Opinion

ആര്‍.എസ്.എസ് അരാഷ്ട്രീയ സംഘടനയോ – ഹാരിസ് ബശീര്‍. വിവര്‍ത്തനം : കെ.ടി ഹുസൈന്‍

പഠനം
ഭാഗം 11

ഒരു അരാഷ്ട്രീയ സംഘടനയെന്നാണ് ആര്‍.എസ്.എസ് തങ്ങളെ സ്വയം പരിചയപ്പെടുത്താറുള്ളത്. സാമൂഹികവും സാംസ്‌കാരികവുമായ സംഘടന എന്ന് സ്വയം സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വര്‍ത്തമാനം മാത്രമാണ്. തുടക്കം മുതലേ ഹിന്ദുരാഷ്ട്രം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുകയും ഉപാധി കൂടാതെ ആ ആശയത്തെ ബഹുമാനിക്കണമെന്ന് ഹിന്ദുക്കളില്‍ നിന്ന് താല്‍പര്യപ്പെടുകയും രാജ്യത്തിന്റെ രൂപവും ഭാവവും ഹിന്ദു രാഷ്ട്രത്തിനനുപൂരകമായി കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സംഘടനയേയും പ്രസ്ഥാനത്തെയും എങ്ങിനെയാണ് അരാഷ്ട്രീയമായി കാണുക? അതുകൊണ്ട് തന്നെ തുടക്കം മുതലെ ഹിന്ദു രാഷ്ട്രത്തിനായി അവിശ്രമം പ്രവര്‍ത്തിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ സംഘടനയാകാനാണ് ആര്‍.എസ്.എസ് ആഗ്രഹിച്ചിരുന്നത്. അത് കേവലം വീക്ഷണം മാത്രമായിരുന്നില്ല. അവരുടെ വിജയത്തിന്റെ യഥാര്‍ത്ഥ ഉരക്കല്ല് അതായിരുന്നു. ഈ ലക്ഷ്യം നേടുന്നതിനായുള്ള മാര്‍ഗം ശരിയോ തെറ്റോ എന്ന ചോദ്യം അവരെ സംബന്ധിച്ചിടത്തോളം അര്‍ഥശൂന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് അവരെ പ്രകോപിപ്പിക്കുന്നതോ അവരുടെ പ്രതികാരം തങ്ങളുടെ തലയില്‍ വീഴുന്നതോ ആയ യാതൊരു പ്രവൃത്തിയും അവര്‍ ചെയ്തിരുന്നില്ല. ഹിന്ദു സമുദായത്തെ സംഘടിപ്പിക്കുന്ന പണി മാത്രമാണ് അക്കാലത്ത് അവര്‍ ചെയ്തത്. ഒപ്പം ഹിന്ദുക്കളല്ലാത്തവരോട് സംഘര്‍ഷത്തിലേര്‍പെടാനുള്ള കരുക്കള്‍ തയ്യാറാക്കുക മാത്രമല്ല, സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്തു. സമാജവും സംസ്‌കാരവുമെല്ലാം അവര്‍ക്ക് ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയാണ്. അധികാരവും ശക്തിയും നേടിയെടുക്കുന്നതിന്റെ പേരാണ് രാഷ്ട്രീയമെങ്കില്‍ ആ രാഷ്ട്രീയം ആര്‍.എസ്.എസിന്റെ അവിഭാജ്യഘടകമാണ്. ഇവിടെ രാഷ്ട്രീയാധികാരം പിടിച്ചുപറ്റുക മാത്രമല്ല അവരുടെ ലക്ഷ്യം, മറിച്ച് മുഴുവന്‍ ജീവിതത്തേയും തങ്ങളുടെ വീക്ഷണ പ്രകാരം മാറ്റിപ്പണിയാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

രാജ്യം വിഭജിക്കുന്നതുവരെ ആര്‍.എസ്.എസ് എപ്രകാരമാണ് പ്രായോഗിക രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നത് എന്ന കാര്യം അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്നതില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍, സ്വാതന്ത്രാനന്തരം അവസ്ഥ പൂര്‍ണമായും മാറി. പ്രത്യേകിച്ച് ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടതോടെ തങ്ങളെ ആശയപരമായും പ്രായോഗികമായും പ്രതിരോധിക്കാന്‍ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടണമെന്ന ചിന്താഗതി അവര്‍ക്കുള്ളില്‍ ശക്തിപെട്ടു. ആര്‍.എസ്.എസ് രാജഗുരുവായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നതായിരുന്നു അവരുടെ പരമ്പരാഗത വീക്ഷണം. ഗോള്‍വാള്‍ക്കറുടെ അഭിപ്രായത്തില്‍ സമാജത്തിനായി പ്രവര്‍ത്തിക്കുന്ന സാധുസന്തുകള്‍ക്കളാണ് ശക്തിയുടെ ഉറവിടം. കാരണം, ധര്‍മശക്തി അവരുടെ കൈവശമാണ്. രാജാവ് അത് അനുസരിക്കാന്‍ നിര്‍ബന്ധിതനാണ്.*1 ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ വ്യവസ്ഥാപിതമായി ആദ്യമായി ഇടപെട്ടത് ജമ്മു കാശ്മീരിലാണ്. സംഘ് പ്രചാരകായിരുന്ന ബല്‍രാജ് മധോക്ക് 1947 പ്രജാ പരിഷത്ത് എന്ന പേരില്‍ ഹിന്ദു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കൊണ്ടായിരുന്നു അത്. അദ്ദേഹം കുടുംബപരമായി പഞ്ചാബിയും മതപരമായി ആര്യ സമാജിയും ആയിരുന്നു. ലാഹോറില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹം ആര്‍.എസ്.എസില്‍ ആക്യഷ്ടനായത്. പിന്നീട് അതിന്റെ പ്രചാരകായി. പ്രജാ പരിഷത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം 1948ല്‍ കാശ്മീരില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹിയിലെത്തി.

ദല്‍ഹിയില്‍ നാഗ്പൂര്‍ സ്വദേശിയും ചിത്ത് പാവന്‍ ബ്രഹ്മണനുമായ വസന്ദ് റാവു ഓക് എന്നു പേരുള്ള ഒരു പ്രചാരക് ഉണ്ടായിരുന്നു. 1927ല്‍ സംഘില്‍ ചേര്‍ന്ന അദ്ദേഹം 1936 ല്‍ പ്രചാരകായി ദല്‍ഹിയിലേക്ക് നിയോഗിക്കപെട്ടതായിരുന്നു. മധോക്കിന്റെയും ഓക്കിന്റെയും ചുമതല നെഹ്‌റു ക്യാബിനറ്റില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി (1901-1953)യുമായി ബന്ധം സ്ഥാപിക്കലായിരുന്നു. ഇംഗ്ലണ്ടില്‍ പഠിച്ച മുഖര്‍ജി 1934ല്‍ കല്‍ക്കത്ത സര്‍വകലാശാലയുടെ വിസി ആയി. അദ്ദേഹത്തിന് മുന്‍പ് തന്റെ പിതാവും അവിടെ വിസി ആയിരുന്നു. 1937ല്‍ ഹിന്ദു മഹാസഭയില്‍ ചേര്‍ന്ന അദ്ദേഹം 1943ന് ശേഷം പലതവണ അതിന്റെ പ്രസിഡണ്ടായിരുന്നിട്ടുണ്ട്. സവര്‍ക്കറും ഹെഡ്‌ഗേവാറുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1948ല്‍ അഭിപ്രായ വിത്യസത്തെ തുടര്‍ന്ന് അദ്ധേഹം ഹിന്ദു മഹാസഭയില്‍ നിന്ന് രാജി വെച്ചു. നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ അംഗമായിരിക്കെ നെഹ്‌റുവിന്റെ നാമമത്രമായ പാകിസ്ഥാന്‍ അനൂഭാവത്തോട് അദ്ധേഹം വിയോജിച്ചു. 1949നും 50നും ഇടയില്‍ മന്ത്രിയായിരിക്കെ തന്നെ അദ്ദേഹം പല തവണ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയിരുന്നു. ഒടുവില്‍ നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രീയ പാര്‍ട്ടി രൂപീകരികക്കാനുള്ള ശ്രമത്തില്‍ മുഴുകി. അതാണ് ഭാരതീയ ജനസംഘം.

പാര്‍ലിമെന്ററി രാഷ്ട്രീയത്തിലൂടെ തങ്ങളുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി ആര്‍.എസ്.എസിന്റെ അംഗീകാരത്തോടെ ജനസംഘം രൂപം കൊള്ളുന്നത് 1951 ലാണ്. പിന്നീട് തന്ത്രപരമായ നീക്കത്തിലൂടെ അടിയന്തിരാവസ്ഥക്ക് ശേഷം പാര്‍ട്ടി പിരിച്ചുവിട്ട് ജനതാ പാര്‍ട്ടിയില്‍ ലയിക്കുകയും 1980ല്‍ ജനതാപാര്‍ട്ടിയില്‍ നിന്ന് വേറിട്ട് ബി.ജെ.പിക്ക് രൂപം നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംഘടന നേരിട്ട് പങ്കെടുത്തിരുന്നില്ല. 1989ലെ തെരഞ്ഞെടുപ്പിന് മുന്‍പ്‌വരെ അവര്‍ തങ്ങളുടെ സംഘടനാപരമായ അഭിപ്രായം പോലും തെരഞ്ഞെടുപ്പിന് ശേഷമേ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, 1989ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പേരെടുത്ത് പറഞ്ഞ് അവരുടെ വിജയത്തില്‍ ആര്‍.എസ്.എസ് സന്തോഷം പ്രകടിപ്പിച്ചു.*2 ഇപ്രകാരം പടിപടിയായി രാഷ്ട്രീയത്തിലെ അവരുടെ പങ്കാളിത്തം ശക്തിപെട്ടു. 1999ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ കൂട്ടുകക്ഷി ഭരണം നിലവില്‍ വന്നു. അതിന്റെ തലവന്‍ സ്വയം സേവകനും പ്രചാരകുമായിരുന്ന അഡല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ആ ഭരണത്തില്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളെല്ലാ ബി.ജെ.പിയുടെ കയ്യിലായിരുന്നു. 2012ല്‍ പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഒറ്റക്കും സംഖ്യത്തിലൂടെയും അധികാരത്തില്‍ വന്നു. ആര്‍.എസ്.എസിന് അസാധാരണമായ വിജയമാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റക്ക് പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടുന്നത് ഈ തെരഞ്ഞെടുപ്പിലാണ്. ആര്‍.എസ്.എസ് നേരിട്ട് ഇടപെട്ട തെരഞ്ഞെടുപ്പായിരുന്നു അത്.

ആര്‍.എസ്.എസ് അതിന്റെ അംഗങ്ങല്‍ക്ക് ഹിന്ദുഐക്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ച് അതിനായി പ്രവര്‍ത്തിക്കണമെന്ന ഉപാധിയോടെ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും അനുവാദം നല്‍കുന്നത് അവരുടെ ബുദ്ധിപരമായ ഒരു നീക്കമാണ്. സ്വയം ആലോചിച്ച് എന്ത് രാഷ്ട്രീയ നിലപാടും എടുക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരെ അനുവദിക്കുന്നു വെന്ന അവരുടെ അവകാശ വാദത്തില്‍ വലിയ കഴമ്പില്ല. കാരണം, അവരുടെ രാഷ്ട്രീയ നിലപാട് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ചിന്തയെ അക്ഷരംപ്രതി പിന്തുടരണം എന്നത് നിര്‍ബന്ധമാണ്; അല്ലെങ്കില്‍ അവര്‍ സംഘിയാകുകയില്ല.*3

1 gollwalkar bt, p 93
2 സങ്കല്‍പ് പേജ് 123-129
3 samagar darshan (hindi)vol 2,p 27 for political and economic problems,see pp ,106 -111

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757