Opinion

പിളരുന്തോറും വളര്‍ന്നു തളരുന്ന കേരള കോണ്‍ഗ്രസ് ചരിത്രം – സജീദ് ഖാലിദ്

 

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നത് ജോണ്‍ എബ്രാഹിന്റെ വിഖ്യാതമായ കഥയാണ്. കോട്ടയത്ത് ടെലിഫോണുളള മത്തായിമാരുടെ കണക്കെടുക്കുന്ന മത്തായി എന്ന കഥാനായകന്‍, തുടര്‍ന്ന് കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന വിഷയത്തിലേക്ക് തന്റെ ഗവേഷണം വ്യാപിപ്പിക്കുന്നു. ഗവേഷണത്തിനിടയില്‍ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അയാളുടെ വിഭ്രമങ്ങളും ഉന്‍മാദവുമെല്ലാം ആവിഷ്‌ക്കരിക്കപ്പെടുന്ന കഥയാണത്. ഈ മത്തായിയുടെ പ്രതിസന്ധി കേരളത്തില്‍ എത്ര കേരളാ കോണ്‍ഗ്രസുകളുണ്ട് എന്ന കണക്കെടുക്കുന്നവര്‍ക്കും അവയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഉണ്ടാകും.

കെ.എം മാണിയുടെ നിര്യാണത്തോടെ കേരളാ കോണ്‍ഗ്രസ് ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിനെ സമകാലിക കേരള ചരിത്രത്തില്‍ പ്രസക്തമായ രാഷ്ട്രീയ പാര്‍ട്ടിയായി നില നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാഷ്ട്രീയ വ്യക്തിത്വമെന്ന നിലയിലാണ് ഇനി മാണി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. മാണിയപ്പോലെ അതികായനായ ഒരു നേതാവില്ലാത്ത കേരള കോണ്‍ഗ്രസിന്റെ ഭാവി എന്താണെന്ന് കണ്ടറിയണം.

കേരളത്തില്‍ നിലവില്‍ എത്ര കേരള കോണ്‍ഗ്രസുകളുണ്ട് എന്ന കണക്കെടുപ്പ് വളരെ കൗതുകകരമായിരിക്കും. ഇലക്ഷന്‍ കമ്മീഷനുപോലും കൃത്യമായ കണക്ക് അതിലുണ്ടാവുമെന്നു തോന്നുന്നില്ല. കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളിലെല്ലാം ഒന്നോ അതിലധികമോ കേരള കോണ്‍ഗ്രസുകളുണ്ട്. കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നിവ യു.ഡി.എഫിലുള്ളപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവ എല്‍.ഡി.എഫിലും കേരള കോണ്‍ഗ്രസ് (തോമസ്), കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) എന്നിവയും കേരള കോണ്‍ഗ്രസുമായി പൊക്കിള്‍ കൊടി ബന്ധം പുലര്‍ത്തുന്ന കേരള ജനപക്ഷവും എന്‍.ഡി.എ കക്ഷികളായി നിലവിലുണ്ട്. ഇതില്‍ ഏതൊക്കെ കക്ഷി ഏതൊക്കെ മുന്നണിയിലാണ് നാളെയുണ്ടാകുക എന്നത് അതിന്റെ നേതാക്കള്‍ക്കു പോലും കൃത്യമായി പ്രവചിക്കാനാവില്ല. പിളര്‍പ്പ്, ലയനം എന്നീ വാക്കുകള്‍ കേരളത്തിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ സര്‍വാംഗീകൃതമാക്കിയതില്‍ കേരളാ കോണ്‍ഗ്രസിന്റെ സംഭാവന വളരെ വലുതാണ്.
മാണിയുടെ വേര്‍പാടോടെ നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകളുടെ ചരിത്രത്തിലേക്ക് എത്തിനോക്കുക എന്നത് കൌതുകകരമായ കാര്യമാണ്. മാസ്സ് മസാല മൂവിയുടെ എല്ലാ ചേരുവകളും ചേരുന്ന രാഷ്ട്രീയമാണ് കേരളാ കോണ്‍ഗ്രസുകള്‍ക്കുള്ളത്. മധ്യതിരുവിതാം കൂറിലെ ക്രൈസ്തവരുടെ ജീവിതവുമായി അഭേദ്യമായ ബന്ധം കേരളാ കോണ്‍ഗ്രസിനുണ്ട്. ആ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച് തന്നെ വിചിത്രമായ കഥകളുടെ പിന്‍ബലമുണ്ട്.

1964ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ റവന്യൂ വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന ആഭ്യന്തമന്ത്രിയായ പി.ടി ചാക്കോ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ പീച്ചിയില്‍ അപകടത്തില്‍പ്പെടുന്നു. കാറില്‍ കൂടെ സഞ്ചരിച്ചിരുന്ന കോണ്‍ഗ്രസ്സ് വനിതാ നേതാവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അക്കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. വിവാദങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും തുടര്‍ന്നു. 1964 ജൂണ്‍ മാസത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോ മത്സരിച്ചെങ്കിലും കെ.സി എബ്രഹാമിനോട് തോറ്റു. പി.ടി ചാക്കോ 1964 ആഗസ്റ്റ് ഒന്നിന് അന്തരിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ കലാപങ്ങളാണ് കേരളാ കോണ്‍ഗ്രസ് രൂപീകരണത്തിലേക്ക് വഴിതെളിച്ചത്.

പാര്‍ട്ടിയില്‍നിന്ന് ഉണ്ടായ തിക്താനുഭവങ്ങളെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് പി.ടി ചാക്കോയുടെ മരണ കാരണം എന്ന് ആരോപിച്ച് 1964ല്‍ കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 നിയമസഭാ സമാജികര്‍ ശങ്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഈ വിഘടിതര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ‘കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഈ പാര്‍ട്ടി 1964 ഒക്‌ടോബര്‍ 9ന് ‘കേരളകോണ്‍ഗ്രസ്’ എന്ന പേര് സ്വീകരിച്ച് ഔപചാരികമായി രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. കോട്ടയമായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃപാടവത്തിലൂടെ കെ.എം ജോര്‍ജ് കേരള കോണ്‍ഗ്രസിനെ മധ്യ തിരുവിതാകൂറിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി പടുത്തുയര്‍ത്തി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസിലും പിളര്‍പ്പ് നേരിട്ട് 1964ല്‍ ശങ്കര്‍ സര്‍ക്കാര്‍ വീണതോടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പുതുതായി രൂപം കൊണ്ട കേരള കോണ്‍ഗ്രസ് 54 സീറ്റില്‍ ഒറ്റക്ക് മത്സരിച്ചു. തുടര്‍ന്ന് 1965 മാര്‍ച്ച് 3 ന് നടന്ന തെരഞ്ഞെടുപ്പില്‍ 23 സീറ്റ് നേടി. 40 സീറ്റ് നേടിയ സി.പി.എമ്മിനും 36 സീറ്റ് നേടിയ കോണ്‍ഗ്രസിനും പിന്നില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നാമത്തെ വലിയ കക്ഷിയായി കേരള കോണ്‍ഗ്രസ്സ്. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന ആ തെരഞ്ഞെടുപ്പില്‍ പരസ്പരം സഖ്യമോ ധാരണയോ രൂപപ്പെടാത്തത്തിനാല്‍ നിയമസഭ ചേരാനോ മന്ത്രിസഭ രൂപവത്കിരക്കാനോ സാധിച്ചിച്ചില്ല. തുടര്‍ന്നുള്ള രണ്ടുവര്‍ഛം കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു.

രണ്ടുവര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം 1967ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ആ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.(എം), സി.പി.ഐ, എസ്.എസ്.പി, മുസ്‌ലിം ലീഗ് തുടങ്ങിയ ഏഴു കക്ഷികള്‍ ചേര്‍ന്ന് ‘ഐക്യമുന്നണി’ എന്ന പേരില്‍ സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. കേരളത്തിലെ ആദ്യത്തെ മുന്നണി പരീക്ഷണമായിരുന്നു അത്. കോണ്‍ഗ്രസ്സും, കേരള കോണ്‍ഗ്രസ്സും വെവ്വേറെ കക്ഷിയായിട്ടാണ് മത്സരിച്ചത്. സി.പി.ഐ.(എം) 52 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ച്ചവച്ചപ്പോള്‍ സി.പി.ഐ 19 എണ്ണം നേടി. മുസ്‌ലിം ലീഗ് 14 ഉം നേടി. എസ്.എസ്.പി 19 സീറ്റും നേടി. കേരള കോണ്‍ഗ്രസ് 61 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടിയപ്പോള്‍ 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ് ആകെ 9 സീറ്റ് നേടി ദയനീയ അവസ്ഥയിലേക്ക് കൂപ്പുകുത്തി.

തിരുവല്ല, അകലകുന്നം, പൂഞ്ഞാര്‍, പാല, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് വിജയിച്ചത്. പൂഞ്ഞാറില്‍ നിന്ന് വിജയിച്ച കെ.എം ജോര്‍ജായിരുന്നു നിയമസഭാ കക്ഷി നേതാവ്. കെ.എം മാണി പാലയില്‍ നിന്ന് വിജയിച്ചു. 1967ല്‍ രൂപം കൊണ്ട ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ഘടകകക്ഷികള്‍ തമ്മിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതോടെ 1969 ഒക്‌ടോബര്‍ 24ന് ഇ.എം.എസ് നമ്പൂതിരിപ്പാട് രാജി സമര്‍പ്പിച്ചു. കാലാവധിയെത്തുന്നതിനു മുന്‍പായി നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്നാണ് പൊതുവേ കരുതപ്പെട്ടതെങ്കിലും പ്രതീക്ഷക്ക് വിപരീതമായി ഒരാഴ്ചയ്ക്കുള്ളില്‍ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, മുസ്ലിംലീഗ്, ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് എട്ടംഗ മന്ത്രിസഭ രൂപീകരിച്ചു. കോണ്‍ഗ്രസ്സും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും മന്ത്രിസഭക്ക് പുറമേനിന്ന് പിന്തുണ നല്‍കി. കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം ജോര്‍ജ് ഗതാഗതവും ആരോഗ്യവും വകുപ്പ് മന്ത്രിയായി. അങ്ങിനെ കേരളാ കോണ്‍ഗ്രസിന് ആദ്യമായി കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചു. എന്നാല്‍, ആ മന്ത്രിസഭക്ക് അധികം ആയുസ്സുണ്ടായില്ല. കൂറുമാറ്റവും ചേരിമാറ്റവും മന്ത്രിസഭയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു കണ്ടപ്പോള്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ ജനവിധി തേടുവാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് 1970 ജൂണ്‍ 26ന് മൂന്നാം കേരളനിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. മന്ത്രിസഭ രാജിവെച്ചതിനെത്തുടര്‍ന്ന് കേരള ഭരണത്തിന്റെ ചുമതല 1970 ആഗസ്റ്റ് 4ന് വീണ്ടും രാഷ്ട്രപതിക്ക് ഏറ്റെടുക്കേണ്ടി വന്നു.

1970 സെപ്തംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് 12 സീറ്റുകള്‍ നേടി. സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയാണ് ആ നിയമസഭയില്‍ രൂപപ്പെട്ടത്. തുടക്കത്തില്‍ പ്രതിപക്ഷത്തായിരുന്നു കേരളാ കോണ്‍ഗ്രസ്. ഇതിനിടയില്‍ 1974 കേരള കോണ്‍ഗ്രസ്സ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് (പിള്ള) ഗ്രൂപ്പ് രൂപവത്കരിച്ചു. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് പൊതു തെരഞ്ഞെടുപ്പു നടത്താതെ നിയമസഭയുടെ കാലാവധി നീട്ടുകയുണ്ടായി. മുസ്‌ലിം ലീഗിലും ഈ സന്ദര്‍ഭത്തില്‍ പിളര്‍പ്പുണ്ടായതോടെ മന്ത്രിസഭയുടെ നില പരുങ്ങലിലായി. ഈ സന്ദര്‍ഭത്തില്‍ 1975 ഡിസംബര്‍ 25 ന് കേരളാ കോണ്‍ഗ്രസ് അച്യുതമേനോന്‍ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചു. കെ.എം മാണി ധനകാര്യമന്ത്രിയായി. ഇതിനിടെ കേരള കോണ്‍ഗ്രസുകളുടെ ആദ്യ ലയനം സംഭവിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (പിള്ള) ഗ്രൂപ്പും കേരള കോണ്‍ഗ്രസും ലയിച്ചു. മാണിയോടൊപ്പം ബാലകൃഷ്ണ പിള്ളയും മന്ത്രിയായി. ഗതാഗത വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍, നിയമസഭ അംഗമല്ലാത്തതിനെ തുടര്‍ന്ന് ആറ് മാസം പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവെച്ചു. പകരം 1976 ജൂണ്‍ 26 ന് കെ.എം ജോര്‍ജിനെ ഗതാഗത വകുപ്പ് മന്ത്രിയാക്കി. ബാലകൃഷ്ണപിള്ള വീണ്ടും കേരളാ കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് (പിള്ള) ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു.

1976 ഡിസംബര്‍ 11 ന് കെ.എം ജോര്‍ജ് അന്തരിച്ചു. കേരളാ കോണ്‍ഗ്രസിലെ ശക്തനായ സ്ഥാപക നേതാവിന്റെ വിയോഗം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു. കെ.എം ജോര്‍ജിന്റെ സ്ഥാനത്ത് നാരായണക്കുറുപ്പ് മന്ത്രിയായി. ആ സന്ദര്‍ഭത്തിലാണ് പി.ജെ ജോസഫ് എന്ന പുതിയ ഒരു അധികാര കേന്ദ്രം കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെടുന്നത്. കേരളാ കോണ്‍ഗ്രസില്‍ ആഭ്യന്തര ശൈഥില്യം രൂക്ഷമായി എങ്കിലും 1977 ല്‍ പൊതു തെരഞ്ഞെടുപ്പു വന്നതോടെ അത്തരം പ്രശ്‌നങ്ങള്‍ താത്കാലികമായി പരിഹരിക്കപ്പെട്ടു.

കെ. കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഐക്യമുന്നണിയാണ് മത്സരിച്ചത്. എന്‍.ഡി.പിയും പി.എസ്.പിയും ഈ സഖ്യത്തെ പിന്താങ്ങി. ഈ സഖ്യം 111 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് 38, സിപിഐ 23, കേരള കോണ്‍ഗ്രസ് 20, മുസ്‌ലിം ലീഗ് 13, ആര്‍.എസ.്പി 9, എന്‍.ഡി.പി. 5, പി.എസ്.പി 3 എന്നിങ്ങിനെയായിരുന്നു സീറ്റുനില. സി.പി.എമ്മിനോടൊപ്പം സഖ്യമുണ്ടാക്കിയ കേരള കോണ്‍ഗ്രസ് (പിള്ള) ക്കും രണ്ട് സീറ്റ് ലഭിച്ചു.

കെ.എം മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി. ആഭ്യന്തര വകുപ്പ് മന്ത്രിയായി. കെ.നാരയണക്കുറുപ്പും (ഗതാഗതം), ഇ. ജോണ്‍ ജേക്കബും (ഭഷ്യ സിവില്‍ സപ്ലൈസ്) കേരളാ കോണ്‍ഗ്രസിന്റെ മന്ത്രിമാരായി. അധികം വൈകാതെ രാജന്‍ കേസിനെ തുടര്‍ന്ന് കരുണാകരന് രാജിവെക്കേണ്ടി വന്നു. തുടര്‍ന്നുവന്ന എ.കെ ആന്റണി മന്ത്രിസഭയിലും ഇതേ മന്ത്രിമാരെ നിലനിര്‍ത്തി. പാലായിലെ തെരഞ്ഞെടുപ്പ് കേസിനെത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. 1977 ഡിസംബര്‍ 21ന്, പകരം പിജെ ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവെച്ച് സ്ഥാനമൊഴിയുകയും സെപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയാവുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ മാണിയും ജോസഫും അകന്നു. 1978 ല്‍ കേരള കോണ്‍ഗ്രസ്സ് പ്രതിനിധിയായി മന്ത്രിസഭയിലുണ്ടായിരുന്ന ഇ. ജോണ്‍ ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് സെപ്തംബര്‍ 28 ന് ടി.എസ് ജോണ്‍ പകരം മന്ത്രിയായി.
1978 ഒക്‌ടോബര്‍ 27 ന് എ.കെ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെക്കുകയും തുടര്‍ന്ന് പി.കെ വാസുദേവന്‍ നായരുടെ നേതൃത്വലുള്ള മന്ത്രിസഭ രൂപം കൊള്ളുകയും ചെയ്തപ്പോഴും കേരള കോണ്‍ഗ്രസ്സ് മന്ത്രിമാരായി കെ.എം മാണി, നാരായണക്കുറുപ്പ്, ടി.എസ് ജോണ്‍ എന്നിവരെ നില നിര്‍ത്തി. ഇതിനിടെ മാണിയും ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും കേരള കോണ്‍ഗ്രസ് നെടുകെ പിളരുകയും ചെയ്തു. കെ.എം മാണി കേരളാ കോണ്‍ഗ്രസ് (എം) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) രൂപം കൊണ്ടു.

ഇടതുകക്ഷികളുടെ ഐക്യത്തിനായി പി.കെ വാസുദേവന്‍ നായര്‍ രാജിവെക്കുകയും തുടര്‍ന്ന് സി.ച്ച് മുഹമ്മദ് കോയ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്‌തെങ്കിലും അതിന് ഹ്രസ്വ ആയുസ്സാണുണ്ടായത്. കേരള കോണ്‍ഗ്രസും ആന്റണി ഗ്രൂപ്പുമെല്ലാം ഇടഞ്ഞ് നിന്നതോടെ സി.എച്ച് 40 ദിവസത്തിനുള്ളില്‍ രാജിവെച്ചു. വീണ്ടും കേരളത്തില്‍ പൊതുതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി. സി.പി.എം നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെട്ടു. മാണിയും ബാലകൃഷ്ണപിള്ളയും ഇടതുമുന്നണിയിലായി. ആന്റണി കേരളത്തില്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് (യു) ഇടതുമുന്നണി ഘടകകക്ഷിയായി. ഇതേസമയം കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണിയും രൂപം കൊണ്ടു. ജോസഫ് ഗ്രൂപ്പ് അതിലെ ഘടകകക്ഷിയുമായി.

ഇ.കെ നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ ഭൂരിപക്ഷം നേടിയ 1980 ലെ പൊതുതെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) എട്ട് സീറ്റും കേരളാ കോണ്‍ഗ്രസ് (ജെ) ആറ് സീറ്റും കേരളാ കോണ്‍ഗ്രസ് (പിള്ള) ഒരുസീറ്റും നേടി. കെ.എം മാണി (ധനകാര്യം), ലോനപ്പന്‍ നമ്പാടന്‍ (ഗതാഗതം), ബാലകൃഷ്ണപിള്ള (വൈദ്യുതി) എന്നിവര്‍ മന്ത്രിമാരായി. 1980 ജനുവരി 25 ന് രൂപവത്കരിച്ച മന്ത്രിസഭ 1981 ഒക്‌ടോബര്‍ 20 ന് രാജിവെച്ചു. കേരള കോണ്‍ഗ്രസ് (എം), കോണ്‍ഗ്രസ് (യു) എന്നീ കക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് രാജിവെക്കേണ്ടി വന്നത്.
ഈ കക്ഷികളുടെ പിന്തുണയോടെ 1981 ഡിസംബര്‍ മാസത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തില്‍ വന്നു. ബാലകൃഷ്ണപിള്ളയും ഈ മന്ത്രിസഭയില്‍ അംഗമായി. പി.ജെ ജോസഫും കെ.എം മാണിയും മന്ത്രിമാരായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ മുന്നോട്ട് പോയ മന്ത്രിസഭ കേരളാ കോണ്‍ഗ്‌സ് നേതാവ് ലോനപ്പന്‍ നമ്പാടന്‍ സോഷ്യലിസ്റ്റ് കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ച് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് താഴെ വീണു. കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു.

വീണ്ടും കേരളം പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട 1982ല്‍ രണ്ട് കേരള കോണ്‍ഗ്രസുകളും ഐക്യ ജനാധിപത്യ മുന്നണിയിലായിരുന്നു. ഇടതു ജനാധിപത്യ മുന്നണിയിലാകട്ടെ ലോനപ്പന്‍ നമ്പാടന്റെ ഒറ്റയാള്‍ സോഷ്യലിസ്റ്റ് കേരളാ കോണ്‍ഗ്രസും. 17 സീറ്റില്‍ മത്സരിച്ച മാണി ഗ്രൂപ്പിന് ആറ് സീറ്റ് ലഭിച്ചപ്പോള്‍ 12 സീറ്റില്‍ മത്സരിച്ച ജോസഫ് ഗ്രൂപ്പ് എട്ട് സീറ്റ് നേടി കരുത്തുകാട്ടി. ജോസഫ് ഗ്രൂപ്പില്‍ നിന്ന് പി.ജെ ജോസഫും ടി.എം ജേക്കബും മാണി ഗ്രൂപ്പില്‍ നിന്ന് കെ.എം മാണിയും ബാലകൃഷ്ണ പിള്ളയും മന്ത്രിമാരായി. 1984 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണമുണ്ടായി. എല്ലാവരും ചേര്‍ന്ന് ഒറ്റ പാര്‍ട്ടിയായി രൂപംകൊണ്ടു. കെ.എം മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായി. 14 എം.എല്‍.എ മാരും രണ്ട് ലോക്‌സഭാ അംഗങ്ങളും നാല് മന്ത്രിമാരും ഉള്ള പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ്. എന്നാല്‍, 1987 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങി. ചരല്‍ക്കുന്ന് സമ്മേളനത്തില്‍ സത്യത്തിന് ഒരടിക്കുറിപ്പ് എന്ന ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ് മാണിക്കെതിരെ അങ്കം കുറിച്ചത്. അന്നുവരെ ജോസഫിനൊപ്പം നിന്ന ടി.എം ജേക്കബ് മാണിക്കൊപ്പവും ആര്‍. ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലയുറപ്പിച്ചു. രണ്ടു കൂട്ടരും യു.ഡി.എഫില്‍ തന്നെ നിലകൊണ്ടെങ്കിലും പരസ്പരം കാലുവാരി. മധ്യ തിരുവിതാംകൂറില്‍ തിരുവല്ല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, വാഴൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ റിബലുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ മണ്ഡലങ്ങളെല്ലാം കേരള കോണ്‍ഗ്രസ്സുകള്‍ക്ക് നഷ്ടപ്പെട്ടു. ഏറ്റുമാനൂരില്‍ റിബല്‍ സ്ഥാനാര്‍ഥി ജോര്‍ജ് ജോസഫ് പൊടിപ്പാറ ജയിച്ചു. കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയും കോതമംഗലത്ത് ടി.എം ജേക്കബും കഷ്ടിച്ച് രക്ഷപ്പെട്ടു. ഇടതുമുന്നണിയുടെ അത്തവണത്തെ അധികാരലബ്ദിയില്‍ കേരള കോണ്‍ഗ്രസിന്റെ സംഭാവന വലുതാണ്! ലോനപ്പന്‍ നമ്പാടനാകട്ടെ തന്റെ സോഷ്യലിസ്റ്റ് കേരളാ കോണ്‍ഗ്രസിന് അന്ത്യം കുറിച്ച് സി.പി.എമ്മിലേക്ക് ചേക്കേറി.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നാലും ജോസഫ് ഗ്രൂപ്പിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷത്ത് അനൈക്യം രൂപപ്പെട്ടു. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴ മാണിഗ്രൂപ്പിന് നല്‍കിയതിനെ തുടര്‍ന്ന് ജോസഫ് യു.ഡി.എഫ് വിട്ടു. ബാലകൃഷ്ണപിള്ള യു.ഡി.എഫില്‍ ഉറച്ചുനിന്നു. അദ്ദേഹത്തിനെതിരെ കുറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് നല്‍കിയ പരാതി അംഗീകരിച്ച് അദ്ദേഹത്തിന്റെ നിയമസഭ അംഗത്വം സ്പീക്കര്‍ റദ്ദാക്കി. ( ഇന്ത്യയില്‍ ആദ്യമായി കൂറുമാറ്റ നിയ.മ പ്രകാരം നിയമസഭ അംഗത്യം നഷ്ടപ്പെടുന്ന ജനപ്രതിനിധിയാണ് ആര്‍. ബാലകൃഷ്ണ പിള്ള ) ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പി.ജെ. ജോസഫ് മൂവാറ്റുപുഴയില്‍ ഒറ്റക്ക് മത്സരിച്ചു. 68619 വോട്ട് നേടിയെങ്കിലും മാണിഗ്രൂപ്പ് സ്ഥാനാര്‍ഥിയായ പി.സി തോമസിന്റെ തോല്‍വി ഉറപ്പാക്കാനായില്ല. ബാലകൃഷ്ണപിള്ളയാകട്ടെ കേരള കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടി രൂപീകരിച്ച് അടുത്ത പിളര്‍പ്പ് ഉറപ്പാക്കി.

1991 ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജെ) ഇടതുമുന്നണി ഘടകകക്ഷിയായി മത്സരിച്ചു. മാണിഗ്രൂപ്പും കേരളാ കോണ്‍ഗ്രസ് (ബി)യും യു.ഡി.എഫിലുമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) പത്ത് സീറ്റ് നേടി കരുത്തുകാട്ടി. മൂവാറ്റുപുഴ ലാക്‌സഭ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് (ബി) രണ്ടിടത്ത് മത്സരിച്ച് രണ്ടിലും വിജയിച്ചു. ഔദ്യോഗികമായി കേരളാ കോണ്‍ഗ്രസ് എന്ന പേരിലറിയപ്പെട്ട ജോസഫ് ഗ്രൂപ്പാകട്ടെ വന്‍ തോല്‍വി ഏറ്റുവാങ്ങി. ലോക്‌സഭയിലേക്ക് മത്സരിച്ച പി.ജെ ജോസഫ് ഇടുക്കിയില്‍ തോറ്റു. നിയമസഭയില്‍ പത്ത് സ്ഥലത്ത് മത്സരിച്ച അവര്‍ കുട്ടനാട് മാത്രമാണ് വിജയിച്ചത്.

1995 ആയപ്പോഴേക്കും അടുത്ത രണ്ട് പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ടു. ബാലകൃഷ്ണപിള്ള ഗ്രൂപ്പിലെ തോമസ് കുതിരവട്ടവും എം.എല്‍.എ ആയ ജോസഫ് എം പുതുശ്ശേരിയും മറ്റൊരു കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ചുവെങ്കിലും അധികാകലം വൈകാതെ മാണിഗ്രൂപ്പില്‍ അത് ലയിച്ചു. എന്നാല്‍, മാണി ഗ്രൂപ്പ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് രൂപം കൊണ്ടു. അങ്കമാലി എം.എല്‍.എ പി.എം മാത്യുവും ജേക്കബിനൊപ്പം പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നു.

1996 ലെ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് ജോസ്ഫ് വിഭാഗവും യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജേക്കബ്), കേരളാ കോണ്‍ഗ്രസ് (ബി)യും അണിനിരന്നു. ജോസഫ് ആറ് സീറ്റ് നേടി. മാണിഗ്രൂപ്പ് അഞ്ച് സീറ്റും ജേക്കബ് വിഭാഗം രണ്ട് സീറ്റും പിള്ള വിഭാഗം ഒരു സീറ്റും നേടി. മൂവാറ്റുപുഴ ലോക്‌സഭാ സീറ്റ് കെ.എം മാണി നിലനിര്‍ത്തി. ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ച ജോസഫ് ഗ്രൂപ്പ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് പരാജയപ്പെട്ടു. ഇടതുമുന്നണിയിലായിരുന്ന ജോസഫ് മന്ത്രിയായി. ജോസഫ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയ അഡ്വ. ടി.വി എബ്രഹാമിന്റെ നേതൃത്വത്തില്‍ ‘സമാന്തര കേരള കോണ്‍ഗ്രസ്’ രൂപവത്കരിക്കപ്പെട്ടു. പിന്നീട്, ഈ പാര്‍ട്ടി മാണി ഗ്രൂപ്പില്‍ ലയിച്ചു. 1998 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മൂവാറ്റുപുഴ മാണി ഗ്രൂപ്പ് നിലനിര്‍ത്തിയപ്പോള്‍ ഇടുക്കിയില്‍ ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും പരാജയപ്പെട്ടു. എന്നാല്‍, 1999 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് അട്ടിമറി വിജയം നേടി. മൂവാറ്റുപുഴ പതിവുപോലെ പി.സി തോമസ് നിലനിര്‍ത്തി.

2001 ലെ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിലായിരുന്ന മാണിഗ്രൂപ്പ് ഒന്‍പത് സീറ്റും ജേക്കബ് വിഭാഗം രണ്ട് സീറ്റും പിള്ള വിഭാഗം രണ്ട് സീറ്റും നേടി. എല്‍.ഡി.എഫിലുള്ള ജോസഫ് വിഭാഗമാകട്ടെ കുട്ടനാടും പൂഞ്ഞാറും മാത്രം വിജയിച്ചു. സാക്ഷാല്‍ പി.ജെ ജോസഫ് തന്റെ തട്ടകമായി തൊടുപുഴയില്‍ കോണ്‍ഗ്രസ്സിലെ പി.ടി തോമസിനോട് പരാജയപ്പെട്ടു. ജേക്കബും മാണിയും ഗണേഷ്‌കുമാറും വിവിധ കേരളാ കോണ്‍ഗ്രസുകളെ പ്രതിനിധീകരിച്ച് ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.ഫ് മന്ത്രിസഭയില്‍ മന്ത്രിമാരായി. തന്നെ തഴഞ്ഞ് മകനെ മന്ത്രിയാക്കിയതില്‍ ബാലകൃഷ്ണപിള്ള കടുത്ത അതൃപ്തിയിലായി. 2003ല്‍ ഗണേഷ് കുമാറിനെ രാജിവെപ്പിച്ച് ബാലകൃഷ്ണപിള്ളയെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വന്നു.
മാണിഗ്രൂപ്പിലും കാര്യങ്ങള്‍ പന്തിയല്ലായിരുന്നു. മാണിയുടെ മകനെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള മാണി ഗ്രൂപ്പിലെ ഏക എം.പിയായ പി.സി തോമസ് പാര്‍ട്ടിവിട്ട് ഐ.ഫ്.ഡി.പി എന്ന പാര്‍ട്ടിയുണ്ടാക്കി വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായി. ജോസഫ് ഗ്രൂപ്പിലാകട്ടെ എം.എല്‍.എയായിരുന്ന പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) എന്ന പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണിയില്‍ തന്നെ നിലകൊണ്ടു.

2004 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളം ഇടതുമുന്നണി തൂത്തുവാരിയപ്പോഴും ഒരു കല്ലുകടിയായി മാറി മൂവാറ്റുപുഴയിലെ ഫലം. കെ.എം മാണിയുടെ മകനെ മൂന്നാം സ്ഥാനത്ത് പിന്‍തള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥിയായ പി.സി തോമസ് വിജയിച്ചു. ഇടുക്കി ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ് നിലനിര്‍ത്തി. കോണ്‍ഗ്രസില്‍ പിളര്‍പ്പിനെ തുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപവ്തകരിക്കപ്പെട്ട ഡി.ഐ.സി (കെ) യില്‍ ജേക്കബ് വിഭാഗം ലയിച്ചു. അധികം വൈകാതെ പി.സി തോമസ് ജോസഫ് ഗ്രൂപ്പിലെത്തി. 2006 ല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ജോസഫ് ഗ്രൂപ്പും പി.സി ജോര്‍ജിന്റെ സെക്യുലര്‍ കേരളാ കോണ്‍ഗ്രസും ഇടതു മുന്നണിയിലായി. യു.ഡി.എഫിലാകട്ടെ കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ബി) എന്നീ വിഭാഗങ്ങളും നിലകൊണ്ടു. ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നാല് സീറ്റുകളും സെക്യൂലറിന് ഒരു സീറ്റും ലഭിച്ചപ്പോള്‍ യു.ഡിഎഫിലുള്ള മാണിഗ്രൂപ്പിന് ഏഴും പിള്ള ഗ്രൂപ്പിന് ഒരുസീറ്റും ലഭിച്ചു. ജോസഫ് അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ മന്ത്രിയായി. എന്നാല്‍, വിമാനയാത്രയില്‍ സഹയാത്രികയില്‍ നിന്നുണ്ടായ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കുകയും പകരം ടി.യു കുരുവിളയെ മന്ത്രിയാക്കി. അധികം വൈകാതെ ഭൂമി സംബന്ധമായ ആരോപണത്തെ തുടര്‍ന്ന് കുരുവിളയും രാജിവെച്ചു. പകരം മോന്‍സ് ജോസഫ് മന്ത്രിയായി. എന്നാല്‍, വിമാനയാത്ര കേസില്‍ നിരപരാധിയാണെന്ന കോടതി വിധി വന്നതോടെ ജോസഫ് വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തി.

ഇതിനോടകം മാണി ഗ്രൂപ്പിലേക്ക് പി.സി ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ ലയിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ടി.എം ജേക്കബാകട്ടെ വീണ്ടും തന്റെ കേരള കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചു. 2009 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് ജോസ്.കെ മാണി വിജയം നേടി. ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജാകട്ടെ ഇടുക്കയില്‍ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിനോട് പരാജയപ്പെട്ടു. ഇതിനിടെ 2011 ലെ പൊതു തെരഞ്ഞെടുപ്പാകുന്നതിന് തൊട്ടുമുന്‍പ് പി.ജെ. ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ച് ഇടതുമുന്നണിവിട്ടു. എന്നാല്‍, തിരുവനന്തപുരത്ത് നിന്നുള്ള നിയമസഭാ അംഗം വി.സുരേന്ദ്രന്‍ പിള്ള ഇടതുമുന്നണിയില്‍ നിലകൊണ്ടു. അദ്ദേഹം അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായി. അധികം വൈകാതെ വിവധ സഭാ നേതാക്കളുടെ മധ്യസ്ഥതയില്‍ കേരളാ കോണ്‍ഗ്രസുകളുടെ പുനരേകീകരണ ശ്രമം നടന്നു. മാണി ജോസഫ് ഗ്രൂപ്പുകള്‍ ഒന്നായി കേരളാ കോണ്‍ഗ്രസ് (എം) എന്ന ഒറ്റ പേര് സ്ഥീകരിച്ചു. എന്നാല്‍, ജേക്കബ് വിഭാഗവും കേരളാ കോണ്‍ഗ്രസ് (ബി)യും തങ്ങളുടെ എഡന്റിറ്റി നിലനിര്‍ത്തി. ലയനത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് പി.സി തോമസ്, സ്‌കറിയാ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം രൂപവത്കരിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടിപ്പില്‍ കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം മൂന്ന് സീറ്റില്‍ ഇടതുമുന്നണിയോടൊപ്പം മത്സരിച്ചു. മാണിഗ്രൂപ്പ്, കേരളാ കോണ്‍ഗ്രസ് (ബി), ജേക്കബ് വിഭാഗം എന്നിവര്‍ യു.ഡി.എഫിനൊപ്പവും നിലകൊണ്ടു. തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് ഒന്‍പത് സീറ്റിലും ജേക്കബ്, പിള്ള വിഭാഗങ്ങള്‍ ഓരോ സീറ്റിലും വിജയിച്ചു. കെ.എം മാണി, പി.ജെ. ജോസഫ്, ഗണേഷ് കുമാര്‍, ടി.എം ജേക്കബ് എന്നിവര്‍ മന്ത്രിമാരായി. പി.സി ജോര്‍ജ് ചീഫ്വിപ്പുമായി. എന്നാല്‍, 2011 ഒക്‌ടോബര്‍ 30 ന് ടി.എം ജേക്കബ് അന്തരിച്ചു. തുടര്‍ന്ന് നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് മന്ത്രിയായി.

ഭാര്യ തന്നെ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് കെ.ബി ഗണേഷ്‌കുമാര്‍ 2013 ഏപ്രില്‍ ഒന്നിന് മന്ത്രിസ്ഥാനം രാജിവെച്ചു. അധികം വൈകാതെ യു.ഡി.എഫുമായി അകന്നു. 2014 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് അധികം സീറ്റ് ചോദിച്ചുവെങ്കിലും നല്‍കിയില്ല. കോട്ടയത്തു നിന്ന് ജോസ് കെ മാണി തന്നെ മത്സരിച്ച് വിജയിച്ചു. അതോടെ ജോസഫ് ഗ്രൂപ്പില്‍ നിന്ന് മാണി ഗ്രൂപ്പിലേക്കെത്തിയ വലിയ വിഭാഗം നേതാക്കള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. 2016 ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ആ വിഭാഗം ഫ്രാന്‍സിസ് ജോര്‍ജിന്റെ ന്തൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പേരിട്ട ആ വിഭാഗം ഇടതുമുന്നണിയുമായി സഹകരിച്ചു. ഇടതുമുന്നണിയുമായി സഹകരിച്ചുകൊണ്ടിരുന്ന പി.സി തോമസിന്റെ ലയനവിരുദ്ധ വിഭാഗമാകട്ടെ കേരള കോണ്‍ഗ്രസ് തോമസ് എന്ന പേര് സ്വീകരിച്ച് എന്‍.ഡി.എ യുമായി സഹകരിച്ചു. കേരളാ കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലേക്ക് ചേക്കേറി. മാണിയുമായി തെറ്റിയ പി.സി ജോര്‍ജ് ഇതിനിടയില്‍ കേരള ജനപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, വി.എസ്.ഡി.പി, ഡി.എച്ച്.ആര്‍എം എന്നിവയുമായി ചേര്‍ന്ന് പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചെങ്കിലും 1197 വോട്ട് മാത്രമാണ് നേടാനായത്.

കേരളാ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വവിയ അഴിമതി ആരോപണമായിരുന്നു ബാര്‍കോഴ ആരോപണം. മദ്യനയം അട്ടിമറിക്കുന്നതിനും അടച്ച ബാറുകള്‍ തുറക്കുന്നതിനുമായി കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം കേരള രാഷ്ര്ട്രീയത്തെ പിടിച്ചുലച്ചു. ഒടുവില്‍ മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. അപമാന ഭാരത്തോടെയാണ് 2016 ലെ പൊതുതെരഞ്ഞെടുപ്പ് മാണി നേരിട്ടത്.
2016 ലെ കേരള പൊതു തെരഞ്ഞടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (ബി)യും ഇടതുമുന്നണിയിലും മാണിഗ്രൂപ്പും ജേക്കബ് വിഭാഗവും യു.ഡി.എഫിലും പി.സി തോമസിന്റെ ലയനവിരുദ്ധ വിരുദ്ധവിഭാഗം എന്‍.ഡി.എക്കൊപ്പവും നിലയുറപ്പിച്ചു. യു.ഡി.എഫ് വന്‍ തകര്‍ച്ച നേരിട്ട തെരെഞ്ഞെടുപ്പില്‍ ആറ് സീറ്റ് നേടി മാണി ഗ്രൂപ്പ് പിടിച്ചു നിന്നു. ജേക്കബ് ഗ്രൂപ്പും തങ്ങളുടെ ഏക സീറ്റ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് ബിയാകട്ടെ മത്സരിച്ച ഓരേ ഒരു സീറ്റില്‍ വിജയം കണ്ടു. ആരുടെയും സഹായമില്ലാതെ പി.സി ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചു. 1987 ന് ശേഷം കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മന്ത്രിസഭയാണ് 2016 ല്‍ പിണറായി വിജയന്റേത്. ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗദ്രസ്സ് ബി എന്നീ രണ്ട് പാര്‍ട്ടികള്‍ ഇപ്പോഴും എല്‍.ഡി.എഫ് ഘടകകക്ഷികളാണ്.

അപമാനിതരായ മാണിഗ്രൂപ്പാകട്ടെ അമര്‍ഷത്തോടെയാണ് യു.ഡി.എഫില്‍ നിന്നത്. ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ശ്രമിച്ചുകൊണ്ട് യു.ഡി.എഫുമായുള്ള ബന്ധം കേരള കോണ്ഡഗ്രസ്സ് മാണി വിഭാഗം 2016 ആഗസ്റ്റ് ഏഴിന് അവസാനിപ്പിച്ചു. എന്നാല്‍, മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ പ്രത്യേകിച്ച് സി.പി.ഐ നിലപാടെടുത്തതോടെ ആ ആഗ്രഹം അടഞ്ഞു. 2018 ലെ ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പോടെ പി.കെ കുഞ്ഞാലിക്കുട്ടിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അനുനയം സ്വീകരിച്ച് മാണി യു.ഡി.എഫിലേക്ക് മടങ്ങിയെത്തി. അതിനായി രാജ്യസഭാഗത്വം നഷ്ടപരിഹാരം പോലെ ചോദിച്ചു വാങ്ങി. അതിലേക്ക് കോട്ടയം എം.പിയായ മകനെ അയച്ചു. രോഗ ബാധിതനായ മാണിക്ക് അതിലപ്പുറത്തേക്ക് പിന്നീട് പോകാനായില്ല.

ഈ പറഞ്ഞ പിളര്‍പ്പുകളും ലയനങ്ങളുമല്ലാതെ കേരള കോണ്‍ഗ്രസ്സില്‍ നിരവധി ചെറുുപിളര്‍പ്പുകള്‍ ഉണ്ടായിട്ടുണട്. കേരളാ കോണ്‍ഗ്രസ് (ഒറിജിനല്‍), കേരളാ കോണ്‍ഗ്രസ് (നാഷണലിസ്റ്റ്), കേരളാ കോണ്‍ഗ്രസ് (കിടങ്ങൂര്‍) തുടങ്ങി നിരവധി ചെറു കേരളാ കോണ്‍ഗ്രസുകള്‍ പല സന്ദര്‍ഭങ്ങളില്‍ രൂപപ്പെടുകയും അപ്രത്യക്ഷമാകുകയംു നിലനില്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആശയപരമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും അടര്‍ന്നു പോന്ന ഒരു വിഭാഗമെന്ന നിലയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും വ്യത്യസ്തമായ പരിപാടി പാര്‍ട്ടിക്കില്ലായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ തനിമ നിലനിര്‍ത്തുന്നതിനുവേണ്ടി ഒരു പ്രത്യേക പരിപാടിക്കു രൂപം കൊടുക്കുവാന്‍ ആ കാലത്ത് നേതാക്കള്‍ നിര്‍ബന്ധിതരായി. ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും ദേശീയ വിഹിതവും പാര്‍ട്ടി ആവശ്യപ്പെടുന്നു. സാമ്പത്തിക രംഗത്ത് സ്വകാര്യ, പൊതു, സഹകരണമേഖലകളുടെ സഹവര്‍ത്തിത്വത്തിനാണ് പാര്‍ട്ടി ഊന്നല്‍ കൊടുക്കുന്നത്. 1979ല്‍ പാര്‍ട്ടി അംഗീകരിച്ച സാമ്പത്തിക പരിപാടികള്‍ ‘ജനകീയ സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്നു. എന്നാല്‍, നാളിതുവരെ പ്രായോഗികമായി അധികാരം നേടിയെടുക്കുക എന്നതിനപ്പുറം പ്രത്യേകമായ നയമോ പരിപാടികളോ ഉള്ളതായി ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന നിര്‍ണായകമായ നിലപാടുകളൊന്നും ഇവരൊന്നും സ്വീകരിച്ചിട്ടില്ല. ക്രൈസ്തവ ചര്‍ച്ചുകളുടെ താത്പര്യസംരക്ഷണം ഒരു പരിധിവരെ നിര്‍വഹിച്ച് മധ്യതിരുവിതാംകൂറിലെ സാമുദായിക സന്തുലിതത്വത്തിന്റെ ആനുകൂല്യം മുതലെടുത്ത് നിലനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് കേരള കോണ്‍ഗ്രസുകളുടെ ഏത് വിഭാഗവും അറിയപ്പെടുന്നത്.

പിളരുന്തോറും വളരുന്ന പാര്‍ട്ടി എന്ന വിശേഷണം കേരള കോണ്‍ഗ്രസിന് സമ്മാനിച്ചത് കെ.എം മാണിയാണ്. മാണിയുഗത്തിന്‍രെ അന്ത്യത്തിന് ശേഷം ഒരു പിളര്‍പ്പ് ആസന്നമാണെന്ന് പിന്നാമ്പുറങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, കരിഷ്മയുള്ള നേതാക്കളുടെ അഭാവം കാരണം ഇനിയൊരു പിളര്‍പ്പ് താങ്ങാവുന്ന ആരോഗ്യസ്ഥിതിയിലല്ല കേരളാ കോണ്‍ഗ്രസുകളൊന്നും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757