Opinion

മുഖപടങ്ങള്‍ സംസാരിക്കുന്നത് – സുഫീറ എരമംഗലം

 

കഴിഞ്ഞ മാര്‍ച്ച് 15 ലെ ന്യൂസിലാഡ് ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ജസീന്റ ആര്‍ഡേന്‍ പ്രസരണം ചെയ്തത് മഹത്തായ സ്‌നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും സന്ദേശങ്ങളെയാണ്. അവിസ്മരണീയമാണ് ആശ്വാസ നടപടികളും ഐക്യദാര്‍ഢ്യത്തിന്റെ ഹൃദ്യമായ സുവര്‍ണ നിമിഷങ്ങളും. അവ അന്തര്‍ദേശീയമായി ഉളവാക്കിയ സ്‌കാഫ് അനുകൂല സന്ദര്‍ഭത്തെയാണ് ഏപ്രില്‍ 21 ലെ ശ്രീലങ്കന്‍ സ്‌ഫോടനം കീഴ്‌മേല്‍ മറിച്ചത്. ഇരകളോടുള്ള അനുതാപങ്ങളെയും നൈതിക ചിന്തകളെയുമാണ് പ്രതി വിസ്‌ഫോടനങ്ങള്‍ നിര്‍വീര്യമാക്കുവാന്‍ ശ്രമിക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങളിലൊന്ന് അപരവല്‍ക്കണത്തെ ശക്തിപ്പെടുത്തിയതാണ്. മുസ്‌ലിം ചിഹ്നങ്ങളെ അപകടവല്‍കരിച്ച് അകറ്റുന്ന ഇസ്‌ലാമോഫോബിക് ത്വരകളെ ഊര്‍ജിതമാക്കുന്ന സന്ദര്‍ഭങ്ങളെ അത് വ്യാപകമാക്കി. സുരക്ഷയുടെ പേരില്‍ നിഖാബ് നിയമവിരുദ്ധമാക്കിയത് ഉദാഹരണം. ഇസ്‌ലാമോഫോബിയയുടെ ലോകത്ത് അതിനു മുതല്‍ക്കൂട്ടുന്ന സന്ദര്‍ഭങ്ങളെ സൃഷ്ടിക്കേണ്ടത് വംശീയ ബുദ്ധി നയിക്കുന്ന ആയുധ-ഭീകര മാഫിയയുടെ ആവശ്യമാണ്. അവരാണ് മാനവിക മൂല്യങ്ങളെയും അമൂല്യ ജീവനുകളെയും നൈതിക വിചാരങ്ങളെയും വെല്ലുവിളിക്കുന്ന സ്‌ഫോടനങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. ഇരകള്‍ കൂടുതല്‍ അപരവല്‍കരിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രതിഭീകരതകളുടെ ഫലം കൊയ്യുന്നത് വലതുപക്ഷ ഭീകരത തന്നെയാണ്. സഫോടനങ്ങളും ഭീകരാന്തരീക്ഷങ്ങളും ജീവനഷ്ടങ്ങളും ഏതൊരു ഉറവിടത്തില്‍ നിന്നായാലും അപലപനീയവും ദൗര്‍ഭാഗ്യകരവുമാണ്. ഇരകളും വേട്ടക്കാരും ഒരേ തൂവല്‍ക്കഴുകന്‍മാരാകുമ്പോള്‍ ലാഭം ഭക്ഷിക്കുന്നത് വേട്ടക്കഴുകന്‍മാര്‍ തന്നെ.

ന്യൂസിലാഡില്‍ നിന്നുയര്‍ന്ന സ്‌നേഹം വേദനകളില്‍ ശമന ലേപനമായി. അവിടുത്തെ പ്രധാനമന്ത്രിയണിഞ്ഞ് ആശ്ലേഷിച്ച ശിരോവസ്ത്രം ആകാശം പ്രാപിക്കുന്ന സഹിഷ്ണുതയുടെ ചിറകുകളായി. ശിരോവസ്ത്രം സമാധാന വസ്ത്രമായി. ശ്രീലങ്കന്‍ സ്‌ഫോടനമാകട്ടെ ശിരോവസ്ത്രത്തിന്റെ മറ്റൊരു രൂപമായ നിഖാബിനെ ഭീകരതയുടെ മുദ്രയാക്കി. മുഖപട നിരോധത്തിന്റെ ജാഗ്രതയെ ദേശാന്തരീകരിക്കുന്നതിലേക്കുള്ള സംഭാവനയായി എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ കേരളത്തിലെ നിഖാബ് വിരുദ്ധ പ്രസ്താവന. മുഖപടവും ശിരോവസ്ത്രവും രണ്ട് വ്യത്യസ്ത കാഴ്ചകളെ പ്രതിഫലിക്കുന്നതാണ്. എങ്കിലും ഒരേ സ്വത്വത്തെയാണവ അടയാളപ്പെടുത്തുന്നത്. സച്ചാര്‍ കമ്മീഷന്‍ സൂചിപ്പിച്ച സ്വത്വപരമായ ഉല്‍കണ്ഠ പര്‍ദ, തൊപ്പി, താടി തുടങ്ങിയ ഭൂഷകള്‍ ഉള്ളടങ്ങിയതാണ്. അത് ഇന്നത്തെ ഫാഷിസ കാലത്തോളം കഠിനമായി അനുഭവഭേദ്യമാവുകയും ചെയ്യുന്നു. മേല്‍ പറഞ്ഞവ ധരിക്കുന്നത് പലരിലും അസ്വസ്ഥത സൃഷ്ടിക്കുന്നതിന് പിന്നില്‍ ഭീകരതയുടെ അടയാളക്കുറികളായി അവ മാറിയതാണ്. ഇത്തരത്തില്‍ മാറ്റപ്പെട്ട അടയാളങ്ങള്‍ ആസൂത്രിതമായ അപരവല്‍ക്കരണത്തിന്റെ തുടര്‍ച്ചകളാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍, കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തിയ മൂന്ന് വനിതാ പഞ്ചായത്ത് പ്രസിഡണ്ടുുമാരുടെ ഹിജാബ് അഴിപ്പിക്കാന്‍ ശ്രമിച്ചത് 2017 ല്‍ ആണ്. മുസ്‌ലിം സ്ത്രീവേഷം മുന്‍പും നിരവധി വിവാദങ്ങളെയും ചര്‍ച്ചകളെയും അഭിമുഖീകരിച്ചിട്ടുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങളിലും ചില വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ശിരോ വസ്ത്രധാരിണികള്‍ വിലക്കപ്പെടുന്നത് കേരളത്തിലുള്‍പ്പെടെ വ്യാപകമായതാണ്.

നിഖാബ് പ്രശ്‌നവല്‍കരിക്കുന്ന ഒരിടം സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ടതാണ്. സ്ത്രീയുടെ സ്വയം തെരഞ്ഞെടുപ്പ് ആയിരിക്കുന്നിടത്തോളം അതിനെ ആത്യന്തികമായി സ്ത്രീ വിരുദ്ധമെന്ന് പറയുവാനാകില്ല. എന്നാല്‍, സ്ത്രീവിരുദ്ധതയുടെ ഇരുണ്ട കാഴ്ചകളെ പരത്തുന്ന ദുരൂഹതകളെ ഉള്‍കൊള്ളുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മകതയാണ് നിഖാബിനെ സ്‌കാഫില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മുഖസ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന സ്വാഭാവികമായ ഐഡന്റിറ്റിയെ നിരാകരിക്കുന്ന നിഷേധാത്മകതയാണ് ഇവിടെ പ്രതിചേര്‍ക്കപ്പെടുന്നത്. ഈ പ്രതിലോമതയുടെ മറപിടിച്ച് മുസ്‌ലിം സ്ത്രീസ്വത്വത്തെ തന്നെ അപരവല്‍കരിക്കുന്നതിനുള്ള ശ്രമവും കാണാതിരിക്കാനാവില്ല. (മതദേഹത്തെ മൃതദേഹത്തോട് അളക്കുന്ന റഫീക് അഹ്മദിന്റെ മതദേഹം എന്ന കവിത നിഖാബിയന്‍ സ്ത്രീ ചൈതന്യത്തെ നിരാകരിക്കുന്ന തരത്തില്‍ എഴുതപ്പെട്ടത് ചേര്‍ത്തു വായിക്കാം).

സ്വയം വെളിപ്പെടുക എന്നത് വ്യക്തിയുടെ ആത്മപ്രകാശന ചോദനകളില്‍ പെട്ടതാണ്. പരസ്പര സംവേദനങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കുന്നതിനെ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത് പൊതു ഇടത്തിന്റെ ദൃശ്യ ഭാഷയാണ്. അന്തര്‍മുഖത്വം അണിയുന്നവരേക്കാള്‍ അത് അരോചകമാകുന്നത് കാണികളുടെ കാണായ്മകള്‍ കൊണ്ടാണ്. സ്വയം വെളിപ്പെടാതിരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുന്നതും സ്വയം വെളിപ്പെടുന്നതിന്റെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുന്നതും തുല്യമാകുന്നത് സ്വയം നിര്‍ണയാവകാശം അടിപ്പടവാകുമ്പോള്‍ മാത്രമാണ്. വംശീയ മുന്‍വിധിയുടെ കണ്ണടയിലൂടെ നോക്കിയാല്‍ നിര്‍ണയാവകാശം ഹാദിയ വിഷയത്തിലേതുപോലെ ഇരട്ടമുഖമണിയുന്നത് കാണാം. ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പ് മതസ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ ഉറപ്പിക്കുന്നതാണ്. എല്ലാവരും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉള്ളവരാകുന്നു എന്നാണ് 25ാം വകുപ്പില്‍ പറയുന്നത്. ഇവിടെ ആചരണം എന്നു പറയുന്നതില്‍ സ്വന്തം വിശ്വാസത്തിനുതകുന്ന വസ്ത്ര രീതിയും ഉള്‍പ്പെടും. അതുകൊണ്ടാണ് ഈ വകുപ്പിന്റെ വിശദീകരണം ഒന്ന് ആയി ‘കൃപാണം ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിഖുമത വിശ്വാസത്തില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടേണ്ടതാണ് ‘ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. കൃപാണം ആയുധ രൂപത്തിലുള്ള ഒന്നായതുകൊണ്ടാണ് അത് ധരിക്കുന്നതിന് പ്രത്യേക അനുമതി ഭരണഘടന സിഖ് മതാനുയായികള്‍ക്ക് നല്‍കുന്നത്. എന്നാല്‍, നിഖാബ് ധരിക്കുന്നതിന് പ്രത്യേകമായ ഒരു അനുമതി നല്‍കേണ്ടതില്ല. അത് ഒരു വസ്ത്ര തെരഞ്ഞെടുപ്പ് മാത്രമാണ്.

മുസ്‌ലിം എന്ന നിലയില്‍ തിരിച്ചറിയപ്പെടുന്ന മത ചിഹ്നങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന ലോക സാഹചര്യത്തില്‍ നിഖാബ് നിരോധത്തിന് പല മാനങ്ങളുണ്ട്. അത് ശരീരത്തിന്റെ രാഷ്ട്രീയത്തെ പ്രതിനിധാനപ്പെടുത്തുന്നതും വ്യക്തിയുടെ സ്വകാര്യതയെ സംബന്ധിക്കുന്നതുമാണ്. ആഗോള മുസ്‌ലിം സ്ത്രീ പ്രതിനിധാനം വിദ്യാഭ്യാസ-വൈജ്ഞാനിക പടവുകള്‍ കയറുമ്പോഴും അവളുടെ വേഷത്തെ പ്രശ്‌നവല്‍കരിക്കുന്നതിലെ േ്രപരകങ്ങള്‍ പലതാണ്. തട്ടവും കാച്ചിയുമണിഞ്ഞ മുറുക്കാന്‍ മുറുപ്പുകളുടെ പിന്‍തലമുറക്കാര്‍ തങ്ങളുടെ മതഭൂഷകള്‍ മുറുകെപ്പിടിക്കുന്നതോടൊപ്പം വൈജ്ഞാനിക മേഖലകളില്‍ കരുത്താര്‍ജിക്കുന്നതിലെ അമ്പരപ്പാണ് ‘ഉമ്മക്കുട്ടി’കളെ കവിഞ്ഞു നില്‍ക്കുന്നത്. മേല്‍ക്കോയ്മാ മുന്‍വിധികളെ അസ്ഥാനപ്പെടുത്തുന്ന മാറ്റങ്ങളിലൂടെയാണ് മുസ്‌ലിം സ്ത്രീ പരിവര്‍ത്തനം തേടുന്നത്. ലിബറലിസത്തിന്റെ സുതാര്യ തീവ്രതയാണ് മറയില്ലായ്മകളും സകല വെളിപ്പെടുത്തലുകളും. ഇവയോടുള്ള വിപരീത ശക്തിയായി ആവരണ തീവ്രതയെ അനുഭവപ്പെടുത്തുന്നത് ലിബറലിസത്തോട് വിപരീതപ്പെടുന്ന മതമാണ്. 2004 മാര്‍ച്ചില്‍ ഹിജാബും 2015 ഒക്‌ടോബറില്‍ മുഖം മറക്കുന്ന നിഖാബും നിരോധിച്ചതിന്റെ തുടര്‍ച്ചയായി 2016 ല്‍ ബുര്‍ഖിനി നിരോധിച്ച ഫ്രാന്‍സ് വംശീയ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. ഉടലും തലമുടിയും മറക്കുന്ന ബുര്‍ഖിനിയും നഗ്‌നത വെളിപ്പെടുത്തുന്ന ബിക്കിനിയും ലിബറല്‍/മത-ഭൂഷകളുടെ അന്തരത്തെ വിളിച്ചു പറയുന്നു.

നിഖാബ് സ്ത്രീ വിരുദ്ധമാകുന്നത് അത് പൗരോഹിത്യ-പുരുഷാധികാരങ്ങളുടെയും മറ്റും അടിച്ചേല്‍പിക്കലുകളാകുമ്പോള്‍ മാത്രമാണ്. സ്വയം മറഞ്ഞിരിക്കുന്നതും മറയിലേക്കാഴ്ത്തപ്പെടുന്നതും രണ്ടാണ്. കാഴ്ചയുടെ മനോഭാവങ്ങളെ രൂപപ്പെടുത്തുന്ന അബോധങ്ങള്‍ വ്യക്തിയിലും സമൂഹങ്ങളിലും വ്യത്യസ്തമാണ്. എങ്കിലും ആഗോളീകരണ കാലവും വിവര സാങ്കേതിക-വിപണികേന്ദ്രിത മുതലാളിത്തവും നിര്‍മിച്ചെടുത്ത പരിസരങ്ങളും ബോധ ഘടനകളും സൗന്ദര്യ മാര്‍ക്കറ്റിങ്ങിന്റെ പ്രദര്‍ശനപരമായ വാര്‍പ്പ് മാതൃകകളാണ്. ഇവയില്‍ നിന്ന് അന്യവും ഇവയോടുള്ള വിമതത്വവുമാണ് വിമുഖതയുടെ വസ്ത്രം. സ്വയം അദൃശ്യപ്പെടുന്നതിലെ ആസ്വാദനം ദൈവികമായതിനാല്‍ അവര്‍ സ്വാതന്ത്ര്യവായു തടയപ്പെട്ട് ശ്വാസം മുട്ടുന്നവരല്ല. ദൈവം അദൃശ്യനാണല്ലൊ. തനിക്ക് ചുറ്റുമുള്ളതെല്ലാം അറിയുന്നുമുണ്ട്. സൂഫീ സങ്കല്‍പത്തിന്റെ നിഗൂഢ സൗന്ദര്യത്തോടാണ് നിഖാബ് കൂടുതലായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് തോന്നുന്നു. ഈ ദിവ്യാനുഭൂതിയെ അറിയാതെ സഹതാപത്തോടെ വീക്ഷിക്കുന്നവര്‍ പുലര്‍ത്തുന്നത് അടിച്ചേല്‍പിക്കുന്നതിനോടും അടിച്ചമര്‍ത്തപ്പെടുന്നതിനോടുമുള്ള അമര്‍ഷമാണ്. നിഖാബ് ധാരിണികളെ ഉപരിപ്ലവ ദൃഷ്ടികളിലൂടെ കാണുന്നതിനാലാണത്. അവര്‍ വിളംബരം ചെയ്യുന്ന ആന്തര ദൃഷ്ടികളിലൂടെ നോക്കിയാല്‍ അവരിലെ സ്വാതന്ത്ര്യത്തിന്റെ രുചിയെ വായിച്ചെടുക്കാം. ശരീര പരിമിതമായ ലോകത്ത് ആത്മീയമായ മൂല്യ വിചാരങ്ങളിലേക്കും വൈജ്ഞാനിക വീഥികളിലേക്കും സഞ്ചരിക്കുന്നവരാണവര്‍. അലങ്കാര പ്രദര്‍ശനങ്ങളിലെ അശ്ലീലതകളോടുള്ള അടങ്ങാത്ത സമര ചലനങ്ങളായിക്കരുതി നമുക്കവരോട് സഹിഷ്ണുതപ്പെടേണ്ടതുണ്ട്. നവ ലിബറലിസം പ്രൊമോട്ടു ചെയ്യുന്ന വിപണി കേന്ദ്രിത സൗന്ദര്യപരതയായ മുതലാളിത്തത്തിന്റെ ശരീര രാഷ്ട്രീയത്തെ അവഗണിക്കുന്നവരാണവര്‍. സ്വകാര്യതയുടെ സംരക്ഷണത്തിന്റെ ആര്‍ജവത്വമുള്ള മുസ്‌ലിം സ്ത്രീ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തലുകളായി മാറുകയാണ് ശിരോ വസ്ത്രങ്ങള്‍. ഐഡന്റിറ്റി സംശയിക്കപ്പെടുന്ന വേളകളില്‍ അത് വെളിപ്പെടുത്താനുള്ള ഉപാധി നിഖാബ് ധാരിണികള്‍ക്കുണ്ട്. ദറൂറ എന്നാണതിന്റെ പേര്.

ബഹുസ്വരത എന്നത് ബഹുവിധങ്ങളായ വേഷവിധാനങ്ങളും ഉള്ളടങ്ങിയതാണ്. നിഖാബ് ധാരിണികള്‍ മുസ്‌ലിം സ്ത്രീകളിലെ ന്യൂനപക്ഷമാണ്. മുഖപടത്തെ പുരുഷാധികാരണത്തിന്റെ ഉപകരണമായി വായിച്ചെടുക്കുന്ന ഫെമിനിസ്റ്റ് വായനകള്‍ക്കും പഴുതുണ്ട്. സ്വന്തം മുഖത്തെ നഗ്‌നതയായിക്കരുതുന്നവര്‍ പുലര്‍ത്തുന്ന അപകര്‍ഷം ആത്മബോധത്തെ അടിച്ചമര്‍ത്തുന്നത് തടയപ്പെടേണ്ടതാണ്. മറക്കുടകളിലും അന്തഃപുരങ്ങളിലും അതാര്യപ്പെട്ടു കഴിഞ്ഞ സ്ത്രീ ജീവിതങ്ങള്‍ ജീവിക്കാതിരുന്ന സാമൂഹിക ഇടങ്ങളെ സ്വന്തമാക്കുവാന്‍ മുഖാവരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറക്കുട യാഥാസ്ഥിതികതയില്‍ നിന്നുള്ള നവോത്ഥാനമാണത്. ശബരിമല വിഷയത്തിലെന്ന പോലെ വിശ്വാസപരമായ വ്യവഹാരങ്ങളെ സ്‌റ്റേറ്റ് ഇടപെടലുകളിലൂടെ തിരുത്തുന്ന അനാരോഗ്യകരവും അശാസ്ത്രീയവുമായ സാമൂഹിക പരീക്ഷണങ്ങള്‍ വിപരീത ഫലങ്ങളെയും പുനരുത്ഥാനത്തെയും (പിന്‍മടക്കം) ക്ഷണിച്ചു വരുത്തുന്നത് നാം കണ്ടതാണ്. ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 19 അനുശാസിക്കുന്ന വസ്ത്ര സ്വാതന്ത്ര്യം മുഖപടധാരിണികള്‍ക്ക് വകവെച്ചു കൊടുക്കേണ്ടതുണ്ട്. രാജസ്ഥാനി സ്ത്രീകളും മതഭേദം കൂടാതെ ധാരാളം ഉത്തരേന്ത്യന്‍ സ്ത്രീകളും മുഖം മൂടുന്നവരാണ്. അവരുടെ കാര്യത്തിലെന്ന പോലെ അനാവശ്യമായ ആകുലത കൂടാതെയുള്ള സംയമനങ്ങളെ ഓര്‍മിപ്പിക്കുന്ന ജനാധിപത്യ പക്വതകളെ സ്ഥാപനമേധാവികള്‍ കൈകൊള്ളേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡോ. ഫസല്‍ ഗഫൂര്‍ നിഖാബിനോടുള്ള തന്റെ അമര്‍ഷം പല വേദികളിലും പങ്കിട്ടതാണ്. വ്യക്തിപരമായ അപക്വതയിലൂന്നി ശൂരതയായി ശ്രീലങ്കന്‍ സ്‌ഫോടനാനന്തരമുള്ള അദ്ദേഹത്തിന്റെ സര്‍ക്കുലര്‍.

സ്വയം ദൃശ്യതയിലേക്ക് ആത്മബോധപ്പെടുന്ന സാമൂഹിക സാഹചര്യത്തെക്കുറിച്ച ആത്മവിശ്വാസത്തിലേക്കെത്തുവാന്‍ ഈ മേഘമുഖികള്‍ക്ക് കഴിയുമാറാകട്ടെ; മുഖ-നഖങ്ങളുടെ ആശയ സംവേദന വീണ്ടെടുപ്പിലേക്കുള്ള ആവരണ തീവ്രതയില്ലാത്ത വസ്ത്ര സന്തുലിതത്വത്തിലേക്കും. വസ്ത്രം എന്ന വാക്കിന്റെ രൂപീകരണം തന്നെ സ്ത്രീയുമായി ബന്ധപ്പെട്ടതാണ്. അവളുടെ സുരക്ഷയുടെ അസ്ത്രമാണത്. ലിബറല്‍ വിവസ്ത്രതയുടെ ശരീരമാത്രയാകാതെ, പൗരോഹിത്യാധികാരത്തിന്റെ വസ്ത്ര ഭാണ്ഡമായി അശരീരപ്പെടാതെ, അനീതികളോടുള്ള ചോദ്യങ്ങളുടെ അസ്ത്രമായി സ്ത്രീ മാറണം. അതിലാണവളുടെ വസ്ത്ര മാന്യത.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757