Opinion

ഇല്ലാതാകുന്ന തൊഴില്‍ സുരക്ഷ – എം ജോസഫ് ജോണ്‍

 

2019 ജൂണ്‍ 21 ന് ചേര്‍ന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (കഘഛ) 108 ാമത്തെ സമ്മേളനത്തില്‍ തൊഴില്‍ ലോകത്ത് നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും മനുഷ്യാവകാശ ലംഘനമായി അംഗീകരിക്കുകയും തുല്യാവസരങ്ങള്‍ക്കെതിരെയുള്ള ഭീഷണിയായി വിലയിരുത്തുകയുമുണ്ടായി. ഈ വാര്‍ത്തയെ സമകാലിക ഇന്ത്യന്‍ തൊഴില്‍ മേഖലയിലേക്ക് ചേര്‍ത്തുവായിക്കുമ്പോള്‍ നൂറ്റാണ്ടുകളായി പീഡനങ്ങളേറ്റ് ഒരു നേരത്തെ അന്നത്തിനുവേണ്ടി അധ്വാനിക്കുന്ന വലിയൊരു വിഭാഗം ജനതയെ ഇന്നും കാണാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്ത് 93 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. ഏഉജ യുടെ 60 ശതമാനവും (2014) ഉല്‍പാദിപ്പിക്കുന്ന ഈ തൊഴിലാളികള്‍ക്ക് ജീവിതം തന്നെ സമരമാണ്. മതിയായ തൊഴില്‍ സുരക്ഷാ സംവിധാനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളുമില്ലാത്തവരാണ് അസംഘടിതതൊഴിലാളികള്‍. കൃത്യമായ വേതനവും സ്ഥിരം തൊഴിലും കൂടിയില്ലാതാകുമ്പോള്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിത്തീരുകയാണ്.

ഇതില്‍ തന്നെ 50 ശതമാനത്തിന് മേലെ കൃഷിയും അതുമായി ബന്ധപ്പെട്ട മേഖലകളിലും പ്രവര്‍ത്തിക്കുന്നവരാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക നയങ്ങളും തൊഴില്‍ നിയമങ്ങളും കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമാണ് കര്‍ഷകരെ നയിക്കുന്നത്. ജീവിതം മൊത്തം കൃഷിയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നുറു കിലോ ഉള്ളിക്ക് ഒരു രൂപ വില പറഞ്ഞാല്‍, കണ്‍മുന്‍പില്‍ നശിക്കുന്നത്് കണ്ടാല്‍ അയാളാരോടാണ് പരിതപിക്കേണ്ടത്? രാജ്യത്തിന്റെ ഉല്‍പാദകര്‍ ദിവസേന മരിച്ചു വീണിട്ടും ഭരണകൂടങ്ങള്‍ അനങ്ങിയില്ല. അവസാനമവര്‍ തെരുവിലിറങ്ങി. രാജ്യം മുഴുവന്‍ അലയടിച്ച കര്‍ഷക സമരത്തെയും സര്‍ക്കാര്‍ അവഗണിച്ചു. ദല്‍ഹിയിലും മുംബൈയിലും ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിചേര്‍ന്ന സമരങ്ങള്‍ക്ക് മാധ്യമങ്ങളുടെയും നഗരങ്ങളിലുള്ളവരുടെയും പിന്തുണ ലഭിച്ചിരുന്നു. കര്‍ഷകര്‍ തങ്ങള്‍ക്കാവുന്നത്ര ശബ്ദം ഉയര്‍ത്തിയിട്ടും താങ്ങുവില നല്‍കാമെന്ന ഉറപ്പ്് പോലും ലഭിച്ചില്ല.

അസംഘടിത മഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ഏറ്റവുമധികം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. വേതന നിരക്കിലുള്ള അസമത്വത്തിനും ലൈംഗിക ചൂഷണങ്ങുള്‍ക്കുമപ്പുറം ഞെട്ടിക്കുന്നതാണ് പുറത്ത് വരുന്ന പല വാര്‍ത്തകളും. മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയുടെ യഥാര്‍ഥ മുഖമാണ്.

കൃഷിയും നിര്‍മാണമേഖലയും കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത് കൈത്തൊഴിലും കുടില്‍ വ്യവസായവുമാണ്. വീട്ടിലിരുന്നുള്ള ഈ അധ്വാനത്തില്‍ കുടുംബം മുഴുവന്‍ പങ്കാളികളാകുന്നുണ്ട്. എന്നിട്ടും കിട്ടുന്ന വരുമാനം ഒരാളുടെ വരുമാനം പോലുമാകുന്നില്ല. മിനിമം വേതനമെന്ന വ്യവസ്ഥയെ കാറ്റില്‍ പറത്തിയുള്ള ഇടനിലക്കാരുടെ ചൂഷണം കൂടിയാകുമ്പോള്‍ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു. ബംഗാളിലെ ഗ്രാമങ്ങളില്‍ ചെറിയ കുഞ്ഞ് മുതല്‍ പ്രായമായവര്‍ വരെ രാപ്പകല്‍ ഇല്ലാതെ ബീഡി തെറുത്താല്‍ കിട്ടുന്നത് 100 രൂപയാണ്. 1300 ബീഡിയെങ്കിലും തെറുക്കണം നൂറു രൂപ കിട്ടണമെങ്കില്‍. തമിഴ്നാട്ടിലെ നെയ്ത്ത് ഗ്രാമങ്ങളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. ഷോറൂമുകളിലെ കാഞ്ചിപുരം പട്ടിന് ലക്ഷങ്ങള്‍ നല്‍കുമ്പോള്‍ തുച്ഛമായ കൂലിയാണ് നെയത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.

അസംഘടിത മേഖലയില്‍ യാതൊരുതരത്തിലുള്ള ആനുകൂല്യവും ലഭിക്കാത്ത വിഭാഗമാണ് അതിഥി തൊഴിലാളികള്‍. കൂടുതല്‍ വരുമാനവും മെച്ചപ്പെട്ട ജീവിതവും പ്രതീക്ഷിച്ചെത്തുന്ന അവരെ കാത്തിരിക്കുന്നത്് ചൂഷണങ്ങളാണ്. അതിജീവനത്തിനായുള്ള സമരത്തില്‍ തൊഴില്‍ പീഡനങ്ങളെ അവഗണിക്കുമെങ്കിലും അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്്.അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ നിയമം 2008 (ൗിീൃഴമിശലെറ ംീൃസലൃ െീരെശമഹ ലെരൗൃശ്യേ മര േ2008) ഈ മേഖലയില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, അതിഥി തൊഴിലാളികള്‍, കര്‍ഷകര്‍, സംഘടിത മേഖലയിലെ കരാര്‍ ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കേഴ്സ്, സഹകരണ മേഖലയിലെ തൊഴിലാളികള്‍ തുടങ്ങി ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ ഈ നിയമത്തിന് പുറത്താണ്. അതിന് പുറമെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പരിരക്ഷയും ഈ നിയമത്തിന് കീഴില്‍ വരുന്നില്ല. നിലവിലുള്ള ആം ആദ്മി ഭീമ യോജന, രാഷ്ട്രീയ സ്വാസ്ത്യ ഭീമ യോജന തുടങ്ങിയ പദ്ധതികളുമായി ബന്ധിപ്പിച്ചിരിക്കുന്നെന്നു മാത്രം. അസംഘടിതതൊഴിലാളി സാമൂഹിക സുരക്ഷ നിയമം 2008ന് കീഴില്‍ ദേശീയ സാമൂഹിക സുരക്ഷ ബോര്‍ഡ് നിലവില്‍ വന്നെങ്കിലും കാര്യക്ഷമമല്ല പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന തലത്തിലും ബോര്‍ഡിനുള്ള ആവശ്യം ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ബോര്‍ഡ് നിലവില്‍ വന്നിട്ടില്ല. അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ സമയം, നിര്‍ബന്ധിത അവധി, തൊഴില്‍ സുരക്ഷ, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍, മിനിമം വേതനം, ബോണസ് തുടങ്ങി അസംഘടിത തൊഴില്‍ മേഖലയിലെ ലഭ്യമാക്കേണ്ട അവകാശങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പില്‍ വരുത്തിയിട്ടില്ല.

(എഫ്.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757