്ട് തന്നെ ഇവരുടെ പല ആവശ്യങ്ങള്‍ക്കും ഇവര്‍ ആശ്രയിക്കുന്നത് കൊള്ളപ്പലിശക്കാരെയാണ്. പിന്നീടൊരിക്കലും ഈ പലിശക്കെണിയില്‍ നിന്ന് ഇവര്‍ക്കു പുറത്ത് വരാന്‍ കഴിയാറില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്കിടയില്‍ ഭൂരിഭാഗം പേരുടെയും കുടുംബം ശിഥിലമാണെന്നുള്ളടിത്താണ് എല്ലാവരാലും ചൂഷണം ചെയ്യപ്പെടുക എന്നതിന് നിന്നു കൊടുക്കേണ്ടി വരുന്നത്. ഈ മേഖലകളില്‍ തൊഴിലെടുക്കന്നവരില്‍ അധികപേരും വിവാഹ മോചിതരോ വിധവകളോ ആയിരിക്കും.

സംഘടിതരല്ല എന്നതുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികളുടെ ദുരവസ്ഥക്ക് പ്രധാന കാരണം. തൊഴിലാളിയുടെ പ്രവര്‍ത്തന മേഖല സ്ഥിരമായി ഒരു സ്ഥലത്തല്ല. അത് വീടുകളില്‍ നിന്ന് വീടുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. ജോലി സമയവും ദിവസവും മാറി കൊണ്ടേയിരിക്കും. ഇത് ഒരു പരിധി വരെ തൊഴിലാളികള്‍ക്ക് ഒരുമിച്ചിരിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള സാഹചര്യമില്ലാതാക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസവും എഴുത്തും വായനയും അറിയാത്തവരും ഈ മേഖലയില്‍ ധാരാളമുണ്ട്. തങ്ങളുടെ അവകാശങ്ങളെ കുറിച്ചോ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിനേ കുറിച്ചോ തൊഴിലാളികളിലധിക പേരും ബോധവാന്മാരല്ല. ജാതി അധിക്ഷേപവും ഇവര്‍ അനുഭവിക്കോണ്ടി വരുന്നുണ്ട്. ഈ മേഖലയിലുള്ളവരെല്ലാം തന്നെ സമൂഹത്തില്‍ ജാതി അധിക്ഷേപത്തിന്നരയായവരും ചെറിയൊരു ശതമാനം, ദാരിദ്യം മൂലം മിഡില്‍ ക്ലാസ്സില്‍ നിന്ന് വന്നവരുമാണ്. അത് കൊണ്ട് തന്നെ സമൂഹത്തില്‍ താഴ്ന്ന ജാതിക്കാരെന്ന് വിളിക്കപ്പെടുന്നവര്‍ ഏത് തൊഴില്‍ മേഖലയിലും അനുഭവിക്കുന്ന ദുരിതങ്ങള്‍ ഈ സംഘാടനത്തിലും സംജാതമാകുന്നു. തൊഴില്‍ സ്വഭാവം 24 മണിക്കൂറും, അല്ലാത്ത പക്ഷം അവധി പോലുമില്ലാതെ മുഴുനീള ജോലിയുമായതിനാല്‍ തൊഴിലിടങ്ങളില്‍ നിന്ന് പുറത്ത് കടക്കാനോ ഒന്നിച്ചിരിക്കാനോ ഉള്ള സാഹചര്യമുണ്ടാകുന്നില്ല. ജാതി വ്യവസ്ഥ ഈ മേഖലയെ സ്വാധീനച്ചത് പോലെ തന്നെ സ്വാധീനിച്ച ഒരു വസ്തുതയാണ് ലിംഗ വ്യത്യാസം. ഈ മേഖലയിലെ വേതനക്കമ്മിയും ഇത്തരം ജോലികളെടുക്കേണ്ടത് സ്ത്രീകളാണെന്നുമുള്ള പൊതു ബോധവും വീട്ടകങ്ങളിലെ സ്ത്രീയുടെ സുരക്ഷിതത്വ ബോധവും കാരണം പുരുഷന്‍മാര്‍ ഈ മേഖലയില്‍ ഇല്ല.

ഇന്ത്യയില്‍ 40 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും ക്ഷേമ നിധിയില്‍ അംഗമല്ലാത്തവരും സര്‍ക്കാരിന്റെ ഒരുതരത്തിലുള്ള ആനുകൂല്യത്തിലുമുള്‍പ്പെടാത്തവരുമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമവും അവകാശ സംരക്ഷണവും മുന്‍നിര്‍ത്തിക്കൊണ്ട് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘടനകള്‍ ആരംഭിക്കാന്‍ പ്രചോദനമായതാകട്ടെ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ തൊഴിലിനിടയില്‍ ലൈഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതോടുകൂടിയാണ്. ഇന്നും കേരളത്തിലടക്കം കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും കുട്ടികളെ ഗാര്‍ഹിക തൊഴിലിനായി വീടുകളിലെത്തിക്കുന്നുണ്ട്. ഈ പ്രവണതക്ക് ഒരു കാരണം, കേളരത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കിപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന തുച്ചമായ വേതനം പോലും ഇവര്‍ക്ക് നല്‍കേണ്ടതില്ലയെന്നുള്ളത് കൊണ്ടാണ്. കോഴിക്കോട് ജില്ലയില്‍ 28 വര്‍ഷമായി ഒരേ വീട്ടില്‍ തന്നെ ജോലി ചെയ്ത് പുറം ലോകം പോലും കാണാതെ ശിവാള്‍ എന്ന ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നുവെന്ന വിവരം അടുത്തിടെയടാണ് മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. ഇതിനെതിരെ ട്രേഡ് യൂണിയനുകള്‍ പോലും രംഗത്തു വന്നില്ലയെന്നുള്ളത് സംഘടകരമായ അവസ്ഥയാണ്. സംസ്ഥാന വനിതാ കമ്മീഷന്‍ പോലും ആദ്യഘട്ടത്തില്‍ ഈ വിഷയത്തില്‍ പെണ്‍കുട്ടിക്ക് അനുകൂലമായി നിലപാടെടുക്കാന്‍ തയ്യാറായിരുന്നില്ല. നമ്മുടെ നാട്ടിലുള്ള ആദിവാസി പെണ്‍കുട്ടിക്കുണ്ടായ അവസ്ഥ ഇതാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന് തൊഴിലെടുക്കുി്ന്നവരുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.

ഇത്തരം തൊഴിലും അതിന്റെ കാഠിന്യവും ത്യാഗവും സുരക്ഷിതത്വമില്ലായ്മയും മസ്സിലാക്കാതെയുള്ളതാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിന്റെ കണക്ക് പോലും സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി തൊഴിലെടുക്കുന്നവര്‍ക്കുള്ള മിനിമം വേതനം കണക്കാക്കിയിരിക്കുന്നത് 6000 ല്‍ താഴെയാണ്. ഇതിനു മുകളില്‍ വേതനമിന്ന് കേരളത്തില്‍ തൊഴിലെടുക്കുന്ന പകുതിയിലധികം പേരും വാങ്ങുന്നുണ്ട്. എങ്കിലും 5000 വും 3000 വും വാങ്ങുന്നവരുമുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.

ചൂഷണത്തിന്റെയും സംരക്ഷണത്തിന്റെയും വേതനത്തിന്റെയും കാര്യത്തില്‍ ഒരു പരിധിവരെ ഏജന്‍സികള്‍ വഴി തൊഴിലില്‍ പ്രവേശിക്കുന്നത് ആശ്വാസമാകാറുണ്ട്. ഏജന്‍സികള്‍ വഴി ആകുമ്പോള്‍, സഹവസിക്കാനാവാത്ത സാഹചര്യമുള്ള ഇടങ്ങള്‍ തൊഴിലാളിക്ക് വേണ്ടെന്ന് വെക്കാനുള്ള അനുവാദമുണ്ട്. വേതനത്തിന് തൊഴിലുടമയോട് മത്സരിക്കേണ്ടതില്ല. സ്ഥിരമായി ജോലി ലഭിക്കുന്നുവെന്നുള്ളതും ഗാര്‍ഹിക തൊഴിലാളികള്‍ ഇത്തരം ഏജന്‍സികളെ ആശ്രയിക്കുന്നതിന് കാരണമാകുന്നുണ്ട്. ഏജന്‍സികള്‍ വഴി, പുറം രാജ്യങ്ങളിലേക്ക് ധാരാളം ഗാര്‍ഹിക തൊഴിലാളിള്‍ തൊഴില്‍ തേടി പോകുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ പുറം രാജ്യത്തിനയക്കുന്നതിന് രാജ്യത്ത് വളരെ കെട്ടുറപ്പുള്ളതും ഭദ്രമായതുമായ നിയമങ്ങളുണ്ട്. എങ്കിലും ഈ നിയമങ്ങളെയൊക്കെ കാറ്റില്‍ പറത്തി വളരെ തുച്ചമായ വേതനം നല്‍കി ഏജന്‍സികള്‍ തടിച്ചു കൊഴുക്കുന്ന പ്രവണതയുണ്ട്.
(എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757