Opinion

ജനാധിപത്യത്തെ വികസിപ്പിക്കുന്ന രാഷ്ട്രീയമാണാവശ്യം – ഹമീദ് വാണിയമ്പലം

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും മോദിയും വന്‍മുന്നേറ്റമാണുണ്ടാക്കിയത്. സാമുദായിക ധ്രുവീകരണ തന്ത്രവും സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പ് രീതിയിലൂടെയുമാണ് ഈ വിജയം നേടിയത്. തിരിച്ചുവരവിന്റെ അടയാളങ്ങള്‍ കാണിച്ച് വനവാസത്തിന് ശേഷം തിരിച്ചുവന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും തകര്‍ന്നടിയുന്നതാണ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കാണാനായത്. മധ്യവര്‍ഗത്തെയും ഉപരിവര്‍ഗത്തെയും സ്വാധീനിക്കുന്ന തരത്തിലുള്ള കാമ്പസ് വിസിറ്റുകളും സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി രംഗത്തുവന്ന കോണ്‍ഗ്രസ്സ് ശ്രദ്ധേയമായ പ്രകടന പത്രികയാണ് സമര്‍പ്പിച്ചത്. മോദി ഭരണത്തിലെ ജനദ്രോഹ വംശീയ നടപടികളെ അഡ്രസ്സ് ചെയ്യുന്നതും സ്വയം തിരുത്തുന്നതുമായിരുന്നു പ്രകടന പത്രിക. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളുണ്ടാക്കുന്നതിലും വോട്ട് ഭിന്നിക്കുന്നതിനുള്ള സാഹചര്യങ്ങളുണ്ടാകുന്നത് തടയുന്നതിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നു. രാഹുല്‍ ഗാന്ധി പ്രതീക്ഷയുളവാക്കുന്ന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് നേതൃത്വം പ്രാദേശിക രാഷ്ട്രീയത്തിനും അധികാര താല്‍പര്യത്തിനുമാണ് ദേശീയ സഖ്യത്തേക്കാള്‍ പ്രാധാന്യം കൊടുത്തത്. പരമാവധി ആളുകളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കേരളവും തമിഴ്‌നാടും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയുടെ പ്രസക്തി ഫലത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയതും സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ളതുമായ പാര്‍ട്ടി 17 സംസ്ഥാനങ്ങളില്‍ സംപൂജ്യരായി എന്നത് തകര്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്.

ഇടതുപാര്‍ട്ടികളുടെ കേരളത്തിലെയും ബംഗാളിലെയും തകര്‍ച്ചയും തമിഴ്‌നാട്ടിലെ വിജയവും വലിയ സന്ദേശമാണ് നല്‍കുന്നത്. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘ്പരിവാര്‍ നിലപാടുകളേയും ആക്രമണങ്ങളേയും കൊലപാതകങ്ങളേയും നേരിടുന്നതില്‍ പരാജയപ്പെട്ടതും ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയവും മതന്യൂനപക്ഷങ്ങളില്‍ അതൃപ്തിയുണ്ടാക്കി. ബംഗാളിലാവട്ടെ സംഖ്യത്തിനുള്ള എല്ലാ സാധ്യതകളും കൊട്ടിയടച്ച് ബി.ജെ.പിക്ക് തങ്ങളുടെ അണികളെയും വോട്ടിനെയും ധ്രുവീകരിച്ചെടുക്കാന്‍ അവസരം തുറന്നുകൊടുക്കുകയായിരുന്നു ഇടതുപക്ഷം. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും കൂടെ സഖ്യത്തില്‍ മത്സരിച്ച സ്ഥലങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. ഇടത് ലിബറല്‍ പശ്ചാതലത്തില്‍ നിന്ന് ഫാഷിസ്റ്റ് വിരുദ്ധ ഹൈപ്പുമായി രംഗത്തെത്തിയ കനയ്യകുമാറും പ്രകാശ് രാജും സഖ്യങ്ങളാലോചിക്കാതെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് കൂടുതല്‍ വിലയിരുത്തലുകള്‍ അര്‍ഹിക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ നിര്‍ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രാജ്യത്തെ ജനാധിപത്യത്തിന്റെയും ഭരണവ്യവസ്ഥയുടെയും നിലനില്‍പാണ് ഇവിടെ മുഖ്യ വിഷയമായി ഉയര്‍ന്നത്. അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് തന്നെ പല ഭരണഘടനാ അവകാശങ്ങളെയും നേരിട്ടും അല്ലാതെയും റദ്ദ് ചെയ്യുന്ന രീതിയാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരായ ആസൂത്രിത ആക്രമണങ്ങള്‍ക്ക് പുറമേ ഓര്‍ഡിനന്‍സുകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാനും ശ്രമങ്ങള്‍ നടന്നു. നോട്ട് നിരോധം, ജി.എസ്.ടി, മുത്വലാഖ് ബില്‍, പൗരത്വ ബില്‍ ഭേദഗതി തുടങ്ങിയ പല വിഷയങ്ങളിലും സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് മുഖവും ജനാധിപത്യ വിരുദ്ധതയും പുറത്തുവരികയുണ്ടായി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിന്നിരുന്നതായാണ് നമുക്ക് അനുഭവപ്പെട്ടത്.
പാര്‍ലമെന്റില്‍ ഒന്നിനും കൃത്യമായി മറുപടി നല്‍കാതിരിക്കുക, മന്‍കി ബാത്ത്, സെലിബ്രിറ്റികളോടുള്ള അഭിമുഖങ്ങള്‍ പോലുള്ള പബ്ലിക് റിലേഷന്‍ സ്‌റ്റെണ്ടുകള്‍ക്കപ്പുറത്ത് മീഡിയകളെ അഭിമുഖീകരിക്കാതിരിക്കുക, രാജ്യം ഇതുവരെ നേടിയ പല പുരോഗതിയും ഒരു അര്‍ഹതയുമില്ലാതെ സ്വന്തമായി അവകാശപ്പെടുക തുടങ്ങിയവയായിരുന്നു പ്രധാന മന്ത്രിയുടെ പ്രധാന ഭരണ പരിഷ്‌കരണങ്ങള്‍. പഠന-ഗവേഷണ കേന്ദ്രങ്ങള്‍, എം.എച്.ആര്‍.ഡി വകുപ്പ്, സിലബസ്-പാഠപുസ്തക കമ്മിറ്റികള്‍ തുടങ്ങി എല്ലാം ആര്‍.എസ്.എസ്സുകാരെകൊണ്ട് കുത്തിനിറച്ചു. സി.ബി.ഐ, ഇന്‍കം ടാക്‌സ്, വിജിലന്‍സ്, ഇന്റലിജന്‍സ് പോലുള്ള സ്ഥാപനങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും എതിരാളികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിക്കുന്നതിന് ദുരുപയോഗം ചെയ്യാനും സംഘ്ശക്തികള്‍ മടിച്ചില്ല. പല സംസ്ഥാനങ്ങളിലെയും ജനവിധികളെതന്നെ അട്ടിമറിക്കാനുള്ള കുതിര കച്ചവടത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്വാധീനങ്ങള്‍ തന്നെ ഉപയോഗിക്കപ്പെട്ടു എന്നത് ജനാധിപത്യത്തോടുള്ള പച്ചയായ വെല്ലുവിളിയായിരുന്നു. ജസ്റ്റിസ് ലോയ കേസ് പോലുള്ള വിഷയങ്ങളില്‍ കോടതിയെയും അധികാരമുപയോഗിച്ച് നിയന്ത്രിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്.

മുസ്‌ലിംകളെ അപരരായി നിര്‍ത്തിയുള്ള അക്രമങ്ങളും ആ വൈകാരികത കത്തിച്ച് വിദ്വേഷ പ്രചാരണം നടത്തുകയുമാണ് സാമൂഹികമായി സംഘ്പരിവാര്‍ ചെയ്തത്. അതിന്റെ ഭാഗമായി പൗരത്വത്തിന്റെ പേരിലും മതത്തിന്റെ പേരിലും ആള്‍കൂട്ടങ്ങളെ ഉപയോഗിച്ച് അക്രമങ്ങള്‍ നടത്തി ഭീതി പരത്തി. ചില സന്ദര്‍ഭങ്ങളില്‍ നിയമപാലകര്‍ ഇരകളെ സഹായിക്കുന്നതിന് പകരം അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അവസ്ഥകളുണ്ടായി. കാര്‍ഷികാവശ്യത്തിന് കാലികളെ കൊണ്ടുവന്നവരെ പശുക്കള്ളന്‍മാരാക്കി പൊലീസും ആള്‍കൂട്ടവും ചേര്‍ന്ന് അടിച്ചുകൊന്നു. അവസാനം ലൗജിഹാദ് പോലുള്ള ഇസ്‌ലാമോഫോബിയ പ്രചാരണങ്ങള്‍ അഫ്രസുല്‍ ഖാനെ പോലുള്ള പാവപ്പെട്ടൊരു കൂലി പണിക്കാരനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊല്ലുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ഉനയിലും മറ്റും ദലിതുകള്‍ ജാതിയുടെ പേരില്‍ മാത്രം അക്രമിക്കപ്പെട്ടു. രോഹിത് വെമുലയും നജീബ് അഹ്മദും കാമ്പസുകളിലെ കയ്യേറ്റങ്ങളുടെ ഇരകളായി.

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിലും സംഘ്പരിവാര്‍ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. ഗൗരി ലങ്കേഷ്, ധബോല്‍ക്കര്‍, കല്‍ബുര്‍ഗി തുടങ്ങി പലരും ഇരകളായി. സംഘ്പരിവാര്‍ തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനും കീഴടക്കാനും ആയിരുന്നു ഇത്തരം കൃത്യങ്ങള്‍ നടപ്പാക്കിയത്. മോദിയെയും സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ചതിന്റെ പേരില്‍ അവസാനം പൊലീസ് പിടിയിലായ സഞ്ജീവ് ഭട്ട് മാസങ്ങളായി ജയിലിലാണ്. ജനാധിപത്യത്തിന്റെ അടിത്തറകളായ പാര്‍ലമെന്റിനെയും ബ്യൂറോക്രസിയെയും ജുഡീഷ്യറിയെയും അപ്രസക്തമാക്കി ഭരണഘടനയെതന്നെ ഇത്തരത്തില്‍ സംഘ്ശക്തികള്‍ വെല്ലുവിളിച്ചു. ഇന്‍കം ടാക്‌സ്, റെയ്ഡ്, സര്‍ട്ടിഫിക്കേഷന്‍ പോലുള്ള ആയുധങ്ങളുപയോഗിച്ച് മാധ്യമങ്ങളെയും പൂര്‍ണമായി കീഴടക്കി ഫാഷിസ്റ്റ് വാഴ്ച ശക്തമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇനിയൊരു അഞ്ചുവര്‍ഷം കൂടി ഫാഷിസ്റ്റ് ശക്തികള്‍ ഭരണത്തിലിരുന്നാല്‍ ജനാധിപത്യം, ഭരണഘടനാവകാശം എന്നിങ്ങനെ സാമൂഹിക നീതിയെയും അവകാശങ്ങളെയും കുറിച്ച് പറയാനുള്ള അവസാന സാധ്യതകള്‍ പോലും ഇല്ലാതാകുമെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് അവര്‍ തെളിയിച്ചു.

ഈ സന്ദര്‍ഭത്തിലാണ് രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ പ്രതിരോധിക്കുക എന്നതല്ലാതെ മറ്റൊരു മുദ്യാവാക്യം ഉയര്‍ത്താനാകാത്ത അവസ്ഥയാണ് തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഉണ്ടായത്. ഇവിടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഫാഷിസ്റ്റ് വിരുദ്ധ മുന്നണികളെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന നിലപാടിലെത്തിയത്. സാമൂഹിക നീതിയും അവകാശ പോരാട്ടവും മുഖ്യപ്രവര്‍ത്തന ഊന്നലായി തെരഞ്ഞെടുത്ത് എല്ലാ ചൂഷണങ്ങളെയും തിരിച്ചറിഞ്ഞ് നയങ്ങളാവിഷ്‌കരിക്കുന്ന രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ നിലപാട് കാലത്തിന്റെ ആവശ്യവുമായിരുന്നു. ഫാഷിസ്റ്റ് വിരുദ്ധ സഖ്യമെന്ന നിലയില്‍ വിശാലമായ പ്രതിപക്ഷ ഐക്യം സാധ്യമാകണമെന്നായിരുന്നു എല്ലാ ജനാധിപത്യ പ്രേമികളുടെയും ആഗ്രഹം. എന്നാല്‍, പാര്‍ട്ടികള്‍ക്കിടയിലുള്ള മൂപ്പിളമ തര്‍ക്കങ്ങളും പ്രധാനമന്ത്രി കുപ്പായം നെയ്ത് കാത്തിരുന്നവരുടെ ആധിക്യവും ഈ ഐക്യം പല രീതിയില്‍ അസാധ്യമാക്കി.

പിന്നീട് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വലിയ പാര്‍ട്ടികളെ ശാക്തീകരിക്കുകയെന്നതായിരുന്നു പോംവഴി. അതിലും ദേശീയ തലത്തില്‍ എല്ലാ സ്ഥലങ്ങളിലും ഘടകങ്ങളുള്ള കോണ്‍ഗ്രസ് പ്രാദേശികമായ വലിയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതില്‍ പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ അതില്‍നിന്ന് കോണ്‍ഗ്രസ്സും മറ്റും പാര്‍ട്ടികളും പിന്നോട്ട് പോയി. ഈ സന്ദര്‍ഭത്തിലാണ് ദേശീയ തലത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ്സിന് നേരിട്ട് പിന്തുണ നല്‍കുന്ന പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വോട്ടുനല്‍കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍, ദേശീയ തലത്തില്‍ മീഡിയാ സ്റ്റെണ്ടുകള്‍ക്ക് പറ്റിയ ചില പ്രചാരണ പ്രവര്‍ത്തനങ്ങളും ഫോട്ടോഷൂട്ടുകള്‍ക്കുമപ്പുറത്തേക്ക് പോകാന്‍ കോണ്‍ഗ്രസിനായില്ല. പ്രചാരണത്തില്‍ മോദിയെയും റഫാല്‍ പോലുള്ള ചില സാധാരണക്കാരെ ബാധിക്കാത്ത ഇടപാടുകളെയും മുന്‍നിര്‍ത്തി മാത്രമാണ് മുന്നോട്ടുപോയത്. ജനങ്ങള്‍ നേരിട്ടനുഭവിച്ച നോട്ടുനിരോധം, ജി.എസ്.ടി, ആള്‍കൂട്ട കൊലപാതകങ്ങള്‍, വിദ്വേഷ പ്രചാരണങ്ങള്‍ എന്നിവക്കെതിരെ എന്തെങ്കിലും പറയാനോ അത്തരം കാര്യങ്ങള്‍ അടിസ്ഥാനമാക്കി സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങാനോ കോണ്‍ഗ്രസിനും രാഹുലിനും സാധിച്ചില്ല. ഇത്തരം കാര്യങ്ങള്‍ ഉള്‍പെടുത്തി ജനപ്രിയമായൊരു മുദ്രാവാക്യം പോലും അവര്‍ക്ക് വികസിപ്പിക്കാനായില്ല. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഇരകളില്‍ ഒരാളെപോലും കാണാനോ അവരെ പോലുള്ള ഇരകളെ പ്രചരണത്തില്‍ ഉപയോഗിക്കാനോ സാധിച്ചില്ല. ഇ.വി.എമ്മിനെയും മറ്റും സംശയിക്കുമ്പോഴും മേല്‍പറഞ്ഞ ഘടകങ്ങള്‍ തന്നെയാണ് പതനം ഇത്രയും വ്യാപിപ്പിച്ചത്.

ഇതേ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ടും പിന്തുണയും നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ന്യൂനപക്ഷ മതേതര വോട്ടുകള്‍ ഏകീകരിക്കാനും ഫാഷിസത്തിനെതിരെ നിലപാടെടുക്കുന്നതില്‍ സ്വാധീനം ചെലുത്താനും ഈ നിലപാടുകൊണ്ട് സാധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്ത്. എന്നാല്‍, ഇവിടെ പി. ജയരാജനെ പോലുള്ളവര്‍ പ്രചരിപ്പിക്കുന്നതുപോലെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ ഹിന്ദു-മുസ്‌ലിം വോട്ട് ഏകീകരണം നടന്നിട്ടില്ല. മറിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. അത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനും ഫാഷിസത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും വേണ്ടിയായിരുന്നു.

ഇന്ത്യയെന്നത് വിവ ിധ ജനവിഭാഗങ്ങളും സംസ്‌കാരങ്ങളും ഉള്‍കൊള്ളുന്ന രാജ്യമാണ്. വിവിധ സംസ്ഥാനങ്ങളും പ്രദേശങ്ങളും മേഖലകളുമെല്ലാം വ്യത്യസ്തമായ സംസ്‌കാരങ്ങളും താല്‍പര്യങ്ങളുമാണ് പുലര്‍ത്തുന്നത്. ഇത്തരമൊരു രാജ്യത്ത് ദേശീയ തലത്തിലുള്ള കക്ഷികള്‍ക്ക് വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും ഉള്‍കൊള്ളാനാകണം. അതേസമയം പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തിയേയും തള്ളിക്കളയാനാവില്ല. രാജ്യത്തെ ജനാധിപത്യത്തെയും ഫെഡറലിസത്തെയും പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനും വൈവിധ്യമുള്ള രാഷ്ട്രീയങ്ങള്‍ക്കേ സാധിക്കൂ. ബി.ജെ.പിയുടെ നേതൃത്വത്തില്‍ അവസാന സമയത്ത് ഫെഡറലിസത്തെ ഇല്ലാതാക്കാനും ദേശീയ ഏകത കൊണ്ടുവരാനും വലിയ ശ്രമങ്ങള്‍ നടന്നിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കോണ്‍ഗ്രസിനെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തുണക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചത് ഫാഷിസ്റ്റ് വിരുദ്ധതയെന്ന അനിവാര്യതയിലാണ്. എന്നാല്‍, ഇപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടി ഇന്ത്യയിലെ വൈവിധ്യങ്ങളുള്‍കൊള്ളുന്ന രാഷ്ട്രീയത്തെ തന്നെയാണ് പിന്തുണക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്ക് ആത്മാവിഷ്‌കാരങ്ങളും സഹവര്‍ത്തിത്തവും സാധ്യമാകുന്ന ഉള്‍കൊള്ളല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ പ്രാദേശിക രാഷ്ട്രീയമാണ് ആവശ്യം. പാരമ്പര്യ പാര്‍ട്ടികളുടെ ദുഷിപ്പുകളും കുത്തക അടിമത്വവും അവസാനിപ്പിച്ച് ജനപക്ഷമായ ഒരു രാഷ്ട്രീയത്തെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിഭാവന ചെയ്യുന്നത്. ഇടതുപക്ഷവും വലതുപക്ഷവും രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിച്ചുള്ള പരിശ്രമവും സമരവും സാധ്യമായാല്‍ മാത്രമേ വര്‍ധിത ശക്തിയോടെ അധികാരത്തിലേറിയ സംഘ്ഫാഷിസത്തെ കുറച്ചെങ്കിലും ചെറുക്കാനാകൂ. ഇനി എല്ലാവരും അതിനുള്ള ശ്രമത്തിലാകണം. വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തരമെല്ലാ കൂട്ടായ്മകള്‍ക്കും മുന്നിലുണ്ടാകുമെന്ന് ഉറപ്പിക്കാം. ഇത്തരം മതേതര കൂട്ടായ്മകള്‍ക്ക് മാത്രമേ ഇനി രാജ്യത്തയും ഭരണഘടനയെയും സംരക്ഷിക്കാനാകൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757