editorial

ശ്രീലങ്കന്‍ ക്രൈസ്തവ ജനതയോടൊപ്പം നിലകൊള്ളണം

 

ലോകത്തെങ്ങും ക്രൈസതവര്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസം ശ്രീലങ്കന്‍ തലസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ ആരാധനാലയമായ സെന്റ്് സെബാസ്റ്റ്യന്‍ ചര്‍ച്ചിലും മറ്റു രണ്ട് ക്രൈസ്തവ ആരാധനാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലുമടക്കം എട്ടിടത്ത് നടന്ന ചാവേര്‍ സ്‌ഫോടന പരമ്പരകളില്‍ 359 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. മാര്‍ച്ച് 15ന് വംശീയത തലക്കുപിടിച്ച ഒരു ഭ്രാന്തന്‍ ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം ആരാധനാലയത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടന്നുകൊണ്ടിരക്കെ നടത്തിയ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ലോകം മുക്തമായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അടുത്ത കൂട്ടനരഹത്യ നടക്കുന്നത്.

ന്യൂസിലാന്റ് ആക്രമണത്തിന് പ്രതികാരമായാണ് ശ്രീലങ്കയിലെ ക്രൈസ്തവ ചര്‍ച്ചുകളില്‍ ആക്രമണം നടത്തിയതെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ പറയുന്നുണ്ട്. വസ്തുത ഇനിയും പുറത്തുവരാനുണ്ട്. എങ്കിലും ഇത്തരം ആക്രമണങ്ങളില്‍ ഒരിക്കലും അതിന്റെ ശരിയായ ആസൂത്രകര്‍ ആരാണെന്ന് പുറത്തുവരികയോ അവര്‍ നിയമത്തിന് മുന്നിലെത്തുകയോ ചെയ്യാറില്ല. പലപ്പോഴും അതിലെ ചില കണ്ണികള്‍ മാത്രം പിടിയിലായി അവസാനിക്കുകയാണ് പതിവ്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തതായി അവരുടെ നിയന്ത്രണത്തിലുള്ള ന്യൂസ് ഏജന്‍സിയായ അമഖ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന ശ്രീലങ്കന്‍ പ്രാദേശിക സംഘമാണ് ഇതിന് പിന്നിലുള്ളതെന്നാണ് അന്വേഷണ ഏജന്‍സികളും ശ്രീലങ്കന്‍ സര്‍ക്കാരും പറയുന്നത്. ചാവേറുകളെന്ന് തിരിച്ചറിഞ്ഞ രണ്ടുപേര്‍ ശ്രീലങ്കയിലെ പ്രമുഖനായ വ്യാപാരിയുടെ മക്കളാണ്. സമ്പന്നതയുടെയും ജീവിത സുരക്ഷയുടെയും നടുവില്‍ നിന്ന് ഈ ചെറുപ്പക്കാരെങ്ങിനെയാണ് സ്വയം പൊട്ടിത്തെറിച്ച് നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയ ഭയാനകമായ ക്രൂരതയുടെ വാഹകരായത് എന്നത് വലിയ ചോദ്യമാണ്. ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിക്കാനാവാത്ത പാതകമാണിത്. ഭീകരതയുടെ അടിവേരുകള്‍ തോണ്ടിയേ മതിയാകൂ. എപ്പോഴും ഭീകരതയുടെ ഇരകളാകുന്നത് നിരപരാധികളായ ജനങ്ങളാണ്. ഒരു മതവും തത്വചിന്തയും ഇത്തരം നിലപാടുകള്‍ അംഗീകരിക്കുന്നില്ല എന്നിരിക്കെത്തന്നെ ഇങ്ങിനെയുള്ള സംഭവങ്ങള്‍ ലോകത്ത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് എന്തുകൊണ്ടായിരിക്കും? പലപ്പോഴും ഭരണകൂടങ്ങളുടെ രാജ്യങ്ങളുടെമേലുള്ള അധിനിവേശത്തേയും ജനവിരുദ്ധ നയനിലപാടുകളേയും മറച്ചുവെക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ട്!

സമാധാനാന്തരീക്ഷം എന്നോ നഷ്ടപ്പെട്ട രാജ്യമാണ് ശ്രീലങ്ക. തമിഴ് വംശജരുടെ പ്രശ്‌നവും സിംഹളരുടെ വംശീയാധിപത്യവും കലുഷിതമാക്കിയ ശ്രീലങ്കയില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരത്തേ തന്നെ ജീവിത സുരക്ഷയില്ല. അത്തരം വിഭാഗങ്ങള്‍ ഇനിയും കൂടുതല്‍ ഭീകരതകള്‍ക്ക് ഇരയാക്കപ്പടുകയായിരിക്കും ഈ ഭീകരാക്രമണത്തിന്റെ അനന്തരഫലം. ആയുധ കച്ചവടക്കാരുടെയും കോര്‍പ്പറേറ്റുകളുടേയും അവയുടെ തണല്‍ പറ്റുന്ന ഭരണകൂടങ്ങളുടെയും ആവശ്യമാണ് ഭീകരത നിലനില്‍ക്കുക എന്നത്. അതുകൊണ്ടുതന്നെ ഏതാനും ചെറുമീനുകളില്‍ അന്വേഷണം അവസാനിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ശ്രീലങ്കയിലും ആവര്‍ത്തിക്കാനിടയുണ്ട്. ന്യൂസിലാന്റിലെ ഭീകരാക്രമണത്തിനെതിരെ രാജ്യവും ഭരണകൂടവും സ്വീകരിച്ച നിലപാട് ശ്ലാഘിക്കപ്പെട്ടതാണ്. അതേ നിലപാടാണ് ശ്രീലങ്കന്‍ ഭരണകൂടവും സ്വീകരിക്കേണ്ടത്. ലോകജനത ശ്രീലങ്കക്കൊപ്പം നില്‍ക്കണം. ഭീകരതയെ അടിവേരോടെ ആശയതലത്തില്‍ തന്നെ ഇല്ലാതാക്കണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757