Opinion

പാനായിയിക്കുളം കേസ് ; ഭീകരവാദത്തെ കുറിച്ച മുഖ്യധാരാ ആഖ്യാനങ്ങള്‍ക്ക് മറുകുറിപ്പാണ് ഹൈക്കോടതി വിധി – അഡ്വ. സി അഹമ്മദ് ഫായിസ്

 

പൗരാവകാശവും മനുഷ്യാവകാശവും ജനാധിപത്യ വ്യവസ്ഥയില്‍ പരമപ്രധാനമായി കാണുന്നവരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന വിധിയാണ് പാനായിക്കുളം സിമി കേസ് എന്ന് മാധ്യമങ്ങല്‍ കൊട്ടിഘോഷിച്ച സ്വാതന്ത്ര്യ സമര സെമിനാര്‍ കേസില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 12 ന് ഉണ്ടായിട്ടുള്ളത്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ രൂപീകരിച്ച ശേഷം കേരളത്തില്‍ നിന്ന് ഏറ്റെടുത്ത ആദ്യ കേസായിരുന്നു പാനായിക്കുളം കേസ്. വിവിധ തരത്തിലുള്ള കൈക്കടത്തലുകള്‍ നടക്കുന്ന, കള്ളസാക്ഷികളും വ്യാജ തെളിവുകളും ഹാജരാക്കപ്പെട്ട, എന്‍.ഐ.എ കോടതിയിലെ ന്യായാധിപന്‍ വരെ പക്ഷം ചേര്‍ന്ന കേസായിരുന്നു ഇത്. എല്ലാത്തിനുമൊടുവില്‍ ഹൈക്കോടതി എല്ലാ കുറ്റാരോപിതരേയും വെറുതെ വിടുകയും എന്‍.ഐ.എ കോടതിയും നിയമപാലകരും കേസില്‍ നടത്തിയ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു.

2006 ആഗസ്റ്റ് 15ന് പാനായിക്കുളത്ത് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം സംഘടിപ്പിച്ചു എന്നും അവിടെ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ സംസാരിച്ചു എന്നും ആരോപിച്ചാണ് ബിനാമിപുരം എസ്.ഐ കെ.എന്‍ രാജേഷ് പതിനെട്ടുപേരെ കസറ്റഡിയില്‍ എടുത്തത്. മീറ്റിംഗില്‍ പങ്കെടുത്ത റഷീദ് മൗലവിയുടെ പരാതി പ്രകാരം യോഗത്തില്‍ സംസാരിച്ച പി.എ ശാദുലി, അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി , നിസാമുദ്ദീന്‍, ഷമ്മി എന്നീ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ പ്രകാരം കേസെടുക്കുകയും ചെയ്തു. ഇവരില്‍ നിന്നും പാകിസ്ഥാന്‍ അനുകൂലവും, സിമി അനുകൂലവുമായ പ്രകോപനപരവും രാജ്യദ്രോഹപരവുമായ പുസ്തകങ്ങളും ലഘുലേഖകളും കണ്ടെടുത്തു എന്നായിരുന്നു പോലീസ് അവകാശപ്പെട്ടിരുന്നത്. നാല്‍പത് മാസത്തിലധികം ജയില്‍വാസം അനുഷ്ടിച്ചശേഷം അവരിപ്പോള്‍ ജയില്‍ വിമോചിതരായിരിക്കുന്നു.

പാനായിക്കുളം ടൗണില്‍ എറണാകുളം പറവൂര്‍ റോഡിന്റെ ഓരത്തുള്ള ഹാപ്പി എന്ന് പേരുള്ള ഓഡിറ്റോറിയത്തില്‍ വെച്ചാണ് പോലീസ് ആരോപിക്കുന്ന ഈ ‘രഹസ്യ മീറ്റിംഗ്’ നടന്നത്. പൊതുപരിപാടി എന്ന രീതിയില്‍ ഒരാഴ്ച മുന്‍പ് തന്നെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തുകൊണ്ടാണ് യോഗം നടന്നത്. സ്വാതന്ത്ര്യ ദിനമായിരുന്ന അന്ന് ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് ‘ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണവും പൊതുപരിപാടിയുമാണ് സംഘടിപ്പിക്കപ്പെട്ടത്. പാനായിക്കുളത്തും പരിസര പ്രദേശങ്ങളിലും പൊതുപ്രവര്‍ത്തനം നടത്താറുള്ള പ്രാദേശിക സംഘടനയായ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. യോഗം നടക്കുമ്പോള്‍ ബിനാമിപുരം എ എസ്.ഐ ആന്റണി അവിടെ ഉണ്ടായിരുന്നതായും പരിപാടിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നതായും തുടര്‍ന്ന് അനുവാദം നല്‍കിയതായും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച റാസിഖ് ”കെട്ടി ചമച്ച കേസുകളുടെ ജനകീയ തെളിവെടുപ്പ്”എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി നടത്തിയ പരിപാടിയില്‍ ജനകീയ ട്രൈബ്യുണലിന് മുന്നില്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍, യോഗനടപടികള്‍ ആരംഭിച്ചപ്പോള്‍ ആന്റണി ഓഡിറ്റോറിയത്തിലേക്ക് വരികയും മുകളില്‍ നിന്നുള്ള നിര്‍ദ്ധേശമാണ് എന്ന് പറഞ്ഞ് സംഘാടകരുടെയും പ്രാസംഗികരുടേയും പേരും അഡ്രസ്സും എഴുതി വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കേസിന്റെ സ്വഭാവം മാറിയതായും ഐ.ബി ചോദ്യം ചെയ്യാന്‍ എത്തിയതായും റാസിഖ് പറയുകയുണ്ടായി.

ആദ്യം ആലുവ റൂറല്‍ എസ്.പി വഹാബ് കൈകാര്യം ചെയ്ത കേസ് പിന്നീട് 2008 സെപ്റ്റംബരില്‍ മലപ്പുറം ഡി.വൈ.എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പുതിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കൊണ്ട് (എസ്.ഐ.ടി ) അന്വേഷിപ്പിക്കാന്‍ കോടിയേരിയുടെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. റൂറല്‍ എസ്.പി ആയിരുന്ന വഹാബ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന മുഖ്യധാര മാധ്യമങ്ങളുടെ പ്രചരണം ആയിരുന്നു മുഖ്യ കാരണം. ഉദ്യോഗസ്ഥന്റെ മതമായിരുന്നു ഈ പ്രചരണത്തിന് കരുത്തേകിയത്. ഇത്തരത്തിലുള്ള കുത്സിത പ്രചരണങ്ങള്‍ കേസിന്റെ തുടക്കം മുതല്‍ക്കേ മലയാള പത്രങ്ങള്‍ വിശിഷ്യാ മംഗളം, കേരള കൗമുദി തുടങ്ങിയവ നിരന്തരം നടത്തിയിട്ടുണ്ട്. കേസില്‍ കുറ്റാരോപിതനായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പതിമൂന്നാം പ്രതി വിദ്യാര്‍ഥി ആയിരുന്നതിനാലും മറ്റെല്ലാ കുറ്റാരോപിതര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട് എന്ന് കണ്ടതിനാലും ജാമ്യം കൊടുത്തതിന്റെ പേരില്‍ തനിക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയെന്നും തനിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വിജിലന്‍സ് അന്വേഷണം ഉണ്ടാവുകയും ചെയ്തതായും അന്ന് പറവൂര്‍ മജിസ്‌ട്രേറ്റ് ആയിരുന്ന മുഹമ്മദ് താഹ വിധി പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. സിമിയോട് വിയോജിപ്പുള്ള തനിക്ക് സിമി അനുഭാവം ഉള്ളതാണ് ജാമ്യം കൊടുക്കാന്‍ കാരണം എന്ന പ്രചരണം ഉണ്ടായതായും അദ്ദേഹം പറയുകയുണ്ടായി.

പിന്നീട് 2009 അവസാനം ഇതേ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് എന്‍.ഐ.എ സംവിധാനം നിലവില്‍ വരുന്നതും അതിനെ തുടര്‍ന്ന് പാനായിക്കുളം കേസ് ഏറ്റെടുക്കുന്നതും. അതിന് മുന്‍പ് ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിന്നീട് ദേശവിരുദ്ധം എന്ന് എന്‍.ഐ.എ കോടതിയില്‍ വാദിക്കപ്പെട്ട പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതിയുണ്ടാക്കുകയും അത് കേട്ടുവെന്ന് നേരത്തെ കേസില്‍ പതിനെട്ടാം പ്രതിയായിരുന്ന റഷീദ് മൗലവിയെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ വെറുതെ വിട്ട പതിമൂന്നുപേരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഈ അന്വേഷണ സംഘം തന്നെയായിരുന്നു. ഇവരെയൊക്കെ വിളിച്ചുവരുത്തിയും വീടുകളില്‍ പോയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പിന്നീട് എന്‍.ഐ.എ കേസ് ഏറ്റെടുത്തപ്പോള്‍ റഷീദ് മൗലവി മാപ്പ് സാക്ഷിയാവുകയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ഒരു കേസിലെ പ്രതിയും, പരാതിക്കാരനും ഇന്‍ഫോര്‍മറും മാപ്പുസാക്ഷിയും പ്രതിഭാഗത്തെ ഒന്നാം സാക്ഷിയുമൊക്കെ ഒരാള്‍ തന്നെയാവുക എന്ന അതിവിചിത്രതയും പാനായിക്കുളം കേസില്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഹൈക്കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും റഷീദ് മൗലവിയുടെ മൊഴിയുടെ വിശ്വാസ്യതയും അതിനെ ബലപ്പെടുത്തുന്ന മറ്റു തെളിവുകളുടെ അഭാവത്തെ കുറിച്ചുമായത്. പാനായിക്കുളം സലഫി പള്ളിയിലെ ഇമാം ആയിരുന്ന റഷീദ് മൗലവി പരിപാടിയില്‍ പ്രാസംഗികനായിരുന്നു എന്നാണ് പരിപാടിയുടെ സംഘാടകനായിരുന്ന നിസാമുദ്ദീന്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ട്രിബ്യൂണല്‍ മുന്‍പാകെ പറഞ്ഞത്.

എന്‍.ഐ.എ കോടതി പല തരത്തില്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയും കള്ള തെളിവുകല്‍ സ്വീകരിച്ച് ഒടുവില്‍ കേസില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്തതാണ് 2015 ല്‍ കണ്ടത്. ഈ വിധിയില്‍ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍ അവലംബമാക്കുന്നതിന് പകരം പല വെബ്‌സൈറ്റുകള്‍ ആധാരമാക്കി വിധി പറഞ്ഞുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കൃത്യമായ തെളിവുകള്‍ ഇല്ല എന്നതിനാലും റഷീദ് മൗലവിക്ക് പുറമേ നിയമപരമായി വിശ്വാസ്യ യോഗ്യമായി കണക്കാക്കാത്ത പോലീസുകാരുടെ മൊഴികളും മാത്രമാണ് ശിക്ഷിക്കാന്‍ എന്‍.ഐ.എ കോടതി അവലംബിച്ചത് എന്നതുമാണ് ഇപ്പോള്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവാന്‍ കാരണം. എന്നാല്‍ പോലും മറ്റനേകം കെട്ടിച്ചമക്കപ്പെട്ട കേസുകളെ പോലെ തന്നെ തെളിവുകളുടെ കൃത്യമായ അഭാവം മൂലം വെറുതെ വിടുന്നു എന്ന് കോടതികള്‍ പറയുന്നതിനാല്‍ തന്നെ ഇപ്പോള്‍ വെറുതെ വിട്ടയക്കപ്പെട്ട ആളുകള്‍ക്ക് നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാനുള്ള അര്‍ഹതയുണ്ടാവുന്നില്ല. എന്‍.ഐ.എ കോടതിയുടെ വിധിയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ചിട്ടുണ്ട് എങ്കിലും ഹൈക്കോടതി വിധിയില്‍ ഒരിടത്തും കുറ്റാരോപിതര്‍ക്കെതിരെ ഉള്ള തെളിവുകള്‍ പോലീസും എന്‍.ഐ.എയും കെട്ടിച്ചമച്ചതാണ് എന്ന പരാമര്‍ശം ഉണ്ടായിട്ടില്ല. ഒപ്പം ഇവര്‍ക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ ഉപയോഗിച്ച ഇന്ത്യയില്‍ ഇന്നും നിരോധിക്കപെടാത്ത പുസ്തകങ്ങള്‍ മറ്റു പലയിടങ്ങളില്‍ നിന്നും ശേഖരിച്ചതാണ് എന്നതും കോടതി വിധിയില്‍ ഇല്ല. മറിച്ചു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും സീഷര്‍ മഹസ്സര്‍ സമര്‍പ്പിക്കാനും ഉണ്ടായ കാലതാമസവും കേസില്‍ പോലീസിന് തെളിവുകള്‍ ഉണ്ടാക്കാനുള്ള സമയം ഉണ്ടായി എന്ന നിരീക്ഷണം മാത്രമാണ് വിധിയില്‍ ഉള്ളത്. ഒപ്പം രാജ്യദ്രോഹ വകുപ്പ് സൂക്ഷിച്ചുമാത്രം ഉപയോഗിക്കേണ്ടതാണ് എന്ന മുന്‍പത്തെ സുപ്രീം കോടതി വിധിയും ആരോപിക്കപ്പെട്ട പരാമര്‍ശങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്ന നിരീക്ഷണവും ആണ് വിധി മുന്നോട്ട് വെച്ചത്.

രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ദുരുപയോഗത്തെ കുറിച്ചും നിരോധിത സംഘടനകളില്‍ അംഗമായി എന്ന ഒരൊറ്റ കാരണം കൊണ്ട് അറസ്റ്റ് ചെയ്യുന്നതിനെതിരായ സുപ്രീം കോടതിയുടെ അഭിപ്രായങ്ങളെയും ഹൈക്കോടതി വിധി ഊട്ടിയുറപ്പിക്കുമ്പോഴും ദീര്‍ഘമായ 13 വര്‍ഷം തങ്ങളുടെ യുവപ്രായത്തില്‍ കുറ്റാരോപിതരായ ഈ ചെറുപ്പക്കാരും അവരുടെ കുടുംബവും അനുഭവിച്ച യാതനകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഈ കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ കൊണ്ട് മാത്രം കഴിയില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം തീവ്രവാദികള്‍ എന്ന് മുദ്രകുത്തി മുന്‍പേജില്‍ വെണ്ടക്ക അക്ഷരത്തില്‍ തലക്കെട്ടുകള്‍ നിരത്തിയും കേരളത്തില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ കുറിച്ച് അപസര്‍പ്പ കഥകള്‍ രചിച്ചും അന്തി ചര്‍ച്ച സംഘടിപ്പിച്ചും മുസ്‌ലിം ഭീതി പരത്തിയ മാധ്യമങ്ങളില്‍ ഒന്നുപോലും ഇവരുടെ മോചന സമയത്ത് ജയില്‍ പരിസരത്തുണ്ടായില്ല. എന്നുമാത്രമല്ല, ഇവരുടെ മോചനത്തെ കുറിച്ച വാര്‍ത്ത ഉള്‍പ്പേജിലെ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കുകയും ചെയ്തു. നഷ്ടപരിഹാരമാണ് ഈ യുവാക്കള്‍ക്കുള്ള നീതി എന്ന് നാം പറയുമ്പോഴും നിയമ വ്യവഹാരങ്ങളില്‍, കോടതി വിധികളില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉതകും വിധം അനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടതും ഭീകരവാദത്തെ കുറിച്ച ഭരണകൂട ആഖ്യാനങ്ങളെ മറികടക്കുന്ന വിധം കെട്ടിച്ചമക്കപ്പെട്ട കേസുകളില്‍ നിന്ന് വിമോചിതരാകുന്ന നിരപരാധികളുടെ ആഖ്യാനങ്ങള്‍ക്ക് പ്രാമുഖ്യവും ലഭിക്കാന്‍ ഇനിയും കടമ്പകളേറെയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സമര്‍പ്പിക്കപ്പെട്ട ദേശീയ നിയമ കമീഷന്റെ 277ാമത് റിപ്പോര്‍ട്ട് കേസുകള്‍ കെട്ടിച്ചമക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും നഷ്ടപരിഹാരം ഈടാക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ടുവെക്കാന്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പോലും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ നഷ്ടപരിഹാരമാണ് നീതിയെന്ന മുദ്രവാക്യത്തോടൊപ്പം തന്നെ കേസുകള്‍ കെട്ടിച്ചമക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും നഷ്ടപരിഹാരം അവരില്‍ നിന്ന് തന്നെ ഈടാക്കാനും വേണ്ട നിയമനിര്‍മാണങ്ങള്‍ക്ക് വേണ്ടി നാം ഇനിയും പോരാടേണ്ടിയിരിക്കുന്നു. അത്തരം പോരാട്ടങ്ങളിലൂടെ മാത്രമേ ആഗോള തലത്തില്‍ തന്നെ നിലവിലുള്ള ഭീകരവാദത്തെ കുറിച്ച മുഖ്യധാരാ ആഖ്യാനങ്ങളെ മറികടക്കാന്‍ കഴിയൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757