Opinion

ഭൂരഹിതരും ഭവനരഹിതരും കേരളത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് – കെ.ആര്‍ ധന്യ

 

ഒരു ജനതയുടെ അവകാശങ്ങള്‍ക്കായുള്ള നിലവിളികള്‍ക്കും പോരാട്ടങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, ഇപ്പോഴും അവരെവിടെ നില്‍ക്കുന്നു എന്നതിനുള്ള മറുപടിയാണ് കേരളത്തില്‍ തുടരുന്ന, പുതുതായി രൂപം കൊള്ളുന്ന ഭൂസമരങ്ങള്‍. മരിച്ചാല്‍ അടക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ കേരളത്തില്‍ രണ്ടര ലക്ഷം കുടുംബങ്ങള്‍ ഔദ്യോഗിക കണക്കിലും നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഈ കണക്കില്‍ പെടാതെയും ജീവിക്കുന്നു. കേരളത്തിലെ 79 ശതമാനം ദലിതരും കഴിയുന്നത് 26,193 കോളനികളിലാണ്. 4672 കോളനികളില്‍ ആദിവാസികളും പതിനായിരത്തിലധികം ലയങ്ങളില്‍ തോട്ടം തൊഴിലാളികളും 522 കോളനികളില്‍ മത്സ്യത്തൊഴിലാളികളും ജീവിതം കഴിച്ചുകൂട്ടുന്നു. അതേസമയം കേരളത്തിന്റെ 58 ശതമാനം റവന്യൂ ഭൂമി ഇരുന്നൂറോളം വരുന്ന കുത്തകകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അനധികൃതമായും കൈയടക്കി വച്ച് അനുഭവിക്കുന്നു.

ലൈഫ് മിഷന്‍ ഫ്‌ളാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

‘ആട്ടും പെട്ടി പോലെയൊരു കൂട്ടിലാണ് കിടക്കുന്നത്. ഇത് കിട്ടുമെന്നറിഞ്ഞപ്പോള്‍ സമാധാനമായിരുന്നു. ഇങ്ങിനെയൊന്ന് കിട്ടിയിട്ട് എന്ത് കാര്യം?’
‘പോവാന്‍ വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ ഇതില്‍ കടിച്ചുതൂങ്ങി കിടക്കുന്നത്. പത്തായിരത്തിനടുത്ത് രൂപ കെട്ടി ഞങ്ങള്. എന്നിട്ട് കൂടാരം പോലത്തെ ഒരു സ്ഥമാണ് ഉണ്ടാക്കി തന്നിരിക്കുന്നത്.’
‘ഇവിടെ സ്ഥലസൗകര്യമില്ലാത്തതിനാല്‍ പലരും വാടകക്ക് വേറെ പോയി. അവരിപ്പോള്‍ വാടക കൊടുക്കാന്‍ ഭയങ്കരായിട്ട് ബുദ്ധിമുട്ടിലാണ്.’
‘ഇനി ഫ്‌ളാറ്റ് ഇവിടെങ്ങാനും പണിയുന്നത് കണ്ടാല്‍ ഞങ്ങള്‍ എറിഞ്ഞ് തകര്‍ക്കും. അത്രക്ക് ചതി പറ്റിയിട്ടാ ഇരിക്കുന്നത്.’
‘ഒരൊറ്റ ജനല് പോലും ഇല്ല. മുറിക്കി തുപ്പാന്‍ പോലും സ്ഥലമില്ല. കിടക്കാനും സ്ഥലമില്ല.’

കേരളത്തില്‍ കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന, പുരോഗമനപരമായ കാഴ്ചപ്പാടായി അത് നടപ്പാക്കുന്നവര്‍ സമൂഹത്തിന് മുന്നിലേക്ക് വെക്കുന്ന ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളെക്കുറിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പലരുടേതായ അഭിപ്രായങ്ങളാണ് ഇവ. അഭിപ്രായങ്ങള്‍ ഉന്നയിച്ചവര്‍ക്കും സ്ഥലങ്ങള്‍ക്കും പ്രത്യേകം പേരുകളുണ്ട്. എന്നാല്‍, കാളിയും ഹരിദാസനും ചീരയും സേതുവും രാജിയും താമരാക്ഷനും ജലീലും സൈമണും എല്ലാം പങ്കുവെച്ചത് അവരുള്‍പ്പെടുന്ന സമൂഹങ്ങളുടെ കാര്യമായതിനാല്‍ വ്യക്തിഗത അഭിപ്രായങ്ങളായി അവയെ രേഖപ്പെടുത്തുന്നില്ല. കേരളത്തിലെ ഭൂരഹിതരായവര്‍ക്കും ഭവനരഹിതരായവര്‍ക്കും ‘സുരക്ഷിതവും മാന്യവും’ ആയ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കേരളത്തിലെ പദ്ധതിയാണ് ലൈഫ് മിഷന്‍. എന്നാല്‍, ഗുണഭോക്താക്കളായവര്‍ അതിന്റെ മറ്റൊരു വശത്തെക്കുറിച്ചാണ് സംസാരിച്ചതൊക്കയും. പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ പറഞ്ഞ ചുരുക്കം ചിലരെ രേഖപ്പെടുത്താതെ വിടുന്നതല്ല. അതിനേക്കാള്‍ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്കുള്ള തങ്ങളുടെ പറിച്ചുനടലുകളില്‍ വേദനിക്കുന്ന ജനതയാണ് ഭൂരിപക്ഷവുമെന്നതിനാല്‍ അവരിലേക്ക് ശ്രദ്ധ കൊടുക്കുന്നു.

പലയിടങ്ങളില്‍ നിര്‍മിച്ച് ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്ത ഫ്‌ളാറ്റുകള്‍ക്ക് പല വലുപ്പമാണ്. ചിലയിടങ്ങളില്‍ അത് 700 സ്‌ക്വയര്‍ ഫീറ്റുണ്ടെങ്കില്‍ ചിലയിടങ്ങളില്‍ 600ഉും 500ഉം 400ഉും സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിലാണ്. മറ്റ് ചിലയിടങ്ങളില്‍ അത് 320 സ്‌ക്വയര്‍ ഫീറ്റിലേക്കും ഒതുങ്ങി. ഒരു മുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ബാത്റൂമും ഉള്‍പ്പെടുന്നതാണ് ഇത്രയും സ്‌ക്വയര്‍ ഫീറ്റിലൊതുങ്ങുന്ന ഒരു അപ്പാര്‍ട്മെന്റ്. ചില ഫ്‌ളാറ്റുകളില്‍ രണ്ട് മുറികളും ഉണ്ട്. ഇതില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്ന മനുഷ്യരാണ് അവരുടെ ആവലാതികള്‍ പങ്കുവച്ചത്.

‘തുടക്കത്തിലേ ഒരു പദ്ധതിയെക്കുറിച്ച് മോശം പറയുകയാണെന്ന് കരുതരുത്. ഇനി ഞങ്ങളുടെ വീട് ഇതാണ്. ഞങ്ങള്‍ക്കും വരുംതലമുറകളും ജീവിക്കേണ്ടത് ഇവിടെയാണ്. ഇപ്പഴേ ഇത് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. ദുരിതമൊഴിയാത്ത ആദിവാസി ഊരുകളും ലക്ഷംവീട് കോളനികളും പോലെ മാധ്യമങ്ങള്‍ക്ക് എന്നും പറയാന്‍ അടുത്ത വാര്‍ത്തയായിരിക്കും ഈ ഫ്‌ളാറ്റുകളും. ഞങ്ങള്‍ക്ക് കിട്ടിയത് കിട്ടി. ഇനി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളെങ്കിലും ഇത്തിരി സൗകര്യമുള്ളതും വായുകടക്കുന്നതും ആക്കിയാല്‍ കൊള്ളാം’ ഗുണഭോക്താവായ മീനാക്ഷി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഫ്‌ളാറ്റുകള്‍ ഇവര്‍ക്ക് സ്വന്തമല്ല. ഗഡുക്കളായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിശ്ചിതതുക വാടകയടച്ചാല്‍ 15-20 വര്‍ഷത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ താമസക്കാര്‍ക്ക് സ്വന്തമാവും. അതായത് സ്വന്തമാവുന്നത് വരെ വാടക വീടുകള്‍ തന്നെയായിരിക്കും ഈ അപ്പാര്‍ട്മെന്റുകള്‍. മറിച്ച് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ അനുവാദമില്ല. മറ്റിടങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളേക്കാള്‍ ദാരുണമാണ് ആദിവാസി മേഖലകളിലെ ഫ്‌ളാറ്റുകള്‍ എന്ന് ട്രൈബല്‍ പ്രമോട്ടര്‍കൂടിയായ ചിത്ര പറയുന്നു; ‘കല്‍പ്പറ്റ, നിലമ്പൂര്‍ മേഖലകളിലെ ഫ്‌ളാറ്റുകളുടെ അവസ്ഥ വളരെ മോശമാണ്. ഭൂമിയുള്ള എന്നെപ്പോലുള്ളവര്‍ക്ക് നാലരലക്ഷം രൂപക്കാണ് രണ്ട് ബെഡ്റൂം, അടുക്കള, സിറ്റൗട്ട്, ഹാള്‍ ഉള്ള വീട് കിട്ടിയത്. പക്ഷേ, ഫ്‌ളാറ്റ് ആയി മാറുമ്പോള്‍ ഈ സൗകര്യമില്ല. ഒരു മുറി മാത്രമാണ് ഉള്ളത്. മുറിയെന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ വളരെ ചെറിയ, ഒരു ചെറിയ കട്ടിലിടാന്‍ പാകത്തിന് ബെഡ്റൂം. വേറൊരു കസേര പോലും അവിടെയിടാന്‍ പറ്റില്ല. അടുക്കളയും ചെറുതാണ്. ഒരാള്‍ക്ക് നിന്ന് പണിയെടുക്കാമെന്നല്ലാതെ ഒരു കുഞ്ഞിന് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും സൗകര്യമില്ല.

നിലമ്പൂരിലാണെങ്കില്‍ രണ്ട് നിലകളുള്ള രണ്ട് ലൈന്‍ ഫ്‌ളാറ്റുകളാണുള്ളത്. ഒരു വരിയോട് അടുപ്പിച്ച് തന്നെയാണ് മറ്റേ ലൈനും പണിതിട്ടുള്ളത്. രണ്ടിനും കൂടി മേല്‍ഭാഗം ഒന്നിച്ച് വാര്‍ത്തിരിക്കുകയാണ്. അതുകൊണ്ടെന്താ കൂരിരുട്ടാണ്. ആദ്യം കറണ്ടുണ്ടായിരുന്നില്ല. ഇരുട്ടില്‍ തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. കറണ്ട് വന്നപ്പോഴും സാദാ ബള്‍ബ് അല്ലാതെ സി.എഫ്.എല്‍ ബള്‍ബ് വാങ്ങാന്‍ പോലും പണമില്ല. കറണ്ട് ബില്ല് അടക്കാന്‍ പണമില്ല. ഫ്യൂസ് ഊരിക്കൊണ്ട് പോയാല്‍ പിന്നെ ഇരുട്ടത്ത് തന്നെ. കൂട്ടിയിടിക്കുന്ന രൂപത്തിലാണ് ഓരോ മുറികളും. പൈപ്പില്‍ വെള്ളം വന്നിട്ടില്ല. ആര്‍ക്കും ഇത്തരം ഫ്‌ളാറ്റ് ഉണ്ടാക്കിക്കൊടുക്കരുതെന്നാണ് ഞങ്ങള്‍ പറയുക. ഉണ്ടാക്കിയാല്‍ സൗകര്യത്തോടെയുള്ള ഒന്നെങ്കിലും വേണം. ഒരു പണിയും ഇല്ലാത്തവരാണ് ഭൂരിപക്ഷവും. അവരെങ്ങനെ ഫ്‌ളാറ്റില്‍ ജീവിക്കുന്നു എന്നറിയാന്‍ ആരും പറയേണ്ടതില്ല. ഫ്‌ളാറ്റ് എന്നൊക്കെ പറഞ്ഞപ്പോള്‍ വലിയ കാര്യമായിരിക്കും എന്നാണ് കരുതിയതെന്നാണ് അവര്‍ പറയുന്നത്. ഒരു കുഞ്ഞ് ടോയ്ലറ്റ് ആണുള്ളത്. ഒരാള്‍ക്ക് നില്‍ക്കാന്‍ പറ്റില്ല. അവിടെ നിന്നാണ് കുളിക്കേണ്ടത്. ആദ്യം അടുക്കളയില്‍ പാത്രം കഴുകാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. പലരും ടോയ്ലറ്റില്‍ നിന്ന് വെള്ളമെടുത്ത് കഴുകി അതിന് മുകളില്‍ നിരത്തി വച്ച് പാത്രം ഉണക്കിയിട്ടുണ്ട്. പൊതുസമൂഹത്തിന് ചിന്തിക്കാന്‍ കൂടി കഴിയില്ല. കാര്യമായ രീതിയില്‍ ചോര്‍ച്ചയും ഉണ്ട്. ഇവിടെയുള്ളവര്‍ക്ക് വേറെ എവിടേക്കെങ്കിലും പോവാന്‍ ആഗ്രഹമുണ്ട്. തങ്ങള്‍ക്ക് ഇത് വേണ്ട എന്ന് തന്നെയാണ് അവര്‍ പറയുന്നത്. സത്യത്തില്‍ സര്‍ക്കാര്‍ ആദിവാസികളോട് ചതിയാണ് ചെയ്തത്. മരിച്ചാല്‍ അടക്കേണ്ടത് പൊതുശ്മശാനത്തിലാണ്. ആദിവാസികള്‍ക്ക് അവരുടേതായ ആചാരങ്ങളും ചടങ്ങുകളുമെല്ലാം ഉണ്ട്. അതില്‍ നിന്ന് മാറി ഇപ്പോള്‍ ഹിന്ദുക്കളുടെ പോലെ ശവം കത്തിക്കല്‍ ആയിട്ടുണ്ട്. ഈ ഫ്‌ളാറ്റ് കിട്ടിയതിന് ശേഷമാണ് നിലമ്പൂരില്‍ 700 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നു എന്ന് അറിയുന്നത്. അന്വേഷിച്ചപ്പോള്‍ അത് സത്യമാണ്. എന്നാല്‍, ആരും ഞങ്ങളോട് അത് പറയുക കൂടി ചെയ്തില്ല. ഫ്‌ളാറ്റിന് പകരം ഇവര്‍ക്ക് ആ ഭൂമി വിതരണം ചെയ്താല്‍ മതിയായിരുന്നു.’ ഇത് വിതരണം ചെയ്ത ചില ഫ്‌ളാറ്റുകളിലെ അവസ്ഥ. എന്നാല്‍, ഇതിനേക്കാള്‍ ഫ്‌ളാറ്റ് പദ്ധതി മുന്നോട്ട് വെക്കുന്നത് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ നിരീക്ഷണം.

ഹൊറിസോണ്ടല്‍ കോളനികളില്‍ നിന്ന് വെര്‍ട്ടിക്കല്‍ കോളനികളിലേക്ക്
ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയതോടെ സ്വത്തുടമസ്ഥതയിലും ഭൂമിയുമായി ബന്ധപ്പെട്ട അധികാരങ്ങളിലുമെല്ലാം തീര്‍പ്പായി. കുടികിടപ്പിനെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഭൂമി കിട്ടേണ്ടിയിരുന്നത് കര്‍ഷകര്‍ക്കാണെങ്കിലും അവര്‍ സാമൂഹികമായും രാഷ്ട്രീയപരമായും അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ദലിതരും ആദിവാസികളുമടങ്ങുന്ന ജനതയാണ് ഈ ഒഴിവാക്കലുകള്‍ക്ക് വിധേയമായത്. ഇവരെ എങ്ങിനെ സമൂഹത്തില്‍ അക്കമഡേറ്റ് ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് എം.എന്‍ ഭവനപദ്ധതിയുണ്ടാവുന്നത്. ഈ പദ്ധതിയിലൂടെ ലക്ഷംവീട് കോളനികള്‍ അഥവാ പട്ടികജാതി കോളനികള്‍ സ്ഥാപിച്ചു. ലക്ഷക്കണക്കിന് പട്ടികജാതിക്കാര്‍ ഈ കോളനികളിലേക്ക് കൂട്ടത്തോടെ മാറ്റപ്പെട്ടു. ലക്ഷംവീടുകള്‍ക്ക് പുറമെ ആദിവാസി സെറ്റില്‍മെന്റുകളും ലയങ്ങളും മത്സ്യത്തൊഴിലാളികളുടെ കോളനികളുമുണ്ടായി. കോളനികള്‍ക്കുള്ളിലെ സ്വത്തവകാശമില്ലാത്ത ജനതയായി ഇവര്‍ മാറി. 1972ലാണ് ആദ്യത്തെ കോളനിയുണ്ടാവുന്നത്. രാഷ്ട്രീയപരമായി വഞ്ചിക്കപ്പെട്ടവര്‍ എന്ന തോന്നലില്‍ നിന്ന് അവര്‍ ഭരണകൂടങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു. തൊണ്ണൂറുകള്‍ ആയപ്പോഴേക്കും ഭൂമിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും ഓരോയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ഓരോ കാലഘട്ടത്തില്‍ ആ മുന്നേറ്റങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വളര്‍ന്നു. തോട്ടം മേഖലയിലുള്‍പ്പെടെ കേരളത്തില്‍ ധാരാളം ഭൂമിയുണ്ടായിരിക്കെ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഒഴിവാക്കപ്പെട്ട ജനതക്ക് അത് നല്‍കുന്നില്ല എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. ഭൂമിക്ക് വേണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ഒടുവില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നതാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യല്‍. ഇതിനെ മറ്റൊരു കോളനിവല്‍കരണമായാണ് ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന വലിയൊരു വിഭാഗം കാണുന്നത്.

സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള പുറന്തള്ളലുകള്‍ക്ക് കോളനൈസേഷന്‍ കാരണമായെന്ന് പറയുമ്പോഴാണ്, ലോകം മുഴുവന്‍ കോളനികള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് വീണ്ടും കോളനിവല്‍ക്കരണ ആശയത്തിലേക്ക് കേരളം എത്തുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമി വാങ്ങി വീട് വെക്കാന്‍ നിരവധി പദ്ധതികള്‍ ഇതിനോടകം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിതരണം ചെയ്യാന്‍ ഭൂമിയുള്ളപ്പോഴും ഭൂമി എന്ന ആവശ്യം ഉന്നയിക്കുന്നവരെ ഫ്‌ളാറ്റുകള്‍ നല്‍കി വായടപ്പിക്കുകയാണെന്നതാണ് വിമര്‍ശനം. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിക്കായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്; ‘അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വീടും ഭൂമിയും ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍- 1, ഭൂമിയുള്ള ഭവനരഹിതര്‍. 2, സര്‍ക്കാര്‍ പദ്ധതികളില്‍ പെടുത്തി ഭവന നിര്‍മാണത്തിന് സഹായധനം അനുവദിച്ചെങ്കിലും പൂര്‍ത്തിയാക്കാനാവാത്തവര്‍, ലക്ഷംവീട് പോലെയുള്ള പഴയപദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിലവില്‍ വാസയോഗ്യമല്ലാത്ത വീടുകളുള്ളവര്‍. 3, പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍. 4, ഭൂമിയില്ലാത്ത ഭവനരഹിതര്‍. ഇതില്‍ ആദ്യത്തെ രണ്ട് വിഭാഗക്കാര്‍ക്കും വീട് നിര്‍മിക്കാനോ വസയോഗ്യമാക്കാനോ ആവശ്യമായ തുക ലഭ്യമാവും. മൂന്നും നാലും വിഭാഗക്കാര്‍ക്ക് പാര്‍പ്പിടസമുച്ചയങ്ങള്‍ ലഭ്യമാക്കുന്നതിനായി ഫ്‌ളാറ്റുകളുടെ സമുച്ചയം താലൂക്ക്/ബ്ലോക്ക് അടിസ്ഥാനത്തില്‍ സ്ഥലലഭ്യതയും ഉപഭോക്താക്കളുടെ എണ്ണവും പരിഗണിച്ച് ഏറ്റെടുക്കും.’ അതായത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് ലഭിക്കുന്നതോടെ ഇവര്‍ ഭൂരഹിതരും ഭവനരഹിതരും അല്ലാതാവും. ഈ ആനുകൂല്യം പറ്റുന്നതോടെ കേരളത്തിലെ മിച്ചഭൂമിയെക്കുറിച്ചോ, വിതരണം ചെയ്യാതെ ബാക്കി കിടക്കുന്ന ഭൂമിയെക്കുറിച്ചോ, തോട്ടം കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയെക്കുറിച്ചോ സംസാരിക്കാനോ അവകാശപ്പെടാനോ കഴിയാതെയും വരും.

ആദിവാസി നേതാവ് സി കെ ജാനു പറയുന്നു, ‘ഫ്‌ളാറ്റ് പണിത് കൊടുക്കുന്നതിനോട് തീരെ യോജിക്കുന്നില്ല. ആദിവാസികള്‍ക്ക് ഒരു ഫ്‌ളാറ്റ്, ദലിതര്‍ക്ക് ഒരു ഫ്‌ലാറ്റ്, മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ഫ്‌ളാറ്റ്, തോട്ടം തൊഴിലാളികള്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും ഓരോരോ ഫ്‌ളാറ്റുകള്‍; ഇത് അംഗീകരിക്കാനാവുന്നതല്ല. വീണ്ടും ജാതിക്കോളനികള്‍ ഉണ്ടാക്കുകയാണ് ഇതിലൂടെ അവര്‍ ചെയ്യുന്നത്. മുന്‍പ് ഓരോരുത്തര്‍ക്കും കിട്ടിയ രണ്ടും മൂന്നും സെന്റിലായിരുന്നു കോളനികളെങ്കില്‍ ഇന്നത് കുറച്ച് മണ്ണില്‍ മേലോട്ട് ഉയരുന്നു. ആദ്യം സര്‍ക്കാരും സമൂഹവും മനസ്സിലാക്കേണ്ട ഒന്നുണ്ട്, ആദിവാസികള്‍ക്കും ദലിതര്‍ക്കും പാര്‍പ്പിടമല്ല പ്രശ്നം. മറിച്ച് ഉപജീവനമാണ് വിഷയം. ഉപജീവനത്തിന്, കൃഷി ചെയ്യാനാണ് ഭൂമി ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരുടേത് പാര്‍പ്പിട പ്രശ്നമാണെന്ന് പറഞ്ഞാല്‍, അവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ച് കൊടുത്താല്‍ അത് മനസ്സിലാക്കാം. പക്ഷേ, ആദിവാസികളുടേയും ദലിതരുടേയും ഭൂപ്രശ്നത്തെ പാര്‍പ്പിടപ്രശ്നമായി കാണരുത്. വലിയൊരു പ്രശ്നത്തെ ഫ്‌ളാറ്റുകളിലേക്ക് ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഭൂരഹിതര്‍ക്ക് കൊടുക്കാനുള്ള ഭൂമി ഇല്ലാതെയല്ലല്ലോ? അതെടുത്ത് കൊടുക്കുന്നതിന് പകരം എന്തിനാണ് ആദിവാസികളേയും ദലിതരേയും ജയിലിലടക്കുന്നത്. ഫ്‌ളാറ്റ് ആര്‍ക്കും കൊടുക്കരുതെന്നാണ് പറയാനുള്ളത്, പ്രത്യേകിച്ച് ആദിവാസികള്‍ക്ക്. കാര്‍ഷികമേഖലയില്‍ തൊഴിലെടുത്ത്, കൃഷി ചെയ്ത് ജീവിക്കുന്നവരാണ് ആദിവാസികള്‍. സ്വന്തമായി ഭൂമിയില്ലെങ്കില്‍ ഉള്ളവരുടെ ഭൂമിയില്‍ പണിയെടുത്താണ് അവരുടെ ഉപജീവനം. ആദിവാസികളുടെ ജീവിതവും സംസ്‌കാരവും കലയും ആചാരങ്ങളുമെല്ലാം മണ്ണിനോട് ഒട്ടിയതാണ്. മണ്ണില്ലെങ്കില്‍ അവരെ വംശഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഒടുവില്‍ ഭാഷ പോലും അവര്‍ക്കില്ലാതെ പോവും. ആദിവാസികള്‍ ആദിവാസികള്‍ അല്ലാതായിപ്പോവും. ഫ്‌ളാറ്റ് സംസ്‌ക്കാരം ഇഷ്ടപ്പെടുന്നവര്‍ അവിടേക്ക് പൊയ്ക്കോട്ടെ. പക്ഷേ, ആദിവാസികള്‍ക്ക് മണ്ണാണ് വേണ്ടത്. അതിന് പകരം എന്തിനാണ് അവരെ സര്‍ക്കാര്‍ പണിത് നല്‍കുന്ന കാരാഗൃഹത്തില്‍ അടക്കുന്നത്? ഒരു കുട്ടിയുണ്ടായാല്‍ അതിന് ഓടിക്കളിച്ച് വളരാനെങ്കിലും ഇടം വേണ്ടേ? അതില്ലാത്ത ജയിലറകളിലിട്ട് എന്തിനാണ് ആദിവാസികളെ കൊന്ന് തീര്‍ക്കുന്നത്? മനുഷ്യരുടെ അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കി അവരെ അനാഥരാക്കി തീര്‍ക്കുന്ന പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കേണ്ടതാണ്. പത്ത് സെന്റ് സ്ഥലമെങ്കിലും ഉണ്ടെങ്കില്‍ തെളിവെള്ളമെങ്കിലും അവര്‍ക്ക് കുടിക്കാമല്ലോ? ഒരു കാന്താരി മുളകെങ്കിലും വെച്ച്പിടിപ്പിച്ച് ഉപയോഗിക്കാമല്ലോ? ആദിവാസികളെയും ദലിതരെയും ബലികൊടുക്കുന്ന ഫ്‌ളാറ്റ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണുള്ളത്. ഹാരിസണ്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയാതിരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ പദ്ധതി നടപ്പാക്കുന്നത്.’

ചെങ്കല്‍ചൂളയിലും അമ്പലവയലിലും മുന്‍പ് സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയങ്ങളാണ് പണിത് നല്‍കിയത്. എന്നാല്‍, പിന്നീട് ഇവ കോളനികളായി മാറി. സമൂഹം അവയെ കോളനികളാക്കുകയും ചെയ്തു. ഇതേ സാഹചര്യമായിരിക്കും സര്‍ക്കാര്‍ പണിത് നല്‍കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ഉണ്ടാവുക എന്നതാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ആശങ്ക. ജാതിക്കോളനികളാണ് ഫ്‌ളാറ്റുകള്‍ എന്ന വിമര്‍ശകരുടെ വാദം ശക്തിപ്പെടുത്തുന്നതായിരുന്നു ഒരു പഞ്ചായത്ത് സെക്രട്ടറി പറഞ്ഞ വാക്കുകള്‍, ‘ഭൂരഹിതരായുള്ളവര്‍ കൂടുതലും എസ്.സി, എസ്.ടി വിഭാഗങ്ങളാണ്. സ്വാഭാവികമായും അവരെ കൂടുതലായി പരിഗണിക്കുകയും ചെയ്യും. എന്നാല്‍, ഭൂരഹിതരായ മറ്റ് സമുദായക്കാര്‍ അവരോടൊപ്പം ഫ്‌ളാറ്റ് സമുച്ചയം ഏറ്റെടുക്കാന്‍ വരുന്നില്ല എന്ന ഒരു കാര്യമുണ്ട്. എത്ര പറഞ്ഞാലും ചിലര്‍ അംഗീകരിക്കില്ല. അങ്ങിനെ വരുമ്പോള്‍ പ്രത്യേക സമുദായമോ ജാതികളോ ഒക്കെയായിരിക്കും ഒരു ഫ്‌ളാറ്റ് സമുച്ചയത്തില്‍ വരിക. അങ്ങിനെയല്ലാതെ നടക്കുന്ന സ്ഥലങ്ങളുമുണ്ട്. എന്നാലും എല്ലായിടത്തും അങ്ങിനെയൊരു പ്രതിസന്ധിയുണ്ട്.’

എന്നാല്‍, വിവിധ വകുപ്പുകള്‍ പല സ്‌കീമുകളിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുന്നതിനാലാണ് ഇത്തരത്തില്‍ പരാതികളുയരുന്നതെന്ന് ലൈഫ് പദ്ധതി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫിഷറീസ് വകുപ്പും ട്രൈബല്‍ ഡിപ്പാര്‍ട്മെന്റും മറ്റും പണിതിട്ടിരിക്കുന്ന കെട്ടിടങ്ങളും കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും പണിയുന്ന പാര്‍പ്പിട സമുച്ചയങ്ങളും ഇത്തരത്തില്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിതരണം ചെയ്യാറുണ്ട്. അതുകൊണ്ടാവാം ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഭൂമിയെ ഉത്പാദന ഉപാധിയായി മാറ്റുകയും, ഭൂമിക്ക് ക്രയ വിക്രയ മൂല്യം ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ ദലിതരുടേയും ആദിവാസികളുടേയും സാമൂഹ്യ പദവിയെ കരുപിടിപ്പിക്കാന്‍ പറ്റുമെന്നിരിക്കെ അത്തരം സാധ്യതകളില്ലാത്ത പാര്‍പ്പിട സമുച്ചയങ്ങള്‍ നല്‍കുക വഴി അവര്‍ക്ക് മുന്നില്‍ ആ വഴിയും അടയുകയാണ്. ദലിത് ആയ ശശിധരന്‍ പറഞ്ഞതിങ്ങനെയാണ്, ‘എനിക്ക് വലിയ രാഷ്ട്രീയമൊന്നും പറയാനറിയില്ല. പക്ഷേ, എനിക്ക് എന്റെ കൊച്ചുങ്ങളെ പഠിപ്പിക്കണം, കൊച്ചിനെ കല്യാണം കഴിപ്പിച്ചയക്കണം. എനിക്ക് കൂലിപ്പണിയാണ്. ബാങ്കില്‍ പോയി വായ്പയെടുക്കണമെങ്കില്‍ എന്തെങ്കിലും ഈട് വേണ്ടേ? കാശുള്ളവര്‍ വസ്തു പണയം വച്ചും കടമെടുത്തുമെല്ലാം മക്കളെ പഠിപ്പിക്കുന്നു. ഞങ്ങടെ മക്കളെ അങ്ങനെ പഠിപ്പിക്കാന്‍ വിടാന്‍ ഒക്കുമോ? കാരണമെന്താ ഞങ്ങടെ കയ്യില്‍ ഈട് വക്കാന്‍ ഒരു ഇഞ്ച് വസ്തുവില്ല. അതുള്ളവര്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസവും തൊഴിലും ഒന്നും ഞങ്ങക്ക് കിട്ടാത്തതിന്റെ കാരണവും അതാണ്.’

അഞ്ച് ലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷ ഇക്കാലമത്രയും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതും നഷ്ടമായിരിക്കുന്നു. അതിലുപരിയായി സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള പാര്‍പ്പിടങ്ങളില്‍ എന്നും സ്റ്റേറ്റിനോട് വിധേയപ്പെട്ട്, ഭരണകൂടത്തിന്റെ ഔദാര്യങ്ങള്‍ കൈപ്പറ്റുന്ന സമൂഹമായി ഈ ജനതയെ മാറ്റിയെടുക്കുക എന്ന പരോക്ഷമായ തന്ത്രം കൂടിയാണ് ഇത്തരം നടപടികളെന്നും വിമര്‍ശനമുയരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757