Opinion

മതേതര വോട്ടുകളുടെ പ്രളയത്തില്‍ മുങ്ങിയ ഇടതുപക്ഷം – സജീദ് ഖാലിദ്

 

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം അമ്പരിപ്പിക്കുന്ന ഫലമാണ് നല്‍കിയത്. ദേശീയ തലത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കുന്നതിന് ഒരു പക്ഷേ സാധിക്കാവുന്ന ശക്തി എന്ന നിലയില്‍ കേരളത്തിലെ മതേതര നിലപാടെടുത്ത മതന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണയില്‍ ആകെയുള്ള 20 സീറ്റില്‍ 19 ഉം നേടി കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍ഗോഡ് പോലുള്ള സ്ഥായിയായ ഇടത് മണ്ഡലങ്ങളില്‍ പോലും നേടിയ വന്‍വിജയം യു.ഡി.എഫ് കേന്ദ്രങ്ങളെ വരെ അമ്പരപ്പിച്ചു.
ശബരിമല അടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി അക്കൗണ്ട് തുറക്കാമെന്ന വലിയ പ്രചാരണ കോലാഹലങ്ങളുടെ അകമ്പടിയോടെയുള്ള ബി.ജെ.പിയുടെ മോഹം തിരുവനന്തപുരത്ത് നേടിയ രണ്ടാം സ്ഥാനത്തിലൊതുങ്ങി. മതേതര നിലപാടില്‍ അടിയുറച്ച് നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളുടെ ജാഗ്രതയാണ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും ബി.ജെ.പിയെ തടുത്തു നിര്‍ത്തിയത്. കേവല വിജയിത്തിലപ്പുറം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേടിയത് അമ്പരിപ്പിക്കുന്ന ഭൂരിപക്ഷവുമാണ്. വയനാട് രാഹുല്‍ ഗാന്ധി നേടിയത് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണെങ്കില്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 2,60,050 വോട്ടുകളുടെ ഭൂരിപക്ഷവും നേടി. ഇതിനു പുറമേ ഒരു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷമുള്ള വേറേയും ഏഴുമണ്ഡലങ്ങളുണ്ട്. ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി ഭൂരിപക്ഷമുള്ള മറ്റ് മൂന്ന് മണ്ഡലങ്ങളും. ഇതിനിടയിലും ആലപ്പുഴയില്‍ എ.എം ആരിഫ് നേടിയ വിജയം മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായത്; കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നുവെങ്കിലും.

വോട്ടുകളെ നിയമസഭാ മണ്ഡലം കണക്കനുസരിച്ച് തിരിച്ചാല്‍ 123 മണ്ഡലങ്ങളില്‍ യു.ഡി. എഫ് മേല്‍കൈ നേടിയപ്പോള്‍ കേവലം 16 മണ്ഡലങ്ങളില്‍ മാത്രമായി ഇടത് മുന്‍തൂക്കം. തങ്ങളുടെ സിറ്റിംഗ് സീറ്റായ നേമത്ത് മുന്‍തൂക്കം നിലനിര്‍ത്താന്‍ ബി.ജെ.പിക്കായി. കേരളത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 47.24 ശതമാനം വോട്ടുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ ഇടതുപക്ഷം 35.08 ശതമാനം വോട്ടുകളിലൊതുങ്ങി. ബി.ജെ.പി മുന്നണിയാകട്ടെ സീറ്റുകളൊന്നും നേടിയില്ലെങ്കിലും 15.53 ശതമാനം വോട്ടുകളോടെ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു വിഹിതം നേടിയെടുത്തു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40.12 ശതമാനം വോട്ടാണ് എല്‍.ഡി.എഫ് നേടിയത്. യു.ഡി.എഫിനാകട്ടെ 41.98 ഉം ബി.ജെ.പിക്ക് 10.82ഉം ശതമാനം വോട്ട് നേടി യിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യഥാക്രമം 43.14, 38.59, 14.93 എന്നിങ്ങനെയായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അതിശക്തമായ പ്രചാരണമായിരുന്നു നടത്തിയത്. പ്രത്യേകിച്ച് ഭരണത്തിന്റെ ശക്തമായ പിന്‍ബലവും താഴെതട്ടുവരെയുള്ള സംഘടനാ സ്വാധീനവും നേരത്തേ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളും നിര്‍ലോഭമായ സമ്പത്തും പ്രചരണത്തില്‍ അതിശക്തമായ മേല്‍കൈ ഇടതുപക്ഷത്തിന് എല്ലാ മണ്ഡലങ്ങളിലും നല്‍കിയിരുന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ശൈലിയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രചരണം ആസൂത്രണം ചെയ്തത്. മറുഭാഗത്ത് യു.ഡി.എഫ് ആകട്ടെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വഴക്കുകള്‍ക്കുള്ളില്‍ ഏറെ വൈകിയാണ് നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ അവസാന നിമിഷമാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ തന്നെ സജീവമായത്. തിരുവനന്തപുരം പോലെ നിര്‍ണായക പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോലും പല കോണ്‍ഗ്രസ് നേതാക്കളും സജീവമായത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ്. മുസ്‌ലിംലീഗ് മാത്രമാണ് യു.ഡി.എഫില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിയത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് പണത്തിന്റെ ദൗര്‍ലഭ്യവും പ്രകടമായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ഇത്രമേല്‍ വിജയം ഉണ്ടായതെങ്ങനെ എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമല്ല. മോദി ഭരണം ഭയാശങ്കയിലാഴ്ത്തിയ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ മതേതര സര്‍ക്കാരുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചു. ദേശീയ തലത്തില്‍ സ്വയംകൃതാനര്‍ഥങ്ങളാല്‍ അപ്രസക്തമായ ഇടതുപക്ഷത്തെ വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. ആ വോട്ടുകള്‍ യു.ഡി.എഫിലേക്കൊഴുകി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അതിന് ആക്കം കൂട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കം യു.ഡി.എഫിന് പുറത്തുള്ള നിലപാടുള്ളവരുടെ പിന്തുണ അതിനെ ബലപ്പെടുത്തി.


ഇടതുപക്ഷത്തിനാകട്ടെ പ്രചരണ തന്ത്രങ്ങള്‍ മുഴുവന്‍ പിഴച്ചു. അവരുടെ പ്രചരണം അവസാനഘട്ടത്തില്‍ ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി എന്ന മുഖത്തിലേക്ക് മാറുന്നതാണ് കണ്ടത്. ദേശീയ തലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം എന്ന് ഇടതുപക്ഷം കാമ്പയിന്‍ ചെയ്യുമ്പോഴും പകരം ബദലെന്തെന്ന് ചൂണ്ടിക്കാട്ടാന്‍ അവര്‍ക്കായില്ല. 2004 ലേതുപോലെ ദേശീയ തലത്തില്‍ ഇടതുപക്ഷം ശക്തമല്ലാത്തതും അവരുടെ പ്രചരണങ്ങള്‍ ഏശാനിടയാക്കിയില്ല.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി മുന്നോട്ട് വെക്കുന്ന പ്രായോഗിക മാര്‍ഗങ്ങള്‍ക്ക് വിഘ്‌നംനില്‍ക്കുന്ന സൈദ്ധാന്തിക ദുര്‍വാശി തുടരുന്ന പ്രകാശ് കാരാട്ടിനൊപ്പമാണ് കേരളാ പാര്‍ട്ടി ഘടകമെന്നതും വലിയ വിഭാഗം വോട്ടര്‍മാര്‍ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കേണ്ടതില്ല എന്ന നിലപാടെടുക്കാന്‍ കാരണമായി. കേരള ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വന്ന തിക്തമായ അനുഭവങ്ങളും സര്‍ക്കാരിന്റെ പൊലീസ് നയവും മുസ്‌ലിംകളടക്കമുള്ള ജനവിഭാഗങ്ങളില്‍ സംശയം ജനിപ്പിച്ചു. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായ ശബരിമല പ്രശ്‌നം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യപ്രകടനത്തിനും പെയ്ഡ് ന്യൂസുകളുടെ പിന്‍ബലത്തോടെ നടത്തുന്ന അതിമാനുഷ പരിവേഷം സൃഷ്ടിക്കലിനും ഉപയോഗിച്ചതോടെ സങ്കീര്‍ണമായ കേരളാന്തരീക്ഷം സംസ്ഥാനത്ത് ആഭ്യന്തര പ്രശ്‌നങ്ങളാല്‍ തളര്‍ന്ന ബി.ജെ.പിക്ക് പുതു ജീവന്‍ നല്‍കിക്കൊടുക്കാനുള്ള മരുന്നിട്ട് കൊടുക്കലായി. സി.പി.എമ്മിനെ സംബന്ധിച്ച് വലിയോതോതില്‍ പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ചക്ക് അത് വഴിയൊരുക്കി.

കൊല്ലം, ആലത്തൂര്‍ എന്നീ ഇടത് കോട്ടകളില്‍ അവര്‍ പരാജയപ്പെടാനുണ്ടായ കാരണത്തില്‍ മേല്‍ പറഞ്ഞവ കൂടാതെ എതിര്‍ സ്ഥാനാര്‍ഥികളെ ടാര്‍ഗറ്റ് ചെയ്ത നടത്തിയ വ്യക്തിഹത്യയും കാരണമായി. പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത മികച്ച പാര്‍ലമെന്റേറിയനായ എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാപകമായ സംഘി ആരോപണവും വ്യക്തി അധിക്ഷേപവും ചില്ലറ അവമതിപ്പല്ല ഇടതുപക്ഷത്തിന് അവരുടെ തന്നെ അനുഭാവികള്‍ക്കിടയില്‍ പോലുമുണ്ടാക്കിയത്. അന്‍പത് ശതമാനത്തിലധികം വോട്ട് ഷെയര്‍ ഇടതുപക്ഷത്തിനുള്ള കൊല്ലത്ത് 1,48,865 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന്‍ നേടിയത്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ ഹീനമായ വ്യക്തി അധിക്ഷേപം നടത്തിയത് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ തന്നെയായിരുന്നു. അവരുടെ ദലിത് സ്വത്വത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സി.പി.എം സൈബര്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളും ഇടതുപക്ഷത്തിന് വിനയായി. ആലത്തൂരിലെ ഇടതുകോട്ട 1,58,968 വോട്ടുകള്‍ക്ക് രമ്യ ഹരിദാസ് മറിച്ചിട്ടു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന പെരിയ ഇരട്ട കൊലപാതകം വലിയ വികാരമായി മാറി. ഇനി മേല്‍ കൊലപതക രാഷ്ട്രീയം തങ്ങള്‍ പ്രയോഗിക്കില്ല എന്ന ഏറ്റു പറച്ചിലിന്റെ പ്രതിധ്വനി മാറും മുന്‍പ് കൊലപാതക രാഷ്ട്രീയത്തിന്റെ മുഖ്യ സൂത്രധാരകനായി ജനങ്ങള്‍ മനസ്സിലാക്കുന്ന പി.ജയരാജനെ വടകര സ്ഥാനാര്‍ഥിയാക്കിയത് സമൂഹത്തോടുള്ള പരിഹാസ്യമായി ജനങ്ങള്‍ മനസ്സിലാക്കി. വടകരയില്‍ 84,663 വോട്ടുകളുടെ വലിയ പരാജയത്തിന് അതും കാരണമായി.

കേരളത്തെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യം ബി.ജെ.പി വോട്ടുകളിലെ പടി പടിയായുള്ള വര്‍ധനയാണ്. മുന്നണികള്‍ പരസ്പരം വോട്ടുചോര്‍ച്ച ആരോപിക്കുമ്പോഴും ഇരുമുന്നണികളില്‍ നിന്നും ബി.ജെ.പിയിലേക്ക് വോട്ട് ചോരുന്നു എന്നതാണ് വസ്തുത. ഇടതുപക്ഷത്ത് നിന്നാണ് ഇപ്പോള്‍ കൂടുതലായി ബി.ജെ.പി പക്ഷത്തേക്ക് വോട്ടു പോകുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായിരുന്നു ഈ വോട്ടു ചോര്‍ച്ച മറച്ചുവെക്കാന്‍ സി.പി.എമ്മിനായത്. പക്ഷേ, ഇക്കുറി ആ പിന്തുണ യു.ഡി.എഫിലേക്ക് പോയതോടെ ബി.ജെ.പിയിലേക്കുള്ള വോട്ട് ചോര്‍ച്ച വ്യക്തമായി.

കേരളത്തില്‍ ബാധിച്ച പ്രളത്തിന് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ വന്‍ വീഴ്ചകളോടുള്ള ജനങ്ങളുടെ അതൃപ്തിയും ഇടതുപക്ഷത്തിനോടുള്ള തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. മാവേലിക്കര, ചാലക്കുടി, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാര്‍ഥികളുടെ വലിയ പരാജയത്തിന് അതും കാരണമാണ്. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കണ്ട മുഖ്യമായ മറ്റൊരുകാര്യം ബി.ജെ.പി വിജയം തടയാന്‍ മുന്നണികള്‍ നേരത്തേ നടത്തി വന്ന ക്രോസ് വോട്ട് ഇക്കുറി നടന്നില്ല എന്നതാണ്. ബി.ജെ.പി ത്രികോണ പോരാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും പാലക്കാടും ക്രോസ് വോട്ട് നടന്നില്ലെന്ന് മാത്രമല്ല, മുന്നണികള്‍ പരസ്പരം വാശിയോടെ അവരവരുടെ വോട്ടുകള്‍ നേടാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. മതേതര നിലപാടെടുക്കുന്ന വോട്ടര്‍മാര്‍ ജാഗ്രതയോടെ സമ്മതിദാനം വിനിയോഗിച്ചതാണ് ബി.ജെ.പിയുടെ പരാജയം ഒഴിവാക്കാന്‍ കാരണം. കേവലം വെല്ലുവിളികളോ നവോത്ഥാന നായക വേഷംകെട്ടലോ കൊണ്ട് തടയാന്‍ കഴിയുന്നതല്ല കേരളത്തിലെ സംഘ്പരിവാറിന്റെ വളര്‍ച്ച. വൈകാരികതയിലും സംഘര്‍ഷങ്ങളിലും ഉല്‍പാദിപ്പിക്കപ്പെടുന്ന ചേറില്‍ എളുപ്പം തഴച്ചു വളരാവുന്ന താമരയാണത്. ആശയ തലത്തില്‍ തന്നെ ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ടേ അതിനെ പ്രതിരോധിക്കാനാവൂ. ഇല്ലെങ്കില്‍ തൃപുര പോലെ, ബംഗാള്‍ പോലെ അണികളെല്ലാം ആ ചേറിലേക്ക് ഒലിച്ചു പോകുമെന്ന് സി.പി.എം നേതൃത്വം തിരിച്ചറിയണമെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757