Opinion

മെയ്ദിനം; സമരദിനങ്ങളെ പടര്‍ത്തുന്ന അമരജ്വാല – സുഫീറ എരമംഗലം

 

2019ല്‍ കടന്നുപോയത് 132ാമത് മെയ്ദിനമാണ്. മെയ് ഒന്ന് ലോക തൊഴിലാളി സമര ചരിത്രത്തില്‍ രക്തമഷി പുരണ്ട കലണ്ടര്‍ അടയാളമാണ്. വ്യവസായ വിപ്ലവം സൃഷ്ടിച്ച മൂലധന മുന്നേറ്റങ്ങളുടെ ഇരകളായത് സ്വാഭാവികമായും തൊഴിലാളികളാണ്. രാപ്പകല്‍ ഭേദമില്ലാതെയുള്ള കഠിനാധ്വാനങ്ങള്‍ വിധിക്കപ്പെട്ട തൊഴിലാളി സമൂഹം ലോക വ്യാപകമായ ചെറുത്തുനില്‍പുകള്‍ക്ക് നിര്‍ബന്ധിതരാവുകയുണ്ടായി. നവലിബറല്‍ നയങ്ങള്‍ ലോകത്ത് പിടിമുറുക്കിയപ്പോള്‍ സമര ജീവിതങ്ങള്‍ ജീവന്‍ സമര്‍പ്പിച്ച് നേടിയ സമയ-സ്ഥലങ്ങള്‍ ഇന്ന് തൊഴിലാളികളില്‍നിന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അഷ്ടിക്കുപോലും സമയമനുവദിക്കാതിരുന്ന അഭിശപ്ത ദിനങ്ങളിലാണ് തൊഴിലാളി ചരിത്രമുള്ളത്. ട്രേഡ് യൂണിയനുകളും സമരങ്ങളും രൂപപ്പെടുത്തിയ രാഷ്ട്രീയ ഭൂമികകള്‍ ഇന്ന് എത്തിനില്‍ക്കുന്നത് കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ പാദസേവകളിലാണ്. ഇടതുപക്ഷമെന്ന് ഉദ്ഘോഷിക്കുന്ന ചൈനയില്‍ വരെ കോര്‍പറേറ്റ് അനുകൂല നയസമീപനങ്ങള്‍ തൊഴിലാളി ചൂഷണത്തിന് ചുക്കാന്‍ പിടിക്കുകയാണ്. കുറഞ്ഞ കൂലിയും പിരിച്ചുവിടല്‍ ഭീഷണിയും മൂലം ചുവപ്പ് പരവതാനി ഒരുങ്ങുന്നത് മൂലധന ഭീമന്‍മാര്‍ക്കാണ്. കുറഞ്ഞ കൂലിയില്‍ തന്നെ തുടരുന്നതിലാണ് തൊഴില്‍ ദാതാക്കള്‍ക്ക് താല്‍പര്യം. മിച്ച ലാഭ പരിധി വികസിപ്പിക്കുന്നതിനുള്ള തടസ്സങ്ങളായാണ് തൊഴിലാളികളെ മൂലധന ശക്തികള്‍ ഗണിക്കുന്നത്. ജീവിതനിലവാരത്തില്‍ തെല്ലും പുരോഗതി കൈവരിക്കാത്ത തൊഴിലാളി വിഭാഗങ്ങളായിത്തന്നെയാണ് കര്‍ഷത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ദിവസക്കൂലിക്കാര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. (ഇന്ത്യയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വന്‍പ്രതിസന്ധികള്‍ ഒരു സമഗ്ര വിഷയമാകയാല്‍ ഈ എഴുത്തില്‍ പരാമര്‍ശിക്കുന്നില്ല)

തൊഴില്‍ ജാതി
ഇന്ത്യയില്‍ ജാതിയാണ് സാമൂഹിക പ്രതിസന്ധിയുടെ ഉറവിടം. ജാതി പ്രശ്നത്തിന്റെ വേരുകള്‍ ആര്യാധിനിവേശങ്ങളിലേക്കാണ് പിണയുന്നത്. ഉപരി വര്‍ഗത്തിന്റെ ചൂഷണവും അടിസ്ഥാന വിഭാഗങ്ങളോടുള്ള മര്‍ദനോപാധിയുമായാണ് ജാതി ഉപയോഗിക്കപ്പെട്ടത്. ചൂഷണാധിഷ്ഠിതമായ തൊഴില്‍ വിഭജനത്തിന്റെ പ്രാഗ് രൂപമാണ് ജാതി വ്യവസ്ഥ. സാമൂഹിക ജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ അവരോധിക്കപ്പെടുന്ന വ്യവഹാരങ്ങള്‍ (വേദ പഠനം, വിജ്ഞാന സമ്പാദനം….) ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം അധികാരമാക്കി തദ്ദേശീയ തൊഴിലാളികളെ ശ്രേണീവത്കരിക്കുന്ന സാമൂഹിക സംവിധാനമാണ് ബ്രാഹ്മണ വ്യവസ്ഥ നടപ്പിലാക്കിയത്. നിയതമായ തൊഴിലുകളില്‍ തളച്ചിടപ്പെട്ടവരെ സമൂഹികമായി അതാര്യപ്പെടുത്തുകയും ജാതിയുടെ വേലികള്‍ക്കുള്ളില്‍ ബന്ധിക്കുകയും ചെയ്തതിലൂടെ വ്യത്യസ്ത തൊഴിലുകള്‍ക്കാവശ്യമായ വംശീയ വിഭാഗങ്ങളെയാണ് ജാതി മേധാവികള്‍ സൃഷ്ടിച്ചത്. ലോക ചരിത്രത്തില്‍ നിലനിന്ന അടിമ വ്യവസ്ഥയും ഫ്യൂഡല്‍ ഭൂവുടമാ സമ്പ്രദായവും ജന്‍മി കുടിയാന്‍ ബന്ധങ്ങളും തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളുടെയും ചൂഷണങ്ങളുടെയും വ്യത്യസ്ത ചരിത്രരൂപങ്ങളാണ്.

ആഗോള നവ ഉദാരീകരണ നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളും ചരിത്രപരമായ അടിച്ചമര്‍ത്തലുകളുടെ അനുരണനങ്ങളും അനുഭവിക്കുകയാണ് സമാന വിഭാഗങ്ങള്‍. തൊഴിലാളി എന്നത് വര്‍ഗ മാതൃകയിലുപരിയായ വ്യവസ്ഥിതിയോടുള്ള ചോദ്യചിഹ്നമായി പരിണാമപ്പെടുന്നത് പ്രസ്തുത ചരിത്ര വര്‍ത്തമാന പശ്ചാത്തലത്തിലാണ്. സാമൂഹികമായ നൈതികതയെ വെല്ലുവിളിക്കുന്ന ജാതിയുടെ പ്രശ്നങ്ങളെ മറികടക്കുവാനാണ് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സംവരണമെന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടത്. അതുപോലും മേലാള താല്‍പര്യങ്ങള്‍ക്കനുസൃതമായി ചരിത്രപരമായ തമസ്‌കരണത്തിലൂന്നിയ നിരാകരണത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലാളി എന്നത് കേവല സാമ്പത്തിക സംജ്ഞകള്‍ക്കുപരിയായ സാമൂഹിക രാഷ്ട്രീയ ചിന്തയുടെ ചിഹ്നമാണ്. ആഗോള വ്യാപകമായി നവലിബറല്‍ നയങ്ങള്‍ക്കെതിരിലുള്ള തൊഴിലാളി മുന്നേറ്റങ്ങളും പ്രതിഷേധ സമരങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധ ലോക സാഹചര്യമാണ് നിലവിലുള്ളത്. വിവര വിനിമയ യുഗത്തിലെ തൊഴിലാളി ദേശാന്തര പൗരത്വത്തെയും ദേശാന്തര സമസ്യയെയും ഒരേസമയം അഭിമുഖീകരിക്കുകയാണ്. കോര്‍പറേറ്റ് മുതലാളിത്തം അതിന് സൈദ്ധാന്തികമായി എതിരുനില്‍ക്കുന്ന രാഷ്ട്രങ്ങളെ പോലും അടിയറവ് പറയിക്കുന്ന രീതിയില്‍ മാനംമുട്ടെ വളര്‍ന്ന് നില്‍ക്കുകയാണ്. അത് കടപുഴകുന്നതിന്റെ ജീര്‍ണാഘാതങ്ങള്‍ അനുഭവിക്കുന്നത് പ്രാഥമികമായും സാധാരണക്കാരനായ തൊഴിലാളി എന്ന ‘സര്‍വരാജ്യപൗരനാ’ണ്.

വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയും തൊഴിലാളി വിരുദ്ധതയും
സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ എല്ലാ തൊഴിലാളി യൂണിയനുകളും അണിനിരന്ന വ്യത്യസ്ത പണിമുടക്കുകള്‍ ഈയിടെ നടക്കുകയുണ്ടായി. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇക്കഴിഞ്ഞ ജനുവരി 8,9 തീയതികളില്‍ ദേശവ്യാപകമായി നടന്ന പണിമുടക്ക്. ബാങ്കിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഷോപ്പിംഗ് മേഖലകളിലുള്‍പ്പടെയുള്ളവര്‍ നടത്തിയ പൊതുപണിമുടക്ക് 2014ല്‍ മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം നടക്കുന്ന മൂന്നാമത്തേതും നവലിബറല്‍ നയങ്ങളുടെ വരവിനുശേഷമുള്ള പതിനെട്ടാമത്തേതുമാണ്. തൊഴിലാളികളുടെ ആവശ്യമെന്നാല്‍, പൊതു ജനത്തിന്റെ ആവശ്യമാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് തടയുക, പുതുതായി മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി പ്രതിമാസം 18000 രൂപയാക്കുക, സ്‌കീം തൊഴിലാളികള്‍ക്ക് കുറഞ്ഞത് പ്രതിമാസം 6000 രൂപയാക്കുകയും തൊഴിലാളികളുടെ പദവിയും കൂലിയും സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുക, എല്ലാവര്‍ക്കും പെന്‍ഷന്‍, പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഔട്ട് സോഴ്സിംഗ്, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെയുള്ള നിരവധി മാര്‍ഗങ്ങളിലൂടെ സ്വകാര്യവത്കരണം നടപ്പാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാവര്‍ക്കും സാര്‍വത്രികമായി സാമൂഹിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ അനിവാര്യവും പ്രായോഗികവുമായ സമീപനങ്ങളാണ് സമരാവശ്യങ്ങളായി ഉന്നയിക്കപ്പെട്ടത്.

ജനാധിപത്യ സൂചികകളെ തന്നെ തകിടം മറിച്ച മോദി ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, കനത്ത തൊഴില്‍ നഷ്ടങ്ങള്‍ക്ക് കാരണക്കാരനാവുകയുമാണ് ചെയ്തത്. തൊഴില്‍സാധ്യത കൂടുതലുള്ള മേഖലകളില്‍ പോലും തൊഴില്‍ നിഷേധം തുടരുന്നത് തൊഴിലില്ലായ്മയെ രൂക്ഷമാക്കുകയാണ്. വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍-നിര്‍ത്തലാക്കല്‍ പരമ്പരകള്‍, ഐ.ടി.മേഖലയിലെ തൊഴില്‍നഷ്ടങ്ങള്‍ എന്നിവ രാജ്യത്തിന്റെ തൊഴില്‍ പ്രതീക്ഷയോടുള്ള ഇരുട്ടടിയാണ്. നോട്ടുനിരോധത്തിന്റെ ആദ്യ മാസങ്ങളില്‍ 2.34 ലക്ഷം ചെറുകിയ ഫാക്ടറികള്‍ അടച്ചു പൂട്ടലിലേക്ക് നിര്‍ബന്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 70 ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്. അനൗപചാരിക സമ്പദ് ഘടനയില്‍ മറ്റൊരു ആറുകോടി പൗരന്‍മാരുടെ ഉപജീവനമാര്‍ഗം ഇല്ലാതായതും സംഘടിത മേഖലയില്‍ ഏകദേശം 17 ലക്ഷം തൊഴില്‍ നഷ്ടമായതും ഇന്ത്യയുടെ പരുക്കന്‍ ജീവത യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നതാണ്. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകള്‍ പ്രതിവര്‍ഷം മൂന്ന് ശതമാനം വീതം നിര്‍ബന്ധമായും കുറക്കുന്നതും തുടരുന്നു. വിവധ സാമൂഹികക്ഷേമ പദ്ധതികളില്‍ ഭീമമായ വെട്ടിച്ചുരുക്കലുകള്‍ നടത്തിയത് അസംഘടിത മേഖലയിലെ തൊഴിലാളി ജീവിതത്തെ ദുരിതപൂര്‍ണമാക്കി. പുതിയ രീതിയിലുള്ള അടിമത്തം നടപ്പിലാക്കുന്നതിനെന്നോണമാണ് മോദി നയങ്ങള്‍ നടപ്പിലാക്കുന്നത്. നിശ്ചിത കാല തൊഴില്‍ നയം കൊണ്ടുവന്നത് പിന്‍വാതിലിലൂടെയായിരുന്നു. ഒരു കുടുംബത്തിലെ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തൊഴിലനുമതി നല്‍കുകയും അപ്രന്റീസ്ഷിപ്പ് നിയമത്തില്‍ തൊഴിലുടമക്ക് അനുഗുണമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

അധ്വാനിക്കുന്ന ജനങ്ങള്‍ക്കുമേല്‍ അടിമത്തത്തിന്റേതായ ഉപാധികള്‍ ചുമത്തുന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, മേക്കിംഗ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ പദ്ധതികളുടെ പേരുപറഞ്ഞ് ജീവനക്കാരെ തോന്നിയതുപോലെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരത്തിനായി നാല് തൊഴിലാളി വിരുദ്ധ തൊഴിലുടമാ അനുകൂല ലേബര്‍ കോഡുകളാണ് നടപ്പാക്കിയത്. തൊഴിലാളികള്‍ പോരാടി നേടിയ 44 കേന്ദ്ര തൊഴില്‍നിയമങ്ങള്‍ ഏകീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, കോള്‍ മൈന്റ്സ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ തുടങ്ങിയ നിലവിലുണ്ടായിരുന്ന നിരവധി ക്ഷേമ വ്യവസ്ഥകള്‍ തകര്‍ക്കുകയുണ്ടായി. തൊഴിലാളികള്‍ക്കായി അനുവദിച്ചിട്ടുള്ള 24 ലക്ഷം കോടി രൂപയിലധികം വരുന്ന വന്‍ സാമൂഹിക സുരക്ഷാ ഫണ്ടുകള്‍ പിടിച്ചെടുത്ത് സാമൂഹിക സുരക്ഷയുടെ സാര്‍വത്രീകരണം എന്ന അത്യധികം വഞ്ചനാപരമായ കുടില തന്ത്രം ഉപയോഗിച്ച് ഓഹരിക്കമ്പോളത്തില്‍ ഊഹക്കച്ചവടത്തിനായി ഈ തുക ലഭ്യമാക്കിയതും പുതിയ സാമൂഹിക സുരക്ഷാനിയമ സംഹിത ആവിഷ്‌കരിക്കുന്നതിനുള്ള നീക്കവുമാണ്. തൊഴില്‍പരമായ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ചിരിക്കുന്ന നിയമസംഹിത ഫാക്ടറിയിലെയും സേവന മേഖലയിലെയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ക്ഷേമമടക്കം തൊഴില്‍പരമായ സുരക്ഷക്കും ആരോഗ്യത്തിനും മേലുള്ള അത്യധികം ആപല്‍ക്കരമായ നീക്കമാണ്.

ട്രേഡ് യൂണിയന്‍ നിയമം 1926ന് മേലാണ് തുടര്‍ന്ന് കൈവെച്ചത്. സെക്ഷന്‍ 28 എയിലും 29ലും മുന്നോട്ടുവെച്ച ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്നതുവഴി കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലുമുള്ള നിര്‍വചനത്തെ മാറ്റാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഓഹരി വില്‍ക്കുക, കച്ചവടം ചെയ്യുക, പുറം പണി കരാറുകള്‍ നല്‍കുക, തന്ത്രപ്രധാനമായ സുപ്രധാന മേഖലകളില്‍ 100 വിദേശ പ്രത്യക്ഷനിക്ഷേപം അനുവദിക്കുക തുടങ്ങിയ സമീപനങ്ങളിലൂടെ പ്രതിരോധ ഉത്പാദനം, പൊതു മേഖല ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് അടക്കമുള്ള തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങളുടെയും റെയില്‍വേ, പൊതു റോഡ് ഗതാഗതം, വൈദ്യുതി, സ്റ്റീല്‍, കല്‍ക്കരി തുടങ്ങിയവയുടെയും സ്വകാര്യവത്കരണം എന്നിവ ദ്രുതഗതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.

മോദി സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. തൊഴിലാളി വിരുദ്ധമെന്നാല്‍, അത് രാജ്യ വിരുദ്ധം തന്നെയാണ്. ബഹുവിധങ്ങളായ തൊഴിലാളി സമൂഹമാണ് രാഷ്ട്രത്തിന്റെ ഗതിവിഗതികളെ താങ്ങിനിര്‍ത്തുന്നത്. കോര്‍പ്പറേറ്റ് മുതലാളികള്‍ക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ പണയപ്പെടുത്തുകയും സ്വന്തം ജനതയെ അടിമവല്‍കരിക്കുകയുമാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തത്. മൂലധന വിപണിയും കമ്പോളവുമായി രാജ്യത്തെ കണക്കാക്കുകയും സ്വയം നിര്‍ണയാവകാശമില്ലാത്ത ചരക്കുവല്‍കരണത്തിലേക്ക് തൊഴിലാളികളെ നയിക്കുകയും ചെയ്ത ഗവണ്‍മെന്റ് കാലാവധി തീര്‍ക്കുകയാണ്. ഭൂരിപക്ഷം തൊഴിലാളി-തൊഴിലാര്‍ഥി സമൂഹങ്ങളാകുന്ന പൊതുജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകിയ ലോക്‌സഭാ ഇലക്ഷനാണ് കഴിഞ്ഞുപോയത്. തുടര്‍ന്നുവരുന്ന സര്‍ക്കാരിന്റെ ബദല്‍ പ്രായോഗിക മാതൃകകളെ ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. തൊഴിലാളി വിരുദ്ധ നയങ്ങളെ തിരുത്തിക്കുറിക്കുന്ന ജനപക്ഷ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് തന്നെ പ്രത്യാശിക്കാം.

മെയ് ദിന ചരിത്രം
1850 കള്‍ മുതല്‍ അമേരിക്കയിലും ആസ്ട്രേലിയയിലുമുടനീളം തൊഴിലാളികളുടെ നിരവധി ‘എയ്റ്റ് അവര്‍ലീഗു’ കള്‍ നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 1867-ല്‍ ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി ഇല്ലിനോയി സംസ്ഥാനത്തെ നിമപരമായ തൊഴില്‍ ദിവസം എട്ട് മണിക്കൂറാണെന്ന് പ്രഖ്യാപനം നടത്തി. എങ്കിലും തൊഴിലാളികളുടെ തൊഴില്‍ സമയം പത്ത് മുതല്‍ പതിനാല് മണിക്കൂറുകളോളം തുടര്‍ന്നു. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എട്ട് മണിക്കൂര്‍ തൊഴില്‍ സയമം നടപ്പാക്കാനുള്ള ഡെഡ് ലൈനായി 1886 മെയ് ഒന്നിന് പ്രഖ്യാപിച്ചു. ആ ദിവസം അമേരിക്കയിലെ 12000 ഫാക്ടറികളിലെ 3,40,000 തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കി. മെയ് ഒന്നിന് ചിക്കാഗോയില്‍ ആല്‍ബര്‍ട്ട് പാര്‍സന്‍സിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമടക്കം 80,000 പേര്‍ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്തു. ഫെബ്രുവരി 16 മുതല്‍ ലോക് ഔട്ടിലായിരുന്ന മാക് കോര്‍മിക് പ്ലാന്റിന് സമീപത്തെ റോഡില്‍ ആര്‍ബിറ്റര്‍ സെയ്റ്റും പത്രത്തിന്റെ എഡിറ്റര്‍ ഓഗസ്റ്റ് സ്പൈസ് പണിമുടക്കിയ തൊഴിലാളികളെ അഭിസംബോധന ചെയ്തു. ഫാക്ടറി ബെല്‍ മുഴങ്ങിയപ്പോള്‍ പുറത്തിറങ്ങിയ കരിങ്കാലി തൊഴിലാളികളെ കൂകി കളിയാക്കാനായി തൊഴിലാളികളിലൊരു വിഭാഗം ഫാക്ടറി ഗേറ്റിലേക്ക് നീങ്ങി. ഉടനടി തന്നെ പോലീസ് ഇന്‍സ്പെക്ടര്‍ എത്തിച്ചേരുകയും ആക്രമണം ആരംഭിക്കുകയും ചെയ്തു. ഓടി വന്ന സ്പൈസ് പോലീസ് ലാത്തികള്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയില്‍ പെട്ടു. അന്നവിടെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കെടുപ്പ് അവിടെ നടന്നിട്ടില്ല. സ്പൈസ് പിറ്റേ ദിവസം ഒരു പ്രതിഷേധ സമ്മേളനത്തിന് ആസൂത്രണം ചെയ്തു.

അഡോള്‍ഫ് ഫിഷറും ജോര്‍ജ് ഏങ്കലും ഹേ മാര്‍ക്കറ്റില്‍ ഒരുപ്രതിഷേധ റാലിക്ക് ആഹ്വാനം നല്‍കി. മേയ് 4 ന് വൈകീട്ട് 8.30 ന് സ്പൈസ് ഹേ മാര്‍ക്കറ്റില്‍ എത്തി തൊഴിലാളികളോട് പ്രസംഗിച്ചു. തുടര്‍ന്ന് ആല്‍ബര്‍ട്ട് പാര്‍സന്‍സ്, സാമുവല്‍ ഫീല്‍ഡന്‍ എന്നിവരും പ്രസംഗിച്ചു. ജോര്‍ജ് ഏങ്കല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാത്രി പത്ത് മണിയോട് 150 പോലീസുകാര്‍ക്കൊപ്പം അവിടെയെത്തിയ ഇന്‍സ്പെകടര്‍ ബോണ്‍ ഫീല്‍ഡ് എല്ലാവരോടും പിരിഞ്ഞുപോകാന്‍ ഗര്‍ജിക്കുന്നതിനിടയില്‍ പോലീസുകാര്‍ക്കിടയിലേക്ക് ഒരു ബോംബ് വീണു പൊട്ടി. തല്‍സയമം പോലീസ് വെടിവെപ്പാരംഭിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഏഴ് പോലീസുകാരും നാല് സിവിലിയന്‍കാരും മരിച്ചുവീണിരുന്നു. 200ഓളം പേര്‍ക്ക് പരിക്കേറ്റു. ചിക്കാഗോ തൊഴിലാളി നേതാക്കളായ എട്ട് പേര്‍ സംഭവത്തില്‍ പ്രതികളാക്കപ്പെട്ടു. ജൂറി അംഗങ്ങളായി വന്നത് മരിച്ച ഒരു പോലീസുകാരന്റെ ബന്ധു അടക്കമുള്ളവരാണ്. സാക്ഷി മൊഴികളെല്ലാം പൊളിയുകയും മേയര്‍ അടക്കം പ്രതിഭാഗത്തിനായി സാക്ഷി പറയുകയും ചെയ്തിട്ടും ജൂറി ഏഴു പേരെ വധശിക്ഷക്ക് വിധിച്ചു. ഏഴു പോലീസുകാരുടെ ജീവന് പകരമായി ഏഴ് തൊഴിലാളി നേതാക്കള്‍! എട്ടാമനായ ഓസ്‌കാര്‍ നീഡിനെ വെറുതെ വിടാനായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹത്തിനും ജൂറി പതിനഞ്ച് വര്‍ഷം ശിക്ഷ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം 1887 മെയ് 11 ന് നാലു തൊഴിലാളി നേതാക്കളെ കഴുവിലേറ്റി. ഓഗസ്റ്റ് സ്പൈസ്, ആല്‍ബര്‍ട്ട് പാര്‍സന്‍സ്, ജോര്‍ജ് ഏങ്കല്‍, അഡോള്‍ഫ് ഫിഷര്‍ എ്ന്നിവരാണവര്‍. രണ്ടു പേര്‍ക്ക് ദയാ ഹരിജിയില്‍ വധശിക്ഷ ജീവപര്യന്തം തടവാക്കി ഇളവു ചെയ്യപ്പെട്ടു. വധശിക്ഷ വിധിക്കപ്പെട്ട ലൂയിസ് ലിങ്ക് വധശിക്ഷക്ക് തലേന്ന് ഡയ്നമൈറ്റ് കൊണ്ട് സ്വയം ജീവനെടുത്ത് ശത്രുവിന്റെ കരങ്ങളിലെ മരണം ഒഴിവാക്കി. തൂക്കു മരത്തന് മുന്നില്‍ വെച്ച് സ്പൈസ് ഉച്ചത്തില്‍വിളിച്ചുപറഞ്ഞു: ‘എന്നെ നിങ്ങള്‍ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തെക്കാള്‍ ഞങ്ങളുടെ നിശബ്ദത കൂടുതല്‍ കരുത്തേകുന്ന ഒരു കാലം വരും.” മെയ് 13ന് നടന്ന ആ രക്തസാക്ഷികളുടെ ശവസംസ്‌കാര ചടങ്ങില്‍ രണ്ട് ലക്ഷം പേരാണ് പങ്കെടുത്തത്. ചിക്കാഗോ നഗരം അന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു അത്. തുടര്‍ന്ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ മെയ് ഒന്ന് അഖില ലോക തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാമെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757