Opinion

അംബേദ്ക്കര്‍ എന്ന തൊഴിലാളി നേതാവ് – അനിരുദ്ധന്‍ രാഘവന്‍

 

ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു ഡോ.അംബേദ്കര്‍. ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി സ്ഥാപകനും വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തൊഴില്‍കാര്യ മന്ത്രിയും ഭരണഘടനാ ശില്പിയും പ്രഥമ നിയമമന്ത്രിയുമായിരുന്ന ഡോ.അംബേദ്കര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നല്‍കിയ സംഭാവനകളെ വിസ്മരിക്കാന്‍ കഴിയില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ഭൂരിഭാഗം അവകാശങ്ങളും ഡോ.അംബേദ്ക്കറുടെ അനന്യമായ ഇടപെടലുകളുടെ ഫലമായി സാക്ഷാത്ക്കരിക്കപ്പെട്ടതാണ് എന്നതാണ് യാഥാര്‍ഥ്യം. 1924-29 കാലഘത്തില്‍ ബോംബെയിലെ നെയ്ത്ത് തൊഴിലാളികള്‍ സംഘടിപ്പിച്ച ഐതിഹാസികമായ പണിമുടക്ക് സമരത്തില്‍ ഇടപെടുന്നതിലൂടെയാണ് ഡോ.അംബേദ്കര്‍ തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. 1937-ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ പ്രാമുഖ്യം നല്‍കുകയും തൊഴിലാളി സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സ്ഥിതിസമത്വം കൈവരിക്കുന്നതിനും വേണ്ടിയാണ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാക്ടറി തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും റെയില്‍വേ തൊഴിലാളികളെയും സംഘടിപ്പിച്ച അദ്ദേഹം ജന്മിത്തത്തിനെതിരെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി വമ്പിച്ച ജനമുന്നേറ്റം സംഘടിപ്പിക്കുകയുണ്ടായി. ഇക്കാലത്താണ് തൊഴിലാളികളുടെ പണിമുടക്ക് അവകാശത്തെ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് ബോംബെ നിയമസഭ പാസ്സാക്കിയ ബില്ലിനെതിരെ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1938 നവംബര്‍ 7ന് ഒരു ദിവസത്തെ പണിമുടക്ക് സമരം വിജയകരമായി സംഘടിപ്പിക്കുന്നത്.

1937-ല്‍ ഇന്ത്യയില്‍ തൊഴില്‍ വകുപ്പ് രൂപീകരിക്കപ്പെടുകയും, 1942ല്‍ ഡോ.അംബേദ്കര്‍ തൊഴില്‍കാര്യ മന്ത്രിയായി ചുമതല ഏല്‍ക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല വിപുലമായി. ജലസേചനം, ഊര്‍ജം എന്നിവ തൊഴില്‍ വകുപ്പിന് കീഴിലായിരുന്നതിനാല്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി കൊണ്ട് ഈ മേഖലകളുടെ വികസനത്തിന് വേണ്ട ബൃഹത്തായ പദ്ധതികള്‍ ഡോ.അംബേദ്ക്കറുടെ നിര്‍ദ്ദേശപ്രകാരം ആവിഷ്‌ക്കരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി രാജ്യത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു വേണ്ടി Central Technical power board രൂപീകരിക്കുകയും ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് വിപുലമായ സര്‍വേകള്‍ നടത്തുകയും ഡാം സൈറ്റുകള്‍ നിര്‍ണയിക്കുകയും ചെയ്തു. 1926ല്‍ ഇന്ത്യ സന്ദര്‍ശിച്ച Royal Commission on currency and finan-ce ന് മുന്‍പാകെ ഡോ.അംബേദ്കര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് ഞആക രൂപീകരിക്കപ്പെടുകയും ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വഴിയൊരുങ്ങുകയും ചെയ്തു. തൊഴില്‍കാര്യ മന്ത്രിയായിരിക്കെ 1942 നവംബര്‍ 27ന് ഡോ.അംബേദ്ക്കറുടെ അധ്യക്ഷതയില്‍ നടന്ന പ്രഥമ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച മാര്‍ഗരേഖയിലൂടെ തൊഴില്‍ സമയം 12 മണിക്കൂറില്‍ നിന്നും എട്ട് മണിക്കൂറായി ക്രമീകരിക്കപ്പെട്ടു. 1943ല്‍ നടന്ന രണ്ടാം ലേബര്‍ കോണ്‍ഫറന്‍സും ചരിത്ര സംഭവമായി. സമ്മേളനത്തില്‍ ഡോ.അംബേദ്കര്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിന്റെ അവകാശ പ്രഖ്യാപനത്തിന്റെ അടിസ്ഥാന നയരേഖയായി അംഗീകരിക്കപ്പെടുകയായിരുന്നു.

തൊഴി കാര്യ മന്ത്രിയായിരിക്കെ ഡോ.അംബേദ്കര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ Mines Maternity Benifit Act, Women labour welfare fund, Women and child labour protection Act, Maternity benifit for women labour, Restoration of ban on Employment of women on undergroundwork in coal mines തുടങ്ങിയ നിയമങ്ങളാണ് ഇന്ത്യയില്‍ ആദ്യമായി സ്ത്രീ തൊഴിലാളികളുടെ ശാക്തീകരണത്തിനും മുന്നേറ്റത്തിനും വഴിതുറന്നത്. പില്‍ക്കാലത്ത് ഭരണഘടനാ ശില്പിയായി സേവനം അനുഷ്ഠിക്കവെ സ്ത്രീകളുടെ, പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉപോദ്ബലകമായ നിരവധി വകുപ്പുകള്‍ അദ്ദേഹം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് (ESI) പദ്ധതി ആവിഷ്‌കരിക്കുന്നതും ഇന്‍ഷ്വറന്‍സ് ആക്ട് കൊണ്ടുവരുന്നതും ബാബാ സാഹേബ് തൊഴില്‍ കാര്യ മന്ത്രിയായിരിക്കുമ്പോള്‍ തന്നെ. തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി ശമ്പള പരിഷ്‌കരണം, DA, leave benifit തുടങ്ങിയ പരിരക്ഷകള്‍ക്ക് തുടക്കം കുറിച്ചതും ഡോ.അംബോദ്ക്കറുടെ കാലഘട്ടത്തില്‍ തന്നെ. ചുരുക്കത്തില്‍ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും സാമൂഹിക സുരക്ഷക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി അവര്‍ക്കൊപ്പം നിലകൊണ്ട അനിഷേധ്യനായ തൊഴിലാളി നേതാവായിരുന്നു ഡോ.അംബേദ്കര്‍ എന്നതാണ് ചരിത്ര വസ്തുത. ജാതി കേന്ദ്രീകൃതമായ ഇന്ത്യന്‍ സമൂഹത്തിന് പുറത്തായിരുന്നു അദ്ദേഹം ജനിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ലോകം അറിയപ്പെടുന്ന തൊഴിലാളി നേതാവ് എന്ന നിലയില്‍ ചരിത്രം അദ്ദേഹം വാഴ്ത്തപ്പെടുമായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757