Opinion

പാഠങ്ങള്‍ പുലരുന്ന സംഘ് യുഗം – സുഫീറ എരമംഗലം

 

‘ നാം ക്ഷേത്രത്തില്‍ ആരാധന നടത്തുമെങ്കില്‍ അവന്‍(മുസ്ലിം)ക്ഷേത്രം നശിപ്പിക്കും. നാം ഭജനയും രഥോല്‍സവങ്ങളും നടത്തിയാല്‍ അതെല്ലാമവനെ രോഷാകുലനാക്കും. നാം പശുവെ പൂജിച്ചാല്‍ അവരതിനെ കൊന്നു തിന്നും. നാം സ്ത്രീയെ പരിപാവനമായ മാതൃത്വത്തിന്റെ പ്രതീകമായി വാഴ്ത്തിയാല്‍ അവന് ആ സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതിലാണിഷ്ടം. മതപരവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ വശങ്ങളിലും നമ്മുടെ ജീവിതരീതിയുടെ നേരെ പല്ലും നഖവുമുപയോഗിച്ചുള്ള എതിര്‍പ്പാണുള്ളത്'(ഗോള്‍വാള്‍ക്കര്‍). ‘നാം ഹിന്ദുക്കള്‍ ഇടത്തു നിന്ന് വലത്തോട്ട് എഴുതുമ്പോള്‍ അവര്‍ മുസ്ലിംകള്‍ വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്നു…നാം ഇന്ത്യയെ അമ്മയെന്ന് വിളിക്കുന്നു. അവര്‍ അതിനെ യക്ഷിയെന്ന് വിളിക്കുന്നു. ഹിന്ദുക്കള്‍ എന്ത് ചെയ്താലും മുസ്ലിംകള്‍ അതിന്റെ എതിരാണ് ചെയ്യുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ വായ കൊണ്ടാണ് തിന്നുന്നത്. മുസ്ലിംകളോട് അതിന്റെ വിപരീതം ചെയ്യാന്‍ പറയൂ… ‘(ഋത്വംബര)

അപരവല്‍ക്കരണത്തിന്റെ ശത്രുതാ നിര്‍മിതിയുടെയും വിചാരവിഷം തീണ്ടിയ സംഘ് പാഠങ്ങളില്‍ ചിലതാണ് മുകളില്‍ ഉദ്ധരിച്ചത്.
ഇന്ത്യയില്‍ ഫാഷിസം അതിന്റെ ടെക്സ്റ്റുകളെ പ്രയോഗവല്‍കരിച്ചു കൊണ്ടിരിക്കുവാന്‍ രാഷ്ട്രീയ അധികാരം ഉറപ്പിച്ച രണ്ടാംഘട്ടത്തിലാണുള്ളത്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും തനിയാവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ചയും വേഗവും കൂട്ടുവാന്‍ ഭരണത്തണല്‍ നല്‍കുന്ന ആത്മ വിശ്വാസം അതിനുണ്ട്. പാഠങ്ങള്‍ ഉരുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ രണ്ടുതരം സമീപനങ്ങളാണ് ഫാഷിസ്റ്റുകള്‍ പുലര്‍ത്തിയത്. അധികാരത്തിന്റെ ആദ്യാവസരത്തിലെ(വാജ്‌പേയി കാലം) ഒളിയജണ്ടയിലൂന്നിയ കപട ഹിന്ദുത്വമായിരുന്നും ഒന്നാം ഘട്ടം. മൃദുവായ പ്രതിഛായയുള്ളവരെന്ന് തോന്നിപ്പിക്കുന്ന മുരളി മനോഹര്‍ ജോഷി… അധ്വാനി തുടങ്ങിയവരെ ഒഴിവാക്കിയ ഇന്നത്തെ പാര്‍ലിമെന്റെില്‍ പ്രതിഫലിക്കുന്ന ഹിംസാത്മകതയുടെ വിളംബരഘട്ടമാണ് തുടര്‍ന്നുള്ളത്. ഗുജറാത്ത് വംശഹത്യയുടെ അടയാള മുഖങ്ങള്‍, ഏറ്റുമുട്ടല്‍ കൊലകളുടെ പ്രതികള്‍.. തുടങ്ങിയവര്‍ ഭരിക്കുന്ന ഉദ്വേഗ ഇന്ത്യ. എന്നിട്ടും സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന പ്രസംഗ പാടവം ഭരണഘടനയെ വണങ്ങി പ്രവേശിക്കുന്നു. ഭരണഘടനയും ജനാധിപത്യ പാരമ്പര്യവും പ്രതിബോധങ്ങളാകുമ്പോള്‍, അവയെ കൂട്ടു പിടിച്ച് വിശ്വാസ്യത തേടുന്ന രാഷ്ട്രതന്ത്രമാണ് പ്രധാനമന്ത്രി പയറ്റിയത്. അതു പോലും സംഭവിക്കുന്നിടത്തോളം ജനാധിപത്യ -മതനിരപേക്ഷ പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കുന്നു. ഹിംസാത്മകമായ അതിന്റെ പ്രത്യയ ശാസ്ത്രങ്ങളെ പ്രകടിപ്പിക്കുന്നതില്‍ ശൈവവ ദശ മുതല്‍ തന്നെ അറപ്പില്ലായ്മ കാട്ടിയാണ് സംഘ് പരിവാര്‍ വളര്‍ന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തതും ഗാന്ധി വധവും ദ്വി രാഷ്ട്രവാദവും വര്‍ഗീയ കലാപങ്ങളും സംഘ് ഫാഷിസത്തിന്റെ വിപരീത മൂല്യങ്ങളെ ചരിത്രപരമായിത്തന്നെ പാഠവല്‍കരിക്കുന്നതായിരുന്നു.

നിരന്തരമായ അടിയൊഴുക്കുകളുടെ ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ വ്യവസ്ഥയില്‍ അത് അള്ളിപ്പിടിച്ചത്. മനോഭാവങ്ങളെ രൂപപ്പെടുത്തുന്നതിന് മതവികാരത്തെ ദുരുപയോഗിക്കുന്നതില്‍ സംഘ്പരിവാര്‍ ഫാഷിസം അതിന്റെ എല്ലാ ഘട്ടങ്ങളിലും അതീവ ജാഗ്രതയെ കാത്തു സൂക്ഷിച്ചു. ദേശീയതയെ ബിംബവല്‍കരിക്കുകയാണവര്‍ ചെയ്തത്. സാംസ്‌കാരിക ബഹുസ്വരതയുടെ മാറ്റുരക്കലിന് ബിംബങ്ങളെ പ്രതിഷ്ഠിക്കുകയും തീര്‍പ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണവര്‍. ദേശീയ ബിംബങ്ങളായി അവ സ്ഥാപിക്കപ്പെടുന്നതില്‍ സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ദശകങ്ങള്‍ മുതല്‍ തന്ത്രങ്ങള്‍ മെനയുകയും പണിയെടുത്തുകൊണ്ടിരിക്കുകയുമാണവര്‍. പാക്കിസ്ഥാന്‍ എന്ന അപര ബിംബത്തെയും രാമജന്മ ഭൂമിയെന്ന ആത്മബിംബത്തെയും സൃഷ്ടിക്കുന്നതില്‍ അന്ധമായ മതവികാരത്തില്‍ നിന്നുള്ള പ്രതിലോമ ഊര്‍ജ്ജത്തെയാണ് നവ ഫാഷിസം ഉപയോഗിച്ചു തുടങ്ങിയത്. ഇതിനായി ചിഹ്നങ്ങളെ മന: ശാസ്ത്രപരമായിത്തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ദേശീയതയുടെ ചിഹ്നങ്ങളായി ബദല്‍ ചിന്താഗതിയുള്ളവര്‍ വരെ പിന്‍തുടരുന്നത് ഹിന്ദുത്വ പ്രതീകങ്ങളെയാണ്. മറുത്തൊന്ന് ചിന്തിക്കുവാനുള്ള വിവേചനാധികാരത്തിനുപോലും അവസരമില്ലാത്ത ബൗദ്ധി മറകള്‍ക്കുള്ളിലാണവര്‍. ദേശീയമായ എല്ലാറ്റിനെയും ഏകശിലാത്മകമായി അവതരിപ്പിച്ചതാണ് സ്വാതന്ത്ര്യസമര ഘട്ടങ്ങളും. ബഹുസ്വരജാഗ്രതയെ ബൗദ്ധികമായും പ്രായോഗികമായും അവതരിപ്പിക്കുന്നതില്‍ നെഹ്‌റുവിയന്‍ വിചാരങ്ങള്‍ പോലും അപര്യാപ്തമാണ്. അംബേദ്കര്‍ മുന്നോട്ടു വെച്ച ജാതിവിരുദ്ധ സമവാക്യങ്ങളാണ് സവര്‍ണരഹിത ചിന്തകളെ പ്രകാശനം ചെയ്തത്. അവ പോലും ബഹുസ്വരതയുടെ പൂര്‍ണതയെ പ്രതിഫലിക്കുന്നതല്ല.

ഇടത് പക്ഷത്തിന്റെ സാംസ്‌കാരിക വിശകലനങ്ങള്‍ ഇന്ത്യന്‍ ഫാഷിസത്തെ നിരന്തരം വിചാരണ ചെയ്തുകൊണ്ടിരുന്നു. എങ്കിലും നിശിതമായ ഫാഷിസ്റ്റ് വിരുദ്ധ പ്രയോഗങ്ങളെ അരക്കിട്ടുറപ്പിക്കുന്നതില്‍ അവരും പിറകോട്ടടിക്കുകയാണുണ്ടായത്. ജാതിയുടെ അദൃശ്യ സ്വാധീനം താക്കോല്‍ പ്പഴുതുകളായി നിലകൊള്ളുന്നതിനെ ഇപ്പോള്‍ വിവരിക്കുന്നില്ല. ഇടതുപക്ഷവും മതന്യൂനപക്ഷങ്ങളും നിരന്തരമായി ഉയര്‍ത്തിക്കൊണ്ടിരുന്നതാണ് ഫാഷിസ്റ്റ് വിരുദ്ധ ആഖ്യാനങ്ങള്‍. സെക്യുലറിസത്തിന് വിപരീതമായി ഫാഷിസത്തെ സംവാദാത്മകമായി സമൂഹ സമക്ഷം അവതരിപ്പിച്ചത് അവരിലെ ബുദ്ധി ജീവികളും സൈദ്ധാന്തിക വിശാരദന്‍മാരുമാണ്. അവരെല്ലാം മുന്നറിയിപ്പ് നല്‍കിയ ഫാഷിസ്റ്റ് ഭരണം യാഥാര്‍ത്ഥ്യമായിത്തുടരുന്നതിന്റെ രണ്ടാം ഘട്ടത്തില്‍ ഫാഷിസ്റ്റ് വിമര്‍ശനം എപ്രകാരമായിരിക്കണമെന്നിടത്തേക്ക് ചിന്തകളെ സമര്‍പ്പിക്കേണ്ടതുണ്ട്. സംവാദത്തില്‍ നിന്നുള്ള തുറവികള്‍ ഫാഷിസ്റ്റ് വിരുദ്ധ വാഴ്ചകളിലേക്കുള്ള പ്രായോഗിക രാഷ്ട്രീയമായി ബലപ്പെടേണ്ടതുണ്ട്. വാക്കുകളില്‍ നിന്ന് വിപ്ലവം ജനിക്കുന്നത്, ജീവിതം വാക്കുകളെ നിര്‍മിക്കുമ്പോഴാണ്.

1999ല്‍ അധികാരത്തിലേറിയ വാജ്‌പേയി സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികക്കുകയുണ്ടായി. അതിനു മുന്‍പ് 1996ലും 1998ലും പാര്‍ലിമെന്റെിലെ ഏറ്റവും വലിയഒറ്റക്കക്ഷിയായി. 96ല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ കേവലം 13 ദിവസം മാത്രമാണ് വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. നിരന്തരമായ ധ്രുവീകരണയത്‌നങ്ങളും ബാബരി മസ്ജിദ് തകര്‍ച്ചയും മറ്റു വംശീയ പ്രബോധനങ്ങളും ഇതിന് പശ്ചാത്തലമൊരുക്കി. 98ല്‍ അധികാരത്തിലേറിയെങ്കിലും എ. ഐ. എ. ഡി. എ. കെ പിന്തുണ പിന്‍വലിച്ചതോടെ എന്‍. ഡി. എയുടെ ഭരണ ദൈര്‍ഘ്യം പതിനൊന്ന് മാസത്തില്‍ കലാശിച്ചു. എന്നാല്‍ അന്ന് കൊളുത്തിയ ഭരണത്തീപ്പൊരി യില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് 2014 മുതല്‍ ബി. ജെ. പി അതിന്റെ ജൈത്ര യാത്ര തുടരുന്നത്. ഇതിനായി ധാരാളം വര്‍ഗീയ കലാപങ്ങളും ഏറ്റു മുട്ടല്‍ കൊലപാതകങ്ങളും ഗുജറാത്ത് ഉള്‍പെടെയുള്ള ക്രൂരമായ വംശ ഹത്യകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ആസൂത്രിതമായിത്തന്നെ അരങ്ങേറുകയുണ്ടായി. അപ്പോഴേക്കും സംഘ്പരിവാര്‍ ഫാഷിസത്തെ അറപ്പില്ലാതെ അവതരിപ്പിക്കുന്നതില്‍ ബി. ജെ. പി നിര്‍ലജ്ജത കൈവരിക്കുകയുണ്ടായി. കേന്ദ്ര മന്ത്രിമാര്‍ വരെ പരസ്യമായി, മുസ്ലിംകളെ പാക്കിസ്ഥാനിലേക്ക് ആട്ടിപ്പായ്ക്കുന്ന ആക്രോശങ്ങളും വധ ഭീഷണികള്‍ മുഴക്കുന്ന തരം പ്രസ്താവനകളും പുറപ്പെടുവിക്കുകയാണ്. ഹിഡണ്‍ അജണ്ഡ എന്ന ആദ്യ ഘട്ടത്തില്‍ നിന്ന് പരസ്യമായ വിദ്വേഷ പ്രസ്താവങ്ങളിലൂടെയും വെല്ലു വിളികളിലൂടെയും സംഘ്പരിവാര്‍ ഗുണ്ടകളെ തെരുവിലിറക്കുന്ന ഫാഷിസ്റ്റ് ആക്റ്റിവിസത്തിന്റെ രണ്ടാം ഘട്ടത്തിലാണ് നാമുള്ളത്. സത്യാനന്തര കാലം എന്ന പദ പ്രയോഗത്തെ സാധ്യമാക്കിയ ആഗോള വലതുപക്ഷ വംശീയതയുടെ പരിലാളനയിലും സന്ദര്‍ഭത്തിലുമാണത്. ഭരണ പരാജയങ്ങളെയും നയ വൈകല്യങ്ങളെയും മറവിപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും ഫാഷിസത്താല്‍ ഹൈജാക് ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് മിഷണറികളും., ദേശ സുരക്ഷയുടെയും അപര ഭീതിയുടെയും അപ്പങ്ങളാണ് വിശക്കുന്നവന്റെ വായില്‍ വെച്ചത്. പുല്‍വാമയും ബാലേക്കോട്ടും സംവിധാനം ചെയ്യുകയും വീരനായകനെ പ്രതിഷ്ഠിക്കുകയും ചെയ്തതില്‍ പിന്നെ പ്രവചനാതീത വിജയത്തിലേക്ക്. ഫാഷിസത്തിന്റെ പ്രത്യയ ശാസ്ത്ര മുന്നറിയിപ്പുകളെ ബദല്‍ പ്രത്യയശാസ്ത്ര പാഠങ്ങളിലൂടെ വിചാരണ ചെയ്തു കൊണ്ടിരുന്ന സംവാദാത്മക സാഹചര്യങ്ങളുടെ തുടര്‍ ഘട്ടത്തിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പണിയെടുക്കേണ്ടതുണ്ട്. സംഘ്പരിവാര്‍ ഫാഷിസം ബി. ജെ. പി ഭരണത്തിന്റെ തണലില്‍ തിടം വെക്കുമ്പോള്‍ ലൈവായിത്തന്നെ അതിന്റെ ഭീകരത ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടമാവുകയാണ്. പാഠങ്ങളുടെ പ്രവചനാത്മകതയേക്കാള്‍ അത് വിളംബരം ചെയ്യുന്ന ക്രൗര്യങ്ങള്‍ സ്വയം തന്നെ സന്ദേശമാവുന്നു.

ജയ് ശ്രീറാം

ജയ് ശ്രീരാം എന്നത് അടക്കി നിര്‍ത്തപ്പെട്ട വിദ്വേഷ വളര്‍ച്ചയുടെ ഹിംസാത്മകമായ പൊട്ടിത്തെറികളാവുകയാണ്.മുസ്ലിംകളെ തടഞ്ഞു നിര്‍ത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ കൊല്‍ക്കൊത്ത, അസം, ഹരിയാന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തുടരെത്തുടരെ വന്നു കൊണ്ടിരിക്കുകയാണ്. ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ പതിമൂന്നാമത്തെ ഇരയാണ് തബ് രിസ് അന്‍സാരി. മുസ്ലിം നാമധാരിയായ ആ ഇരുപത്തിനാലുകാരന്റെ മേല്‍ കൊലവിളിയായിച്ചൊരിഞ്ഞതും രണ്ടാം മോദി സര്‍ക്കാരിന്റെ അധികാരോഹണ വേളയില്‍ പാര്‍ലിമെന്റെില്‍ മുഴങ്ങിയ ജയ് ശ്രീരാം വിളികള്‍ തന്നെയാണ്. ഒരു മനുഷ്യനെ ദാരുണമായി മൃതപ്രായനാക്കുന്നത് ലോകത്തിനു മുന്നില്‍പ്രദര്‍ശിപ്പിക്കുന്ന മാനസികാവസ്ഥയെ എന്തു പേരിട്ടാണ് വിളിക്കുക. മാസ് ഹിസ്റ്റീരിയയെന്ന മനോ വൈകൃതത്തിനടിപ്പെട്ട ഈ ഘാതക സമൂഹത്തെ രൂപപ്പെടുത്തിയെന്നിടത്താണ് വംശഹത്യാ ഫാഷിസത്തിന്റെ വിജയം. 10 മിനിറ്റും 49 സെക്കന്‍ഡുമുള്ള ക്ലിപ്പിലായി തബ് രീശിനെ തല്ലിച്ചതക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഭയാനകമായ പീഢനക്കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കുമിടയില്‍ കുട്ടികളുടെ ആര്‍പ്പു വിളികളും പെണ്ണുങ്ങളുടെ പരിഹാസച്ചിരികളും കേള്‍ക്കാം. പ്രകൃതിയുടെ എല്ലാ അകളങ്ക സൗരഭ്യങ്ങളില്‍.. പൂക്കളില്‍ പോലും വിഷം കലര്‍ത്തുന്ന ഫാഷിസ്റ്റ് ഭീകരതയാണ് ഇവിടെ അടയാളപ്പെടുന്നത്. ലോക് സഭയില്‍ ദുര്‍ബലമായ പ്രതിപക്ഷം രാജ്യത്തെ നടുക്കിയ ഝാര്‍ഖണ്ഡ് വിദ്വേഷക്കൊലയില്‍ മൗനം അവലംബിച്ചു.

രാജ്യ സഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഞങ്ങള്‍ക്കാ പഴയ ഇന്ത്യയെ തിരിച്ചു തരൂ.. എന്നു തുടങ്ങുന്ന വികാര നിര്‍ഭരമായ പ്രസംഗം നടത്തുകയുണ്ടായി. രാജ്യമെമ്പാടും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രസ്തുത സംഭവത്തില്‍ പ്രധിഷേധിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടക്കുകയുണ്ടായി. ഇത്തരം സംവാദത്തിന്റെ തുറസുകളാണ് ഇന്ത്യയിലെ ജനാധിപത്യ പ്രതീക്ഷകള്‍ക്ക് തണലൊരുക്കുന്നത്. ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത ജനാധിപത്യ വിരുദ്ധ ശക്തികള്‍ ഈ സംവാദത്തെപ്പോലും വിലങ്ങണിയിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് തുടരുകയാണ്. യോഗി ആദിത്യ നാഥ് എന്ന മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ആര്‍. എസ്. എസുകാരന്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കൂച്ചുവിലങ്ങിടപ്പെടുകയാണ്. കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ചത് ഈയിടെയാണല്ലൊ. യോഗി ആദിത്യനാഥിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ അഞ്ചു പേര്‍ ഇപ്പോഴും ജയിലിലാണ്. നാഷന്‍ ലൈവ് ചാനലിന്റെ ഉടമസ്ഥ ഇഷിക സിങ്, അനൂജ് ശുക്ല, അന്‍ഷുള്‍ കൗശിക് എന്നിവരും രണ്ടു ഗോരഖ്പൂര്‍ സ്വദേശികളുമാണവര്‍.
യോഗിയെ വിമര്‍ശിച്ച ബ്രിട്ടനിലെ ഇന്ത്യന്‍ ഗായിക ഹാര്‍ഡ് കൗറിനെതിരെ (തരണ്‍ കൗര്‍ ധില്ലന്‍) രാജ്യദ്രോഹ കേസ് ചുമത്തിയിരിക്കുന്നു. രാജ്യ ദ്രോഹം, (124 എ), മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍(153എ), അപകീര്‍ത്തി(500), പ്രകോപനം(505)എന്നീ വകുപ്പുകള്‍ പ്രകാരവും എ. ടി. നിയമത്തിലെ 66-ാം വകുപ്പ് പ്രകാരവുമുള്ള കുറ്റങ്ങളാണ് കൗറിനെതിരെ ചുമത്തിയിരിക്കുന്നത്. നിരന്തരം വിദ്വേഷപ്രസ്താവങ്ങളും കൊലവിളികളും നടത്തുന്നവര്‍ക്കെതിരെ കേസ് ചുമത്താതിരിക്കുന്നതിനെക്കുറിച്ച ചോദ്യം പോലും ഈ ഫാഷിസ്റ്റ്കാലത്ത് അപ്രസക്തമാവുകയാണ്.

സഞജീവ് ഭട്ട് നീതി പാലനത്തിന്റെ മോദി ഇര

30 വര്‍ഷം മുന്‍പ് നടന്ന കസ്റ്റഡി മരണക്കേസിലാണ് മുന്‍ ഐ. പി. എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 23 വര്‍ഷം മുന്‍പുള്ള മറ്റൊരു കേസില്‍ അറസ്റ്രിലായി ഒന്‍പതുമാസമായി ജയില്‍വാസം അനുഭവിക്കുകയാണദ്ദേഹം. ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിലപാടെടുത്തതിന്റെ ശിക്ഷയാണ് അദ്ദേഹത്തെ പിന്‍തുടരുന്നത്.2015 ല്‍ അനധികൃത അവധിയെന്ന കാരണം ആരോപിച്ച്. സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഭട്ടിനെതിരെതെളിവില്ലാത്ത കേസാണ് പ്രതികാരത്തിനായി മോദി പൊടിതട്ടിയെടുത്തിരിക്കുന്നത്
സഞ്ജീവ് ഭട്ട് ഇരയുടെ പ്രതീകമാവുമ്പോള്‍ വിമോചനത്തിന്റെ മനുഷ്യാവകാശപ്പോരാട്ടങ്ങളും നീതി തേടിയുള്ള സമരങ്ങളും ജനാധിപത്യ ഇടങ്ങളെ പുന: സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദളിതുകളും നേരിടുന്ന വിവേചനങ്ങളെക്കുറിച്ച്..മതസ്വാതന്ത്ര്യ നിഷേധങ്ങള്‍ അതിക്രമങ്ങള്‍.. തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുരിച്ച് അമേരിക്ക പോലും റിപ്പോര്‍ട്ടിറക്കിയ സാഹചര്യത്തില്‍, സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ ചോദ്യം നാം ഏറ്റെടുക്കേണ്ടതുണ്ട്. ‘ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് ശബ്ദിക്കുക’

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757