interviewOpinion

ഹാരിസണും സര്‍ക്കാരും ഒത്തുകളിച്ചു – സുശീല ഭട്ട്/ യാസര്‍ ഖുതുബ്

 

സര്‍ക്കാരിന്റെ ഒത്തുകളികളും ഭൂമി കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നയങ്ങളുമാണ് ഹാരിസണ്‍ മലയാളം കേസ് തോല്‍ക്കാന്‍ കാരണം എന്ന് സുശീല ഭട്ട് . മുന്‍ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു സുശീല ആര്‍ ഭട്ട്. ഹാരിസണ്‍ കമ്പനിയുടെ വാദമുഖങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന അഭിഭാഷകയായിരുന്നു ഇവര്‍. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 62,000 ഏക്കര്‍ ഭൂമിയാണ് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. സുശീല ഭട്ടിന്റെ വാദമുഖങ്ങള്‍ക്ക് അനുകൂലമായി ഹാരിസണ്‍ കമ്പനിക്കെതിരെ കോടതിയുടെ നടപടികള്‍ ആരംഭിച്ചിരുന്നു. ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയായി സുശീല ഭട്ട് ഹൈക്കോടതിയില്‍ വാദം തുടങ്ങിയത് മുതല്‍ ഹാരിസണിന്റെ അവകാശവാദങ്ങളെല്ലാം നിലനില്‍ക്കുന്നതല്ലെന്ന് തെളിഞ്ഞു. ഡിവിഷന്‍ ബെഞ്ച് ഹാരിസണിനെതിരെ വിധി പറഞ്ഞു. എന്നാല്‍, കേസ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ഇടതുപക്ഷ സര്‍ക്കാര്‍ സുശീലാ ഭട്ടിനെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് കേസില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും കമ്പനിക്ക് അനുകൂലമായ വിധി വരുകയും ചെയ്തു.

ചെറുപ്പത്തിലേ വിവാഹിതയായ സുശീല, എല്‍.എല്‍.ബിയും എല്‍.എല്‍.എംഉം റാങ്കോടെ പാസായപ്പോള്‍ ഭര്‍ത്താവായ രവീന്ദ്രനാഥ് ബട്ട് ആണ് അവരെ നിയമങ്ങളുടെ വ്യവഹാര ലോകത്തേക്ക് അയച്ചതും പ്രോത്സാഹനം നല്‍കിയതും. കേരളത്തിലെ ഭൂമി വിഷയത്തില്‍ കയ്യേറ്റക്കാരുടെ പേടി സ്വപ്‌നമായി മാറി.

കേരളത്തിലെ ഗവണ്‍മെന്റ് കേസുകളുടെ വാദം ഏറ്റെടുത്ത ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പ്‌ളീഡറായി നിയമിക്കപ്പെടുന്ന സാഹചര്യം?

2004ല്‍ കെ സുധാകരന്‍ വനംമന്ത്രി ആയിരിക്കുമ്പോഴാണ് വനംവകുപ്പിന്റെ കേസുകളില്‍ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പ്ലീഡര്‍ ആയി നിയമിതയാകുന്നത്. അന്ന് വനംവകുപ്പില്‍ ഗവണ്‍മെന്റിന് നേരാംവണ്ണം വക്കീലന്മാര്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ തുടരെത്തുടരെ വനംവകുപ്പിന് കേസുകളില്‍ തോല്‍ക്കുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന് അതിനൊരു പരിഹാരം എന്ന നിലക്കായിരുന്നു നിയമനം. പിന്നീടുള്ള പലകേസുകളിലും വനംവകുപ്പ് തുടര്‍ച്ചയായി വിജയിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ക്ക് വേണ്ടിയും കോടതികളില്‍ വാദിച്ചു. അങ്ങിനെ ആ ഗണത്തില്‍ പലതും സംരക്ഷിക്കാന്‍ കഴിഞ്ഞു. പിന്നീടാണ് റവന്യു വകുപ്പിന്റെ കേസുകള്‍ ഏറ്റെടുക്കുന്നത്. പല ഭൂമി കയ്യേറ്റ വിഷയങ്ങളിലും റവന്യൂവകുപ്പ് വിമര്‍ശനം നേരിടുകയും എതിര്‍ വിഭാഗം വിജയിക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ പലരും ആവശ്യപ്പെട്ടത് പ്രകാരമാണ് ഗവണ്‍മെന്റ് അവിടെ നിയമിക്കുന്നത്. കരുണ എസ്റ്റേറ്റ് കേസില്‍ സുശീല ഭട്ടിനെ നിയമിക്കണമെന്ന് പറഞ്ഞ് ചില രാഷ്ട്രീയക്കാരും പൊതുജനങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു.


കേരളത്തിലെ ഭൂമി പ്രശ്‌നത്തെ സമഗ്രമായി വിലയിരുത്താന്‍ കഴിയുമോ?

കയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ?പലപ്പോഴും ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്, അന്യാധീനപ്പെട്ട് പോകുന്ന ഭൂമി തിരിച്ചെടുക്കാന്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നില്ല. തുടര്‍ന്ന് സ്വാഭാവികമായും അത് കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി തീരുന്നു. പലതും ഇങ്ങിനെ അറിഞ്ഞുകൊണ്ട് ചെയ്യുന്നതും ഉണ്ട്. വന്‍കിട കമ്പനികള്‍ക്ക് അത്രയും സ്വാധീനമാണ് ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലും ഉള്ളത്. പതിറ്റാണ്ടുകളായി രാജ്യത്തേയും നിയമവ്യവസ്ഥയേയും ലംഘിച്ചുകൊണ്ടാണ് ഇവര്‍ ഭൂമി കൈവശം വെക്കുന്നത്. ധാരാളം ഭൂരഹിതര്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെയാണ് ഇങ്ങിനെ ഭൂമി ചുളുവിലക്ക് ആളുകള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത്. ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് വ്യാജ പട്ടയങ്ങളും നികുതിയും അടച്ച് ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതില്‍നിന്നും വലിയ കമ്പനികള്‍, വരുമാനം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ചിലര്‍ അത് വിറ്റ് റിസോര്‍ട്ടുകളും പ്ലോട്ടുകളും ആക്കിമാറ്റുന്നു. ജനങ്ങള്‍ക്കും സര്‍ക്കാരിനും അവകാശപ്പെട്ട ഭൂമിയാണ് അത്. അവരുടെ ക്രിയാത്മകമായ കാര്യങ്ങള്‍ക്കാണ് ഈ ഭൂമി ഉപയോഗപ്പെടുത്തേണ്ടത്. എത്ര ഭൂമിയാണ് കയ്യേറിയിരിക്കുന്നത് എന്ന ഡാറ്റ പല റവന്യൂ വകുപ്പിന്റെ കൈയിലും ഇല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി കുത്തകകള്‍ കൈവശപ്പെടുത്തി വെച്ചിരിക്കുന്നു എന്നാണ് ഒരു കണക്ക്. ചില കമ്മീഷനുകള്‍ വരുമ്പോഴാണ് പഠനങ്ങള്‍ നടക്കുന്നത്. എന്നാല്‍, അതിലെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഗവണ്‍മെന്റ് നടപ്പില്‍ വരുത്താറോ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യാറില്ല. പിന്നെ എങ്ങിനെയാണ് ഒരു പൂര്‍ണ പരിഹാരം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാകുക.

ഹാരിസണ്‍ കേസിലെ സര്‍ക്കാര്‍ നിലപാട്, ഹാരിസണിന് അനുകൂലമാണെന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ കേസുകളില്‍ തോറ്റു കൊടുക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. വിശദീകരിക്കാമോ? എന്താണ് മൊത്തത്തില്‍ ഈ ഹാരിസണ്‍ കേസ്?

കേരളത്തിലെ എട്ടു ജില്ലകളിലായി 62,000 ഏക്കര്‍ ഭൂമി വ്യാജരേഖകളുടെ പിന്‍ബലത്തോടെ കുടിയേറ്റക്കാര്‍ കൈവശം വില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റ് തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന നടപടിയായിരുന്നു ഹാരിസണിനെതിരെ കൈകൊണ്ടത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. രാജമാണിക്യം റിപ്പോര്‍ട്ട് പലകാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്. അത് പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

മറ്റൊരു കാര്യം, ഹാരിസണ്‍ മലയാളം യഥാര്‍ഥത്തില്‍ നിലവിലില്ലാത്ത ഒരു കമ്പനിയുടെ പേരിലാണ് വ്യവഹാരങ്ങള്‍ നടത്തുന്നത്. ലണ്ടനില്‍ ഉണ്ടായിരുന്ന കമ്പനി ഇവിടത്തെ ഭൂമിയുടെ കുടിയാന്‍ ആയിരിക്കുകയാണ് ഇപ്പോഴും. 2016-17ലെ ഹാരിസണ്‍ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ തന്നെ, അവര്‍ക്ക് ഭൂമിയുടെ ആധാരം ഇല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ന് നിലവിലില്ലാത്ത വിദേശ കമ്പനികളുടെ പേരിലാണ് മുഴുവന്‍ ഭൂമിയും അവര്‍ സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. മലയാളം പ്ലാന്റേഴ്‌സ്, ഹാരിസണ്‍ ആന്‍ഡ് ക്രോസ് ഫീല്‍ഡ് എന്നീ രണ്ട് കമ്പനികളുടെ പേരിലാണ് കൈവശരേഖകള്‍ എന്ന് പറയുന്നു. ഇന്ത്യ ഇന്ന് സ്വതന്ത്ര രാജ്യമാണ്. വിദേശ കമ്പനികളാണോ നമ്മുടെ ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക? 1984ല്‍ നിലവില്‍ വന്ന കമ്പനിയാണ് ഹാരിസണ്‍ മലയാളം. അവരുടെ പേരില്‍ ഒരു സര്‍ക്കാര്‍ രേഖയിലും, ഒരു സെന്റ് ഭൂമി പോലുമില്ല. വിദേശ കമ്പനിയുടെ പേരിലാണ് കരം അടച്ചു കൊണ്ടിരിക്കുന്നത്. എങ്ങിനെയാണ് ഒരാള്‍ക്ക് മറ്റൊരാളുടെ പേരില്‍ കരം അടക്കാന്‍ കഴിയുക. ഇക്കാര്യങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, പിന്നീട് ഉണ്ടായ സുപ്രീംകോടതി വാദ സമയങ്ങളില്‍ ഇക്കാര്യങ്ങള്‍ കോടതി സമക്ഷം, പുതിയ അഭിഭാഷകര്‍ എത്തിച്ചേരുന്നോ എന്നറിയില്ല. 65 പേജുകളുള്ള സിംഗിള്‍ബെഞ്ച് വിധിയിലെ മുഴുവന്‍ കാര്യങ്ങളും സര്‍ക്കാരിന് അനുകൂലമായിരുന്നു. എന്നാല്‍, പിന്നീട് സര്‍ക്കാരിന്റെ ഭാഗം ശരിയായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത് സ്പഷ്ടമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്നും ദൗര്‍ഭാഗ്യകരമായ വിധി ഉണ്ടായത്.

റവന്യൂ, വനം വകുപ്പ് കേസുകളുടെ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ സാഹചര്യംഎന്തായിരുന്നു?

അതിന് പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇപ്പോഴത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പല ഗവണ്‍മെന്റ്് പ്ലീഡര്‍മാരെയും മാറ്റിയ സമയത്ത് തന്നെയാണ് എന്നെയും മാറ്റിയത. എനിക്കെതിരെ പ്രത്യക്ഷത്തില്‍ ആരും പരാതികള്‍ ഉന്നയിച്ചിരുന്നില്ല. പ്രതിപക്ഷവും ഭരണപക്ഷവും പിന്തുണ നല്‍കിയിരുന്നു. പക്ഷേ, അനധികൃത രേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈവശം വെച്ചിരുന്ന പലരുമായും പലര്‍ക്കും അടുപ്പങ്ങള്‍ ഉണ്ടാകാം. അവര്‍ക്ക്, എന്റെ പ്രവര്‍ത്തനങ്ങളെ തടയുക എന്നത് ആവശ്യവുമായിരുന്നു. ഹാരിസണ്‍ മലയാളം കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. അത് ആര്‍ക്കാണ് ഗുണകരമായി ഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പിന്നീട് കോടതിയില്‍ ശരിയായ രീതിയില്‍ കേസ് വാദിക്കാത്തതിനാല്‍ തന്നെ ഹാരിസണിന് അനുകൂലമായ വിധി വന്നു. ഒരുപക്ഷേ സര്‍ക്കാര്‍ അഭിഭാഷകന്‍ നല്ല രീതിയില്‍ തയ്യാറെടുത്തു കാണും. പക്ഷേ, അവ അവിടെ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതും പരാജയത്തിന് കാരണമാകാം. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി എനിക്കറിയില്ല.

ഹാരിസണ്‍, രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ മറ്റു കയ്യേറ്റക്കാര്‍ തുടങ്ങിയവര്‍ ഏതെങ്കിലും തരത്തില്‍ താങ്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

രാഷ്ട്രീയക്കാര്‍, കയ്യേറ്റക്കാര്‍ ചില ഉദ്യോഗസ്ഥന്മാര്‍ എന്നീ മൂന്നു കൂട്ടരും അടങ്ങിയ ചില മാഫിയകള്‍ എല്ലായിടങ്ങളിലും ഉണ്ടാകും. അവ നമുക്ക് പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ പറ്റണമെന്നില്ല. കേസ് നടത്തിക്കൊണ്ട് പോകുന്ന കാലത്ത് എനിക്ക് വളരെയധികം സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു. പല ആളുകളില്‍ നിന്നും പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ആയിരിക്കും ഉണ്ടാകുക. അവ അതിജീവിക്കുക മനഃപ്രയാസമേറിയതാണ്. ഞായറാഴ്ച്ച ആയിട്ടും ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും സ്റ്റേ വാങ്ങികൊണ്ടുവന്നവരാണ് ഹാരിസണ്‍ കമ്പനി. 10 ബെഞ്ചുകള്‍ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി. അതിനുശേഷമാണ് ഒരു ബെഞ്ച് കേസ് പരിഗണിച്ചത്. നീതിയുക്തമായി കാര്യങ്ങള്‍ മുന്നോട്ടുപോയതും. അന്ന് സിംഗിള്‍ബെഞ്ച് സര്‍ക്കാരിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. വ്യാജരേഖകള്‍ ചമച്ചതിനെതിരെ 45 ക്രൈംബ്രാഞ്ച് കേസുകള്‍ നിലവിലുണ്ട് അതിന്റെയെല്ലാം എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അതുപോലെതന്നെ വിജിലന്‍സ് കേസില്‍ എഫ.്‌ഐ.ആര്‍ റദ്ദാക്കാനും അവരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. ഇതിനെതിരെ ഞാന്‍ ശക്തമായ നിലപാട് എടുത്തു. കോടതിയിലും ഇക്കാര്യങ്ങള്‍ പറഞ്ഞു. എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്ന് കോടതി വിധിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍, രാജമാണിക്യം റിപ്പോര്‍ട് പ്രകാരമുള്ള നടപടികള്‍ക്കെതിരെ നിരന്തരം സ്റ്റേ വാങ്ങുക, ഇതുപോലെയുള്ള കമ്പനികള്‍ക്ക് എതിരെയുള്ള നടപടികളെ ഹൈക്കോടതിയുടെ ഇടപെടലിലൂടെ റദ്ദാക്കുക, അല്ലെങ്കില്‍ പലപ്പോഴും നടപടികള്‍ എടുക്കാതിരിക്കുക തുടങ്ങിയ സര്‍ക്കാര്‍ താല്‍പര്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ നയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ പുതുതായി ഒരു സമഗ്ര ഭൂപരിഷ്‌കരണനിയമം അനിവാര്യമല്ലേ? കേരളത്തിലെ ഭൂപ്രശ്‌നം പഠിച്ച ഒരു വ്യക്തിയെന്ന നിലയില്‍ കേരളത്തിലെ അഞ്ച് ലക്ഷത്തോളം വരുന്ന ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് നിര്‍ദ്ദേശിക്കാനുള്ളത്?.

ഭരണഘടനയുടെ അന്തസത്തക്ക് അനുസരിച്ച് വിധികള്‍ ഉണ്ടാകുക എന്നതാണ് പ്രധാനം. അത് സാമൂഹ്യനീതിയിലധിഷ്ഠിതമാണ്. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവണ്‍മെന്റ് യഥാവിധി കാര്യങ്ങള്‍ കോടതിയുടെ മുന്നില്‍ എത്തിക്കണം എന്ന് മാത്രം. ജനങ്ങളുടെ പക്ഷത്ത് നിന്നാണ് സര്‍ക്കാര്‍ സംസാരിക്കേണ്ടത്. അല്ലാതെ കുടിയേറ്റക്കാരെ പിന്തുണക്കുന്ന തരത്തില്‍ ആകരുത്. എങ്കില്‍ നഷ്ടപ്പട്ട ഭൂമികള്‍ തിരിച്ചെടുക്കാന്‍ കഴിയും. നിയമവിരുദ്ധമായാണ് ഇത്തരം പല കമ്പനികളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഗവണ്‍മെന്റിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമനിര്‍മാണത്തിലൂടെ നടപടികള്‍ എടുക്കാന്‍ സാധിക്കും. അങ്ങിനെ ഭൂമിയേറ്റെടുത്തു ഭൂമി രാഹിത്യത്തിന് പരിഹാരവുമാകും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757