interviewOpinion

സ്വത്വപ്രശ്‌നങ്ങളെ രാഷ്ട്രീയമായി വികസിപ്പിക്കുന്ന രീതിശാസ്ത്രമാണ് പാര്‍ട്ടിയുടേത് – ഹമീദ് വാണിയമ്പലം / ബഷീര്‍ തൃപ്പനച്ചി

മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ കൂടുതല്‍ കരുത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിരിക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള എല്ലാ മതേതര പാര്‍ട്ടികളും ആശയപരവും സംഘടനാപരവുമായ കടുത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയാണ് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

വീണ്ടും സംഘ്പരിവാര്‍ കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ വന്നിരിക്കുന്നു. മതേതര പ്രതിപക്ഷ ഐക്യമെന്നത് മിഥ്യയാണന്നും തെളിഞ്ഞിരിക്കുന്നു. രാജ്യത്ത് ഫാഷിസത്തെ ചെറുക്കുവാനും സക്രിയമായ ജനാധിപത്യം തിരിച്ചുകൊണ്ടുവരുന്നതിനും പാര്‍ട്ടിയുടെ കയ്യില്‍ എന്ത് രാഷ്ട്രീയ പരിഹാരമാണുള്ളത്?
സംഘ്പരിവാര്‍ രാജ്യത്ത് കൂടുതുല്‍ കരുത്താര്‍ജിച്ചുവെന്നതും പ്രതിപക്ഷം ദുര്‍ബലായിരിക്കുന്നുവെന്നതും ശരിയാണ്. സംഘ്പരിവാര്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും സാധ്യമല്ലെന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട് അവരുടെ വിജയം. ഭരണ മികവോ ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളോ തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിച്ചില്ല. എന്നാല്‍, മതവര്‍ഗീയതയും ജാതി വിവേചനങ്ങളും വിഭജന രാഷ്ട്രീയവും വിദ്വേഷ പ്രചാരണങ്ങളും വോട്ട് നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം വ്യാപകമായി നുണ പ്രചരിപ്പിക്കാനുള്ള സാങ്കേതിക മികവും മാധ്യമങ്ങളെയും മറ്റും വിലക്കെടുക്കാനുള്ള പണാധിപത്യവും ഒത്തുചേര്‍ന്നതിന്റെ വിജയം കൂടിയാണിത്. ഇലക്ഷന്‍ ക്രമക്കേടുകളും പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, തീവ്രവലതുപക്ഷ ഫാഷിസത്തിന് കിട്ടിയ ഈ മേല്‍കയ്യില്‍ നിരാശപ്പെട്ട് സാമൂഹിക രാഷ്ട്രീയ പ്രക്രിയയില്‍ നിന്ന് ഒളിച്ചോടേണ്ട യാതൊരു കാര്യവുമില്ല. വരാനുള്ള കല്‍പാന്തകാലം ഫാഷിസത്തിനുള്ളതുമല്ല.

രാജ്യം മര്‍ദിതര്‍ക്ക് അവകാശവും അധികാരവും ലഭിക്കുന്ന മഹത്തായ വിപ്ലവത്തിന് വേദിയാകും. കാരണം, ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം. വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും സംസ്‌കാരങ്ങളുമുള്ള നാടാണ് നമ്മുടേത്. അതിനെയെല്ലാം തകര്‍ത്ത് ഒരു ഏകസംസ്‌കാരത്തിലേക്ക് ഇന്ത്യയെ മാറ്റാനുള്ള സംഘ്പരിവാര്‍ അജണ്ടകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദീര്‍ഘകാലം ഉള്‍കൊള്ളാനാകില്ല.
സാംസ്‌കാരിക ദേശീയത സൃഷ്ടിക്കുന്ന ജാതീയ വിവേചനവും അപരവല്‍കരണവും ജനാധിപത്യ നിഷേധവും, കോര്‍പറേറ്റ് വിധേയത്വത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അസമത്വവും ഇന്ത്യന്‍ ജനതയെ പോരാട്ടത്തിന് നിര്‍ബന്ധിക്കും. ഇതുവരെ നാം ശീലിച്ചതും കണ്ടതുമായ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍ക്കാലിക അടവുതന്ത്രങ്ങള്‍കൊണ്ട് ആയിരിക്കുകയില്ല, മറിച്ച് മര്‍ദ്ദിത സമൂഹങ്ങളുടെ കര്‍തൃപരമായ പങ്കാളിത്തത്തോടെയായിരിക്കും ജനാധിപത്യത്തിന്റെ തിരിച്ചുവരവ് സംഭവിക്കുക. അതില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കും അത് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടാകും. അടിയന്തിരമായി സംഭവിക്കേണ്ടത് മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് നിന്ന് സംഘ്പരിവാര്‍ ഫാഷിസത്തെ ചെറുക്കണം. ഇതിന് എല്ലാ കക്ഷികളും കൂടുതല്‍ വിശാലവും ജനാധിപത്യപരവുമായ സമീപനം സ്വീകരിക്കണം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ധാരാളം നവരാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ ജന്മം കൊള്ളുകയും ഊര്‍ദ്ധശ്വാസം വലിക്കുകയും ചെയ്തു. പതിവ് രാഷ്ട്രീയ ചേരുവകളില്‍ നിന്ന് വ്യത്യസ്തമായി എന്ത് രാഷ്ട്രീയ നിലപാടുകളാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്?
വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും ജാതികളുമെല്ലാമുള്ള, വൈവിധ്യങ്ങള്‍ക്കൊപ്പം ഒട്ടേറെ വൈരുധ്യങ്ങളുമുള്ള സങ്കീര്‍ണ സാമൂഹിക ഘടനയാണല്ലോ നമ്മുടെ രാജ്യത്തിന്റേത്. ജാതീയവും മതപരവും പ്രാദേശികപരവുമായി വിവേചനവുമുള്ള ഇന്ത്യന്‍ സാമൂഹികാവസ്ഥയെ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയിലില്ല എന്ന തിരിച്ചറിവിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപംകൊള്ളുന്നത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന മുഴുവന്‍ വിഭാഗത്തിനും വേണ്ടി ശബ്ദിക്കുകയെന്നതായിരുന്നു പാര്‍ട്ടി ഏറ്റെടുത്ത ചരിത്രപരമായ നിയോഗം.
സാമൂഹിക നീതി, ജനാധിപത്യം, സാഹോദര്യം, സമത്വം, ഇന്‍ക്ലൂസീവ് ഡമോക്രസി, മൂല്യാധിഷ്ഠിത രാഷ്ട്രീയം, കള്‍ചറല്‍ ഫെഡറിലസം എന്നീ അടിസ്ഥാനങ്ങളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയും അതിന്റെ പേരിലുള്ള വിവേചനങ്ങളും മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അപരവല്‍ക്കരണങ്ങളും തിരിച്ചറിഞ്ഞാണ് പാര്‍ട്ടി സാമൂഹിക നീതി, സാമൂഹിക സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നത്.

സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജനാധിപത്യം പുലരണം എന്നതാണ് പാര്‍ട്ടി നിലപാട്. കര്‍ഷകരും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍, കോര്‍പറേറ്റ് മുതലാളിത്തം നടത്തുന്ന വിഭവ കൊള്ളയില്‍ തകരുന്ന പരിസ്ഥിതിയെ തിരിച്ചറിഞ്ഞുകൊണ്ടുള്ള വികസന മാതൃകള്‍ തുടങ്ങി ധാരാളം അജണ്ടകള്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നു. അധികാര മേഖലകളില്‍ നിന്ന് ബഹിഷ്‌കൃതരായ സമൂഹങ്ങളുടെ,വര്‍ഗങ്ങളുടെ,ലിംഗങ്ങളുടെ സാമൂഹിക കര്‍തൃത്തവും അധികാര പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിലും പാര്‍ട്ടി ബദ്ധശ്രദ്ധാലുക്കളാണ്; നിലവിലെ ഇന്ത്യയില്‍ അതില്ല. എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സും അഭിമാനവും ഒരുപോലെ സംരക്ഷിക്കപ്പെടണം. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു വെല്‍ഫെയര്‍ സ്റ്റേറ്റാണ് പാര്‍ട്ടി വിഭാവനം ചെയ്യുന്നത്. മുഴുവന്‍ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ആ ലക്ഷ്യം നേടാനുള്ള രാഷ്ട്രീയ പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.

ദലിത്-മുസ്‌ലിം രാഷ്ട്രീയം ഉയര്‍ത്തുന്ന പാര്‍ട്ടിയായാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ പലരും പരിചയപ്പെടുത്താറുള്ളത്?
പ്രാഥമികമായി മനസ്സിലാക്കേണ്ടത്, വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മതേതതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ്. മുസ്‌ലിംകളും ദലിതുകളും മാത്രമല്ല; എല്ലാ വിഭാഗങ്ങളിലുംപെട്ട മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഈ പാര്‍ട്ടിയിലുണ്ട്. ഏത് മത-ജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നേരത്തേ സൂചിപ്പിച്ച അടിസ്ഥാന ആശയങ്ങളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തന പദ്ധതികളും ആശയ രൂപീകരണവും പാര്‍ട്ടി നിര്‍വഹിക്കുന്നത്. ഇത് അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സാഹചര്യങ്ങളുടെ ആവശ്യം അനുസരിച്ചാണ്.

നമ്മുടെ നാട്ടില്‍ വികസന ഭ്രാന്തില്‍ പരിസ്ഥിതി ധ്വംസനം നടക്കുന്നതിനെ ചോദ്യം ചെയ്യുന്നതിനാല്‍ ഇതൊരു പരിസ്ഥിതി സംഘടനയാണ്. ലിംഗപരമായ അനീതിയും വിവേചനങ്ങളും അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ പക്ഷത്ത് നിലകൊള്ളുന്നതുകൊണ്ട് ഇതൊരു ഫെമിനിസ്റ്റ് സംഘമാണ്. സാമൂഹിക അസമത്വങ്ങള്‍ക്കും ഭരണകൂട വിവേചനങ്ങള്‍ക്കുമെതിരെ പോരാടുന്നതുകൊണ്ടിത് സാമൂഹിക പ്രസ്ഥാനവുമാണ്. വെല്‍ഫയര്‍ പാര്‍ട്ടി ദലിത് പാര്‍ട്ടിയാണ്. മുസ്‌ലിം പാര്‍ട്ടിയാണ്. കര്‍ഷക പാര്‍ട്ടിയാണ്. തൊഴിലാളി പാര്‍ട്ടിയാണ്. സ്ത്രീ പാര്‍ട്ടിയാണ്. മുഴുവന്‍ മനുഷ്യരുടേയും പാര്‍ട്ടിയാണ്. അഥവാ നീതി നിഷേധിക്കപ്പെടുന്നവരുടെ പാര്‍ട്ടിയാണ്. എന്നാല്‍ ഇതോടൊപ്പം തിരിച്ചറിയേണ്ട വസ്തുത, സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളോടും മര്‍ദിത സമൂഹങ്ങളോടും അത് കൂടുതല്‍ പക്ഷംചേര്‍ന്ന് നില്‍ക്കുമെന്നതാണ്. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സാമൂഹിക നീതി നിഷേധിക്കപ്പെടുന്നവരില്‍ മതന്യൂനപക്ഷങ്ങളും ദലിത്-ആദിവാസികളും സ്ത്രീകളുമാണ് മുഖ്യമായുള്ളത്. ആ അര്‍ഥത്തില്‍ ദലിത്-മുസ്‌ലിം-ആദിവാസി പ്രശ്‌നങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൂടുതല്‍ സജീവമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ മുസ്‌ലിം-ദലിത് രാഷ്ട്രീയമെന്നല്ല, മര്‍ദിതരുടെ നീതിക്ക് വേണ്ടിയുള്ള സാമൂഹിക നീതിയുടെ രാഷ്ട്രീയമെന്ന് വിളിക്കാനാണ് പാര്‍ട്ടിക്ക് താല്‍പര്യം. ഈ രാഷ്ട്രീയ പരിവര്‍ത്തനത്തില്‍ നീതി നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ നേതൃപരമായ പങ്കാളിത്തം നയരൂപീകരണത്തിലും സമരങ്ങളിലും പാര്‍ട്ടി ഉറപ്പാക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ ധാരാളം ദലിത്, മുസ്‌ലിം വ്യക്തിത്വങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വങ്ങളിലും സമര പോരാട്ടങ്ങളിലുമുണ്ട്.

ദലിത് വിവേചനം എന്ന ആക്ഷേപമാണല്ലോ രാജിവെച്ച ചിലര്‍ ഉന്നയിക്കുന്നത്?
ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. ആശയപരമായി പാര്‍ട്ടിയില്‍ അണിചേരാന്‍ ഒരാള്‍ക്ക് അവകാശമുള്ളതുപോലെ വിയോജിപ്പ് രേഖപ്പെടുത്തി രാജിവെക്കാനുള്ള അവകാശത്തെയും മാനിക്കുന്നതാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയം. എല്ലാവര്‍ക്കും എപ്പോഴും ഒരു അഭിപ്രായത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നില്ല. അപ്പോഴവര്‍ പാര്‍ട്ടി വിട്ടുപോകും. ഇതെല്ലാം സ്വാഭാവിക ജനാധിപത്യ പ്രക്രിയയാണ്. പുറത്തുപോകുന്നവരെ ആക്ഷേപിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നത് തെറ്റാണെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിശ്വസിക്കുന്നത്. അത്തരം സമീപനം ഒരു കാരണവശാലും ഉണ്ടാവരുത് എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. അവരുമായി ഭാവിയില്‍ സഹകരണ സാധ്യത ഉണ്ടായാല്‍ അത് പ്രയോജനപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്ക് വൈമനസ്യങ്ങളൊന്നുമില്ല. കാരണം വിയോജിപ്പുകളുള്ളവരുടെ സഹകരണത്തിന്റെ രാഷ്ട്രീയമാണ് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നതുതന്നെ. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ചവര്‍ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എട്ട് വര്‍ഷമായി വെല്‍ഫെയര്‍ പാര്‍ട്ടി ഇന്ത്യന്‍ സമൂഹത്തിന്റെ മുന്നിലുണ്ട്. ദലിത് വിരുദ്ധതയെന്നത് ഈ പാര്‍ട്ടിക്കെതിരെ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കാരണം, അത്തരമൊന്ന് പാര്‍ട്ടി അനുഭവത്തില്‍ തെളിയിക്കുക സാധ്യമല്ല. പാര്‍ട്ടിയുടെ ദേശീയ-സംസ്ഥന-ജില്ലാ നേതൃത്വങ്ങളിലെല്ലാം ഇന്നും ദലിത് നേതാക്കളുണ്ട്. പാര്‍ട്ടി നയനിലപാടുകള്‍ രൂപീകരിക്കുന്ന എല്ലാ വേദികളിലും അവരുണ്ട്. വളരെ ചിട്ടയോടെ പാര്‍ട്ടി യോഗങ്ങള്‍ നടത്തുന്ന ഒരു പാര്‍ട്ടിയാണ്. അത്തരം ഏതെങ്കിലും യോഗങ്ങളില്‍ ഇത്തരം ഒരു ആക്ഷേപം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി അച്ചടക്കത്തിനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും എതിരായി പ്രവര്‍ത്തിച്ച ചില നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ അതിനെ സംഘടനാപരമായി അഭിമുഖികരിക്കാന്‍ സാധിക്കാത്തതിനാല്‍ ജനശ്രദ്ധ ലഭിക്കുന്ന ഒരു ആരോപണം ഉന്നയിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.

പാര്‍ട്ടിക്കെതിരെ പൊതുസമൂഹത്തില്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ ചില വസ്തുതകള്‍ പറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു പാര്‍ട്ടികളെ ബാധിച്ച ജീര്‍ണതകള്‍ ഈ പാര്‍ട്ടിയെ ബാധിക്കരുതെന്ന് നിര്‍ബന്ധ ബുദ്ധിയുമുണ്ട്. അതിലൊരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല. അത് സംഭവിച്ചാല്‍ പാര്‍ട്ടി ഉയര്‍ത്തുന്ന ബദല്‍ രാഷ്ട്രീയത്തിന് മൂല്യമില്ലാതാവും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നതില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തതിന്റെ പേരില്‍ രണ്ട് സംസ്ഥാന നേതാക്കളെ ദേശീയ പ്രസിഡണ്ട് നാല് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവിധ പാര്‍ട്ടി കമ്മിറ്റികള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി, ആരോപണ വിധേയര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ എല്ലാ അവസരങ്ങളും നല്‍കിയതിന് ശേഷം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് നടപടിയുടെ ശുപാര്‍ശ ദേശീയ നേതൃത്വത്തിന് കൈമാറിയത്. പാര്‍ട്ടിയുടെ രീതിയനുസരിച്ച് അത് അറിയേണ്ട കീഴ്ഘടകങ്ങളില്‍ ഈ നടപടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അവരുടെ അഭിമാനത്തിനും അന്തസ്സിനും പോറലേല്‍പിക്കേണ്ടെന്നും തെറ്റുതിരുത്തി തിരിച്ചുവരാനുള്ള അവസരം അവര്‍ക്ക് ലഭിക്കണമെന്നും ഉദ്ദേശിച്ചുകൊണ്ട് ഇത് പൊതുജന സമക്ഷത്തില്‍ എത്താതിരിക്കാനുള്ള ജാഗ്രതയും പാര്‍ട്ടി പുലര്‍ത്തി.

ഈ നടപടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക മൂല്യവും അച്ചടക്കവും നേതൃ-അനുയായി വിവേചനങ്ങളില്ലാതെയാണ് പാര്‍ട്ടി നടപ്പാക്കുന്നത് എന്നും സ്വാഭാവികമാണന്നും മനസ്സിലാക്കേണ്ടതിനുപകരം അച്ചടക്ക നടപടിക്ക് വിധേയമായ രണ്ട് പേരും ദലിത് വിഭാഗത്തില്‍പെട്ട നേതാക്കള്‍ ആയതിനാല്‍ ദലിത് വിരുദ്ധതയായി ഈ നടപടിയെ ദുര്‍വ്യഖ്യാനിച്ചുകൊണ്ടും പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്തുകൊണ്ടും ദലിത് വിഭാഗത്തില്‍പെട്ട 23 പ്രവര്‍ത്തകര്‍ ഒപ്പിട്ട പരാതി പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍ എനിക്ക് നല്‍കി. അവര്‍ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളില്‍പ്പെട്ടവരും വിവിധ ജില്ലകളിലും പ്രവര്‍ത്തിക്കുന്നവരുമാണ്. അച്ചടക്ക നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടി നിശ്ചയിച്ച കമ്മിറ്റികള്‍ക്ക് താഴെയുള്ളവരും ഉണ്ട്. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ പോലും ഉണ്ട്. ഇവരെയെല്ലാം പാര്‍ട്ടി വിരുദ്ധ മനോഭാവത്തില്‍ ഏകീകരിക്കാന്‍ പ്രത്യേക ശ്രമം നടന്നു. ഞാന്‍ അവരോട് പാര്‍ട്ടി നിലപാടും നടപടിക്ക് വിധേയരായ സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ചെയ്ത തെറ്റും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ തെളിവുകളും ആക്ഷേപത്തെ ശരിവെക്കും വിധം ആരോപണ വിധേയര്‍ തന്നെ നല്‍കിയ മൊഴികളും വിശദീകരിച്ചു. ഭൂരിപക്ഷം പേരും തെറ്റുതിരുത്തി പാര്‍ട്ടിയില്‍ സജീവമായി തുടരുകയും ചെയ്യുന്നു. എന്നാല്‍, പാലക്കാട് ജില്ല കേന്ദ്രീകരിച്ച് ചിലര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇത് തെളിവ് സഹിതം ബോധ്യപ്പെട്ടതിനാലും അവരത് തിരുത്താന്‍ തയ്യാറാകാത്തതിനാലും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. അവരാണ് രാജിവെച്ച് ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇതിന് മുന്‍പും പലര്‍ക്കെതിരെയും പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിരുന്നു. അന്നൊന്നും അവരുടെ സമുദായം നോക്കി ആരും അത് വിവേചനമായി കണ്ടിരുന്നില്ല. ആരോപിക്കപ്പെടുന്ന ദലിത് വിവേചനം സ്വന്തം നിലപാട് സംരക്ഷിക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ മറച്ചുപിടിക്കാനുമുള്ള അടവ് നയം മാത്രമായേ പാര്‍ട്ടി കാണുന്നുള്ളു. പൊതുസമൂഹം ശ്രദ്ധിക്കുന്ന ഒരു വിഷയം എടുത്തിട്ട് യഥാര്‍ഥ പ്രശ്‌നങ്ങളെ മറികടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാവുകയുള്ളു. പാര്‍ട്ടിക്കെതിരില്‍ വ്യാജ ആക്ഷേപം ഉന്നയിച്ച് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിനൊന്നും പാര്‍ട്ടി വഴങ്ങില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാത്തരം ശ്രമങ്ങളെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. ഇത്തരം വ്യാജ ആരോപണങ്ങള്‍ നിലനില്‍ക്കുകയില്ല.

സാമുദായിക, മത പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെ പാര്‍ട്ടി വിലക്കുന്നുണ്ടോ?
ഒരിക്കലുമില്ല. പാര്‍ട്ടിയില്‍ വ്യത്യസ്തമായ സ്വത്വങ്ങളെ പ്രതിനിധീകരിക്കുന്നവരുണ്ട്. ദലിതരും മുസ്‌ലിംകളും കൃസ്ത്യാനികളും നിരീശ്വരവാദികളുമെല്ലാം അതിലുള്‍പ്പെടും. ഒരു മതേതര പാര്‍ട്ടിയില്‍ അത് സ്വാഭാവികവുമാണ്. പാര്‍ട്ടിക്കകത്തുള്ള ഏതൊരു സാമൂഹിക വിഭാഗവും സ്വയം സംഘടിച്ച് ശക്തിപ്പെടുന്നതും അതിന് വേണ്ടിയുള്ള കൂട്ടായ്മകളില്‍ സജീവമാകുന്നതും വെല്‍ഫെയര്‍ പാര്‍ട്ടി തെറ്റായി കാണുന്നില്ല. സാമുദായിക സംഘടനകളെ അതാത് സമുദായങ്ങളെ ശക്തിപ്പെടുത്താനുള്ള സംവിധാനമെന്ന നിലക്കും ആ ശാക്തീകരണം വഴി രാഷ്ട്രപുരോഗതിക്കുള്ള വേദിയുമായാണ് പാര്‍ട്ടി കാണുന്നത്. പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ ഇത്തരം വേദികളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, സമുദായ സംഘടനകളെയും പാര്‍ട്ടിയെയും ഒരുമിച്ച് പൊതുവേദികളില്‍ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ പാര്‍ട്ടി തടയുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഇത് അനിവാര്യമാണ്. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തകര്‍ സാമുദായികമായി വേര്‍തിരിഞ്ഞ് സംഘടിക്കുന്നത് പാര്‍ട്ടി അംഗീകരിക്കില്ല. അവിടെ പാര്‍ട്ടിയെന്ന ഒറ്റ വിഭാഗമേയുള്ളു. അങ്ങനെയല്ലെങ്കില്‍ പാര്‍ട്ടിക്കകത്തുള്ള വ്യത്യസ്ത സ്വത്വങ്ങളുടെ സംഘര്‍ഷമാവും സംഭവിക്കുക. അത് പാര്‍ട്ടിയെ ഏകീകരിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമാകും. സ്വത്വ പ്രശ്‌നങ്ങളെ പാര്‍ട്ടി അഭിമുഖീകരിക്കുന്നത് കൊണ്ട് പാര്‍ട്ടിക്കകത്ത് പ്രത്യേക സ്വത്വ വിഭാഗങ്ങളായി സംഘടിക്കാനുള്ള അവകാശം ഉണ്ടാകണമെന്ന് പറയുന്നവര്‍ക്ക് പാര്‍ട്ടിയുടെ രാഷ്ട്രീയാശയം മനസ്സിലാകാത്തത് കൊണ്ടോ അല്ലെങ്കില്‍ വികലമായി കാര്യങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമായോ കാണേണ്ടതാണ്. പാര്‍ട്ടി ഉജ്വലമായ സാഹോദര്യമാണ് അതിനുള്ളില്‍ കെട്ടിപ്പടുത്തിട്ടുള്ളത്. വിഭാഗീയതകളുടെയും വിവേചനങ്ങളുടെയും അടിവേരറുക്കുന്നതാണ് അത്. അതാണ് ഈ പാര്‍ട്ടിയുടെ ശക്തി.

സ്വത്വ രാഷ്ട്രീയത്തെ പാര്‍ട്ടി എങ്ങനെയാണ് കാണുന്നത്?
അക്രമം ജാതിയുടെയും മതത്തിന്റേയും പേരിലാവുമ്പോള്‍ അക്രമിക്കപ്പെടുന്നവരുടെ ജാതിയും മതവും പറഞ്ഞുകൊണ്ടുതന്നെയാണ് ആ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നത്. കാരണം, ദലിതരായാലും മുസ്‌ലിംകളായാലും സ്ത്രീകളായാലും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും പലപ്പോഴും ഇരയായത് അവരുടെ ജാതിയും മതവും സ്വത്വവും മൂലമാണ്. അതേസമയം അതിനുള്ള പരിഹാരങ്ങള്‍ സാമുദായികമോ സ്വത്വപരമായോ അല്ല, രാഷ്ട്രീയമായാണ് പാര്‍ട്ടി ഉന്നയിക്കുക. പരിഹാരത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യും. ജാതി വിവേചനങ്ങളും മതപരമായ അപരവല്‍കരണങ്ങളും ലിംഗവിവേചനങ്ങളും ഇല്ലായ്മ ചെയ്യേണ്ടത് ആ ജനവിഭാഗങ്ങളുടെ മാത്രം ഉത്തരവാദിത്തവുമല്ല; എല്ലാ ജനങ്ങളുടേയും ബാധ്യതയാണ്. പാര്‍ട്ടി നടത്തിയ ഭൂസമരങ്ങള്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. സ്വത്വ പ്രശ്‌നങ്ങളെ രാഷ്ട്രീയമായി വികസിപ്പിക്കുന്ന സമര രീതിശാസ്ത്രത്തിന്റെ പാഠപുസ്തകവും വിജയ മാതൃകയുമാണ് പാര്‍ട്ടിയുടെ ഭൂസമരങ്ങള്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757