interviewOpinion

ഇന്‍ക്ലൂസ്സീവ് പൊളിറ്റിക്‌സിനുവേണ്ടിയാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് ശ്രമിക്കേണ്ടത് – ആനന്ദ് പട്‌വര്‍ധന്‍ / യാസര്‍ ഖുതുബ്

 

ആവിഷ്‌കാരങ്ങളുടെയും സിനിമ നിര്‍മാണങ്ങളുടെയും ലോകത്ത് ഇപ്പോഴും പല വിലക്കുകളുമുണ്ടെന്ന് താങ്കള്‍ ധാരാളമായി പറയുന്നു; നിശബ്ദ അടിയന്തരാവസ്ഥ പോലെയുള്ള അവസ്ഥ. ഇതെകുറിച്ച് എന്ത് പറയുന്നു?

1975ലെ ഔദ്യോഗിക അടിയന്തരാവസ്ഥ എല്ലാവര്‍ക്കും കാണാമായിരുന്നു. ലോകം അതിനെതിരെ പ്രതികരിച്ചു. ഇന്ത്യയിലെ പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളം ശൂന്യമാക്കി അതിനെതിരെ നിശബ്ദമായി പ്രതിഷേധമറിയിച്ചു. പതിയെ അടിയന്തരാവസ്ഥ വിരുദ്ധ മുന്നണികള്‍ രൂപം പ്രാപിച്ചു. പക്ഷേ, ഇന്നത്തെ അടിയന്തരാവസ്ഥ നമുക്ക് കാണാന്‍ സാധിക്കില്ല. അതാണ് അതിന്റെ പ്രത്യേകത. പൊതുജനത്തിന് പലപ്പോഴും അത് മനസ്സിലാകില്ല. കാരണം, ഇന്ത്യയിലെ മീഡിയ കോര്‍പ്പറേറ്റുകളുടെ കൈകളിലാണ്. അതില്‍ ഇന്ത്യക്കാരും വിദേശികളും അടങ്ങുന്ന കോര്‍പ്പറേറ്റുകള്‍ ഉണ്ട്. അവരാണ് രാജ്യത്തെ സമ്പത്തിന്റ പ്രായോജകര്‍, അവര്‍ക്കാണ് സാമ്പത്തിക ഗുണം ലഭിക്കുന്നത്. നമ്മള്‍ നമ്മുടെ സ്വതന്ത്ര അധികാരവും ചരക്കുകളും എല്ലാം കോര്‍പറേറ്റുകള്‍ക്ക് വില്‍പ്പന നടത്തിയിരിക്കുകയാണ്. ഇത്തരമൊരു അടിയന്തരാവസ്ഥയെ കുറിച്ച് നോം ചോസ്‌കി പറയുന്നത് നിര്‍മിത സമ്മതം (manufactured consent) എന്നാണ്.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയില്‍ ഇപ്പോള്‍ പൊതുജനങ്ങളുടെ ലിബര്‍ട്ടി ആക്രമണ വിധേയമാകുകയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം പലപ്പോഴും ഭീഷണി നേരിടുന്നു. മീഡിയകള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. സ്വതന്ത്ര ന്യൂസുകളുടെയും വീഡിയോകളുടെയും അഭാവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു. എന്താണ് താങ്കളുടെ അനുഭവവും അഭിപ്രായവും?

നമ്മുടെ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ രണ്ട് കാര്യങ്ങളെ കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യമാണ് അവര്‍ നല്‍കുന്നത്. ഒന്ന്, നമ്മുടെ ആഭ്യന്തരമായ അഭിവൃദ്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍. രണ്ടാമത്തേത് ദേശീയ സുരക്ഷയെപ്പറ്റിയുള്ള വാര്‍ത്തകള്‍. ഇവയെക്കുറിച്ച് നിങ്ങള്‍ക്ക് പൊലിപ്പിച്ചു എഴുതാം. ചിലപ്പോള്‍ ഗവണ്‍മെന്റിന്റെ പാരിതോഷികവും ലഭിക്കും. ഭീകരതക്കെതിരെ രാജ്യ സുരക്ഷക്ക് വേണ്ടി നമുക്ക് യുദ്ധം ചെയ്യാം. യഥാര്‍ഥത്തില്‍ നമ്മള്‍ സുരക്ഷ എന്ന് പറയുന്നത് അമേരിക്ക-ഇസ്രായേല്‍ സൗദി അച്ചുതണ്ടുകള്‍ ഉണ്ടാക്കിയെടുത്ത അല്‍ഖ്വയ്ദ ഐസിസ് തുടങ്ങിയവയില്‍ നിന്നുള്ള സുരക്ഷയാണ്. അതായത് ഭീകരതയുടെ പ്രയോക്താക്കളും പ്രായോജകരും ഒരുകൂട്ടര്‍ തന്നെയാണെന്ന് അര്‍ഥം.

താങ്കള്‍ ഏറ്റവും കൂടുതല്‍ document ചെയ്തിട്ടുള്ളത് സാമുദായിക കലാപങ്ങളും മറ്റുമാണല്ലോ. അതുപോലെതന്നെ ദലിതുകള്‍ക്ക് എതിരെയുള്ള പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ അക്രമങ്ങള്‍ താങ്കള്‍ വിശദമായിതന്നെ എഴുതുകയും അതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും സിനിമ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. രോഹിത് വെമുലയുടെ മരണത്തിന് ശേഷം എച്ച്.സി.യു, ജെ.എന്‍.യു മുതല്‍ മറ്റു ക്യാമ്പസുകളിലും ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ക്ക് എതിരെ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവരുന്നു. പക്ഷേ, ഇതില്‍ ഇടതുകളും മറ്റുചിലരും പലപ്പോഴും ചെറിയ രീതിയിലെങ്കിലും സ്വരച്ചേര്‍ച്ച ഇല്ലാതെ പോകുന്നത് കാണുന്നു. ഇവരുടെ ഐക്യം സാധ്യമല്ലേ?

ജാതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഇപ്പോഴും വ്യക്തതക്കുറവ് ഉണ്ട്. അതാണ് പല നയ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. ദലിത് ഗ്രൂപ്പുകളുടെ ഐഡന്റിറ്റി പൊളിറ്റിക്‌സും ഇടതുപക്ഷത്തിന്റെ ചുവന്ന രാഷ്ട്രീയവും തമ്മില്‍ ഇക്കാര്യത്തില്‍ നയവ്യതിയാനങ്ങള്‍ ഉണ്ട്. സാമ്പ്രദായിക മാര്‍ക്‌സിസ്റ്റുകാര്‍ കരുതുന്നത് ജാതി ഇന്ത്യന്‍ വ്യവസ്ഥയുടെ ഒരു ഭാഗമാണെന്നാണ്. ഇവരുടെ സാമ്പത്തിക അസമത്വം ഇല്ലായ്മ ചെയ്യുന്നതിലൂടെ സോഷ്യലിസം വരുമെന്നാണ് അവര്‍ തെറ്റിദ്ധരിക്കുന്നത്. സാമ്പത്തിക അടിത്തറയില്‍ നിന്നാണ് അവര്‍ ജാതിയെ നോക്കുന്നത് എന്നര്‍ഥം. അതേസമയം ദലിത് പക്ഷം ജാതി എന്നത് ഓരോരുത്തരുടെയും ജനനവുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നു. നമ്മള്‍ എന്ത് പ്രവര്‍ത്തിച്ചാലും ചിന്തിച്ചാലും അത് ജനിച്ച വര്‍ഗത്തിന്റെയും ജാതിയുടേയും അടിസ്ഥാനനത്തില്‍ ആയിരിക്കും. അഥവാ, ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അനുസരിച്ച് ജാതി മാറുകയില്ല എന്ന് അവര്‍ അടിവരയിടുന്നു. ഇത്തരം ചിന്തകള്‍ അംബേദ്ക്കറുടെ അധ്യാപനങ്ങളില്‍ പെട്ടതുകൂടിയാണ്. ജാതി അനുസരിച്ചാണ് മനുഷ്യന്റെ ശ്രേഷ്ഠത എന്നാണ് മനുവാദത്തിന്റെ മാനസികാവസ്ഥ തന്നെ. ഇതിനെതിരെ ആയിരുന്നു അംബേദ്കര്‍ പോരാടിയത്. ഇടതുപക്ഷത്തിന്റേയും ദലിത് ബഹുജന സംഘടനകളുടെയും ആത്യന്തിക വാദങ്ങള്‍ ശരിയല്ല. ഞാന്‍ വിശ്വസിക്കുന്നത് എല്ലാവരും സമൂഹത്തിന്റെ ദീര്‍ഘകാല ഗുണം മുന്നില്‍വെച്ച് അത് ലഭിക്കുന്നതിനുവേണ്ടി രമ്യതയില്‍ മുന്നോട്ടുപോകണം എന്നാണ്. ഗോവിന്ദ് പന്‍സാരെ കനയ്യകുമാര്‍ ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ ഇത്തരം ഐക്യത്തെ ആണ് നമുക്ക് കാണിച്ചുതരുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങളും പാര്‍ട്ടികളുമായി ദലിതുകളുടെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ഉന്നമനത്തിനുവേണ്ടി ഐക്യപ്പെടുക. എന്റെ അഭിപ്രായത്തില്‍ പുരോഗമന ഗാന്ധിയന്‍മാര്‍ വരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അതിന്റെ ഉദാഹരണങ്ങളാണ് നരേന്ദ്ര ധാബോല്‍ക്കര്‍, മേധാപട്കര്‍ തുടങ്ങിയവര്‍. ഇത്തരം സഖ്യങ്ങളിലൂടെ രാഷ്ട്രീയ നേട്ടത്തിനും രാജ്യത്തിന്റെ നിര്‍മാണത്തിലും നമുക്ക് ക്രിയാത്മകമായി പങ്കെടുക്കാന്‍ കഴിയും.

താങ്കളുടെ ‘ജയ് ഭീം’ എന്ന സിനിമ ഒരുപാട് കാലത്തെ പ്രയത്‌നം ആണല്ലോ. മുംബെയിലെ രമാഭായി നഗറിലെ ജനങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓര്‍മകള്‍ കൂടിയാണ് ആ സിനിമ. എന്തായിരുന്നു രാജ്യത്തിന്റെ വ്യത്യസ്ത കോണുകളില്‍ സിനിമയെ കുറിച്ചുള്ള പ്രതികരണം?

നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ 14 വര്‍ഷം എടുത്താണ് ഞാന്‍ ആ സിനിമ ചിത്രീകരിച്ചത്. മഹാരാഷ്ട്രയിലെ ദലിത് സബര്‍ബന്‍ മേഖലകളില്‍ ആദ്യമായി അത് ഓപ്പണ്‍ എയറില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ പ്രതികരണമാണുണ്ടായത്. ആയിരത്തിലധികം ആളുകള്‍ അത് കാണാനെത്തി. ഞങ്ങള്‍ സജ്ജീകരിച്ചിരുന്ന കസേരകള്‍ തികഞ്ഞില്ല, ആളുകള്‍ പിറകിലും മരത്തിന് മുകളിലും കയറിയിരുന്നാണ് മൂന്ന് മണിക്കൂര്‍ ഉള്ള ഫിലിം കണ്ടത്. ആളുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ദലിത് ഗാനങ്ങളും മറ്റും പരിപാടിയുടെ മുന്‍പ് ഞങ്ങള്‍ സജ്ജീകരിച്ചു. ഫിലിം സ്‌ക്രീനിന് ശേഷം സദസ്സുമായി വിശദമായ ചര്‍ച്ചകളും സംവാദവും ഉണ്ടായിരുന്നു.

രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുന്നത് സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള ഭാഷയില്‍ സംസാരിക്കുന്നതിനും അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കുന്നതിലും പരാജയങ്ങള്‍ സംഭവിക്കുന്നുണ്ടോ?

ചെറിയ അളവില്‍ ഇതു ശരിയായിരിക്കാം. എന്നിരുന്നാലും ആളുകള്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അഭിമുഖീകരിക്കും ചെയ്യുന്നുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. ഹിന്ദു ബ്രാഹ്മണിക്കല്‍ ഫാസിസത്തിനെതിരെ ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നത് വലിയ ഒരു ജോലിയാണ്, അത് എളുപ്പത്തില്‍ നടത്തുക സാധ്യമല്ല. സാംസ്‌കാരികവും മതപരവുമായ ഔന്നിത്യങ്ങള്‍ പറഞ്ഞും വ്യാജ രാഷ്ട്ര ഭക്തി പ്രകടിപ്പിച്ചും ജനങ്ങളെ തെറ്റായ രീതിയില്‍ ഉപദേശങ്ങള്‍ കൊണ്ട് വഴിതെറ്റിക്കുകയാണ് ആര്‍.എസ്.എസ് കേഡര്‍മാര്‍ രാജ്യത്തുടനീളം ചെയ്യുന്നത്. ആദ്യ കാലഘട്ടങ്ങളില്‍ ഹിന്ദുത്വം ആകര്‍ഷിച്ചത് ബ്രാഹ്മണരെ മാത്രമായിരുന്നു. പിന്നീട് എല്ലാ വിധ ജാതിയില്‍പെട്ടവരും അവര്‍ ആകര്‍ഷിച്ചു. അതിലവര്‍ വിജയിച്ചു. ആഭ്യന്തര ശത്രുക്കള്‍ എന്ന് അവരുടെ ഗുരു പറഞ്ഞ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ ഉള്ള വംശീയ സമരത്തിലാണ് ഇപ്പോള്‍ അവര്‍ അണിനിരന്നിട്ടുള്ളത്. ഈ വലതുപക്ഷ വര്‍ഗീയവാദികളെ ചെറുക്കാന്‍ കഴിയുന്ന വലിയ മെക്കാനിസം ഇന്ത്യയില്‍ ഇതുവരെ നിലവില്‍ ഇല്ല എന്ന് തന്നെ പറയാം.

തീവ്ര ഹിന്ദുത്വത്തോടൊപ്പം സംഘ്പരിവാര്‍ വൃത്തങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്ന വ്യത്യസ്തമായ അജണ്ടകളെകുറിച്ച് ?
ബീഫ്, പശു, രാമജന്മഭൂമി തുടങ്ങി കാശ്മീര്‍ വരെയുള്ള വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന വിഷയങ്ങളില്‍ ആളുകളുടെ ശ്രദ്ധ തളച്ചിടുന്നു. ഇത് ഹിന്ദുത്വത്തിന്റെ വ്യക്തമായ ഒരു അജണ്ടയാണ്. ഹിന്ദുപരിവാര്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയും അറിവും ഇല്ലാതെ ഒരു കാര്യവും സംഭവിക്കുകയില്ല. ചില സമയങ്ങളില്‍ അണികളുടെ ആക്രമണങ്ങളില്‍ മോദിയും അമിത് ഷായും തങ്ങളുടെ അറിവോടെയല്ല ഇത് നടക്കുന്നത് എന്ന് പറഞ്ഞെന്നു വരും. പക്ഷേ, അത് യാഥാര്‍ഥ്യമല്ല. നോട്ട് നിരോധം കള്ളപ്പണം പിടിക്കാന്‍ ആണെന്ന് ആദ്യം പറഞ്ഞു യഥാര്‍ഥത്തില്‍ ധാരാളം തൊഴില്‍ നഷ്ടങ്ങള്‍ ഇവിടെ സംഭവിച്ചു. യഥാര്‍ഥത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ് ഇവര്‍. എന്നാല്‍, ദീര്‍ഘകാല അളവില്‍ ഭാവിയില്‍ അവര്‍ക്ക് കള്ളപ്പണത്തിന് വേണ്ടി നോട്ട് നിരോധം നടപ്പിലാക്കി എന്ന് പറയാനും കഴിയും. അത് സത്യമായിരുന്നോ എന്നൊന്നും അക്കാലത്ത് ആരും അന്വേഷിക്കുകയില്ല; ആളുകള്‍ മറന്നു പോയിരിക്കും.

മതങ്ങളെ ഉള്‍ക്കൊള്ളുന്ന സെക്കുലറിസം ആണോ അതോ മതങ്ങളെ തള്ളിക്കളയുന്ന കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സെക്യുലരിസം ആണോ കൂടുതല്‍ പ്രാവര്‍ത്തികം?
മതനിരാസ രീതിയിലുള്ള സെക്യുലരിസത്തിന് പലപ്പോഴും നിലനില്‍പ്പ് ഉണ്ടാകില്ല. യു.എസ്.എസ്.ആറില്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് വീണ്ടും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ആയി മാറി. പ്യുവര്‍ റാഷ്ണാലിറ്റി ഇന്ത്യയില്‍ സ്വീകരിക്കപ്പെടുകയില്ല എന്ന് ഗാന്ധിജിയും അംബേദ്ക്കറും മനസ്സിലാക്കിയിരുന്നു. ഗാന്ധിജി, അംബേദ്കറില്‍ നിന്നും വിരുദ്ധമായി അദ്ദേഹത്തിന്റെ മതം തെരഞ്ഞെടുത്തത് അല്ലായിരുന്നു; തനിക്ക് പാരമ്പര്യമായി ലഭിച്ച ജാതിയില്‍ പിന്തുടരുകയായിരുന്നു. എന്നിരുന്നാലും അദ്ദേഹവും സംസ്‌കാര സമ്പന്നനായിരുന്നു. ഗാന്ധിജി വര്‍ണാശ്രമവ്യവസ്ഥ പാലിച്ച ആളായിരുന്നു. പക്ഷേ, ശുദ്ധി സംസ്‌കാരത്തിനെതിരെയും അയിത്തത്തിനെതിരെയും നിലകൊണ്ടു. അംബേദ്കറുടെ സ്വാധീനം ഗാന്ധിജിയിലും മാറ്റങ്ങള്‍ വരുത്തി എന്നു വേണം കരുതാന്‍. ചെറിയതെങ്കിലും പല മാറ്റങ്ങള്‍ക്കും വിധേയമായ ഒരു സനാതനധര്‍മത്തില്‍ ആയിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. ഗാന്ധിജിയുടെ എത്തിക്കല്‍ കോഡുകള്‍ പാരമ്പര്യ ഹിന്ദുയിസത്തിന്‍ ഭാഗം തന്നെയായിരുന്നു. ഇത് അദ്ദേഹത്തിന്റെ ആന്തരിക ചോദനകളുമായി ബന്ധപ്പെട്ടതാവാം.

അംബേദ്കര്‍ ദലിത് വിഭാഗത്തില്‍ ജനിച്ചതിനാല്‍ തന്നെ അവരുടെ അരികുവല്‍കരണത്തിന്റെ കാരണങ്ങള്‍ കൂടുതലായി അനുഭവഭേദ്യമായി. ജാതിയുടെ ഇരയായിരുന്നു അദ്ദേഹം. തന്റെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ബുദ്ധമതം സ്വീകരിച്ചു. എത്തിക്കല്‍ കോഡുകളില്‍ അംബേദ്കര്‍ കണിശത പുലര്‍ത്തി. ഗാന്ധിജിയും അംബേദ്കറും വ്യത്യസ്ത തലങ്ങളില്‍ തിയോളജിക്കല്‍ ലിബറേഷന്‍ തിയറികളുടെ ആളുകളായിരുന്നു എന്നുപറയാം. രണ്ടുപേരെയും താരതമ്യപ്പെടുത്തുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കാരണം, രണ്ടുപേരുടെയും വ്യത്യാസങ്ങള്‍ നമുക്ക് അറിയാം. ഒരാള്‍ പ്രിവിലേജ് ക്ലാസ്സില്‍ നിന്നും മറ്റൊരാള്‍ ഒപ്രസ്സ്ഡ് ക്ലാസ്സില്‍നിന്നും വന്നതാണ്. ഒരാള്‍ പാര്യമ്പര്യം മതങ്ങളുടെ ചട്ടക്കൂടിന് സമീപത്തുകൂടി വിദ്യാഭ്യാസം നേടിയപ്പോള്‍, മറ്റേയാള്‍ പഠനത്തിന് വിഘാതം നേരിട്ടപ്പോള്‍ അതിന്റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങി ആധുനിക ഇന്ത്യയുടെ മഹാനായ ഇന്‍ടെലെക്ച്വല്‍ ആയി മാറി. രണ്ടുപേരുടെയും അഹിംസ സിദ്ധാന്തങ്ങള്‍ക്കും വ്യത്യസ്ത പരികല്പനകള്‍ ആയിരുന്നു.

അരികുവല്‍കൃത സമുദായങ്ങളായ ദലിതുകളും മുസ്‌ലിംകളും കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്. അതേ സമയം സ്വത്വരാഷ്ട്രീയത്തിന്റെ ഭൂമികകള്‍ മതേതരത്വത്തെ ഭിന്നിപ്പിക്കുന്നു എന്നവാദവുമുണ്ട്?

സ്വത്വരാഷ്ട്രീയമെന്നത് ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. ഐഡന്റിറ്റി ഗ്രൂപ്പുകളെ ഒപ്രസ് ചെയ്താല്‍ സ്വാഭാവികമായും അവര്‍ തങ്ങളുടെ ഐഡന്റിറ്റിക്കുവേണ്ടി സമരത്തില്‍ ഏര്‍പ്പെടും. “Black is beautiful” ബ്യൂട്ടിഫുള്‍ എന്നത് ഒരു കാലത്ത് യു.എസ.്എയിലെ ആഫ്രോ-അമേരിക്കന്‍ പ്രവിശ്യയിലെ മുദ്രാവാക്യമായിരുന്നു ഒരു കാലത്ത്; ഇന്ത്യയിലെ ദലിത് ഐഡന്റിറ്റി പൊളിറ്റിക്‌സ് പോലെ. ഇവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം വിഘടന വാദങ്ങള്‍ ഉന്നയിക്കുന്നതോടു കൂടിയാണ് പ്രശ്‌നങ്ങള്‍ തല പൊക്കുക. മാല്‍ക്കം എക്‌സ് കടന്നുവന്നത് ബ്ലാക് മുസ്‌ലിംകളുടെ സ്വത്വം എന്ന നിലയില്‍ ആയിരുന്നു. അദ്ദേഹം നീതിക്കും സമത്വത്തിനും വേണ്ടിയാണ് വാദിച്ചത്. പാശ്ചാത്യലോകത്തെ പോസ്റ്റ്-മോഡേണ്‍ അക്കാദമിക സമൂഹം ഐഡന്‍ന്റിറ്റി പൊളിറ്റിക്‌സിനെ അംഗീകരിക്കുന്നു. എന്നാല്‍, ഒരു inclusive രാഷ്ര്ട്രീയത്തിന് കൂടിയാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് ശ്രമിക്കേണ്ടത്. അതാണ് ഇന്ത്യക്കും ലോകത്തിനും കരണീയം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757