culturalOpinion

ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലേക്ക് ഒരു വായന – വി.ആര്‍ അനൂപ്

 

പുസ്തകം

ഖസാക്കില്‍ കുഞ്ഞാമിനയ്ക്ക് രവി കഥ പറഞ്ഞുകൊടുക്കുമ്പോള്‍ അവള്‍ ആവശ്യപ്പെടുന്നത് ‘ ആരും ചാകാത്ത’ കഥ പറയാനാണ്. ഒറ്റയ്ക്കോ കൂട്ടത്തോടെയോ ഉള്ള കൊലപാതകങ്ങളുടെ സമാഹാരം എന്നതുതന്നെയാണ് ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ പൊതുധാരണ. ഇവിടുത്തെ, ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ കുറിച്ചുള്ള ഏതു വിശകലനത്തിലും അത് അതിന്റെ പാരമ്യത്തില്‍ എത്തുന്നതായി കാണാം. കേരളത്തില്‍ പോലും ആദ്യമായി ഒരു പൊതുറോഡ് ഉണ്ടാക്കിയ, പൊതുസമൂഹം സൃഷ്ടിച്ച ടിപ്പുവിന്റെ ഭരണകാലത്തെ അങ്ങിനെ വിളിക്കുന്നതിനു പകരം ടിപ്പുവിന്റെ പടയോട്ടമെന്ന തലക്കെട്ടിനകത്താണ് ഇതുവരെ പരിചരിച്ചുപോന്നിരുന്നത്. ഏറ്റവും വലിയ ക്ഷേത്രധ്വംസകനായി അവതരിപ്പിക്കപ്പെട്ടിരുന്ന, ടിപ്പുവിന്റെ പേരില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം പോലുള്ള പ്രശസ്തമായ ഒരു ക്ഷേത്രത്തില്‍ സലാം മംഗള ആരതി എന്ന പേരില്‍ പൂജ നടക്കുന്നുവെന്ന വിവരം ഈയടുത്താണ് ഒരു പത്രവാര്‍ത്ത പുറത്തുകൊണ്ടുവന്നത്. താരതമ്യേന കേരളത്തിനകത്തെ സാംസ്‌കാരികമായ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും കൊടുക്കല്‍ വാങ്ങലുകളും അംഗീകരിക്കുന്നവര്‍ പോലും ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാം വ്യാപിച്ചത് അധികാരത്തിന്റെ മര്‍ക്കടമുഷ്ടി കൊണ്ടാണെന്നുള്ള കാര്യത്തില്‍ സമവായത്തിലെത്തുന്നത് കാണാം. സത്യത്തില്‍ ഇത്രയും ദീര്‍ഘകാലം ഇന്ത്യ ഭരിച്ചിരുന്ന ഇസ്‌ലാമിക ഭരണാധികാരികള്‍ ആ അര്‍ഥത്തില്‍ സാമ്രാജ്യത്വ വ്യാപനത്തിന്റെ ഭാഗമായി സൈനിക ശക്തി ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഇന്ത്യ ഒരു സമ്പൂര്‍ണ ഇസ്‌ലാമിക രാജ്യമായി സംവിധാനം ചെയ്യപ്പെട്ടേനെ. അപ്പോള്‍ പിന്നെ എങ്ങിനെയാണ് ഒരു മതം എന്നതിലുപരി ഒരു നവോത്ഥാന ശക്തിയായി ഇസ്‌ലാം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് പരിശോധിക്കുന്നതാണ് ഈയിടെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച കെ.ടി ഹുസൈന്റെ ‘ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും’ എന്ന പഠനം. അത്തരം പരിശോധനയും ആലോചനയും ആദ്യം ചെന്നെത്തിച്ചേരുക സൂഫീ സ്നേഹ സമ്പര്‍ക്കങ്ങളിലായിരിക്കും എന്നത് സ്വാഭാവികമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സമൂലമായി പരിണമിപ്പിച്ച ഇത്തരമൊരു ധാരയില്‍ നിന്നാണ് ഇവിടുത്തെ ഇസ്‌ലാമിക ചരിത്രം തുടങ്ങുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ കാതല്‍.

സൂഫികള്‍ പൊതുവില്‍ സുല്‍ത്താനെറ്റ് ഉള്‍പ്പെടെയുള്ള അധികാരത്തിന്റെ എല്ലാ വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക എന്ന രീതി തന്നെയാണ് പൊതുവിലും അനുവര്‍ത്തിച്ചിരുന്നത്. ചക്രവര്‍ത്തി മുന്‍വാതിലിലൂടെ അകത്തുകടന്നപ്പോള്‍ പിന്‍വാതിലിലൂടെ പുറത്തുപോയ സൂഫിയുടെ കഥ പ്രശസ്തമാണല്ലോ. ഇതേതെങ്കിലും ഒരു സൂഫിയുടെ മാത്രം കഥയല്ല. അധികാരം മുന്നിലൂടെ കടന്നുവരുമ്പോള്‍ അതിനെ ഉപേക്ഷിച്ച് പിന്നിലൂടെ പുറത്തുപോവുക എന്നതു തന്നെയാണ് സൂഫിസത്തിന്റെ പൊതുസത്ത. അധികാരികളെ, അധികാരത്തെ സ്വാധീനിക്കാന്‍ ഗുണപരമായി അവസരമുണ്ടായിട്ടും അതു ചെയ്യാത്ത അന്തര്‍മുഖത്വത്തെ അതിന്റെ പരിമിതിയായി വിമര്‍ശന വിധേയമാക്കുന്നുണ്ട് പുസ്തകം. സൂഫിസത്തിലെ കേവല ആചാരബന്ധിതവും അനാചാര ബന്ധതവും ധാരകള്‍ ആ അര്‍ഥത്തില്‍വിശകലനം ചെയ്യപ്പെടേണ്ടതാണെങ്കിലും പൊതുവില്‍ അത് ഇസ്‌ലാമിന്റെ വ്യാപനത്തില്‍ നിര്‍വഹിച്ച പങ്കിനെ വിസ്മരിക്കാന്‍ കഴിയുന്നതല്ല എന്ന വാദമാണ് ആത്യന്തികമായി ഉന്നയിക്കപ്പെടുന്നത്. സൂഫികള്‍ സമൂഹത്തില്‍ പ്രയോഗിച്ചത് അതിന്റെ സിദ്ധാന്തപരതയെക്കാള്‍ അവരുടെ തന്നെ സ്വാനുഭവ ആഖ്യാനങ്ങളായിരുന്നു.

മറ്റെന്തിനെക്കാളും മതപ്രബോധനത്തിന്റെ രീതിശാസ്ത്രമായി സ്നേഹം മാറി. മമ്പുറം തങ്ങളുടെ അടുത്തേക്ക് ചൊറിയും ചിരങ്ങയുമായി കടന്നുവന്ന, അന്ന് അസ്പൃശ്യയായി കണക്കാക്കപ്പെട്ടിരുന്ന ദലിത് സ്ത്രീയെ തങ്ങള്‍ സ്നേഹലേപനം പുരട്ടി ചികിത്സിച്ചതും തുടര്‍ന്ന് അവര്‍ മതം സ്വീകരിച്ചതും നമുക്ക് പരിചിതമാണല്ലോ. അതുപോലെയുള്ള സൂഫീവര്യന്മാരുടെ സ്നേഹപ്രയോഗങ്ങളിലൂടെയാണ് ഇന്ത്യയില്‍ ആകമാനം മതം പ്രചരിച്ചത്. പലപ്പോഴും പലയിടത്തും ഇത്തരം മതംമാറ്റങ്ങളെ മതം മാറ്റമെന്നതിനെക്കാള്‍ മതസ്വീകരണം എന്നു പറയുന്നതായിരിക്കും ഉചിതം. കാരണം, ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തെയും സംബന്ധിച്ച് (നശിച്ചുകൊണ്ടിരിക്കുന്ന ബുദ്ധമതത്തെ ഒഴിച്ച്) മതം എന്ന ഒന്ന് ഉണ്ടായിരുന്നില്ല. ജാതി മാത്രമായിരുന്നു ഏക യാഥാര്‍ഥ്യം. അതാകട്ടെ അശുദ്ധിയെന്ന പ്രത്യശാസ്ത്രത്തിലധിഷ്ഠിതവുമായിരുന്നു. സമീപകാലത്ത് നടന്ന ആര്‍ത്തവകേന്ദ്രീകൃത ചര്‍ച്ചകളിലൊക്കെ കേന്ദ്രീകരിക്കപ്പെട്ടത് ആര്‍ത്തവത്തോടുള്ള സമീപനം എന്ന നിലയിലാണെങ്കില്‍ യഥാര്‍ഥത്തില്‍ അതിലെ കേന്ദ്രപ്രശ്നം അശുദ്ധി എന്ന വ്യവഹാരമാണ്. ബ്രാഹ്മണ്യം അതിന്റേതൊഴിച്ച് മറ്റെല്ലാത്തിനെയും അശുദ്ധമായി പ്രഖ്യാപിക്കുന്നു എന്നിടത്താണ് അതിന്റെ അടിത്തറ. അത്തരമൊരു അശുദ്ധി സങ്കല്‍പത്തെ അതിന്റെ അടിത്തട്ടില്‍ ചോദ്യം ചെയ്തു എന്നുള്ളതു തന്നെയാണ് ഇസ്‌ലാം ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍വഹിച്ച ഏറ്റവും ചലനാത്മകമായ പങ്ക്. അപരനെ അശുദ്ധി കല്‍പ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രപരമായ പദ്ധതിക്ക് പകരം സ്വയം അംഗശുദ്ധിയും ആത്മശുദ്ധിയും മുന്നോട്ടുവെക്കുന്ന ഒരു പ്രയോഗപദ്ധതി ഇസ്‌ലാം കൊണ്ടുവരികയായിരുന്നു. ഒരുപക്ഷേ, ഇതിനു മുന്‍പ് വൈദിക ബ്രാഹ്മണ്യത്തിനെതിരേ പ്രതിരോധങ്ങളായ ഉയര്‍ന്നുവന്ന ബുദ്ധജൈന വ്യവഹാരങ്ങളെ ഹിന്ദുത്വത്തിനു പിന്നീട് അതിലേക്ക് തന്നെ ആഗിരണം ചെയ്യാന്‍ കഴിഞ്ഞത് അതിന്റെ തന്നെ ഇത്തരമൊരു സമൂല ബദലിന്റെ അഭാവം മൂലമായിരുന്നു.

ബുദ്ധനും മഹാവീരനും ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ തന്നെ സാമൂഹികശ്രേണികളില്‍ നിന്നു കടന്നുവന്നവരും അതിനോട് പിന്നീട് ആ മതങ്ങള്‍ വ്യാപരിച്ചതും അത്തരമൊരു ശ്രേണീബന്ധങ്ങളിലൂടെയായിരുന്നു എന്നതും അതിനു കാരണമായിട്ടുണ്ടാകാം. ഇസ്‌ലാം ഇപ്പോഴും ഹിന്ദുത്വത്തിന് ഒരു അന്യപദാര്‍ഥമായി നില്‍ക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അടുത്തകാലത്ത് അമിത്ഷാ മുസ്‌ലിംകളല്ലാത്തവര്‍, ബുദ്ധ-ജൈന-ക്രിസ്ത്യാനികള്‍ വരെ പുതിയ പൗരത്വപട്ടികയെ പേടിക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചത്. അമിത്ഷാ സ്വയം ഒരു ജൈനനാണ് എന്നതാണ് അതിലെ ആലോചനാര്‍ഹമായ ഒരു കാര്യം. ഇത്തരം അന്യത്വം തന്നെയാണ് ഇസ്‌ലാമിനെ ഒരേ സമയം ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യതിരക്തമാക്കുന്നതും. അതേകാരണങ്ങള്‍ കൊണ്ടുതന്നെയാണ് അതിനു കൈവരുന്ന വിമോചക മൂല്യവും. അതേസമയം തന്നെ ഇത്തരം അന്യത്വത്തെ നിരാകരിച്ചുകൊണ്ട് ദേശീയ മുഖ്യധാരയില്‍ ലയിക്കാനുള്ള സമാന്തര പരിശ്രമങ്ങളെയും പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. അതിന്റെ അടിവേരുകള്‍ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നതും അക്ബറിലാണ്. സവര്‍ണഭാവനകളുമായി ഇസ്‌ലാമിനെ സമീകരിക്കാനുള്ള അത്തരം ശ്രമങ്ങള്‍ അക്ബറില്‍ നിന്ന് തുടങ്ങുന്നുവെന്നും ഇപ്പോഴും പല പാര്‍ട്ടികളിലടക്കം ചിതറിക്കിടക്കുന്ന മുഖ്യധാരാ മുസ്‌ലിം ബോധം പ്രതിനിധാനം ചെയ്യുന്നത് അത്തരമൊരു ധാരയെ തന്നെയാണെന്നുമുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണം ശ്രദ്ദേയമാണ്. സാസ്‌കാരികമായി ഹിന്ദുവായിക്കൊണ്ട് തുടരുന്ന മുസ്‌ലിം സംഘ്പരിവാറിന് സ്വീകാര്യനാണ് എന്ന് ഇപ്പോള്‍ പുറത്തുവന്ന പത്മപുരസ്‌കാരങ്ങളിലെ ചില പേരുകള്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ടല്ലോ. പക്ഷേ, മുസ്‌ലിമിനെ സംബന്ധിച്ച് അത്തരമൊരു ഇരട്ടജീവിതം അസ്വീകാര്യമാണ്. അക്ബര്‍ സ്വീകാര്യനായ അതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ഔറംഗ്സേബ് അസ്വീകാര്യനായത്. അതിപ്പോഴും തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. അലിഗഢ് സര്‍വകലാശാലയില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ പടം അടുത്തകാലത്ത് എടുത്തുമാറ്റിയത് സംഘ്പരിവാര്‍ ഭരണകൂടമായിരുന്നെങ്കില്‍ ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ മൗദൂദിയുടെ മയ്യിത്തെടുക്കണമെന്ന മുദ്രവാക്യം വിളിച്ചത് സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കളായിരുന്നു.

ഈ പുസ്തകം സവര്‍ണഭാവനകളോട് സമീകരിക്കപ്പെടാത്ത, സമാവായത്തിലാകാത്ത ഇസ്‌ലാമിന്റെ അന്യത്വത്തെയും അടയാളപ്പെടുത്തുന്നതോടൊപ്പം അതിന്റെ വ്യാപനത്തിലെ സ്നേഹത്തിന്റെ ഊര്‍ജപ്രവാഹത്തെ ഉദ്ഘോഷിക്കുകയും ചെയ്യുന്നുണ്ട്. ചരിത്രം യുദ്ധം ചെയ്തവരുടെയും പിടിച്ചടക്കിയവരുടെയും മാത്രമല്ല, സ്നേഹിച്ച് മരിച്ചവരുടെയും കൂടിയാണെന്ന് പറഞ്ഞത് ഇസ്‌ലാമിന്റെ സ്നേഹമാര്‍ഗം സ്വീകരിച്ച കമലാസുരയ്യ തന്നെയാണ്. എട്ട് ഭാഗങ്ങളുള്ള ഈ പുസ്‌കതത്തില്‍ സുഫിസത്തെ കുറിച്ച് ഇപ്രകാരം വിശകലനം ചെയ്യുന്നത് രണ്ടാം ഭാഗത്തിലാണ്, ഒന്നാം ഭാഗം ഇന്ത്യയിലെ മുസ്‌ലിം ഭരണം ഇന്ത്യക്ക് നല്‍കിയ സാംസ്‌കാരികവും നാഗരികവുമായ സംഭാവനകളെ കുറിച്ചാണ്. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ നടന്ന സാമുഹികവും മതപരവും വിദ്യാഭ്യാസപരവുമായ പരിഷ്‌ക്കരണങ്ങള്‍, കൊളോണിയല്‍ വിരുദ്ധമായ സായുധ ചെറുത്തു നില്‍പ്പുകള്‍, സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്നും വേറിട്ടും മുസ്‌ലിംകള്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങല്‍ എന്നിവയാണ് വിശകലനം ചെയ്യുന്നത്. ഇവിടെ സര്‍ സയ്യിദ്, അല്ലാമാ ഇഖ്ബാല്‍, മൗലാന മുഹമ്മദലി ജൗഹര്‍, അബുല്‍ കലാം ആസാദ്, മുഹമ്മദാലി ജിന്ന, സയ്യിദ് മൗദൂദി തുടങ്ങി സ്വതന്ത്ര്യ സമരകാലത്തെ മുസ്‌ലിം രാഷ്ട്രീയത്തിന് സൈദ്ധാന്തികവും പ്രയോഗികവുമായ ചട്ടക്കൂട് പ്രധാനംചെയ്ത മഹാ പ്രതിഭകളുടെ രാഷ്ട്രീയ സാമൂഹിക ചിന്തകളെ കുറിച്ചും സ്വാതന്ത്ര്യ സമരകാലത്ത് മാത്രമല്ല വര്‍ത്തമാന കാലത്തുമുള്ള അതിന്റെ സ്വാധീനത്തെ കുറിച്ചും വിശദമായ അപഗ്രഥിക്കുകയും തന്റേതായ നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്രകാരം അറേബ്യയിലെ ഇസ്ലാമിന്റ ഉദയത്തോളം തന്നെ പഴക്കമുള്ള ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രതിനിധാനത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന ഈ പഠനം അത്തരം പ്രതിനിധാനങ്ങളെ അപ്പാടെ അപര സ്ഥാനത്ത് നിര്‍ത്തുന്ന വര്‍ത്തമാന കാല ഇന്ത്യയുടെ സവിശേഷ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമായ അക്കാദമിക്ക് വ്യവഹാരമാണെന്നതില്‍ സംശയമില്ല.
പുസ്തകം: ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്ലിംകളും.
360 രൂപ വിലയുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഐ.പി.എച്ച് കോഴിക്കോടാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757