Opinion

ജാതി വിവേചനത്തിനെതിരെ എതിരെ ഓപ്പറേഷന്‍ രോഹിത് വെമുലയുമായി കെ.എസ്.ടി.എം

അപ്രതീക്ഷിതവും നാടകീയവുമായ ഒരു നീക്കത്തിലൂടെ അയിത്തത്തിനെതിരെ മാനവികതയുടെ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ജാതിവിവേചനം നിലനില്‍ക്കുന്ന പേരാമ്പ്ര ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കെ.എസ്.ടി.എം എന്ന അധ്യാപക സംഘടന പുതുതായി അഞ്ച് വിദ്യാര്‍ഥികളെ ചേര്‍ത്ത് ചരിത്രം സൃഷ്ടിച്ചു. ദശാബ്ദങ്ങളായി ഈ സ്‌കൂളില്‍ സാംബവ സമുദായത്തിലെ കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. പലപ്പോഴായി മറ്റു വിഭാഗത്തില്‍പ്പെട്ട ഏതാനും കുട്ടികള്‍ ചേര്‍ന്നിരുന്നുവെങ്കിലും അയിത്തം കല്‍പിച്ച് സാംബവ സമുദായത്തിലെ കുട്ടികളുടെ കൂടെ ഇരുന്ന് അധ്യയനം നടത്തിയിരുന്നില്ല.

സര്‍ക്കാരും സാമൂഹിക സംഘടനകളും മറ്റു കുട്ടികളെ ഈ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ തീവ്രമായ ശ്രമം നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. സാംബവ സമുദായത്തില്‍ പെട്ട കുട്ടികളുടെ കൂടെ സ്വന്തം മക്കളെ ഇരുത്തി പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ ആരുംതന്നെ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തിലാണ് കെ.എസ്.ടി.എം (കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് – അസെറ്റ് ) എന്ന പുതുതായി രൂപം കൊണ്ട അധ്യാപക സംഘടന ‘ഓപ്പറേഷന്‍ രോഹിത് വെമുല ‘ എന്ന പേരില്‍ രംഗത്തെത്തിയത്. മുസ്‌ലിം വിഭാഗത്തില്‍ പെട്ട അഞ്ച് കുട്ടികളെ ഒന്നിച്ച് ഒരേ സമയം ചേര്‍ത്തുകൊണ്ടാണ് പേരാമ്പ്ര ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഇവര്‍ സ്തംബ്ധരാക്കിക്കളഞ്ഞു

വാര്‍ത്തയറിഞ്ഞ് ഉത്തര കേരള പറയസഭ നേതാക്കളും സ്‌കൂളിലെത്തി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ടി.എം രാജന്‍ മാസ്റ്റര്‍ക്ക് രക്ഷിതാക്കള്‍ അപേക്ഷ നല്‍കുകയും കുട്ടികളെ ചേര്‍ക്കുകയും ചെയ്തു. മീഡിയവണ്‍, മാതൃഭൂമി അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. പുതുതായി ചേര്‍ന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കൊണ്ടുവന്ന മധുര പലഹാരങ്ങളും മിഠായികളും കുട്ടികള്‍ക്ക് മുറിച്ച് പരസ്പരം കൈമാറിയതോടുകൂടി ഇവിടെ പുതിയ ഒരു ചരിത്രം പിറക്കുകയായിരുന്നു.

ആഹ്ലാദവും സന്തോഷവും അടക്കാനാവാതെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ ഒന്നിച്ചിരുത്തി ഉച്ച ഭക്ഷണം വിളമ്പി. ചരിത്രത്തിലാദ്യമായി മറ്റ് സമുദായക്കാരായ കുട്ടികളുടെ കൂടെ ഇടകലര്‍ന്നിരുന്നുകൊണ്ട് സ്‌കൂളിലെ കുട്ടികള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചു. ക്യാമറകള്‍ സഹോദര്യത്തിന്റെയും മാനവികതയുടെയും വൈകാരികത നിറഞ്ഞ ഈ നിമിഷങ്ങളെ നിരന്തരം ഒപ്പിയെടുത്തു. സ്‌കൂളിലേക്ക് കടന്നുവന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെ പടിവാതില്‍ക്കല്‍ ആവേശകരമായ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കിക്കൊണ്ട് നിലയുറപ്പിച്ചു. ഇതോടെ ജാതി കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി പിറന്നു.
പയ്യോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ വി.കെ അബ്ദുല്‍ റഷീദ് മാസ്റ്ററുടെയും സക്കീനയുടെയും മകന്‍ ഇഹാന്‍ റഷീദ് , കാവുംവട്ടം ചെറുകണ്ടി അബ്ദുല്‍ സലാമിന്റെയും സാറ ടീച്ചറുടെയും മകള്‍ ഹന്ന റഷീദ്, കോട്ടൂര്‍ യു.പി സ്‌കൂള്‍ അധ്യാപകന്‍ സഹീദ് എലങ്കമലിന്റെയും റഹീനയുടെയും മകന്‍ സാലിസ്, കാവുന്തറ ചെല്ലട്ടന്‍ കണ്ടി ഷഫീഖിന്റെയും ശുര്‍ഫയുടെയും മകള്‍ നിഹ ഐറിന്‍, കാവുന്തറ ആസാദിന്റെ മകള്‍ സിയ ഹിന്ദ്, കാവുന്തറ താഴത്തെ പുതിയോട്ടില്‍ മശിമ മുഹമ്മദിന്റെ മകന്‍ നബ്ഹാന്‍ എന്നീ വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പുതുതായി ചേര്‍ന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757