Opinion

പാവങ്ങളുടെ ഫ്ളാറ്റ് പദ്ധതി മുടങ്ങാന്‍ അനുവദിക്കരുത് – ജെയ്ഫിന്‍ കെരീം

കൊച്ചിയിലെ ചേരിനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കൊച്ചി നഗരസഭ രണ്ടാം ഡിവിഷനിലെ ഭവനരഹിതര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയായ RAY ഫ്ളാറ്റ് പദ്ധതിയുടെ നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. 12 നിലകളില്‍ രണ്ട് ടവറുകളിലായി 398 ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കൊച്ചി നഗരസഭ, പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവരുടെ ഫണ്ടുകള്‍ ഉള്‍പ്പെടുത്തിയാണ് RAY പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ ആദ്യ ടവര്‍ നിര്‍മാണത്തിലെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിര്‍മാണം നിലച്ചിരിക്കുകയാണ്. 12 നിലകളുള്ള ആദ്യ ടവറിന്റെ ഫസ്റ്റ് ഫ്‌ളോര്‍ സ്ലാബ് പൂര്‍ത്തിയായപ്പോഴേക്കും കോണ്‍ട്രാക്ടര്‍ നിര്‍മാണം നിറുത്തി വെച്ചിരിക്കുകയാണ്. 60 സെ.മീ മുതല്‍ 90 സെ.മീ വ്യാസമുള്ള 168 പൈലുകള്‍ 60 മീറ്റര്‍ നീളത്തില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഫൗണ്ടേഷന്‍ ആയി ചെയ്തു കഴിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ സൂപ്പര്‍ സ്ട്രാക്ച്ചറിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിര്‍മാണം നിലച്ചിരിക്കുന്നത്. പാവങ്ങളുടെ ഈ സ്വപ്ന പദ്ധതി മുടങ്ങാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

2013ല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച RAY പദ്ധതി ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും തികഞ്ഞ അനാസ്ഥ മൂലം ടെന്‍ഡര്‍ നടപടികള്‍ പോലും ആരംഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അക്കാരണം കൊണ്ട് തന്നെ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക വന്‍ തോതില്‍ വര്‍ധിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സാമ്പത്തിക പങ്കാളിത്തതില്‍ നടക്കുന്ന ക്ഷേമ പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് ചെയ്ത തുക വര്‍ധിച്ചാല്‍ അധിക എസ്റ്റിമേറ്റ് തുക സ്വാഭാവികമായും അംഗീകരിച്ച് കിട്ടുകയില്ല. കാലതാമസം വരുത്തി പദ്ധതി ഇല്ലാതാക്കുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെയും ചില നഗരസഭ ഭരണാധികാരികളുടെയും ലക്ഷ്യം.

2012 മുതല്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച് മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് സണ്‍റൈസ് കൊച്ചി. മട്ടാഞ്ചേരിയിലെ ഭവനരഹിതരായ ചേരി നിവാസികള്‍ക്കായി സണ്‍റൈസ് കൊച്ചി സ്വന്തം ചെലവില്‍ 21 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുണ്ട്. 400 കുടുംബങ്ങള്‍ക്ക് ആശ്രയമാകുന്ന RAY ഫ്ളാറ്റ് പദ്ധതി നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ സണ്‍റൈസ് കൊച്ചി മുന്‍കൈയെടുക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥരും ഭരണാധികാരികളും പദ്ധതിയോട് കാണിക്കുന്ന വഞ്ചന പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ബഹു.ഹൈക്കോടതി മുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. അന്നത്തെ ഹൈക്കോടതി വിധി പ്രകാരം ഫ്ളാറ്റിന്റെ നിര്‍ണാണം ആരംഭിക്കുകയായിരുന്നു. നിര്‍മാണം ആരംഭിച്ചതിന് ശേഷവും അസാധാരണമായ കാലതാമസമുണ്ടായി. നഗരസഭ തയ്യാറാക്കിയ എസ്റ്റിമേറ്റ് തന്നെ അബദ്ധജഡിലവും ഒട്ടേറെ തെറ്റുകുറ്റങ്ങളും ഉള്ളതുമാണ്. ഇത്രയും വലിയ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള വൈഭവം നഗരസഭ എഞ്ചിനീയര്‍മാര്‍ക്ക് ഇല്ല എന്നതിന്റെ തെളിവാണ് RAY പദ്ധതി. 2017ല്‍ ആരംഭിച്ചതും 18 മാസം കൊണ്ട് പൂര്‍ത്തീരിക്കേണ്ടതുമായ ഈ ഫ്ളാറ്റ് പദ്ധതി
പ്രാരംഭഘട്ടത്തില്‍ തന്നെ മുടങ്ങിക്കിടക്കുന്നു. പദ്ധതിയുടെ ബാര്‍ ചാര്‍ട്ട് പ്രകാരം രണ്ടാമത്തെ ടവറിന്റെയും പണി ആരംഭിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നഗരസഭ അധികൃതരോട് കാര്യങ്ങള്‍ അന്വേഷിക്കുമ്പോഴും തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവര്‍ക്കുള്ളത്. ഇനിയും ഈ വിഷയം പൊതുസമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തിട്ടില്ല എങ്കില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരി നിര്‍മാര്‍ജന പദ്ധതി നഷ്ടപ്പെടും.

പലപ്പോഴും കൊച്ചിയിലെ ചേരികള്‍ വിവിധ ഏജന്‍സികളുടെ ഫണ്ട് കൈപറ്റാനുള്ള ഉപകരണമാക്കി മാറ്റുകയാണ്. ഒരു പദ്ധതിയുടെയും തരിമ്പ് ഗുണം പോലും ചേരി നിവാസികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവരുടെ ദാരിദ്ര്യത്തിന്റെയും ചേരികളുടെയും ദയനീയ മുഖം എല്ലാ പദ്ധതികളുടെയും റിപ്പോര്‍ട്ടില്‍ ഫോട്ടോ സഹിതം പ്രതിപാദിക്കും. 2003ല്‍ Poverty Alleviation of Mattanchery (PAM) എന്ന പേരില്‍ ഏഷ്യന്‍ ബാങ്കിന്റെ സഹകരണത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ അന്നത്തെ 70 കോടിയാണ് അനുവദിച്ചിരുന്നത്. 1560 വീടുകളാണ് പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കേണ്ടിയിരുന്നത്. പക്ഷേ, ഒരു വീട് പോലും പദ്ധതി പ്രകാരം നിര്‍മിച്ചില്ല. 2012 ലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ അപേക്ഷ വന്നത് കൊച്ചിയില്‍ നിന്നാണ്. പക്ഷേ, ഒരു കുടുംബത്തിന് പോലും വീട് പണിയാന്‍ ഭൂമി കൊടുത്തിട്ടില്ല. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലും ഏറ്റവും കൂടുതല്‍ അപേക്ഷ മട്ടാഞ്ചേരിയില്‍ നിന്നാണ്. എന്നാല്‍, പദ്ധതി പ്രകാരം ഭൂരഹിതര്‍ക്കായി യാതൊരു ഭവന പദ്ധതിയും ഇതുവരെ വിഭാവനം ചെയ്തിട്ടുമില്ല.

കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ പദ്ധതി പ്രകാരം കൊച്ചി നഗരം തെരഞ്ഞെടുക്കപ്പെട്ടതും വലിയ മത്സരത്തിലൂടെയാണ്. അര്‍ബന്‍ പോവര്‍ട്ടി അലീവിയേഷന്‍ എന്ന പേരില്‍ മട്ടാഞ്ചേരിയിലെ ഒന്നുമുതല്‍ അഞ്ചുവരെ ഡിവിഷനുകളില്‍ വിവിധ ചേരി നിര്‍മാര്‍ജന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടാണ് കൊച്ചി നഗരസഭ മാര്‍ക്കുകള്‍ അധികം നേടിയെടുത്തത്. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതി പ്രകാരം 120 കോടി രൂപയാണ് ഭവനപദ്ധതിക്ക് നേടിയെടുത്തത്. 2020ല്‍ കാലാവധി അവസാനിക്കുന്ന സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ പദ്ധതിയിലും ഭവന പദ്ധതികള്‍ യാതൊന്നും നടപ്പാക്കിയിട്ടില്ല. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടലിലൂടെ നിര്‍മാണം ആരംഭിച്ച RAY പദ്ധതിയുടെ ഗതി ഇങ്ങിനെയുമായി.

അതിനാല്‍ RAY ഫ്ളാറ്റ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി നഗരസഭയും മുന്‍കൈയെടുക്കണം. കൊച്ചി നഗരസഭക്ക് ഇത്തരത്തില്‍ വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിവില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) പോലെയുള്ള ഏജന്‍സികളെ വെച്ച് പദ്ധതി ഇനിയെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മനപൂര്‍വം കാലതാമസം വരുത്തി എസ്റ്റിമേറ്റ് തുക അധികരിപ്പിക്കുവാന്‍ കാരണക്കാരായവരില്‍ നിന്ന് സര്‍ക്കാര്‍ ഖജനാവിന് അധിക ബാധ്യതയാകുന്ന തുക ഇടാക്കണം.

സണ്‍റൈസ് കൊച്ചി പ്രൊജക്ട് കോര്‍ഡിനേറ്ററാണ് ലേഖകന്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757