Opinion

ക്യാമ്പസുകളില്‍ ഇടതുപക്ഷം സമഗ്രാധിപത്യത്തിലൂടെ അടിച്ചേല്‍പ്പിച്ച വാര്‍പ്പുമാതൃകകളെ അപനിര്‍മിക്കുകയാണ് ഫ്രറ്റേണിറ്റി – ശംസീര്‍ ഇബ്രാഹിം

 

പുതിയ കാലത്തിന്റെ മാറ്റൊലികള്‍ മുഴങ്ങുന്നത് കാമ്പസുകളില്‍നിന്നാണ്. രാഷ്ട്രീയ ഉള്ളടക്കമുള്ള മുദ്രാവാക്യങ്ങള്‍കൊണ്ട് കാമ്പസ് രാഷ്ട്രീയത്തിന് ഗതിമാറ്റം വരുത്തുകയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്ന നവ വിദ്യാര്‍ഥി പ്രസ്ഥാനം. രൂപീകരിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും കാമ്പസ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്ഥാനം നേടിയിരിക്കുന്നു ഫ്രറ്റേണിറ്റി. പുതിയ കാല വിദ്യാര്‍ഥി രാഷ്ട്രീയത്തേയും വിദ്യാര്‍ഥികള്‍ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ശംസീര്‍ ഇബ്രാഹിം.

ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. താങ്കളെ വ്യക്തിപരമായി ഒന്ന് പരിചയപ്പെടുത്താമോ?

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ആണ് സ്വദേശം. എഞ്ചിനീയറിങ് പഠനശേഷം മംഗലാപുരത്തുള്ള എന്‍ജിനീയറിങ് കോളേജില്‍ ഏഴ് വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തു. പഠനകാലത്തു തന്നെ വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ പ്രവര്‍ത്തനകാലയളവില്‍ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു.

ആദ്യ കാലയളവില്‍ തന്നെ ക്യാമ്പസുകളില്‍ മികച്ച അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു മൂവമെന്റ് ആണല്ലോ ഫ്രറ്റേണിറ്റി. ഒരു നവരാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ക്യാമ്പസുകളിലെ മൂവ്‌മെമെന്റിന്റെ ഇടം എന്താണ്?

പരമ്പരാഗത വിദ്യാര്‍ഥി സംഘടനകള്‍ പൊതുസമൂഹത്തിനും ക്യാമ്പസുകളിലെ പൊതു വിദ്യാര്‍ഥി സമൂഹത്തിനും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തന രീതിയും സംസ്‌കാരവും ഇവിടെ നിലവിലുണ്ട്. കേവലം യൂണിയന്‍ അധികാര കേന്ദ്രീകൃതവും സങ്കുചിതവുമായ ഒന്നാണത്. യൂണിയന്‍ അധികാരം എന്നതും കടന്ന് സമ്പൂര്‍ണമായ ക്യാമ്പസ് സമഗ്രാധിപത്യം ആണ് ഇപ്പോള്‍ കുറച്ചധികം കാലങ്ങളായി അത് ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ എസ്.എഫ്.ഐ പലപ്പോഴും ഇത്തരം ക്യാമ്പസ് സമഗ്രാധിപത്യ പ്രയോഗങ്ങളുടെ ഒന്നാമത്തെ പ്രയോക്താക്കളാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം പോലെയുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ ഇത്തരം വിഷയങ്ങള്‍ സമൂഹത്തില്‍ ചെറിയ അളവിലെങ്കിലും ചര്‍ച്ചയാകുന്നുള്ളൂ.

ഇന്ത്യയില്‍തന്നെ ക്യാമ്പസുകളും ക്യാമ്പസ് രാഷ്ട്രീയവും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഫ്രറ്റേണിറ്റി പിറവിയെടുക്കുന്നത്. നജീബ് അഹ്മദ്, രോഹിത് വെമുല തുടങ്ങിയ രാഷ്ട്രീയ ചോദ്യങ്ങള്‍ ക്യാമ്പസ് രാഷ്ട്രീയത്തിലെ പതിവ് രീതികളില്‍ സൃഷ്ടിച്ച വലിയൊരു ഷിഫ്റ്റ് ഉണ്ട്. പൊതുവായ ഒരു ഏകശിലാത്മക പാറ്റേണിലൂടെ മാത്രം കാര്യങ്ങളെ കണ്ടും കേട്ടും വ്യവഹരിച്ചും വിശകലനം ചെയ്തും കൊണ്ടിരുന്ന രീതികളില്‍ നിന്നും മാറി വ്യത്യസ്ത രാഷ്ട്രീയ ഘടകങ്ങളെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സമീപനരീതി ഇവിടെ വികസിച്ചു വന്നിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളില്‍ ഇടതുപക്ഷം സമഗ്രാധിപത്യത്തിലൂടെ അടിച്ചേല്‍പ്പിച്ച വാര്‍പ്പുമാതൃകകളെയാണ് ഫ്രറ്റേണിറ്റി ഉടച്ചു കൊണ്ടിരിക്കുന്നത്. ഉടക്കുക മാത്രമല്ല, പുതുകാല രാഷ്ട്രീയത്തെ അതേസമയം തന്നെ മറുവശത്ത് നിര്‍മിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. കോളേജ് യൂണിയനുകളുമായി ബന്ധപ്പെട്ട അധികാര രാഷ്ട്രീയത്തില്‍ മാത്രം അത് പരിമിതപ്പെടുന്നില്ല. അനീതിയെക്കുറിച്ചും വിവേചനങ്ങളെ കുറിച്ചും പുതിയ രാഷ്ട്രീയ ഭാഷയില്‍ കാമ്പസുകള്‍ സംസാരിക്കണം എന്നാണ് ഫ്രറ്റേണിറ്റി ആഗ്രഹിക്കുന്നത്. വിദ്യാര്‍ഥി-വിദ്യാഭ്യാസ വിഷയങ്ങള്‍ ഉന്നയിക്കുന്നതോടൊപ്പം പുതുവൈപ്പ് സമരം, ദേശീയപാത സമരം, ജിഗ്‌നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് വിജയം, മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനകള്‍, തൂത്തുക്കുടി കൂട്ടക്കൊല, ഗൗരി ലങ്കേഷ്, കത്‌വ സംഭവം, വിനായകന്റെ കസ്റ്റഡി കൊലപാതകം, മധു, സംവരണം, നര്‍മദ സമരം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് ഫ്രറ്റേണിറ്റി ക്യാമ്പസുകളില്‍ സംസാരിക്കുന്നത് ഈ രാഷ്ട്രീയത്തെ മുന്‍ നിര്‍ത്തിയതാണ്. മൂവ്‌മെന്റിന്റെ രണ്ടു വര്‍ഷത്തെ അനുഭവം പ്രതീക്ഷാ ദായകമാണ്. പരമ്പരാഗത സംഘടനകള്‍ കക്ഷിത്വവും സങ്കുചിതത്വവും അപര രാഷ്ട്രീയ വിദ്വേഷങ്ങളും പലപ്പോഴും അരാഷ്ട്രീയതയും വിതച്ച ക്യാമ്പസുകളില്‍ നവരാഷ്ട്രീയമുദ്രാവാക്യങ്ങള്‍ മുഴക്കാനും ഏറ്റെടുക്കാനും ഫ്രറ്റേണിറ്റിക്ക് സാധിച്ചിട്ടുണ്ട്.

പൊതുവില്‍ കണ്ടുവരാറുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായി 15 വയസ്സ് മുതല്‍ 35 വയസ്സ് വരെയുള്ളവര്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി-യുവജന പ്രസ്ഥാനമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. കാമ്പസ് എന്നതില്‍ കവിഞ്ഞ് മറ്റ് ഏതെല്ലാം മേഖലകളില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്?

വിദ്യാര്‍ഥി യുവജന സംഘടനയായാണ് ഫ്രറ്റേണിറ്റി രൂപീകൃതമാകുന്നത്. സംഘടനയുടെ വിവിധ നേതൃതലങ്ങളിലും പ്രവര്‍ത്തകരിലും വിദ്യാര്‍ഥികളും യുവജനങ്ങളും ഉണ്ട്. വിദ്യാര്‍ഥി വിദ്യാഭ്യാസ വിഷയങ്ങളും ക്യാമ്പസ് രാഷ്ട്രീവും മൂവ്‌മെന്റിന്റെ സുപ്രധാന പ്രവര്‍ത്തന മേഖലയാണ്. അതേസമയം അതില്‍ പരിമിതവും അല്ല. പുതിയ കാലത്ത് വിദ്യാര്‍ഥി യുവജനങ്ങള്‍ ഏറ്റെടുക്കേണ്ട ധാരാളം പൊതുസാമൂഹിക വിഷയങ്ങളുണ്ട്. അത്തരം വിഷയങ്ങളും പ്രശ്‌നങ്ങളും പലതും അവഗണിക്കപ്പെടുകയാണ്. കേരളത്തിലെ പ്രാദേശിക ജനകീയ സമരങ്ങള്‍ ഒരു ഉദാഹരണമാണ്. ജനകീയ സമരങ്ങളോട് സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ചുരുക്കമാണ്. ഭീകരമായ രീതിയില്‍ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പുതുവൈപ്പ് സമര പ്രവര്‍ത്തകര്‍ക്കെതിരില്‍ 107ാം വകുപ്പ് ചുമത്തി വേട്ടയാടാനുള്ള നീക്കങ്ങള്‍ നടക്കുന്നു. സംവരണം പോലെ സാമൂഹിക അവബോധവും അധ്യാപനവും സമരങ്ങളും ഒരേപോലെ നടക്കേണ്ട സാമൂഹ്യ വിഷയങ്ങള്‍ ഇവിടെയുണ്ട്. ഭരണകൂടഭീകരതയും പൗരാവകാശ ധ്വംസനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാനായിക്കുളം കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം അനിവാര്യമായും ഇവിടെ ചില വിചാരണകള്‍ നടക്കേണ്ടതുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ പോലും ഉയര്‍ത്തപ്പെടുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലാണ് നമ്മുടെ ജനാധിപത്യമുള്ളത്. കേരളത്തിലെ ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളും യുവജനങ്ങളും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. സാമൂഹികമായ നേതൃഗുണങ്ങള്‍ ഉള്ളവരെ അത്തരം ജനവിഭാഗങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കണം. അനീതിയും വിവേചനങ്ങളും സൃഷ്ടിച്ച സാമൂഹികമായ അസമത്വങ്ങളെ രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ളവര്‍ യുവസമൂഹത്തില്‍ നിന്നാണ് വളര്‍ന്നു വരേണ്ടത്. തീര്‍ച്ചയായും അധികാര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലൂടെ ഇതില്‍ ഒരു പാട് കാര്യങ്ങള്‍ നമുക്ക് നിര്‍വഹിക്കാനാകും. എന്നാല്‍, അത്ര തന്നെ പ്രധാനമാണ് പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് ബോധവല്‍കരിക്കപ്പെട്ട രാഷ്ട്രീയ മനസ്സുകളുടെയും സമൂഹത്തിന്റെയും സൃഷ്ടി എന്ന് പറയുന്നതും. സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന വിദ്യാര്‍ഥി യുവജന കൂട്ടായ്മകളിലൂടെയും അവരുടെ സംഘാടനത്തിലൂടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ആകുമെന്നാണ് ഫ്രറ്റേണിറ്റി കരുതുന്നത്.

ഒരു സോഷ്യോ പൊളിറ്റിക്കല്‍ മൂവ്‌മെന്റ് എന്ന നിലയില്‍ ഫ്രറ്റേണിറ്റിയുടെ മുന്‍ഗണനാ ക്രമങ്ങള്‍ എന്തൊക്കെയാണ്?

അനീതിയാണ് നമ്മുടെ സമൂഹത്തിന്റെ വ്യാകരണം. നീതിയുടെ പാലനം ശബ്ദംവെച്ചോ സമരമാര്‍ഗങ്ങളിലൂടെയോ നേടിയെടുക്കണമെന്ന അവസ്ഥയാണുള്ളത്. അത്രത്തോളം വൈകല്യങ്ങളും അപൂര്‍ണതകളും നിറഞ്ഞ ഒരു ജനാധിപത്യ വ്യവസ്ഥയാണിത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ തരം പ്രശ്‌നങ്ങളോടും വിഷയങ്ങളോടും ഒരേ പോലെ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുക എന്നത് ഏതൊരു മൂവ്‌മെന്റിനെ സംബന്ധിച്ചിടത്തോളവും അസാധ്യമായ കാര്യമാണ്. നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള മുന്‍ഗണനാക്രമങ്ങളാണ് നാം നിശ്ചയിക്കേണ്ടത്. അനീതിയും വിവേചനങ്ങളും കേവലമായ പ്രകൃതി പ്രതിഭാസങ്ങളല്ലെന്നും അതിനു പിറകില്‍ വര്‍ത്തിക്കുന്ന രാഷ്ട്രീയ കാരണങ്ങള്‍ കൃത്യമായി വിവേചിച്ചറിയുക എന്നത് പ്രധാനമാണെന്നും മനസ്സിലാക്കണം. മതവും ജാതിയും വര്‍ഗവും ലിംഗവും ഭാഷയും പ്രദേശങ്ങളുമെല്ലാം മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കേണ്ട രാഷ്ട്രീയ കാരണങ്ങളും ഘടകങ്ങളുമാണ്. അനീതിക്ക് കാരണമാകുന്ന ഘടകങ്ങളെ അതേ രാഷ്ട്രീയ ഭാഷയില്‍ ഉന്നയിക്കലും പ്രധാനമാണ്. ഒരു വിഷയത്തെ മുസ്‌ലിം വിഷയമെന്നോ ദലിത് വിഷയമെന്നോ സ്ത്രീ വിഷയമെന്നോ പ്രാദേശിക വിവേചനത്തിന്റെ വിഷയമെന്നോ ഉള്ള രീതിയില്‍ ഉന്നയിക്കരുതെന്ന മട്ടിലുള്ള രാഷ്ട്രീയ വാദങ്ങളെ നമുക്ക് തിരസ്‌കരിക്കേണ്ടി വരുന്നത് അവിടെയാണ്. മുസ്‌ലിം എന്ന് പറഞ്ഞാല്‍ സാമുദായികമോ വര്‍ഗീയമോ ആണെന്നും ദലിത് എന്നോ ആദിവാസി എന്നോ പറഞ്ഞാല്‍ സ്വത്വവാദപരം ആണെന്നും പ്രാദേശികമായ വിവേചനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വിഘടനവാദം ആണെന്നുമുള്ള രീതിയില്‍ വ്യവഹരിച്ചുപോരുന്ന രീതി ഇവിടെയുണ്ട്. അനീതിയെ കുറിച്ച് മൂര്‍ച്ചയോടെ സംസാരിക്കുന്നതില്‍ നിന്നും തടയിടുവാന്‍ ഇതുവഴി സാധിക്കുന്നു. വ്യത്യസ്ത സ്വത്വങ്ങളാല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ സ്വത്വപരമായ ഘടകങ്ങളെ മാറ്റി നിറുത്തി വിശകലനം ചെയ്യുന്നത് രാഷ്ട്രീയ കാപട്യമാണ്. എന്നാല്‍, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം രാഷ്ട്രീയമായിരിക്കണം. പ്രശ്‌നപരിഹാരം സ്വത്വപരമായി മാത്രമേ നിര്‍വഹിക്കപ്പെടാന്‍ പാടുള്ളു എന്ന ചിന്ത സാഹോദര്യം എന്ന ആശയത്തെ തന്നെ അടിസ്ഥാനപരമായി റദ്ദ് ചെയ്യും.

സംവരണ വിഷയത്തില്‍ ശ്രദ്ധേയമായ ചില ഇടപെടലുകള്‍ ഫ്രറ്റേണിറ്റി നടത്തിയിട്ടുണ്ട്. കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി സംസാരിക്കുമ്പോള്‍ പോലും സമൂഹത്തില്‍ സംവരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുവികാരം എന്താണ് ?

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സംവരണവുമായി ബന്ധപ്പെട്ട ചില സമരങ്ങളും ഇടപെടലുകളും ഫ്രറ്റേണിറ്റി നടത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് അവ നടത്തിയത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യത്താദ്യമായി ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോഴും പിന്നീട് കെ.എ.എസില്‍ സംവരണം നിഷേധിക്കാനുള്ള തീരുമാനം എടുത്തപ്പോഴും ഫ്രറ്റേണിറ്റി ശക്തമായ സമരങ്ങള്‍ നടത്തി. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണ ബില്‍ കൊണ്ടുവന്നപ്പോഴും ഫ്രറ്റേണിറ്റി പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. ഇടതുപക്ഷവും കോണ്‍ഗ്രസും ബി.ജെ.പിയും ഒരേപോലെ സാമ്പത്തിക സംവരണ അനുകൂല നിലപാടുകള്‍ ഉള്ളവരാണ്. ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടത്തിന്റെ ആകൃതി പോലും നിര്‍ണയിക്കാന്‍ പോന്ന ആശയമാണ് യഥാര്‍ഥത്തില്‍ സംവരണം. എന്നാല്‍, സംവരണത്തെ സവര്‍ണ ജാതി സംഘടനകളും സര്‍ക്കാരുകളും ചേര്‍ന്ന് പല വിധത്തില്‍ അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തൊഴില്‍ പദ്ധതിയായോ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായോ സംവരണത്തെ ചുരുട്ടിക്കെട്ടി അവതരിപ്പിക്കുന്നതില്‍ ഇവര്‍ കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട്. സവര്‍ണ ജാതി സംവരണത്തെ സാമ്പത്തിക സംവരണം എന്ന് വിളിച്ച് ലളിതമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സംവരണീയ സമുദായങ്ങളില്‍ പോലുമുള്ള പുതുതലമുറ സംവരണം നിറുത്താനുള്ള സമയമായില്ലേ എന്ന ചോദ്യമുന്നയിക്കുന്നത് സംവരണത്തെ സംബന്ധിച്ച കൂടുതല്‍ സാമൂഹിക അവബോധങ്ങളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംവരണ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങളും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ക്രീമിലെയര്‍ എന്ന പേരില്‍ സംവരണത്തെ സാമ്പത്തികവുമായി ചേര്‍ത്തുവെക്കുന്നത് ജുഡീഷ്യറിയിലൂടെയാണ്. കേരളത്തില്‍ കെ.എ.എസ് സംവരണ അട്ടിമറിക്ക് സര്‍ക്കാര്‍ കൂട്ടുനിന്ന അതേസമയത്താണ് വനിതാ മതില്‍ പരിപാടി നടക്കുന്നത്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ വനിതാമതിലിന് വേണ്ടി പിണറായിയോടൊപ്പം കൈ കോര്‍ത്ത് പിടിച്ച പല സമുദായ സംഘടനാ നേതാക്കളും കെ.എ.എസിലെ സംവരണ അട്ടിമറി വിഷയത്തില്‍ ഒന്നും ഉരിയാടിയില്ല. സംവരണ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യോജിച്ച മുന്നേറ്റങ്ങള്‍ നടക്കേണ്ട ഘട്ടങ്ങളിലൊക്കെയും അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ അജണ്ടകള്‍ അധികാരികള്‍ നടത്തിയതായി കാണാം. മണ്ഡലിലൂടെ സാധ്യമാകുമായിരുന്ന രാഷ്ട്രീയ ഐക്യ ബോധത്തെ ബാബരി വിഷയത്തിലൂടെയാണ് സംഘ്പരിവാര്‍ തകര്‍ത്തത്. ഒരേ സമയം സാമൂഹികമായ അധ്യാപനങ്ങളും ബോധവല്‍കരണവും പോരാട്ടങ്ങളും നടക്കേണ്ട ഒരു മേഖലയാണ് സംവരണത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍.
അക്കാദമിക രംഗം അതിവേഗം കാവിവല്‍കരണത്തിനും തീവ്ര ദേശീയതാവല്‍ക്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുക?

സംഘ്പരിവാര്‍ നേരത്തെ തന്നെ ഉന്നം വെച്ച് ആസൂത്രിതമായി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. ഹിന്ദുത്വ ദേശീയതയുടെ താല്‍പര്യങ്ങളും അജണ്ടകളും പ്രൈമറി തലംതൊട്ട് ഗവേഷണ തലംവരെ അവര്‍ നടപ്പിലാക്കുന്നുണ്ട്. ചരിത്രങ്ങളെ വളച്ചൊടിക്കുക, ശാസ്ത്ര വസ്തുതകള്‍ക്ക് പകരം ഐതിഹ്യങ്ങള്‍ മുന്നോട്ടുവെക്കുക, വിദ്യാഭ്യാസ രംഗത്തെ വികേന്ദ്രീകരണത്തിനും വൈജ്ഞാനിക വൈവിധ്യങ്ങള്‍ക്കും പകരം വിദ്യാഭ്യാസത്തെയും ഉള്ളടക്കങ്ങളെയും കേന്ദ്രീകരിക്കുകയും ഏകാശിലാത്മകമാക്കുകയും ചെയ്യുക, സ്വതന്ത്ര വൈജ്ഞാനിക അന്വേഷണങ്ങളെ ദേശീയ താല്‍പര്യത്തിനെതിരെന്ന വാദമുന്നയിച്ച് മൂക്ക് കയറിടുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുക തുടങ്ങിയ സംഘ്പരിവാര്‍ പദ്ധതികള്‍ അതിവേഗത്തിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. മുമ്പെങ്ങും കാണാത്ത വിധം ഇതിനെതിരെയുള്ള വിദ്യാര്‍ഥി പ്രതിരോധങ്ങളും ഇപ്പോള്‍ വളരെ ശക്തമാണ്. പൂനെ എഫ്.ടി.ഐ.ഐ, ജെ.എന്‍.യു, എച്.സി.യു, അലിഗഡ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, മുംബൈ ടിസ്, കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല, മദ്രാസ് ഐ.ഐ.ടി തുടങ്ങി ധാരാളം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന സമരങ്ങള്‍ പലതും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതും വിജയിച്ചവയുമാണ്. പോരാടുക മാത്രമാണ് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളമുള്ള ഏക വഴി. പല സര്‍വകലാശാലകളിലും നടന്ന മിക്ക സമരങ്ങള്‍ എടുത്തുനോക്കിയാലും അത് അവരവര്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ല എന്നും കാണാം. ഉദാഹരണത്തിന് പോണ്ടിച്ചേരിയിലും ടിസിലും നടന്ന സമരങ്ങള്‍ അവിടെ പഠിക്കാന്‍ വരുന്ന ഭാവി തലമുറകളുടെ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. വിദ്യാഭ്യാസരംഗത്തെ സംഘ് പ്രോജക്റ്റുകളെ വിദ്യാര്‍ഥി സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ചുചേര്‍ന്ന് ചെറുത്തുതോല്‍പിക്കുകയാണ് വേണ്ടത്. ഇതിന് വിദ്യാര്‍ഥി സമൂഹത്തിന് പൊതുസമൂഹത്തിന്റെ വലിയ പിന്തുണയും ആവശ്യമുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ ഫ്രറ്റേണിറ്റി എങ്ങിനെയാണ് നോക്കിക്കാണുന്നത് ?

വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറി എന്നവകാശപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍, നിലവാരമുള്ള ഒരു സര്‍വകലാശാല പോലും കേരളത്തില്‍ ഇല്ലെന്നുള്ളതാണ് വാസ്തവം. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിക്കാനായെങ്കിലും അത്തരം നേട്ടങ്ങളുടെ ഫലങ്ങള്‍ കൊയ്യേണ്ട ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ധാരാളം പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ഭീമമായ അന്തരമുണ്ട്. പ്രാദേശികമായ വിവേചനം അവസാനിപ്പിക്കാനുള്ള ശാശ്വതമായ നടപടികള്‍ കേരളം ഭരിച്ച സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പുവരുത്തേണ്ട ആക്‌സസ്, ഇക്വിറ്റി, ക്വാളിറ്റി എന്നിവയുടെ കാര്യത്തില്‍ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകേണ്ട ഡിഗ്രി സീറ്റുകളുടെ വിഷയത്തിലും ഈ അപര്യാപ്തത മുഴച്ചു നില്‍ക്കുന്നത് കാണാം. പ്ലസ് ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ പോലും വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ചേര്‍ന്ന് പഠനം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. യൂണിവേഴ്‌സിറ്റികള്‍ ശാസ്ത്രീയമായി വിഭജിച്ച് കൂടുതല്‍ കോളേജുകളും കോഴ്‌സുകളും അനുവദിക്കുന്നതിന് പകരം ഓപ്പണ്‍ സര്‍വകലാശാല എന്ന തട്ടിപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. കെടുകാര്യസ്ഥതകള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ച സര്‍വകലാശാലകളാണ് മിക്കതും. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുള്ള കെ.ടി.യു വിന്റെ സ്റ്റാറ്യുട്ട് കരട് പോലും ഈയടുത്ത കാലത്താണ് പുറത്തിറക്കിയത്. പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും ഫലപ്രഖ്യാപനത്തിലും നിരന്തരമായ പരാതികള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സേവനാവകാശം ഉറപ്പുവരുത്താന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് താല്‍പര്യമില്ല. അത്തരം താല്‍പര്യങ്ങളുള്ളവരെ യൂണിവേഴ്‌സിറ്റികളിലെ ഇടതു ട്രേഡ് യൂണിയനുകള്‍ വരിഞ്ഞുമുറുക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ഗുണനിലവാരത്തെ പറ്റി മാത്രം വാചാലമാകുകയും സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും അധ്യാപകരുടെയും ഗുണനിലവാരത്തെ പറ്റി മനഃപൂര്‍വം മൗനം പാലിക്കുകയും ചെയ്യുന്ന കൗശലമാണ് സര്‍ക്കാരിന്റേത്. ഗുണനിലവാരവും ലഭ്യതയും തുല്യതയും നീതിപൂര്‍വം ഉറപ്പു വരുത്തുന്ന സമഗ്രമായ അഴിച്ചു പണിക്ക് ഉന്നതവിദ്യാഭ്യാസ മേഖല വിധേയമാകേണ്ടതുണ്ട്. പക്ഷേ, മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അതിനൊന്നും തയ്യാറാകുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.

കാമ്പസ് തെരഞ്ഞെടുപ്പുകളില്‍ ഫ്രറ്റേണിറ്റിയുടെ പ്രകടനം എങ്ങിനെയാണ്? കാമ്പസ് ഇലക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളുമായുള്ള സഹകരണത്തിന്റെ സാധ്യതകള്‍ ?

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ ഫ്രറ്റേണിറ്റിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലും പോളി ടെക്‌നിക്കുകളിലും ഐ.ടി.ഐ കളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മൂവ്‌മെന്റ് മത്സര രംഗത്ത് ശക്തമായ സാന്നിധ്യമാണ്. കാമ്പസുകളിലെ ആധിപത്യ ശക്തികളുടെ, പലപ്പോഴും എസ്.എഫ്.ഐയുടെ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും മധ്യേ നിന്നുകൊണ്ടാണ് ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കേണ്ടി വരാറുള്ളത്. മിക്ക കാമ്പസുകളിലും എസ്.എഫ്.ഐക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനും ഫ്രറ്റേണിറ്റിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളില്‍ പലതിലും വിവിധ വിദ്യാര്‍ഥി സംഘടനകള്‍ക്ക് തങ്ങളുടെ രാഷ്ട്രീയം പറയാനും അത് മുന്നില്‍ വെച്ച് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമുള്ള സ്വതന്ത്ര അന്തരീക്ഷം നിലവിലില്ല. ഫ്രറ്റേണിറ്റി എസ്.എഫ്.ഐയെ ശത്രുപക്ഷത്ത് നിര്‍ത്തി സമയം കളയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ജനാധിപത്യപരമായ തുറസ്സുകളും അവകാശങ്ങളും നിഷേധിക്കപ്പെടുന്നിടത്ത് ഞങ്ങള്‍ക്ക് എസ്.എഫ്.ഐയെ ചെറുക്കേണ്ടി വരികയാണ്. കേരളത്തില്‍ കെ.എസ്.യു, എം.എസ്.എഫ് പോലെയുള്ള വിദ്യാര്‍ഥി സംഘടനകളുമായി ചേര്‍ന്നുനിന്ന് കൊണ്ടും കാമ്പസ് ജനാധിപത്യവല്‍കരണ ശ്രമങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് ഫ്രറ്റേണിറ്റി മനസ്സിലാക്കുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ അടക്കം ഈ സഹകരണ സാധ്യതകള്‍ മൂവ്‌മെന്റ് പ്രായോഗികമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757