editorial

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ജനകീയ സമരമുന്നണി രൂപപ്പെടണം

രാജ്യം കാത്തിരുന്ന ജനവിധി പുറത്തുവന്നപ്പോള്‍ ബി.ജെ.പി തന്നെ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിരിക്കുന്നു. ബി.ജെ.പി ഒറ്റക്ക് 303 സീറ്റും എന്‍.ഡി.എ മൊത്തം 353 സീറ്റും നേടി. കോണ്‍ഗ്രസാകട്ടെ ഒറ്റക്ക് നേടിയത് കേവലം 52 സീറ്റാണ്. യു.പി.എ മൊത്തം 92 സീറ്റും. മറ്റുള്ളവര്‍ ആകെ നേടിയത് 98 സീറ്റും. അമേഠിയില്‍ രാഹുല്‍ ഗാന്ധി അടക്കം തോറ്റു. ഇടതുപക്ഷമാകട്ടെ അവരുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ തൃപുരയിലും പശ്ചിമ ബംഗാളിലും കേരളത്തിലും തകര്‍ന്നടിഞ്ഞു. ആലപ്പുഴയില്‍ നേടിയ വിജയത്തിന് പുറമേ തമിഴ്‌നാടില്‍ ഡി.എം.കെ യുടെ സഹായത്താല്‍ നേടിയ നാലു സീറ്റുകളാണ് ആകെ അത്താണിയായുള്ളത്.

കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും യുവാക്കളെയും എല്ലാം വെറുപ്പിച്ച രാജ്യത്ത് വംശീയ വെറി പടര്‍ത്തിയ കോര്‍പറേറ്റുകളുടെ നീരാളിപിടുത്തത്തില്‍ രാജ്യത്തെയെത്തിച്ച ബി.ജെ.പി മുന്നണി നേടിയ ഈ വിജയം രാജ്യത്തിന് ഭയാശങ്കകള്‍ നല്‍കുന്നതാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സമ്പൂര്‍ണമായി വരുതിയിലാക്കിയ ബി.ജെ.പിയുടെ ഘടകകക്ഷിയെപ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും സംശയത്തിലാണ്. ഇവിഎമ്മുകളിലെ കൃത്രിമത്വം വ്യാപകമായി ആരോപിക്കപ്പെട്ടു. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ വി.വി.പാറ്റുകള്‍ എണ്ണുന്നതിനുള്ള തീരുമാനം എടുക്കാന്‍ തയ്യാറായില്ല. വോട്ടിങ്ങിന് ശേഷം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമുകളില്‍ നിന്ന് ഇ.വി.എമ്മുകള്‍ കടത്തിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബി.ജെ.പിയുടെ കൈവെള്ളയിലേക്ക് വിജയം വെച്ചുനല്‍കിയതിന് രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തുല്യപങ്കാണ് വഹിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് വിശ്വസനീയമായ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് പകരം തെരഞ്ഞെടുപ്പിന് ശേഷം സഖ്യമെന്ന ഉട്ടോപ്യന്‍ ന്യായമാണ് എല്ലാവരും പറഞ്ഞത്. പരീക്ഷക്കു ശേഷം പഠിക്കാമെന്നുപറയുന്ന പോലുള്ള പമ്പര വിഢിത്തമായിരുന്നു ഇത്. തമിഴ്‌നാട് മാത്രമാണ് ഇതിനൊരു അപവാദം. അതിന്റെ ഫലം അവിടെയുണ്ടായി. കോണ്‍ഗ്രസും ഇടതുപക്ഷവും മറ്റ് പ്രാദേശിക പാര്‍ട്ടികളും ഈ തെരെഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കണം. അടുത്ത അഞ്ചാം വര്‍ഷം തെരഞ്ഞെടുപ്പിന് ശേഷം സഖ്യം എന്ന വാശി മാറ്റി ഇപ്പോള്‍ തന്നെ മതേതര ജനാധിപത്യ മുന്നണി രൂപപ്പെടുത്തണം. ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കാന്‍ അതേയുള്ളൂ വഴി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757