Opinion

സാഹോദര്യ രാഷ്ട്രീയ ജാഥ- വിവേചനങ്ങള്‍ക്ക് വിധേയപ്പെടാത്ത സാഹോദര്യ രാഷ്ട്രീയമുയര്‍ത്തുക -കെ.എസ് നിസാര്‍

 

വെറുപ്പും വിദ്വേഷവും അപരരെ കുറിച്ച വ്യാജപ്രചാരണങ്ങളും അടിസ്ഥാനമാക്കിയുള്ളൊരു രാഷ്ര്ട്രീയമാണ് ഇന്ന് രാജ്യത്ത് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ നേരിട്ട് അധികാരത്തിലേറുകയും എല്ലാ ഭരണപരാജയങ്ങള്‍ക്കും ശേഷം ജയമാവര്‍ത്തിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഈ ഭീതിയുടെ രാഷ്ര്ട്രീയം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി ആള്‍കൂട്ട ആക്രമണങ്ങളായും വിവേചനങ്ങളായും അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെ ഈ രാഷ്ര്ട്രീയത്തെ ഫലപ്രദമായി ചെറുക്കാനാവുക അപരവല്‍കരണങ്ങളെയും പ്രചാരണങ്ങളെയും ചെറുക്കുന്നതിലൂടെ മാത്രമാണ്. വിവിധ ജനവിഭാഗങ്ങള്‍ പരസ്പരം അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ ചെറുത്തുനില്‍പ് സാധ്യമാകൂ. പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനും സഹവര്‍ത്തിക്കാനും വിവിധ ജനവിഭാഗങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമാണ് സാഹോദര്യം. വിദ്വേഷവും ഭയവും ഭരിക്കുന്ന രാഷ്ര്ട്രീയത്തെ മറികടക്കാന്‍ പരസ്പരം വിശ്വാസത്തിലെടുക്കുന്ന, പരസ്പരം ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിക്കുന്ന സഹവര്‍ത്തിത്വത്തിന്റെ രാഷ്ര്ട്രീയമാണ് ആവശ്യം. അതാണ് ഫ്രറ്റേണിറ്റി ഉയര്‍ത്തുന്ന സാഹോദര്യ രാഷ്ര്ട്രീയം. അംബേദ്കര്‍ രൂപകല്‍പന ചെയ്ത ഭരണഘടന സാഹോദര്യമെന്ന ഈ മൂല്യം പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. മണ്ഡലാനന്തര കാമ്പസുകളില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ ചെറുത്തും ആധിപത്യങ്ങളെ ചോദ്യം ചെയ്തും സാഹോദര്യത്തിന്റെ ആശയങ്ങളുയര്‍ന്നുവന്നിട്ടുണ്ട്. അവയെ ചേര്‍ത്തുവെക്കുകയാണ് ഫ്രറ്റേണിറ്റി ചെയ്യുന്നത്.

ഫ്രറ്റേണിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യ രാഷ്ര്ട്രീയം യഥാര്‍ഥത്തില്‍ എല്ലാ മനുഷ്യരുടെയും ഉള്ളില്‍ നൈസര്‍ഗികമായി ഉണ്ട്. ചുറ്റുമുള്ള പ്രചാരണങ്ങളും അപരവല്‍കരണങ്ങളും ജാതീയവും വംശീയവുമായ മുന്‍വിധികളും പലതരത്തില്‍ അതിനെ തിരിച്ചറിയുന്നതില്‍നിന്ന് ആളുകളെ തടയുന്നുണ്ട്. ഇത്തരം തടസ്സങ്ങള്‍ മാറുന്നതോടെ ഈ രാഷ്ര്ട്രീയം കാമ്പസുകളിലും സമൂഹത്തിലും വലിയ സ്വീകാര്യത നേടും.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തന അനുഭവവും അതാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലും കേരളത്തിലെ കാമ്പസുകളിലും പൊതുമണ്ഡലത്തിലും കുറഞ്ഞ കാലംകൊണ്ട് തന്നെ ഫ്രറ്റേണിറ്റിയും അത് ഉയര്‍ത്തിയ രാഷ്ര്ട്രീയവും വലിയ ചര്‍ച്ചയായിട്ടുണ്ട്. പല കാമ്പസുകളിലും ഫ്രറ്റേണിറ്റിയുടെ പ്രതിനിധികളെ വിവിധ പോസ്റ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ജനകീയ സമരങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയില്‍ ഇടപെട്ട് ഫ്രറ്റേണിറ്റി ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് ലഭിച്ച പ്രതികരണവും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കേരളത്തില്‍, പൊതുവെ കാമ്പസുകളില്‍ ഭരണത്തിലുള്ള മുന്നണികളുടെയും ആധിപത്യമുള്ള സംഘടനകളുടെയും അഴിഞ്ഞാട്ടമാണ് നടക്കുന്നത്. അതിനിടയില്‍ സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമങ്ങള്‍ വികസിക്കേണ്ടതുണ്ട്. കാമ്പസുകളിലും പൊതു സമൂഹത്തിനും ഇടയില്‍ ഇത്തരം ആശയങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍വെച്ചാണ് സാഹോദര്യ രാഷ്ര്ട്രീയ ജാഥ ഫ്രറ്റേണിറ്റി നടത്തുന്നത്.

കേരളത്തില്‍ വലത്-ഇടത് രാഷ്ര്ട്രീയം അവഗണിച്ച ധാരാളം പ്രശ്നങ്ങളുണ്ട്. സമൂഹത്തിന്റെ ജീവല്‍ പ്രശ്നങ്ങള്‍, വികസന ഇരകളുടെ പ്രശ്നങ്ങള്‍, സാമൂഹിക വിവേചനത്തിന്റെയും അസമത്വത്തിന്റെയും പ്രശ്നങ്ങള്‍; ഒന്നും ഇവിടെ ഉന്നയിക്കപ്പെടുന്നില്ല. തങ്ങളുടെ വോട്ടുബാങ്കുകള്‍ സംരക്ഷിക്കുന്ന ഉപചാരത്തിനുള്ള ഇടപെടലുകള്‍ മാത്രമാണിവിടെ നടക്കുന്നത്. കാമ്പസുകളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവുന്നില്ല. പുറമേ വിദ്യാഭ്യാസ മേഖലയിലെ ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ കിടക്കുന്നുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ കുത്തഴിഞ്ഞ അവസ്ഥ, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും വിവിധ യൂണിവേഴ്സിറ്റികളുടെയും നടത്തിപ്പിലെയും പഠന വിഷയങ്ങളിലെയും പ്രശ്നങ്ങള്‍, ഗുണനിലവാരത്തകര്‍ച്ച എന്നിവയൊന്നും ഇവിടെ ആരും പ്രശ്നമാക്കുന്നില്ല. പ്രശ്നപരിഹാരത്തിനായുള്ള ഇടപെടലുകളും നടക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെയും അതിനായുള്ള സൗകര്യങ്ങളുടെയും കാര്യത്തില്‍ ജാതി, വംശം, പ്രദേശം തുടങ്ങിയ പരിഗണനയില്‍ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടിവിടെ.
സമൂഹത്തില്‍ കൊടികുത്തിവാഴുന്ന അനീതിയും അക്രമവും വിവേചനങ്ങളും പ്രതിരോധിക്കേണ്ടതുണ്ട്. അതോടൊപ്പം ഇത്തരം ജീവല്‍ പ്രശ്നങ്ങള്‍ക്കപ്പുറത്ത് അപരവല്‍കരണങ്ങളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും ഇവിടെ നമുക്ക്മേല്‍ ആധിപത്യ ഘടനകളും നിലനില്‍ക്കുന്നുണ്ട്. അവയോടുള്ള വിധേയത്വത്തില്‍ നിന്നും പുറത്തുകടക്കാനും നമുക്കാവണം. അതിനാലാണ് വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ര്ട്രീയ ജാഥ സംഘടിപ്പിക്കുന്നത്. ഇത് ഉള്ളടക്കംകൊണ്ടും ആവിഷ്‌കാര ശൈലികള്‍കൊണ്ടും കേരളം കണ്ട ജാഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ കേരളത്തിലെ പ്രധാന കാമ്പസുകളിലും കവലകളിലും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡണ്ട് ശംസീര്‍ ഇബ്രാഹിം നയിക്കുന്ന ജാഥ സാഹോദര്യ സന്ദേശവുമായെത്തും. ജനകീയ സമര കേന്ദ്രങ്ങളും വിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലും വിധേയത്വങ്ങളെ പ്രതിരോധിക്കുന്നതിലും പങ്കുവഹിച്ച പ്രമുഖരുടെ വീടുകളും സന്ദര്‍ശിക്കും. വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ര്ട്രീയ പ്രമുഖരുമായി ജാഥാ ക്യാപ്റ്റന്റെ കൂടിയിരുത്തങ്ങളും ചായസല്‍ക്കാരങ്ങളും നടക്കും. പ്രസിഡണ്ടിന്റെയും ജാഥാ വൈസ് ക്യാപ്റ്റന്‍ മഹേഷ് തോന്നക്കലിന്റെയും നേതൃത്വത്തിലുള്ള ജാഥാ ടീമിന് പുറമേ രാഷ്ര്ട്രീയ സാമൂഹിക മണ്ഡലത്തെ വിലയിരുത്തുന്ന ആവിഷ്‌കാരങ്ങളുള്‍കൊള്ളുന്ന കലാജാഥ ടീമും സംഘത്തിലുണ്ടാകും. കാമ്പസുകളിലും കവലകളിലും നടക്കുന്ന സ്വീകരണങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും പുറമേ തുരുവനന്തപുരത്ത് ഉല്‍ഘാടന സമ്മേളനവും തൃശൂരില്‍ സമാപന സമ്മേളനവും വിദ്യാര്‍ഥി റാലിയും നടത്തും.

മനുഷ്യര്‍ക്കിടയില്‍ വിദ്വേഷവും പകയും പ്രചരിപ്പിക്കുന്ന വംശീയതയുടെയും ജാതീയതയുടെയും കാലത്തെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ കാര്യമെടുത്താല്‍ ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടവര്‍ തന്നെ അവക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ് കാണാനാവുക. ഇത്തരമെല്ലാ പ്രതിസന്ധികളെയും നമുക്ക് മറികടന്നേ മതിയാകൂ. അതിനുള്ള ഏറ്റവും സമാധാനപരവും വിപ്ലവകരവുമായ പരിഹാരമാണ് ആളുകള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും വളര്‍ത്തുക എന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹദര്യത്തോടെയുള്ള സഹവര്‍ത്തിത്വം സാധ്യമായാല്‍ സംഘ്പരിവാറടക്കമുള്ളവരുടെ വിദ്വേഷപ്രചാരണങ്ങളും അപരവല്‍കരണങ്ങളും വിലപോകില്ല. നുണക്കഥകളെ മറികടന്ന് പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സാമൂഹിക ജീവിതം സാധ്യമാക്കുന്നതിലൂടെ എല്ലാ പ്രതിസന്ധികളെയും നമ്മള്‍ മറികടക്കും. എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരവരുടെ ആത്മാവിഷ്‌കാരങ്ങള്‍ സാധ്യമാകുന്ന സാമൂഹിക നീതിയിലധിഷ്ഠിതമായ പുതിയൊരു ജനാധിപത്യത്തിന്റെ നിര്‍മിതിക്കായി ഫ്രറ്റേണിറ്റി ഉയര്‍ത്തുന്ന സാഹോദര്യ രാഷ്ര്ട്രീയം മാനവ സമൂഹത്തെ കൂടുതല്‍ പുരോഗതിയിലേക്കും വികാസത്തിലേക്കും നയിക്കും. എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ അത് കരുത്തേകും. കേവല സാഹോദര്യത്തിനപ്പുറം രാഷ്ര്ട്രീയമായി വികസിക്കുന്ന സാഹോദര്യത്തിന് മാത്രമേ അത് സാധ്യമാകൂ.
(ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757