keralanewspress release

ഇടതു സർക്കാർ കേരളം ഹാരിസണിന് തീറെഴുതുന്നു – വെല്‍ഫെയർ പാർട്ടി

 

ഹാരിസണിന്‍റെ കൈവശ ഭൂമിക്കും കൈയേറ്റ ഭൂമിക്കും അനധികൃതമായി മറിച്ചു വിറ്റ ഭൂമിക്കും കരം സ്വീകരിക്കാനുള്ള നടപടി കേരളം ഹാരിസണിന് തീറെഴുതാനുള്ള ഇടതു സർക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. കരം സ്വീകരിക്കുന്നതോടെ ഉടമസ്ഥാവകാശത്തിന് ശക്തമായ ക്ലെയിം ആണ് ഹാരിസണിന് ലഭിക്കുന്നത്. ഹൈക്കോടതിയില്‍ ഹാരിസണിനെതിരെ ഹാജരായിരുന്ന പ്ലീഡർ സുശീല ഭട്ടിനെ മാറ്റിയത് തന്നെ കേസ് തോറ്റുകൊടുക്കാനായിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹാരിസണിന് വേണ്ടി തോറ്റുകൊടുക്കല്‍ നാടകമായിരുന്നു കേരള സർക്കാർ നടത്തിയത്. ഇനി അതാത് ജില്ലകളിലെ സിവില്‍ കോടതികളില്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കേസ് നടത്താന്‍ പോകുകയാണ് സർക്കാർ. അതിന്‍റെ പരിണിതി എന്തായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് കരം സ്വീകരിക്കാനും മരം മുറിക്കാനുള്ള നല്‍കിയ അനുമതി.
കേരളത്തില്‍ ഏറ്റവുമധികം സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നത് ഹാരിസണാണ്. ഈ തീരുമാനത്തോടെ അഞ്ചര ലക്ഷം ഏക്കർ സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്ന മറ്റ് വന്‍കിട കോർപ്പറേറ്റുകളും ഈ ആനുകൂല്യത്തിന് വേണ്ടി കോടതിയെ സമീപിക്കും. കേരളത്തിലെ ഭൂരഹിതർക്ക് അവകാശപ്പെട്ട ഭൂമിയാണ് ഇങ്ങനെ കോർപ്പറേറ്റുകള്‍ സ്വന്തമാക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭൂരഹിതരോട് ചെയ്യുന്ന വഞ്ചനയാണിത്. ഇത് കേരളം തിരിച്ചറിയണം.
സർക്കാർ തുടരുന്ന ഇത്തരം ജനവിരുദ്ധ നടപടികളും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് കാരണമായി എന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും മനസ്സിലാക്കണം. കരം സ്വീകരിക്കാനുള്ള നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നടപടിക്കെതിരെ ഭൂരഹിതരെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകും. മന്ത്രിസഭാ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ന് (30-05-2019) മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757