news

ഫ്രറ്റേണിറ്റിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചത് പാനായിക്കുളത്തെ ഭീകരവല്‍കരിക്കാനുള്ള ശ്രമം – ശംസീര്‍ ഇബ്രാഹിം

 

പൊലീസ് നീക്കം കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നതുകൊണ്ട്‌

പാനായിക്കുളം വ്യാജ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ വേദിയൊരുക്കി ഫ്രറ്റേണിറ്റി പാനായിക്കുളത്ത് മെയ് 2 ന് നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത് പാനായിക്കുളത്തെ ഭീകരവല്‍കരിക്കാനുള്ള പൊലീസ് ശ്രമത്തിന്റെ ഭാഗമായാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡണ്ട്് ശംസീര്‍ ഇബ്രാഹിം. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം മുസ്‌ലിം വേട്ട നടത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ നടപടി എന്നീ ആവശ്യങ്ങള്‍ കൂടിയുള്ളതുകൊണ്ടാണ് ജനാധിപത്യപരമായ ശബ്ദമുയര്‍ത്താനുള്ള അവകാശം ഭരണകൂടം നിഷേധിക്കുന്നതെന്നും ശംസീര്‍ പറഞ്ഞു. ‘പാനായിക്കുളം കേസ്; ഭരണകൂടത്തോട് പറയാനുള്ളത്’ എന്ന പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.

”പാനായിക്കുളത്ത് ഒരു പൊതുയോഗമാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ പരിപാടി നടത്താന്‍ മൈക് പെര്‍മിഷന്‍ ചോദിച്ച് അപേക്ഷ കൊടുത്തു. അതിലാണ് നമുക്ക് രേഖാപരമായി മറുപടി കിട്ടിയത് ഇത് തീവ്ര സ്വഭാവമുള്ളതിനാലും അതേ പോലെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലും അനുമതി നിഷേധിക്കുന്നു എന്ന് പറഞ്ഞ്. ഡിവൈഎസ്പിയെയും ബിനാനിപുരം സ്റ്റേഷനിലെ എസ്.ഐയെയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ നേരിട്ട് കണ്ട് സംസാരിച്ചു. മൈക്കിന് അനുമതി തരാന്‍ പാടില്ല, പാനായിക്കുളം ആണ് വിഷയം, ആ വിഷയത്തിന് തീവ്ര സ്വഭാവമുള്ളതിനാല്‍ അതിന് അനുമതി തരാന്‍ പാടില്ല എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. ഒരു ഭാഗത്ത് കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ആളുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുക എന്ന ആവശ്യം ശക്തമായുണ്ടല്ലോ. ഇത്തരം മുസ്‌ലിംവേട്ട നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യവും ഉണ്ട്. ഈ രണ്ട് ആവശ്യങ്ങള്‍ നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. അതിനുപകരം ഇതിനെപ്പറ്റി ജനാധിപത്യപരമായി എന്തെങ്കിലും ശബ്ദമുയര്‍ത്താനുള്ള സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രമങ്ങളെപ്പോലും നിശബ്ദമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്തം ഉണ്ടല്ലോ. എങ്ങിനെയാണ് ഇത് തീവ്രസ്വഭാവമുള്ളതാകുന്നത് എന്നതിന് പൊലീസിന് കൃത്യമായ മറുപടി ഒന്നുമില്ല. ഹൈക്കോടതി വെറുതെ വിട്ട മുസലിം യുവാക്കളുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതാക്കപ്പെടുകയാണ്.

ശ്രീലങ്കന്‍ ചര്‍ച്ചുകളിലെ സ്‌ഫോടനങ്ങളുടെ സാഹചര്യത്തെക്കുറിച്ച് പൊലീസ് സൂചിപ്പിച്ചില്ലെങ്കിലും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനം, ഐ.എസ് വിഷയങ്ങളില്‍ തന്നെ പാനായിക്കുളത്തിന്റെ പേര് വന്നിട്ടുണ്ട്, പാനായിക്കുളം സന്ദര്‍ശിച്ചു എന്ന് വാര്‍ത്തയില്‍ വന്നിട്ടുണ്ട്. അങ്ങിനെ നിരന്തരം ചില സ്ഥലങ്ങള്‍ കടന്നുവരുന്നുണ്ട്. ഭട്കല്‍ സ്ഥിരമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഭീകരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥലമാണ്. ഈരാറ്റുപേട്ട നിരന്തരം വാര്‍ത്തകളില്‍ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ മലപ്പുറം ജില്ല അങ്ങിനെ ചിത്രീകരിക്കപ്പെട്ട സ്ഥലമാണ്. അതേപോലെ പാനായിക്കുളവും തീവ്രസ്വഭാവമുള്ള സ്ഥലമായി ഭീകരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്. അല്ലാതെ പരിപാടിക്ക് അനുമതി നിഷേധിക്കാനുള്ള വാലിഡ് ആയ കാരണമൊന്നും കാണുന്നില്ല.

പാനായിക്കുളത്ത് നടത്തുന്നു എന്നതുകൊണ്ടാവാം, വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ അനുമതി നിഷേധിക്കപ്പെടാന്‍ സാധ്യതയില്ല എന്ന് എനിക്ക് തോന്നുന്നു. പൊലീസിനെതിരെയുള്ള വിമര്‍ശനം ഈ വിഷയത്തില്‍ നമ്മള്‍ ഉന്നയിക്കുന്നുണ്ട്. സ്വാഭാവികമായും ഇങ്ങിനെയുള്ള കെട്ടിച്ചമച്ച കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെ ചോദ്യം ചെയ്യുമ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പൊലീസ് ആഗ്രഹിക്കുന്നുണ്ടാകും.
തയ്യാറാക്കിയത്: മൃദുല ഭവാനി

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757