keralanewspress release

സംഘ്പരിവാർ ആധിപത്യത്തെ മതേതര പാർട്ടികള്‍ ഒന്നിച്ച് പ്രതിരോധിക്കണം – വെല്‍ഫെയർ പാർട്ടി..

 

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ ചേരി സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനം എന്തായിരിക്കണമെന്ന കാര്യത്തില്‍ ഏകോപനം ഉണ്ടാകണമായിരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഒരു ചേരി രൂപപ്പെടണമായിരുന്നു. ഈ രാഷ്ട്രീയ കൃത്യതക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിച്ചത്. ഞങ്ങളുടെ നിലപാട് കേരളം അംഗീകരിച്ചു. ഈ സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ മറിച്ചൊരു ഫലം ഉണ്ടാകുമായിരുന്നു. അഞ്ചുവർഷം കഴിഞ്ഞുവരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ തട്ടിക്കൂട്ട് സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിന് പകരം പാർലമെന്‍റിലടക്കം വർഗീയ ഫാസിസത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാർട്ടികള്‍ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കണം. തമിഴ്നാട് മോഡലിലെ ജനാധിപത്യ സഖ്യമാണ് രാജ്യത്തിനാവശ്യം.

രാജ്യത്ത് വീണ്ടും അധികാരം ലഭിച്ച സംഘ്പരിവാറിനെ ആശയപരമായും പ്രായോഗികമായും പ്രതിരോധിക്കാന്‍ മതേതര പാർട്ടികള്‍ ഒന്നിച്ച് നില്‍ക്കണം. തെരഞ്ഞെടുപ്പ് പൂർവ സഖ്യങ്ങളുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും അടക്കമുള്ള മതേതര പാർട്ടികളുടെ വീഴ്ചയാണ് വീണ്ടും മോദി ഭരണത്തിന് കളമൊരുക്കിയത്. ഫാസിസത്തെ കേവലം തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താനാണ് രാജ്യത്തെ മതേതര പാർട്ടികള്‍ ശ്രമിച്ചത്. സംഘ്പരിവാറിനെ നേരിടാനുള്ള ആശയപരിസരം സൃഷ്ടിക്കുന്നതില്‍ രാജ്യത്തെ മതേതര പാർട്ടികള്‍ വലിയ പരാജയമായിരുന്നു.

ബി.ജെ.പിയാകട്ടെ തങ്ങളുടെ ഭരണത്തിലെ ജനദ്രോഹനടപടികള്‍ ജനശ്രദ്ധയില്‍ നിന്നകറ്റാന്‍ വംശീയതയും തീവ്രദേശീയ വികാരങ്ങളും ഉത്തേജിപ്പിക്കാനാണ് ശ്രമിച്ചത്. അതിലവർ വിജയിച്ചു. വോട്ടിംഗ് മെഷീനുകളിലെ വ്യാപകമായ ക്രമക്കേടുകളും തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ സുതാര്യതയില്ലായ്മയും ബി.ജെ.പിയെ വലുതായി സഹായിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം ഇ.വി.എമ്മുകള്‍ കാണാതായതും സ്ട്രോങ് റൂമുകളില്‍ നിന്ന് ഇവിഎമ്മുകള്‍ ട്രക്കുകളിലും ഓട്ടോകളിലും കടത്തിയതുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. പകുതിയെങ്കിലും വി.വി.പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിയോജിച്ചതും തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമീപനങ്ങള്‍ പക്ഷപാതപരമാണ് എന്ന തോന്നലും ജനങ്ങളിലുണ്ട്.

കേരളത്തില്‍ യു.ഡി.എഫ് നേടിയ വലിയ വിജയം മതന്യൂനപക്ഷങ്ങളടക്കമുള്ള മതേതര വോട്ടുകള്‍ ഏകീകരിച്ചതിനാലാണ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്താതിരിക്കാനുള്ള മതേതര ചേരിയുടെ ജാഗ്രതയാണിത്. ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യവും കേരളത്തില്‍ എല്‍.ഡി.എഫിന് വലിയ നഷ്ടമുണ്ടാക്കി. ദേശീയ രാഷ്ട്രീയത്തില്‍ മതേതര പ്രീപോള്‍ സഖ്യമുണ്ടാക്കുന്നതിന് കേരളത്തിലെ സിപിഎം ഘടകം എതിരുനിന്നതും അവർക്ക് വിനയായി. പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലെയും ത്രിപുരയിലേയും സമ്പൂര്‍ണ പരാജയവും തമിഴ്നാട്ടില്‍ നേടിയ വിജയവും അവർ പാഠമാക്കണം.

കേരളത്തിലെ മതന്യൂനപക്ഷങ്ങളടങ്ങുന്ന മതേതര ചേരിക്ക് തെരഞ്ഞടുപ്പില്‍ വ്യക്തമായ ദിശാ സൂചന നല്‍കാന്‍ വെല്‍ഫെയർ പാർട്ടിക്ക് സാധിച്ചു. പാർട്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വലിയ അളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യു.ഡി.എഫിന്‍റെ വലിയ വിജയത്തിന് പിന്നില്‍ ഇതും ഘടകമാണ്.

തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയും സുതാര്യതയും തിരികെക്കൊണ്ടുവരാനുള്ള പോരാട്ടങ്ങളാകണം പ്രതിപക്ഷ കക്ഷികള്‍ ആദ്യം നടത്തേണ്ടത്. പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണം. പരസ്പരമുള്ള ആശയഭിന്നതകളും സ്ഥാപിത താല്‍പര്യങ്ങളും മാറ്റിവെച്ച് രാജ്യ നന്മക്കായി മതേതര പാര്‍ട്ടികളും സാമൂഹ്യ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമെല്ലാം ഉള്‍ക്കൊള്ളുന്ന വിശാല സമര മുന്നണി രൂപപ്പെടണമെന്നും അത്തരമൊരു കൂട്ടായ്മയില്‍ വെല്‍ഫെയർ പാർട്ടി തുറന്ന മനസ്സോടെ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവർ

ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്)
കെ.എ. ഷെഫീക്ക് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
ശ്രീജ നെയ്യാറ്റിന്‍കര (സംസ്ഥാന വൈസ് പ്രസിഡണ്ട്)
ജോസഫ് ജോണ്‍ (സംസ്ഥാന സെക്രട്ടറി)
സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി)

2019 മെയ് 25, തിരുവനന്തപുരം പ്രസ്സ് ക്ലബ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757