Opinion

സംഘ്പരിവാറിനെ പുറത്താക്കാന്‍ വിധിയെഴുതുക – വെല്‍ഫെയര്‍ പാര്‍ട്ടി ലഘുലേഖ

 

രാജ്യത്തിന്റെ വിധി പറയുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. ഇതിന് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനായിരുന്നുവെങ്കില്‍ രാജ്യം ഇനിയും സ്വതന്ത്ര-പരമാധികാര-മതേതര-ജനാധിപത്യ റിപ്പബ്ലിക്കായി തുടരണമോ എന്ന് തീരുമാനിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ രാജ്യത്ത് സംഘ്പരിവാറിന്റെ സമഗ്രാധിപത്യം നടപ്പാക്കാനാണ് ശ്രമിച്ചത്. എതിരഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുക, ആള്‍ക്കൂട്ടങ്ങളെന്ന പേരില്‍ പരിശീലിപ്പിക്കപ്പെട്ട കേഡര്‍മാരെ ഉപയോഗിച്ച് പശുവിന്റെ പേരില്‍ മുസ്‌ലിംകളേയും ദലിതരേയും തെരുവുകളില്‍ തല്ലിക്കൊല്ലുക, ഇതിന്റെ വീഡിയോ ചിത്രം അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് രാജ്യത്ത് സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. സര്‍വകലാശാലകളില്‍ സര്‍ഗാത്മക ജനാധിപത്യ ബോധം പേറുന്ന യുവതലമുറയുടെ ശബ്ദങ്ങളെ രാജ്യദ്രോഹപ്പട്ടം നല്‍കി അടിച്ചില്ലാതാക്കി. പിഞ്ചുബാലികയെപ്പോലും വംശീയവെറിമൂത്ത് ക്രൂരമായി പിച്ചിച്ചീന്തുകയും അത് ചെയ്ത കാപാലികന്‍മാരെ സംരക്ഷിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജാഥയും പ്രകടനവും നടത്തുക എന്നിവയെല്ലാമായിരുന്നു അധികാരത്തിന്റെ തണലില്‍ സംഘ്്പരിവാര്‍ ചെയ്ത്കൂട്ടിയത്.

മന്ത്രിമാര്‍ മുതല്‍ പ്രാദേശിക സംഘ് നേതാക്കള്‍ വരെ അസഹിഷ്ണുതയും വംശീയവെറിയും നിറഞ്ഞ വാക്കുകളാല്‍ പല്ലിളിച്ച് രൗദ്രഭാവം പൂണ്ടുനില്‍ക്കുന്നു. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും ഗോവിന്ദ് പന്‍സാരയും നരേന്ദ്ര ധബോല്‍ക്കറും അഖ്‌ലാഖും പെഹ്‌ലുഖാനും അഫ്രസുലും രോഹിത് വെമുലയും ജുനൈദും അങ്ങിനെ രക്തസാക്ഷി പട്ടിക നീളുകയാണ്. സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയില്‍ ദലിതര്‍ അടിമകളാണ്. ഹരിയാനയിലെ ഫരീദാബാദില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ട മൂന്ന് വയസ്സുകാരന്‍ വൈഭവിന്റേയും അവന്റെ ഒമ്പത് മാസം പ്രായമായ സഹോദരി ദിവ്യയുടെയും രക്തസാക്ഷിത്വം സംഘ്പരിവാറിന്റെ ജാതിവെറിയില്‍ നിന്നാണ്. ഉനയില്‍ പരസ്യമായി ദലിതരെ കെട്ടിയിട്ട് മര്‍ദിച്ച് അത് സാമൂഹ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യാനുള്ള ഹുങ്ക് കാട്ടിയത് അതേ ജാതിവെറിയില്‍ നിന്നാണ്.

രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരുടെ സ്ഥിതി ദയനീയമാണ്. പ്രതിദിനം 46 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഉല്‍പന്നങ്ങള്‍ക്ക് വില കിട്ടാതെ അത് നദിയിലൊഴുക്കുന്നു. കയറിക്കിടക്കാനുള്ള നാലുകാല്‍പുരകള്‍ പോലും ജപ്തി ഭീഷണിയിലാണ്. പെട്രോളിന് ലിറ്ററിന് 50 രൂപയാക്കുമെന്നായിരുന്നു മോദിയുടെയും കൂട്ടരുടെയും വാഗ്ദാനം. എന്നിട്ടോ, ആഗോള വിപണിയില്‍ എണ്ണ വില താഴുമ്പോഴും നമ്മുടെ നാട്ടില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പാചക വാതകത്തിനും മണ്ണെണ്ണക്കും തീവിലയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന കര്‍ഷകന് വില കിട്ടുന്നില്ലെങ്കിലും കമ്പോളത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്.

ഭരണഘടനാ സ്ഥാപനമായ റിസര്‍വ് ബാങ്കിനെ വരുതിയിലാക്കാന്‍ മോദി കൊണ്ടുവന്ന നോട്ടുനിരോധം എന്ന ഭ്രാന്തന്‍ പരിഷ്‌കാരം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതിയെ തകര്‍ത്തു. രണ്ട് ലക്ഷം ചെറുകിട ഉല്‍പാദന കേന്ദ്രങ്ങള്‍ പൂട്ടി. ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തി. ജനങ്ങളുടെ അവശേഷിച്ച സമ്പാദ്യം ബാങ്കുകളില്‍ സര്‍വീസ് ചാര്‍ജായി എരിഞ്ഞുതീരുന്നു. അംബാനിയേയും അദാനിയേയും പോലുള്ള കോര്‍പറേറ്റുകളുടെ
കക്ഷത്തിലാണ് മോദി ഭരണത്തില്‍ ജനങ്ങളുടെ തല. അഴിമതിയുടെ ഭീകരമായ പതിപ്പുകളാണ് പുറത്തുവരുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇസെഡ് വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന അഴിമതിക്കഥകളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്. ംംം.രീൃൃൗുാേീറശ.രീാ എന്ന സൈറ്റ് തുറന്നുനോക്കിയാല്‍ ആ കഥകള്‍ നമുക്ക് കാണാനാവും. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് തന്നെ റഫേല്‍ ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിവുകള്‍ വന്നു. കാവല്‍ക്കാരന്‍ കള്ളനായി എന്ന് പറയേണ്ടിവരുന്നു.

വൈവിധ്യങ്ങളാല്‍ സൗന്ദര്യപൂര്‍ണമായ ഇന്ത്യ ഐക്യത്തോടെ നിലനില്‍ക്കുന്നത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ ശക്തിയിലാണ്. അതിനോട് ഏറെ അസഹ്യത പുലര്‍ത്തുന്ന സംഘ്പരിവാര്‍ ഭരണഘടനയെ ഇല്ലാതാക്കുവാനുള്ള ശ്രമത്തിലാണ്. ഇനി ഒരിക്കല്‍ കൂടി മോദി അധികാരത്തിലേറിയാല്‍ ഭരണഘടനയോ രാജ്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഇത് പറയുന്നത് ബി.ജെ.പിയുടെ തന്നെ നേതാക്കളാണ്. സാക്ഷി മഹാരാജ് വ്യക്തമായും അമിത് ഷാ വ്യംഗ്യമായും അത് പറയുന്നു. അതുകൊണ്ടാണ് പറയുന്നത് ഈ തെരഞ്ഞെടുപ്പ് കേവലം അധികാര മാറ്റത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പല്ല. രാജ്യം ഇങ്ങനെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള റഫറണ്ടമാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയവും സാമൂഹ്യ നീതിയിലധിഷ്ഠിതമായ ക്ഷേമരാഷ്ട്രവും പുലരണമെങ്കില്‍ രാജ്യം മതേതര ജനാധിപത്യ രാജ്യമായി നിലനില്‍ക്കണം. നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടണം. അതുകൊണ്ടുതന്നെ രാഷ്ട്രീയ പരീക്ഷണത്തിന് ഇപ്പോള്‍ അധിക സാധ്യതകളില്ല. ഇവിടെ ആരെ തെരഞ്ഞെടുക്കണം എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മത്സരിക്കുന്നു. രണ്ട്
കൂട്ടരും പറയുന്നത് ബി.ജെ.പിയെ താഴെയിറക്കണമെന്നാണ്. എല്‍.ഡി.എഫിന് നേതൃത്വം കൊടുക്കുന്നത് സി.പി.എമ്മാണ്. അവരുടെ സ്വാധീന മേഖലകളായിരുന്ന ബംഗാളിലും ത്രിപുരയിലും ഇപ്പോഴവര്‍ അതീവ ദുര്‍ബലാവസ്ഥയിലാണ്. പാര്‍ലമെന്റില്‍ വലിയ കക്ഷിയാകാന്‍ സാധ്യതയുള്ള ഏക ബി.ജെ.പി ഇതര പാര്‍ട്ടി കോണ്‍ഗ്രസാണ്. അവരാണ് കേരളത്തില്‍ യു.ഡി.എഫിന് നേതൃത്വം നല്‍കുന്നത്. കേവല ഭൂരിപക്ഷം നേടുകയോ ഏറ്റവും വലിയ ഒറ്റക്കക്ഷിയോ ആകുന്ന പാര്‍ട്ടിയെയാണ് മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുക. ആ സ്ഥാനത്ത് വരാന്‍ സാധ്യതയുള്ളത് കോണ്‍ഗ്രസാണോ സി.പി.എമ്മാണോ എന്നിടത്ത് കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് ആരും സമ്മതിക്കും.

കൂട്ടത്തില്‍ കേരളത്തിലെ ഇടത് ഭരണവും വിലയിരുത്തപ്പെടേണ്ടതുണ്ട്. കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഇടത് ഭരണത്തില്‍ പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് പിണറായി സര്‍ക്കാരും പുലര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുകയും സമര പ്രവര്‍ത്തകരെ ഭീകരമുദ്ര ചാര്‍ത്തുകയും ചെയ്തു എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും. ദേശീയപാത, പുതുവൈപ്പ്, കീഴാറ്റൂര്‍, ഗെയില്‍, ആലപ്പാട്, ഭൂസമരം തുടങ്ങി നിരവധി സമരങ്ങളില്‍ അത് വ്യക്തമായതാണ്. ലക്ഷക്കണക്കിന് ഭൂരഹിതരുടെ അവകാശ ഭൂമി ഹാരിസണ്‍ അടക്കമുള്ള കോര്‍പറേറ്റുകളുടെ താലത്തില്‍ വെച്ച് കൊടുക്കാന്‍ ഇടതുസര്‍ക്കാര്‍ കാണിക്കുന്ന ആവേശം കേരളം കണ്ടതാണ്. കേരളത്തെ പോലീസ് രാജാക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സി.പി.എം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കി നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നു.

ഇതെല്ലാം പരിഗണിച്ചാല്‍ കേരളം ഇപ്പോള്‍ വിജയിപ്പിക്കേണ്ടത് യു.ഡി.എഫിനെയാണ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ. ഏപ്രില്‍ 23ന് പോളിംങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ നമ്മളുടെ ഓരോരുത്തരുടേയും മനസ്സില്‍ ഇതുണ്ടാകണം.

(2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757