keralanewspress release

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം: പിണറായി സര്‍ക്കാര്‍ ഭരണകൂട ഭീകരതക്ക് വഴിയൊരുക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതും ഭരണകൂട ഭീകരതക്ക് വഴിയൊരുക്കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മജിസ്റ്റീരിയല്‍ അധികാരം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് നാളിതുവരെ സിവില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചിരുന്ന സവിശേഷ അധികാരങ്ങളാകും പൊലീസിന് ലഭിക്കുക. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, നല്ല നടപ്പിനുള്ള ശിക്ഷ, പൊലിസ് അതിക്രമങ്ങള്‍ക്കിരയായി മരണമടഞ്ഞവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തല്‍ തുടങ്ങിയ നീതിന്യായ അധികാരങ്ങള്‍ പൊലീസിന് ലഭിക്കുന്നതോടെ ഇത്തരം കാര്യങ്ങളിലെ നിഷ്പക്ഷത നഷ്ടമാകും. ഇതിലെ പരാതിക്കാര്‍ ചട്ട പ്രകാരം പൊലീസാണ്. പരാതിക്കാര്‍ തന്നെ തീര്‍പ്പ് കല്പിക്കുന്നതാകുന്ന നീതിന്യായ സംവിധാനം ജനാധിപത്യത്തിന് ഭൂഷണമല്ല. 144 പ്രഖ്യാപിക്കല്‍, വെടിവെപ്പിന് ഉത്തരവിടാനുള്ള അധികാരം തുടങ്ങിയവയും പൊലീസിനാകുന്നതോടെ കേരളം പൊലീസ് സ്റ്റേറ്റായി പരിണമിക്കും. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിരവധി കസ്റ്റഡി പീഡനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന നിരവധി ആരോപണങ്ങളുണ്ട്. ആ നിലക്ക് ഈ നീക്കം നീതിരഹിതമായ വ്യവസ്ഥയിലേക്ക് നാടിനെ തള്ളിവിടുന്നതാണ്. മജിസ്റ്റീരിയല്‍ അധികാരങ്ങളുള്ള ഇന്ത്യയിലെ മറ്റ് ചില പൊലീസ് സേനകളെപ്പറ്റി വര്‍ഗീയ കലാപങ്ങളില്‍ പങ്കാളികളാകുന്നു എന്നതടക്കമുള്ള ആരോപണങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ പി.എ.സി അടക്കമുള്ള പോലീസ് സേനകള്‍ ഉദാഹരണമാണ്. സായുധ സേന പ്രത്യേകാധികാര നിയമത്തെ (AFSPA) രാജ്യവ്യാപകമായി ഇടതുപക്ഷം അടക്കമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളും എതിര്‍ക്കുന്നത് ഇത്തരം നീതിരാഹിത്യത്തിന് കാരണമാകും എന്നതിലാണ്. ഡല്‍ഹി പൊലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതതിയില്‍ നിലവിലുള്ള കേസില്‍ പത്തൊന്‍പതാം എതിര്‍ കക്ഷിയാണ് കേരള സര്‍ക്കാര്‍. ഇതിന് തീര്‍പ്പ് വരുന്നതിന് മുന്‍പ്തന്നെ എടുത്തുചാടി തീരുമാനത്തിലേക്ക് പോകുന്നത് ദുരൂഹമാണ്. ഇടതുമുന്നണിയിലെ തന്നെ സി.പി.ഐ സര്‍ക്കാരിന്റെ ഈ തീരുമാനം മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ആരോപിക്കുന്നു. പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയും കൂട്ടുത്തരവാദിത്തമില്ലായ്മയും ജനാധിപത്യ വിരുദ്ധതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാരിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള ഗൂഢശ്രമവും ഇതിന് പിന്നിലുണ്ട്. ജനങ്ങളുടെ സുരക്ഷയും ക്രമസമാധാന പാലനവും കുറ്റാന്വേഷണവുമാണ് പൊലീസിന്റെ ഉത്തരവാദിത്തങ്ങള്‍. തീര്‍പ്പ് കല്പിക്കാനുള്ള അധികാരം പൊലീസിന് നല്‍കരുത്. സ്വന്തം കേസില്‍ വിധി പറയുന്ന ന്യായാധിപരായി പൊലിസ് മാറുന്നത് സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അപകടരമാണ്. പിണറായി സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി എന്നിവര്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757